ഞാറുറച്ചാൽ ചോറുറച്ചു | പ്രമോദ് മാധവൻ


മുപ്പത്തൊൻപത് ലക്ഷത്തിനടുത്ത് ഹെക്ടർ ഭൂവിസ്തൃതിയുള്ള കേരളത്തിൽ, അവശേഷിക്കുന്ന നെൽവയലുകളുടെ വിസ്തൃതി വെറും രണ്ട് ലക്ഷം ഹെക്റ്ററിൽ  താഴെയാണ്. അതിൽത്തന്നെ കാര്യമായി നികത്തപ്പെടാതെ ഇപ്പോഴും നിലനിൽക്കുന്നതും, ലാഭകരമായ കൃഷി നടക്കുന്നതും പാലക്കാട്‌, കുട്ടനാട്, കോൾപ്പാടങ്ങൾ എന്നിവിടങ്ങളിൽ മാത്രമാണ്.

ഇവിടങ്ങളിൽ ശാസ്ത്രീയമായി, മണ്ണറിഞ്ഞ്,ജലനിയന്ത്രണം നടത്തി കള -കീട-രോഗങ്ങളെ നിയന്ത്രിച്ച് കൃഷി ചെയ്യുന്നവർക്ക്, കാലാവസ്ഥയും കൂടി അനുഗ്രഹിച്ചാൽ, ഒരു സെന്റിൽ നിന്നും 30-35 കിലോഗ്രാം (ഏക്കറിന് 3000-3500 കിലോ ) നെല്ല് വിളയിക്കാൻ സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവിടങ്ങളിൽ നില നിൽക്കുന്ന പാട്ടത്തുക (Lease amount ) ഉയർന്നതാണ്, ചൂഷണാത്മകവുമാണ്(Exorbitant, Exploitative and Unsustainable ).

 അതിനെ നിയന്ത്രിക്കാൻ (Regulatory body )ഒരു സംവിധാനവും കേരളത്തിൽ ഇല്ല. ആയതിനാൽ തന്നെ വലിയ പാട്ടത്തുക നൽകാൻ നിർബന്ധിതനാകുന്ന പാട്ടകർഷകൻ ജൈവവളങ്ങൾ ഒന്നും കാര്യമായി ഉപയോഗിക്കാതെ വലിയ അളവിൽ രാസവസ്തുക്കൾ ആ ആവാസവ്യവസ്ഥയിലേക്ക് ഉപയോഗിക്കുന്നു. പൊന്മുട്ടയിടുന്ന താറാവിനെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്നു.

മറ്റുള്ള ജില്ലകളിൽ ആകട്ടെ നെൽകൃഷി പൂർണമായും കൃഷിവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നൽകുന്ന സബ്‌സിഡികളെ ആശ്രയിച്ച് നിലനിൽക്കുന്നു. വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ വീർപ്പുമുട്ടുകയാണ് പല പാടശേഖരങ്ങളും.

ജനകീയാസൂത്രണപ്രസ്ഥാനം ശക്തമായതോടെ പാടങ്ങൾക്ക് നെടുകെയും കുറുകെയും റോഡുകൾ വന്നു. റോഡുകളോട് അടുത്തുള്ള കണ്ണായ സ്ഥലങ്ങൾ നികത്തപ്പെട്ടു. നികത്താനായി ഇടിച്ചതോ, അവിടങ്ങളിലെ ജലസംഭരണികളായ ലാറ്ററൈറ്റ് കുന്നുകളും. (ചുരുക്കത്തിൽ വെള്ളം വലിയ തോതിൽ സംഭരിച്ചു വയ്ക്കാൻ സഹായിച്ചിരുന്ന വയലുകളും കുന്നുകളും ഒറ്റയടിക്ക് നമുക്ക് നഷ്ടമായി ).





ഈ വയൽ നികത്തൽ പ്രക്രിയയ്ക്ക് റെവന്യൂ വകുപ്പ് Kerala Land Use Order എന്ന ചട്ടത്തിലൂടെ ഒത്താശ ചെയ്തു. ചുരുക്കത്തിൽ കേരളത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്ക് മേൽ പെയ്തിറങ്ങിയ  ചക്രവാതച്ചുഴിയായിമാറി ഈ ചട്ടം.

