എന്റെ ഫേസ്ബുക് സുഹൃത്ത് പ്രൊഫ.എം. ജി . സി സാറിന്റെ സസ്യമാലയിൽ
അശോകമരത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെയെഴുതി...
'ചൊറിക്കരപ്പ,നാർത്തവാമയം നിനയ്ക്കിലെന്തിനു
പുറംതൊലിക്കു, പൂവിൽ, വേരി -
ലൗഷധം നിറച്ചവൻ
നിറന്ന സുന്ദരീപദാബ്ജ പാതഹർഷമൂലമോ
ചുവന്ന പൂ വിടർത്തിയാടി -
നിൽപു നീയശോകമേ?
ശോകനാശിനിയായ അശോകം.'അ.. ശോകം... ശോകത്തെ ഇല്ലാതാക്കുന്നത്.
സാക്ഷരവിഡ്ഢികളായ (🙏) മലയാളികൾ പക്ഷേ പലപ്പോഴും നമ്മളെ ചിരിപ്പിച്ചു കൊല്ലും.
എന്താണ് അശോകമരം വീട്ടിൽ വളർത്താത്തത് എന്ന് പലരോടും ചോദിച്ചാൽ അത് ശരിയാകില്ല, വീട് ദുഃഖമയമാകുമത്രേ!!!,ഓലൂടെ അപിപ്രായത്തിൽ മരത്തിന്റെ പേര് അശോകമല്ല, മറിച്ച് 'സശോക'മാണ്.
ദുഃഖത്തെ ഇല്ലാതാക്കുമെന്ന് വിശ്വസിക്കപ്പെടുന്ന അശോകമരം നട്ട് പിടിപ്പിച്ചാൽ അത് വിപരീത ഫലം കൊണ്ട് വരുമെന്ന് വിശ്വസിക്കുന്നവരോടൊക്കെ യെന്തുപറയാൻ? അല്ലേ മാധവാ...
മനുഷ്യരിൽ,സ്ത്രീ പുരുഷ ശരീരങ്ങൾ തമ്മിൽ വലിയ അന്തരമുണ്ട്. ആകൃതിയിലും പ്രകൃതിയിലും. പലവിധ ഹോർമോണുകളുടെ ഒരു 'സിംഫണി 'യാണ് സ്ത്രീകളിൽ ശാരീരിക -മാനസികസൗഖ്യം തീരുമാനിക്കുന്നത്.പ്രത്യുല്പാദന ഹോർമോണുകൾ സ്ത്രീകളിൽ പ്രധാനമായും ഈസ്ട്രജനും പ്രോജസ്റ്ററോണും ആണ്. അതിന്റെ വൃദ്ധിക്ഷയങ്ങൾ ഒരു പെണ്ണുടലിൽ ഉണ്ടാക്കുന്ന അനുരണനങ്ങൾ വർണ്ണനാതീതമാണ്. ദൈനംദിനജീവിത വെല്ലുവിളികൾക്കിടയിൽ അത്തരം ഹോർമോൺ വ്യതിയാനങ്ങൾ അവർക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. അത്തരം പ്രശ്നങ്ങൾക്കെല്ലാം കൺകണ്ട ഔഷധമാണ് അശോകം.
ALSO READ :
ഒക്ടോബറിൽ പ്രധാനമായും കൃഷി ചെയ്യാവുന്ന വിളകൾ...
ഈ മരം യഥാർഥത്തിൽ സ്ത്രീകളുടെ ശോകത്തെയാണ് ഇല്ലാതാക്കുന്നത് എന്ന് തന്നെ പറയേണ്ടി വരും.
പയർ വർഗ്ഗത്തിലെ ഒരു ഉപകുടുംബമായ ഫേബേസിയെ എന്ന കുടുംബത്തിലെ അംഗമായ അശോകമരം പൊതുവെ ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ ഒരു പുണ്യവൃക്ഷമായി കരുതപ്പെടുന്നു.
Saraca asoca എന്ന് ശാസ്ത്രീയനാമം.
തവിട്ട് നിറമുള്ള മനോഹരമായ തളിരിലകൾ തൂങ്ങി കിടക്കുന്നതിനാൽ സംസ്കൃതത്തിലിവൾ 'താമ്രപല്ലവ'.
ക്ഷേത്രങ്ങളിലും അരമനകളിലും ഒക്കെയാണ് അശോകമരം പൊതുവെ കാണുന്നത്.ബുദ്ധമതത്തിലും അശോകമരം പുണ്യവൃക്ഷമായി കരുതപ്പെടുന്നു. ലുംബിനിയിൽ കുഞ്ഞ് സിദ്ധാർഥൻ ജനിച്ചത് അശോകമരത്തിന്റെ തണലിൽ ആണെന്ന് വിശ്വാസമുണ്ട്.
