ക്ലോറിൻ.., വിസ്മൃത സസ്യമൂലകം - പ്രമോദ് മാധവൻ



സസ്യങ്ങൾക്ക് ഏറ്റവും പ്രധാനമായി വേണ്ട 17 മൂലകങ്ങളിൽ ഒന്നാണ് ക്ലോറിൻ. നമുക്കെല്ലാവർക്കും വളരെ പരിചയമുള്ള ഒരു പേരാണ് ക്ലോറിന്റേത്. പ്രത്യേകിച്ചും വെള്ളം ശുദ്ധീകരിക്കാനായി ബ്ലീച്ചിങ് പൗഡർ ഉപയോഗിക്കുന്നവർക്ക്. ബ്ലീച്ചിങ് പൗഡറിലെ പ്രധാന ചേരുവയാണ് ക്ലോറിൻ.ഏറ്റവും നല്ല അണുനാശിനിയാണ് ക്ലോറിൻ.

ആവർത്തന പട്ടിക(Periodic table ) യിലെ മൂലകങ്ങളിൽ ഹാലോജൻസ് (Halogens) എന്നറിയപ്പെടുന്ന ഏഴാം ഗ്രൂപ്പിലെ പ്രധാനിയാണ് ക്ലോറിൻ. ഫ്ലൂറിൻ ക്ലോറിൻ, ബ്രോമിൻ അയഡിൻ,അസ്റ്റാറ്റിൻ,ടെന്നസിന്‍ എന്നിവയാണ് ആ ഗ്രൂപ്പിലെ മൂലകങ്ങൾ. ഇവയിൽ ടെന്നസ്സിനെ കുറിച്ച് കൂടുതലായി വിവരങ്ങൾ ലഭ്യമല്ല. അസ്റ്റാറ്റിൻ റേഡിയോ ആക്ടീവത ഉള്ള മൂലകവുമാണ്.

ഏത് മൂലകങ്ങളോടും ഏറ്റവും വേഗത്തിൽ യോജിക്കാൻ ഉള്ള കഴിവ് ഫ്ലൂറിൻ എന്ന മൂലകത്തിനുണ്ട്. Electro negativity ഏറ്റവും കൂടുതലുള്ള മൂലകമാണത്.
 നമ്മുടെ ശരീരത്തിൽ എല്ലുകളിലും പല്ലുകളിലും ഒക്കെ ഫ്ലൂറിൻ, ഫ്ലൂറൈഡ് രൂപത്തിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് പല ടൂത്ത്പേസ്റ്റുകളിലും ഫ്ലൂറൈഡ് അടങ്ങിയിട്ടുണ്ട് എന്ന പരസ്യങ്ങൾ നമ്മൾ കേൾക്കുന്നത്.

 ചെടികൾക്ക് ഏറ്റവും പ്രധാനമായും വേണ്ട മൂലകം തന്നെയാണ് ക്ലോറിൻ. പക്ഷേ ചെറിയ അളവിൽ മതിയാകും എന്നു മാത്രം .ആയതിനാൽ അതിനെ സൂക്ഷ്മ മൂലകം എന്ന് വിളിക്കും.

  സാധാരണഗതിയിൽ പ്രകൃതി തന്നെ അത് ചെടികൾക്ക് നൽകുന്നുമുണ്ട്. പ്രത്യേകിച്ചും കടലിൽ നിന്നും നീരാവിയായി പോകുന്ന വെള്ളത്തിൽ വളരെ ചെറിയ അളവിൽ ക്ലോറിൻ അടങ്ങിയിട്ടുണ്ട്. അത് മഴയായി തിരിച്ചു വരുമ്പോൾ ചെടികൾക്ക് ആവശ്യമായ അളവിൽ ക്ലോറിൻ കിട്ടുന്നുണ്ട്.