ഏഴ് ലക്ഷം ഹെക്ടർ നെൽകൃഷി ഉള്ളപ്പോൾ പോലും 'ചാക്കരി'യെ ആശ്രയിച്ചിരുന്ന മലയാളി, ഇനിയൊരിക്കലും ധാന്യ ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ കഴിയാത്ത  അവസ്ഥയിലേക്ക് വഴുതി വീണു. തൽഫലമായി, ഒരു വർഷം 57ലക്ഷം ടൺ നെല്ല് (40ലക്ഷം ടൺ അരി )വേണ്ട കേരളം 7 ലക്ഷം ടൺ നെല്ല് എന്ന വാർഷിക ആഭ്യന്തരഉത്പാദനത്തിലേക്ക് നിപതിച്ചു. അതിന് കൃഷിവകുപ്പിനെ മാത്രം പഴിപറഞ്ഞത് കൊണ്ടായോ എന്ന് ചിന്തിക്കുക.

പാടശേഖരങ്ങൾക്കുള്ളിൽ അവിടെയും ഇവിടെയുമായി പാടങ്ങൾ നികത്തപ്പെട്ടപ്പോൾ, അവിടുത്തെ ജല ആഗമന -നിർഗമന മാർഗങ്ങൾ(Irrigation & drainage channels )തടയപ്പെട്ടു.നീർച്ചാലുകളുടെ മേലുള്ള കയ്യേറ്റങ്ങൾ വ്യാപകമായി. യന്ത്രവൽക്കരണം സുഗമമായി നടക്കാൻ സഹായിക്കേണ്ടിയിരുന്ന റാമ്പുകൾ, ട്രാക്ടർ പാസ്സേജുകൾ എന്നിവ വേണ്ടവിധം നിർമ്മിച്ചില്ല, ഇനി നിർമ്മിച്ചെങ്കിൽ തന്നെ ശരിയാം വണ്ണം പരിപാലിക്കപ്പെട്ടില്ല. (ജലനിർഗമനം വേണ്ടത്ര നടക്കാത്തതിനാൽ കൃഷി നടക്കാത്ത എത്രയോ പാടശേഖരങ്ങൾ ഇപ്പോഴുമുണ്ട്). തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ചിലതെങ്കിലും പശ്ചാത്തലമേഖല വികസിപ്പിക്കുന്നതിനുള്ള ഫണ്ടുകൾ ഒന്നും ഇതിനായി നീക്കിവയ്ക്കാതെ, 'ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനോടൊപ്പം വേട്ടയാടുകയുമാണ് ' എന്ന് പറയാതെ വയ്യ.

ഉള്ള പാടശേഖരങ്ങളുടെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ചുകൊണ്ട്, യന്ത്രവത്കരണം സാർവ്വത്രികമാക്കി,കഴിയാവുന്ന ഇടങ്ങളിൽ ഒരു വിളകൃഷി എന്നത് രണ്ട് വിളയാക്കിക്കൊണ്ട്, യഥാസമയം കൃഷിയിറക്കി, യന്ത്രകൊയ്ത്ത് നടത്തി, സംഭരിച്ച്,താമസം വിനാ അതിന്റെ വില നൽകാൻ ഊർജിതശ്രമം വേണം. സംസ്ഥാനത്തിന്റെ ധാന്യസമൃദ്ധിയ്ക്കും ഭക്ഷ്യസുരക്ഷയ്ക്കും ഉപരിപ്ലവമായ ഇടപെടലുകൾ പോരാ.

