വെള്ളായണി കാർഷിക കോളേജ് സമ്മാനിച്ച നിത്യഹരിത സൗഹൃദങ്ങളിൽ ഒന്നാണ് എനിയ്ക്ക്,നെയ്യാറ്റിൻകര സ്വദേശിയും കൃഷിവകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടറുമായ ശ്രീ. സുനിലുമായുള്ളത്. ഫിഷറീസ് സയൻസിൽ ബിരുദമെടുത്ത്, ഉന്നതപഠനം നടത്തിയിരുന്നു എങ്കിൽ എണ്ണം പറഞ്ഞ ഒരു ശാസ്ത്രജ്ഞൻ ആകേണ്ടിയിരുന്ന സുനിൽ, തനിയ്ക്ക് ഒട്ടും ഇഷ്ടമില്ലാത്ത കൃഷിശാസ്ത്രം പഠിക്കാൻ പ്രേരിതനായത്, വിധിയുടെ വിളയാട്ടം. എൻട്രൻസ് സംവിധാനത്തിന്റെ ദൗർബല്യം.(അല്ലെങ്കിൽ കോഴ്സിനുള്ള choice വച്ചപ്പോൾ ഉള്ള അജ്ഞത).
അദ്ദേഹത്തിന്റെ വേരുകൾ തമിഴ്നാട്ടിലാണ്. അമ്മയുടെ ചേച്ചിയുടെ മക്കൾ രണ്ട് പേർ അറിയപ്പെടുന്ന ഡോക്ടർമാരാണ്. ഒരാൾ അമേരിക്കയിലും മറ്റെയാൾ ചെന്നൈയിലും. ചെന്നൈയിലെ അറിയപ്പെടുന്ന ഗൈനക്കോളജിസ്റ്റ് ആണ് അതിലൊരാൾ. ദിവസത്തിന് ലക്ഷങ്ങളുടെ വിലയുള്ള ആൾ. ഈയടുത്ത് സുനിലുമായി സംസാരിച്ചപ്പോൾ, സാന്ദർഭികമായി, ഒരു വിഷയം പൊന്തിവന്നു. ചെന്നൈയിലെ ഡോക്ടർ കസിൻ സ്ഥിരമായി കുടിക്കുന്നത് വെറ്റിലത്തണ്ണി അഥവാ Betel leaf water ആണത്രേ. അടുത്ത തവണ തമ്മിൽ കാണുമ്പോൾ ഒരു ബോട്ടിൽ കൊണ്ട് വരാമെന്നും പറഞ്ഞു. അങ്ങനെ കേരളീയം പരിപാടിയിൽ തലസ്ഥാനത്തു വച്ച് കണ്ടപ്പോൾ, കൃത്യമായി അത് കയ്യിലെത്തിച്ചു. 'യാഘ' എന്ന ബ്രാൻഡ് നെയിം ഉള്ള വെറ്റിലത്തണ്ണി. (Betel Leaf Infused Water). വില അര ലിറ്ററിന് ഇരുപതു രൂപ.നിർമ്മാണം തമിഴ്നാട്ടിലെ തിരുവള്ളുവർ ജില്ലയിലെ പുട്ലൂർ ഗ്രാമത്തിൽ.
നോക്കൂ... കേരളത്തിൽ വെറ്റിലക്കൃഷി ചെയ്യുന്ന ആയിരക്കണക്കിന് കർഷകർ ഉണ്ട്. ഇതുവരെ ആരെങ്കിലും ഇത്തരത്തിൽ ഒരു സംരംഭം ആലോചിച്ചിട്ടുണ്ടോ, തുടങ്ങിയിട്ടുണ്ടോ? ഭൗമസൂചികാ പദവി ലഭിച്ച തിരൂർ വെറ്റില ലക്ഷക്കണക്കിന് കയറ്റുമതി ചെയ്യുന്നുണ്ട്. അത് ചവയ്ക്കാൻ വേണ്ടി മാത്രം ആണെന്ന് ആരെങ്കിലും കരുതിയെങ്കിൽ, നിങ്ങൾക്ക് തെറ്റി.