 പക്ഷേ നമ്മുടെ ഏറ്റവും പ്രധാനനാണ്യ വിളയായ തെങ്ങിന്റെ കാര്യം എടുത്താൽ ഒരു സൂക്ഷ്മ മൂലകം എന്നതിനപ്പുറം ക്ലോറിന് വലിയ പ്രാധാന്യമുണ്ട്. ഇലകളുടെ പച്ചപ്പ് നില നിർത്താനും ഫോട്ടോസിന്തസിസ് നടക്കുമ്പോൾ വെള്ളത്തെ വിഘടിപ്പിച്ച് ഹൈഡ്രജനും ഓക്സിജനും ആക്കി മാറ്റുന്നതിനും ഇലകളിലെ ആസ്യരന്ധ്രം തുറക്കുന്നതിനും അടയ്ക്കുന്നതിനും പൊട്ടാസ്യത്തിന്റെ കൗണ്ടർ അയോൺ ആയി പ്രവർത്തിക്കുന്നതിനും കോശങ്ങളുടെ ദൃഢത (turgidity) നിലനിർത്തുന്നതിനും ഒക്കെ ക്ലോറിൻ തെങ്ങുകൾക്ക് വളരെ അത്യന്താപേക്ഷിതമാണ്. കടലോരങ്ങളിൽ തെങ്ങ് സമൃദ്ധമായി വളരുന്നതിന്റെ ഒരു കാരണം അവിടുത്തെ മണ്ണുകളിൽ ഉള്ള ക്ലോറിന്റെ സാന്നിധ്യം കൂടിയാണ്.

തെങ്ങിന് വളപ്രയോഗം നടത്തുമ്പോൾ ക്ലോറിൻ കൊടുക്കുന്ന കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം . ക്ലോറൈഡ് എന്ന രൂപത്തിലാണ് ഏറ്റവും സുരക്ഷിതമായി ക്ലോറിൻ മണ്ണിൽ നിലനിൽക്കുന്നത്. ക്ലോറിൻ അതീവ തീവ്രതയുള്ള ഒരു വാതകം ആയതിനാൽ അത് വായു രൂപത്തിൽ നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്. പക്ഷേ Chloride, stable ആണ്. മണ്ണിലേക്ക് നമ്മൾ പൊട്ടാഷ് എന്ന വളം (രാസികമായി പൊട്ടാസ്യം ക്ലോറൈഡ്) ചേർക്കുമ്പോൾ ചെടിയ്ക്ക് ആവശ്യമായ പൊട്ടാസ്യവും ക്ലോറിനും കിട്ടുന്നു. ഒരു വെടിയ്ക്ക് രണ്ട് പക്ഷി. നെയ്യപ്പം കഴിക്കുമ്പോൾ രണ്ടുണ്ട് കാര്യം എന്ന പോലെ.

 അല്ലെങ്കിൽ തെങ്ങിന് കുറേശ്ശെ ഉപ്പ് ചേർത്ത് കൊടുക്കുമ്പോൾ പൊട്ടാസ്യത്തിന്റെ സഹോദരനായ സോഡിയവും ക്ലോറിനും തെങ്ങിന് ലഭിക്കുന്നു. ഇത്തരത്തിൽ ആവശ്യമായ ക്ലോറിൻ ലഭ്യമായിക്കൊണ്ടിരുന്നാൽ മറ്റു മൂലകങ്ങളോടൊപ്പം ചേർന്ന് ആ തെങ്ങിന്റെ ഓലകൾക്ക് കരുത്തും വിരിവും ആയുസ്സും ഉണർവും നൽകാൻ ക്ലോറിന് സാധിക്കും.

 ആയതുകൊണ്ട് എല്ലാ വർഷവും രണ്ട് തവണ, ഏപ്രിൽ -മെയ് മാസത്തിലും സെപ്റ്റംബർ- ഒക്ടോബർ മാസത്തിലും മറ്റു വളങ്ങളോടൊപ്പം പൊട്ടാഷ് വളവും ചേർത്തു കൊടുക്കാൻ മറക്കരുത്.രണ്ടാം വളം നൽകേണ്ട സമയമായി. കാലവർഷത്തിന് തുറന്ന തടം NPK വളങ്ങളും മഗ്‌നീഷ്യം സൽഫേറ്റും തെങ്ങിന്റെ എല്ലാ അവശിഷ്ടങ്ങളും (പ്രത്യേകിച്ചും ഓലകളും തൊണ്ടും) തടത്തിൽ പുതയിട്ട് ഒരു വട്ടക്കിളയൽ നടത്തിക്കൊടുക്കാൻ മറക്കരുത്.