ഇനി കർഷകരിലേക്ക് വരാം. "കർഷകനെ സംരക്ഷിച്ചില്ലെങ്കിൽ നാട് മുടിയും, ഞങ്ങൾ കൃഷി നിർത്തും"  എന്നൊക്കെയുള്ള ഭീഷണികളും ഇരവാദങ്ങളും ഒന്നും ഈ 'ആഗോള ഗ്രാമത്തിൽ (Global Village ) ൽ ഇനി വിലപ്പോവില്ല. നമ്മൾ നെല്ലുണ്ടാക്കിയില്ലെങ്കിൽ അത്‌ തെലുങ്കാനയിൽ നിന്നോ ആന്ധ്രയിൽ നിന്നോ ബംഗാളിൽ നിന്നോ വരും. പയർ ബർമ്മയിൽ നിന്നും വരും. തേങ്ങാ ശ്രീലങ്കയിൽ നിന്നും വരും, കുരുമുളക് വിയറ്റ്നാമിൽ നിന്നും വരും, പാമോയിൽ മലേഷ്യയിൽ നിന്നും വരും, വാഴപ്പഴം ഇക്വാഡോറിൽ നിന്നും വരും. കയ്യിൽ പണമുണ്ടെങ്കിൽ നമുക്ക് 'ഉണ്ടും ഉറങ്ങിയും ഉണ്ണിയുണ്ടാക്കിയും 'ഇങ്ങനെ കഴിയാം.

ആയതിനാൽ ഈ ലോകക്രമത്തിൽ വിജയിച്ച് നിൽക്കണമെങ്കിൽ നമ്മുടെ നെല്ലിന്റെ ഉത്പാദനക്ഷമത ഉയർത്തിയേ മതിയാകൂ. സബ്‌സിഡികൾ നാളെ നിലച്ചാലും (ഇപ്പോൾത്തന്നെ രാസവള സബ്‌സിഡി അടക്കമുള്ള പലതും കുറഞ്ഞു തുടങ്ങിയിരിക്കുന്നു )കൃഷി ലാഭകരം ആകണമെങ്കിൽ യൂണിറ്റ് ഏരിയയിൽ നിന്നുമുള്ള ഉത്പാദനം കൂടിയേ മതിയാകൂ.

"ഞാറുറച്ചാൽ ചോറുറച്ചു, ഞാറ്റിൽ പിഴച്ചാൽ ചോറ്റിൽ പിഴച്ചു"  എന്നൊക്കെയാണല്ലോ നിത്യഹരിതമൊഴികൾ.

 നെൽപ്പാടത്തേക്ക് എത്തുന്ന വിത്തുകൾ /ഞാറുകൾ എന്നിവ ജനിതകശുദ്ധിയും കരുത്തും അത്യുത്പാദനശേഷിയും ഉള്ളവയായിരിക്കണം. അല്ലെങ്കിൽ 'തേങ്ങാ പത്തരച്ചാലും താളല്ലേ കറി 'എന്ന പഴഞ്ചൊല്ല് പോലെയാകും കാര്യങ്ങൾ.





കൊയ്ത്തിനു മുൻപ് ഏറ്റവും കനംതൂങ്ങി നിൽക്കുന്ന കതിർക്കുലകൾ പ്രത്യേകമായി കൊയ്തെടുക്കാൻ ഒരാളെ നിയോഗിച്ചാൽ, അത് കൊഴിച്ച്,ശരിയായി ഉണക്കി, വിത്തിനായി ആറ് മാസം വരെ സൂക്ഷിച്ചു വയ്ക്കാൻ സാധിക്കും.

പറിച്ച് നടുന്ന രീതിയാണ് അനുവർത്തിക്കുന്നതെങ്കിലും ഏക്കറിന് 10-15 കിലോ വിത്ത് മതിയാകും.ഒരു സെന്റിലേക്കു നാലായിരം ഞാറുകൾ (വിത്തുകൾ )മതിയാകും. അതിന് വേണ്ടി വരുന്ന വിത്തിന്റെ തൂക്കം ഏകദേശം 100ഗ്രാം വരും (വിശ്വസിക്കാൻ പ്രയാസം അല്ലേ?).ഏക്കറിന് 10കിലോ വിത്ത്!!!

ഉമിയ്ക്കുള്ളിൽ നൂറ് ശതമാനവും തിങ്ങിനിറഞ്ഞ് , ഘനം തിങ്ങിയ(dense ) നെൽവിത്തിൽ നിന്നുള്ള ഞാറുകൾ കരുത്തുള്ളവയായിരിക്കും. അങ്ങനെയുള്ളവ മാത്രമേ ഞാറ്റടി (Nursery ) യിലേക്ക് പോകാൻ പാടുള്ളൂ.