അതേ.. വെറ്റിലയാണ് താരം. പണ്ട് കല്യാണമായാലും മരണമായാലും ആ വീട്ടിൽ, താലത്തിൽ മൂന്നും കൂട്ടി മുറുക്കാൻ ഉള്ള വകകൾ വച്ചിട്ടുണ്ടാകും. പാക്ക് മുറിക്കാൻ പാക്ക് വെട്ടിയും. അതില്ലാതെ ഒരു ' കൂടിച്ചേരൽ അപൂർവ്വം. പിന്നീട് അതിനൊപ്പം ബീഡി, സിഗരറ്റ് എന്നിവയും കാണാൻ തുടങ്ങി. പിന്നെ പതുക്കെ ആ പതിവ് പിൻ വാങ്ങി. പുകയില കൂട്ടി, മുറുക്കാൻ തുടങ്ങിയതോടെ ആ സുശീലം ദു:ശീലമായി കാണാൻ തുടങ്ങി. നിയമപരമായ മുന്നറിയിപ്പുകൾ വ്യാപകമായതോടെ വെറ്റില മുറുക്കുന്ന ശീലം തന്നെ ഏറെക്കുറെ നിന്നു.(പകരം മദ്യവും ഇപ്പോൾ അതുക്കും മേലെയുള്ള ചരക്കുകളും വന്നു ).
എന്താണ് വെറ്റിലയുടെ ഗുണങ്ങൾ?
നമ്മുടെ ദഹന രസങ്ങൾ പലതും തീവ്രത കൂടിയ അമ്ലഗുണമുള്ളവയാണ്. പക്ഷെ ദഹനവ്യൂഹം എപ്പോഴും നില നിർത്തേണ്ട pH ക്ഷാരതയുള്ളതായിരിക്കണം. അപ്പോൾ ഭക്ഷണം കഴിഞ്ഞ്, ഒരു വെറ്റിലയുടെ നീര് അല്പം ശുദ്ധമായ ചുണ്ണാമ്പ് ചേർത്ത് വയറ്റിൽ ചെന്നാൽ നല്ല ദഹനം കിട്ടുമത്രേ. വെറ്റിലയിൽ ധാരാളം ഫീനോൾസ്, essential oils, alkaloids, tannins, Glycocides (Chavicol പോലെയുള്ളവ) അടങ്ങിയിട്ടുള്ളതിനാൽ അവയ്ക്ക് നല്ല നിരോക്സികാരകശേഷിയും, അണുനാശക സ്വഭാവവും, മുറിവുണക്കാൻ ഉള്ള ശേഷിയും anti inflammatory ശേഷിയും ഒക്കെ ഉണ്ടെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അത് നല്ലയൊരു ഉത്തേജക വസ്തു കൂടി ആയതിനാൽ ഞരമ്പുകളെ ഉണർത്തി കൂടുതൽ ശ്രദ്ധ കിട്ടാൻ സഹായിക്കും. ശരീരം ചൂടുള്ളതാക്കും. നന്നായി മൂത്രം ഉത്പാദിപ്പിച്ചു ശരീരം ശുദ്ധിയാക്കും. യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കും. ശരീരത്തിലെ കൊഴുപ്പിനെയും കുറയ്ക്കും. ഇതിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ 'ഗൂഗിൾ ദേവത 'യോട് വെറ്റില- പാക്ക് ദക്ഷിണ വച്ച് ചോദിക്കാം, 🤪.
ക്ഷാരസ്വഭാവം (Alkaline properties )ഉള്ളത് കൊണ്ട് അമ്ലസ്വഭാവമുള്ള വിഷങ്ങളെ (toxins )നിർവീര്യമാക്കാൻ ഇതിന് കഴിയും പണ്ടുള്ള സ്ത്രീകൾ പോലും വെറ്റില മുറുക്കിയിരുന്നതിന്റെ രഹസ്യം ഇതാണ് രമണാ...
അപ്പോൾ,നമുക്കും വെറ്റിലത്തണ്ണി ശീലമാക്കാം. വീട്ടിൽ ഒരു മൂട് വെറ്റിലക്കൊടി പിടിപ്പിക്കുക. നന്നായി പരിചരിക്കുക. രാത്രിയിൽ ഒരു ഗ്ലാസ് വെള്ളത്തിൽ ഒന്നോ രണ്ടോ വെറ്റില മുറിച്ചു ചെറുകഷ്ണങ്ങൾ ആക്കി ഇടുക. രാവിലെ അല്പം തേൻ ചേർത്ത് സേവിക്കുക. അല്ലെങ്കിൽ വെറ്റിലയിട്ട് തിളപ്പിച്ച വെള്ളത്തിൽ അല്പം നാരങ്ങാ നീരും തേനും ചേർത്ത് കുടിക്കുക.