ഒറീസ്സയുടെ സംസ്ഥാന പുഷ്പവും അശോകപുഷ്പമാണ്.
കാമദേവന്റെ അഞ്ച് മലരമ്പുകളിൽ ഒന്ന് അശോകപ്പൂവാണ്. മദനക്കരിമ്പ് വില്ലിന്റെ പൂവമ്പുകളേറ്റ് വീഴാത്ത പുരുഷകേസരികൾ ആരുണ്ട് മരണാ...
നമ്മുടെ വീടുകളിൽ അശോകമരം നട്ട് പിടിപ്പിയ്ക്കാൻ ഇനി ഒരു നിമിഷം വൈകരുത് എന്നാണ് എന്റെ ഒരിത്.
'വീട്ടിലൊരു അശോക മരം' എന്ന പദ്ധതി തന്നെ നടപ്പിലാക്കിയാൽ കൊള്ളാം.
അതിന്റെ പട്ടയും പൂവും ശരിയായി പ്രയോജനപ്പെടുത്താമെങ്കിൽ സ്ത്രീകൾ അനുഭവിക്കുന്ന അത്യാർത്തവവും ലൂബ്ധാർത്തവവും അനാർത്തവവുമൊക്കെ കൈപ്പിടിയിൽ ഒതുങ്ങും.
പത്തു വർഷത്തിന് മുകളിൽ പ്രായമുള്ള മരത്തിന്റെ പട്ട നിയന്ത്രിതരീതിയിൽ മുറിച്ചെടുക്കാം. അവിടെ പിന്നീട് തൊലി വന്ന് മൂടിക്കൊള്ളും.അതാണ് Sustainable Harvesting.
അശോകത്തൊലിയിൽ താതിരിപ്പൂവും അയമോദകവും മുത്തങ്ങയും ചുക്കും തൃഫലയും ചന്ദനവും ശർക്കരയും ഒക്കെ ചേർത്താണ് അശോകാരിഷ്ടം ഉണ്ടാക്കുന്നത്. ഭൈഷജ്യരത്‌നാവലി പ്രകാരമാണ് ചേരുവകൾ. ആർത്തവസംബന്ധമായ പ്രശ്നങ്ങളിൽ ഏറെയും തീർക്കാൻ ഇത് പര്യാപ്തം.
കഷായം, കുറുക്ക്, തൈലം എന്നിവയൊക്കെ ഉണ്ടാക്കാൻ അശോകം കഴിഞ്ഞേയുള്ളൂ മറ്റെന്തും. വെളിച്ചെണ്ണയിൽ അശോകപ്പൂവരച്ചുണ്ടാക്കുന്ന തൈലം കുഞ്ഞുങ്ങളിലെ കരപ്പന് ബഹുകേമം. പാലും അശോകപ്പൂവരച്ചതും അരിപ്പൊടിയും ശർക്കരയും നെയ്യും ചേർത്തുണ്ടാക്കുന്ന കുറുക്കിനെ കുറിച്ചോർക്കുമ്പോൾ വായിൽ വെള്ളമൂറും.
'വീട്ടിൽ സ്വർണം വെച്ചിട്ടെന്തിനു നാട്ടിൽ കേണ് നടപ്പൂ 'എന്ന് പറഞ്ഞത് പോലെയാണ് കാര്യങ്ങൾ. പലപ്പോഴും അശോകമരം കൊണ്ട് തീർക്കാവുന്ന പ്രശ്ങ്ങൾ, ശരീരത്തെ മൊത്തം ദോഷകരമായി ബാധിക്കുന്ന ഹോർമോൺ തെറാപ്പിയിലൂടെയാണ് ഇന്ന് കൈകാര്യം ചെയ്യപ്പെടുന്നത് .അത് പെണ്ണുടലിൽ പിന്നീടുണ്ടാക്കുന്ന ദൂഷ്യങ്ങളും ചില്ലറയല്ല.
വിനാശ കാലേ വിപരീത ബുദ്ധി.
പൂക്കാതെ
നിൽക്കുന്ന അശോകമരത്തിൽ സുന്ദരികളായ സ്ത്രീകൾ ചവിട്ടിയാൽ പൂക്കുമെന്ന് ഒരു ചൊല്ലുണ്ട്. ഓരോ കവി ഭാവനകൾ എന്ന് കരുതിയാൽ മതി.