 അതിന് കർഷകർ അനുവർത്തിക്കേണ്ട വിത്ത് പരിചരണമാണ് 'ഉപ്പ് വെള്ളത്തിൽ മുക്കൽ' (Salt water treatment ).

40ലിറ്റർ വെള്ളം കൊള്ളുന്ന ഒരു പാത്രം എടുക്കുക, അതിൽ പതിനഞ്ച് ലിറ്റർ വെള്ളം ഒഴിക്കുക. അതിൽ ഒരു പുതിയ കോഴിമുട്ട ഇടുക. അത്‌ താഴ്ന്ന് കിടക്കും. ശേഷം കുറേശ്ശേ, കുറേശ്ശേ കല്ലുപ്പ് വെള്ളത്തിലേക്കു ഇട്ട് ഇളക്കി കൊടുക്കണം. ഉപ്പിന്റെ സാന്ദ്രത കൂടുന്നതിനനുസരിച്ച് മുട്ട പൊങ്ങി മുകളിലേക്കു വരും. അങ്ങനെ മുട്ടയുടെ കാൽഭാഗം വെള്ളത്തിന്‌ മുകളിൽ എത്തുന്ന പോയിന്റിൽ ഉപ്പിടുന്നത് നിർത്തുക. മുട്ട എടുത്ത് മാറ്റുക. ഇതിലേക്ക് 15 കിലോ നെൽവിത്ത് ഇടുക. നന്നായി കൂട്ടിയിളക്കി പതിനഞ്ച് മിനിറ്റ് നേരം കഴിഞ്ഞ്, മുകളിലേക്കു പൊന്തിവന്ന നെൽവിത്തുകൾ വാരിമാറ്റുക. ഈ ഘട്ടത്തിൽ അടിയിൽ താഴ്ന്നു കിടക്കുന്ന നെൽവിത്തുകൾ ഏറ്റവും ഘനമുള്ള, കരുത്തുറ്റ ഞാറുകൾ ഉണ്ടാക്കാൻ കഴിവുള്ളവ ആയിരിക്കും. ഇവ വാരിയെടുത്ത്, ഉപ്പിന്റെ അംശം കളയാൻ നന്നായി രണ്ട് മൂന്നാവൃത്തി കഴുകി, കുരുപ്പിക്കാനായി എടുക്കാം. ഇങ്ങനെ ചെയ്യുമ്പോൾ വിത്തിന്റെ പുറത്തുള്ള ഫംഗസിന്റെ അംശങ്ങളും നശിച്ചു പോകും.

വിത്ത് തെരെഞ്ഞെടുക്കുന്നത് മുതൽ, അതിന്റെ പരിചരണം, ഞാറ്റടി തയാറാക്കൽ, ജൈവ വളപ്രയോഗം, കുമ്മായപ്രയോഗം, മണ്ണ് പരിശോധനയെ അടിസ്ഥാനമാക്കിയുള്ള വള പ്രയോഗം, കള നിയന്ത്രണം, ജലപരിപാലനം (Water Management ), സംയോജിത കീട രോഗ നിയന്ത്രണം എന്നിവയിൽ എല്ലാം കർഷകൻ ശാസ്ത്രീയ രീതികൾ അവലംബിക്കണം. ഒരു സമ്പൂർണ്ണ ഗുണമേന്മാ പരിപാലന (Total Quality Management, TQM )ത്തിലേക്ക് കാര്യങ്ങൾ വരണം.അങ്ങനെ ഉത്പാദന ക്ഷമതാ വർധനവിലൂടെ, കാർഷിക ഉത്പാദനം കൂടണം.വിളവിന്റെ ഒരു ഭാഗം മൂല്യവർദ്ധനവ് നടത്തി വിൽക്കണം.

 അതായിരിക്കണം നമ്മൾ നേടാൻ പോകുന്ന 'നവ കാർഷിക കേരളം '.തൊലിപ്പുറത്തെ ചികിത്സ കൊണ്ട് നന്നാക്കാൻ കഴിയുന്ന രീതിയിൽ അല്ല കാര്യങ്ങൾ.

 Same paths lead to same destinations. We need to explore new paths to achieve new results.

Winners don't do different things, they do things differently (Shiv Khera )

പ്രമോദ് മാധവൻ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section