വെറ്റിലയെക്കുറിച്ച് പഠിക്കാനായി ശ്രമിച്ചപ്പോൾ സദ്ഗുരു.ജഗ്ഗി വാസുദേവിന്റെ ഒരു പ്രഭാഷണം കേട്ടു. അപ്പോൾ രസകരമായ ഒരറിവ് കേട്ടു. വെറ്റില, ശാന്തമായ വെള്ളത്തിൽ ഇട്ടാൽ അതിന്റെ തണ്ട് ഭാഗം എപ്പോഴും വടക്കോട്ട് തിരിഞ്ഞേ നിൽക്കുകയുള്ളൂ അത്രേ. ഒന്ന് പരീക്ഷിച്ചു നോക്കണം. കാട്ടിലൊക്കെ വഴി തെറ്റിപോയാൽ (🤔)ദിക്ക് കണ്ടു പിടിക്കാൻ വെറ്റിലയെ ആശ്രയിക്കാമല്ലോ 😀.
വിവാഹകർമ്മങ്ങൾ നടക്കുമ്പോൾ
ഗുരുസ്ഥാനീയർക്ക് ദക്ഷിണ നൽകാൻ വെറ്റിലയും അടയ്ക്കയും നിർബന്ധം. "താംബൂലാഗ്രേ നിവസതി രമാ
മധ്യതോ വാഗധീശാ
പൃഷ്ട്ടേ ജ്യേഷ്ഠ
ഹിമഗിരിതനു വാമഭാഗേ".. (വെറ്റിലയുടെ അഗ്രഭാഗത്തു ലക്ഷ്മീദേവിയും മധ്യത്തിൽ സരസ്വതിയും താഴെ ജ്യേഷ്ഠ ഭഗവതിയും വാമഭാഗത്ത് പാർവതിയും കുടികൊള്ളുന്നു എന്ന് ഹൈന്ദവ വിശ്വാസം ). വധുവിന്റെ അച്ഛൻ, മകളെ വരന് കൈപിടിച്ചു കൊടുക്കുമ്പോഴും അവിടെ കൈകൾക്കിടയിൽ സാക്ഷിയായി വെറ്റിലയുണ്ടാകും.
ചില സംസ്കാരങ്ങളിൽ രണ്ട് പക്ഷക്കാർ തമ്മിൽ അങ്കം കുറിക്കുമ്പോൾ അല്ലെങ്കിൽ ഒരു വെല്ലുവിളി ഏറ്റെടുക്കുമ്പോൾ അതിൽ ഒരാൾ വെറ്റിലമുറുക്ക് (ബീട )എടുത്താൽ, ഗോദായിൽ കാണാം എന്നത്രെ അർത്ഥം. (Beeda uthana ). വെല്ലുവിളി ഏറ്റെടുക്കുക എന്നാണത്, പറയാതെ പറയുന്നത്.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിളിലെ ജനങ്ങൾക്ക് ഒഴിച്ച് കൂടാൻ കഴിയാത്ത ഒന്നാണ് വെറ്റില മുറുക്ക്. അസമിന്റെ തലസ്ഥാനമായ ഗുവാഹത്തി (പഴയ പേര് പ്രാഗ് ജ്യോതിഷ്പൂർ) യുടെ പേരിലെ 'ഗുവാ'എന്നാൽ അടയ്ക്ക എന്നാണ് അർത്ഥം. അവിടെ വളരെ പ്രസിദ്ധമായ ഒരു പാൻ മാർക്കറ്റും ഉണ്ട്.
എന്തായാലും സമയം കളയേണ്ട. നല്ല തിരൂർ വെറ്റില കൊണ്ട് മലയാളിയെ വെറ്റിലത്തണ്ണി കുടിപ്പിക്കാനുള്ള ഒരു സ്റ്റാർട്ട് അപ്പിന് ആരെങ്കിലും നിശ്ചയതാംബൂലം കുറിച്ചാട്ടെ...
ന്നാൽ അങ്ങട്...
പ്രമോദ് മാധവൻ
ചിത്രം :പ്രിയ സ്നേഹിതൻ സുനിൽ