നല്ല ലിവർ ടോണിക് ആണ് അശോകം. രക്തശുദ്ധി വരുത്താൻ കഴിവുണ്ട്.
ഹൃദയ താളം ക്രമപ്പെടുത്താനും കൊഴുപ്പ് അലിയിക്കാനും കഴിവുണ്ട്. വൃക്കയുടെ പ്രവർത്തനത്തെയും മെച്ചപ്പെടുത്തും. പ്രമേഹ രോഗികൾക്കും ഉത്തമം.
സത്സന്താന ലബ്ധിയ്ക്കായി തയ്യാറെടുക്കുമ്പോൾ സ്ത്രീ പുരുഷന്മാർ ഇതിനെ പ്രയോജനപ്പെടുത്തണം.പ്രത്യുത്പദന വ്യവസ്ഥകളിലെ അഴുക്കുകൾ നീക്കാനും ഉണർവ്വ് നല്കാനും അതുതകും. ആർത്തവചക്രത്തിന്റെ താളപ്പിഴകളും മൂത്രാശയപ്രശ്നങ്ങളും രക്താശുദ്ധിയും ഒക്കെ പരിഹരിക്കാൻ ഇവനോളം വരില്ല ഒരു ഇംഗ്ലീഷ് ഔഷധവും.
നല്ല അലങ്കാര വൃക്ഷം കൂടിയായതിനാൽ വീടിന് ചന്തം കൂട്ടാനും ഇയാൾക്ക് കഴിയും. നിറയൗവ്വനത്തോടെ നിൽക്കുന്ന പൂക്കൾ അങ്ങനെ തന്നെ കഴിയ്ക്കാം. അല്ലെങ്കിൽ അരി അരച്ച് നെയ് ചേർത്ത് അലുവയോ കിണ്ണത്തപ്പമോ ആക്കി തട്ടിക്കൊളിൻ..
ഇതിൽ ഉള്ള ഫ്‌ളവനോയ്‌ഡ്‌സ്, ഗ്‌ളൈക്കോസൈഡ്സ്, ടാനിൻസ്, സപ്പോണിൻസ്, എസ്റ്റേഴ്സ്, ആൽക്കഹോൾസ് മുതലായവയാണ് ഇതിന്റെ ഔഷധശക്തിക്ക് പിന്നിൽ.
ഗർഭിണികൾ തല്ക്കാലം കഴിക്കാതിരിക്കുകയാവും നന്ന്. ഗർഭപാത്രത്തെ വികസിപ്പിച്ചു ചുരുക്കുമ്പോൾ ചിലപ്പോൾ പ്രശ്നങ്ങൾ ഉണ്ടാകാം.
PCOD, Endometriosis, വേദനയോടു കൂടിയ ആർത്തവം, വെള്ളപോക്ക് തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർ വീട്ടിൽ അശോകം വളർത്തി ഉപയോഗിക്കാൻ ഇനി ഒരു നിമിഷം വൈകരുത്. കുരു മുളപ്പിച്ചു തൈകൾ ആക്കാൻ ഒരു പ്രയാസവുമില്ല. നല്ല വെയിൽ കിട്ടുന്നിടത്ത് നടുക. പൂക്കൾ ആകുമ്പോൾ പച്ചുറുമ്പിന്റെ ശല്യം പൂക്കളിൽ കാണാം. വല്യ കാര്യമാക്കണ്ട.
വാൽക്കഷ്ണം : സീതാദേവിയെ തട്ടിക്കൊണ്ടുപോയ ലങ്കേശൻ അവിടെ തന്റെ പൂവാടിയായ 'അശോകവനി' യിൽ ആണ് അവർക്കു താമസമൊരുക്കിയത്. അവർ വിശ്രമിച്ചതാകട്ടെ ശിoശിപ വൃക്ഷത്തിന്റെ (Amherstia nobilis ) ചുവട്ടിലും.
എന്നാലും ശരാശരി മലയാളി വിശ്വസിച്ചിരിക്കുന്നത് സീതാദേവി ഇരുന്നത് അശോക മരച്ചുവട്ടിൽ ആണെന്നാണ്. Oh.. Those Malayalees...
എന്നാപ്പിന്നെ അശോകമരത്തിന്റെ ഒരു വിത്ത് കൊണ്ട് വന്ന് മുളപ്പിച്ചു നടാൻ ഇനി അമാന്തിക്കേണ്ട...വീടിന്റെ വടക്ക് ഭാഗത്തു തന്നെ ആയിക്കോട്ടെ..
✍️ പ്രമോദ് മാധവൻ