 മൂന്നുവർഷത്തിനുമേൽ പ്രായമുള്ള തെങ്ങുകൾക്ക് ചെറിയ അളവിൽ ഉപ്പ് ചേർത്തു കൊടുക്കുന്നതും ഗുണം ചെയ്യും.പക്ഷെ തൈതെങ്ങുകൾക്ക് കൊടുക്കാതിരിക്കുകയാകും നന്ന്.

വാൽക്കഷ്ണം: പ്രകൃതി സൃഷ്ടിച്ച 92 മൂലകങ്ങളിൽ 91 എണ്ണം ദൈവവും ഒരെണ്ണം ചെകുത്താനും സൃഷ്ടിച്ചത് എന്ന് തമാശയ്ക്ക് പറയാറുണ്ട്. ഈ'Devils Element' ആയി കരുതുന്നത് ക്ലോറിനെയാണ്.

പക്ഷേ ലോകത്ത് അശുദ്ധമായ വെള്ളം ശുദ്ധീകരിക്കുന്നതിന് ഏറ്റവും കൂടുതൽ സഹായിക്കുന്നത് ഈ ചെകുത്താന്റെ മൂലകം തന്നെയാണ്. വെള്ളപ്പൊക്കവും മറ്റും വരുമ്പോൾ അഴുക്ക് വെള്ളത്തിൽ halogen tablets ഇട്ടു കഴിഞ്ഞാൽ അതിലെ മുഴുവൻ സൂക്ഷ്മാണുക്കളും നശിക്കും.ഭൗതികമായ അഴുക്കുകൾ മാറ്റിയാൽ ആ വെള്ളം കുടിക്കാനായി ഉപയോഗിക്കുകയും ചെയ്യും. അത്തരത്തിൽ മനുഷ്യരാശിയുടെ ജീവ സന്ധാരണത്തിന് ഏറ്റവും കൂടുതൽ സഹായിക്കുന്ന ആൾ കൂടിയാണ് ഈ 'ചെകുത്താന്റെ മൂലകം'. ഏതാണ്ട് 70 കിലോഗ്രാം തൂക്കമുള്ള ഒരാളുടെ ശരീരത്തിൽ 100-110 ഗ്രാം വരെ ക്ലോറൈഡ് ഉണ്ടായിരിക്കും എന്നാണ് പറയുന്നത്.
ആയതിനാൽ തെങ്ങ് പോലെയുള്ള വിളകൾക്ക് ക്ലോറിൻ അടങ്ങിയ വളങ്ങൾ കൊടുക്കേണ്ടത് അത്യാവശ്യമാണ്. 

എന്നാൽ ചില ചെടികൾക്ക് ക്ലോറിൻ അത്ര പഥ്യവുമല്ല. പ്രത്യേകിച്ചും പുകയില, ഷുഗർ ബീറ്റ് എന്നീ വിളകൾക്ക്.അത് കൃഷി ചെയ്യുന്ന കർഷകർ പൊതുവിൽ പൊട്ടാസ്യം സൾഫേറ്റ് എന്ന് പറയുന്ന വളമാണ് നൽകുന്നത്. നമ്മളും പച്ചക്കറികൾക്ക് പൊട്ടാസ്യം സൾഫേറ്റ് ഇലകളിൽ തളിച്ചു കൊടുക്കാനായി നിർദ്ദേശിക്കാറുണ്ട്. പക്ഷേ അതിന് വില വളരെ കൂടുതലാണെന്ന് മാത്രം. 

കടൽവെള്ളം വളരെ നേരിയ മാത്രയിൽ നേർപ്പിച്ച് ചെടികളുടെ ഇലകളിൽ കൊടുക്കുന്നതും പാകത്തിന് ക്ലോറിൻ ചെടിയ്ക്ക് ലഭ്യമാകാൻ സഹായിക്കും.

✍️ പ്രമോദ് മാധവൻ 


Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section