വാണിജ്യ പച്ചക്കറി കർഷകർക്ക് ചെയ്യാൻ ഏറ്റവും ഇഷ്ടമുള്ള പച്ചക്കറിയാണ് പടവലം.
താഴേക്ക് നീണ്ടുവളരുന്നതിനാൽ Snake gourd എന്ന് ആംഗലേയം.
പക്ഷെ, അധികം നീളാത്ത പടവല ഇനങ്ങൾ ആണ് ഇപ്പോൾ സൂപ്പർ മാർക്കറ്റുകൾ ഭരിക്കുന്നത്. നീളൻ ഇനങ്ങൾ വെട്ട് മലക്കറിയിൽ അനിവാര്യം.
നന്നായി പരിപാലിച്ചാൽ ഒരു സെന്റിൽ നിന്നും മാത്രം 200-300 കിലോ പടവലങ്ങ പറിക്കാം. ചിലപ്പോൾ അതുക്കും മേലെ. അതിനാൽ തന്നെ ചില സമയങ്ങളിൽ ഇത് അമിതമായി ഉത്പാദിപ്പിക്കപെടുകയും വിലയിടിയുകയും ചെയ്യും. ആ വിലയിടിവൊന്നും പ്രശ്നമല്ല എന്ന മട്ടിൽ ഇലവഞ്ചേരിയിലെയും ഇളനാട്ടിലെയും കർഷകർ മുന്നോട്ട് പോകും. ഒരു സീസണിൽ എങ്കിലും 'പടോലം' ചെയ്തില്ലെങ്കിൽ പിന്നെ എന്തരപ്പീ..
കേരള കാർഷിക സർവ്വകലാശാലയുടെ 'സൊന്തം'ഇനങ്ങളായ കൗമുദി, TA -19(ഇപ്പോൾ വിത്ത് ലഭ്യമാണോ ആവോ?)ബേബി, ഹരിതശ്രീ, മനുശ്രീ എന്നിവയും 'ച(സ )ങ്കരൻമാരായ 'White N Short, Covai 19,Mahy 19 എന്നിവയൊക്കെ കർഷകരുടെ അരുമകൾ തന്നെ.
പാവൽ കൃഷി കഴിഞ്ഞ പന്തലിൽ,രണ്ട് മീറ്റർ അകലത്തിൽ തടങ്ങൾ എടുത്ത് കോഴിവളവും ചാണകപ്പൊടിയും എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും ട്രൈക്കോഡെർമ്മയും ഒക്കെ ചേർത്ത് അറഞ്ഞു സമ്പുഷ്‌ടീകരിച്ച തടത്തിൽ വെള്ളത്തിലിട്ടു തോട് മൃദുവാക്കിയ വിത്തുകൾ കുത്തിയിട്ട്, പടർത്തി പന്തലിൽക്കയറ്റുന്നു.
വെള്ളരി വർഗ വിളയായത് കൊണ്ട് തന്നെ വർഗശത്രുക്കൾ ആയ മത്തൻ വണ്ട്, കായീച്ച എന്നിവ ഓട്ടോ പിടിച്ചാണെങ്കിലും അവിടെ എത്തിയിരിക്കും. അത് പോലെ തന്നെ ഇലകളിൽ മഞ്ഞ പൊട്ടുകൾ ഉണ്ടാക്കി ഉണക്കി കളയുന്ന മൃദുരോമ പൂപ്പ് (Downy Mildew disease ) രോഗവും.
മറ്റ് പല വെള്ളരി വർഗവിളകളെയും ആക്രമിക്കുമെങ്കിലും (യഥാർഥത്തിൽ അവർക്ക് തിന്നാനായി ദൈബം പറഞ്ഞിരിക്കുന്ന ചെടികൾ ആണിതൊക്കെ. 'ആക്രമിക്കുന്നു' എന്നൊക്കെ പറയുമ്പോൾ ഒരു കുറ്റബോധം.) പടവലചെടിയെ തെരെഞ്ഞു പിടിച്ച്, ഇലകൾ തിന്ന് തീർക്കുന്ന കുഞ്ഞിക്കൂനൻ പുഴുവാണ് Semi looper അഥവാ Anadividia peponis.
രാത്രികാലങ്ങളിൽ അമ്മശലഭം വന്ന് ഇലയുടെ അടിയിൽ ഓരോ മുട്ടകളായി ഇട്ടിട്ട് പോകും. അത് വിരിഞ്ഞ് വരുന്ന പുഴുക്കൾ ഇലകൾ തിന്ന് നശിപ്പിക്കും. വളർച്ചയുടെ പല ഘട്ടങ്ങളിൽ അവൻ തടിച്ചു കൊഴുത്തു അവസാനം ഒക്കെ ആകുമ്പോൾ ഒരില തിന്ന് തീർക്കാൻ ഒരാൾക്ക് ഒരു ദിവസം ഒക്കെ മതി എന്ന അവസ്ഥയിൽ എത്തും.ഇലകളിൽ തന്നെ സമാധി ദശയും കഴിഞ്ഞു ശലഭമായി വീണ്ടും പുറത്ത് വരും.
എല്ലാ ദിവസവും പോയി ചെടികൾ നോക്കുന്ന കർഷകന് കൂനനെ നിയന്ത്രിക്കാൻ പറ്റും. മുട്ടയും കുഞ്ഞു പുഴുവിനെയും ഒക്കെ കൈ കൊണ്ട് ഞെരിച്ചു നശിപ്പിക്കാം. വിളക്ക് കെണികൾ ഉപയോഗിച്ച് രാത്രിയിൽ മുട്ടയിടാൻ വരുന്ന തള്ളയെ നശിപ്പിക്കാം. Beauveria തളിച്ച് നിയന്ത്രിക്കാം. Bacillus thuringiensis എന്ന Bt formulation തളിക്കാം. ഗോമൂത്രം -കാന്താരി മുളക് മിശ്രിതം തളിച്ചാൽ മേത്ത് തട്ടുമ്പോൾ,അതിന്റെ അഴലക്കം കൊണ്ട് കക്ഷി ഉരുണ്ട് പെരണ്ടു മണ്ണിൽ വീണ്, പിന്നെ തിരിച്ചു് കയറാൻ പറ്റാതെ 'സത്ത് 'പോകും . അങ്ങനെ എത്രയോ മാർഗങ്ങൾ..
ഇതൊന്നും ചെയ്യാൻ പറ്റാത്തവർക്ക് Coragen, Fame ഒക്കെ ഉപയോഗിക്കാം.
പുഴുവിന്റെ ശരീരത്തിൽ കാലുകൾ പോലെയുള്ള അവയവങ്ങൾ ഉണ്ട്. അവയെ 'pro legs 'എന്ന് വിളിക്കും. ശരീരത്തിന്റെ ചില ഖണ്ഡങ്ങളിൽ (segments ) pro -legs കാണില്ല. അപ്പോൾ പുഴു സഞ്ചരിക്കുന്ന സമയത്ത്,അതിന് ആ ഭാഗത്തു (pro legs ഇല്ലാത്ത ഭാഗത്തു )കൂനുള്ളത് പോലെ തോന്നും. അത്‌കൊണ്ടാണ് ആളെ 'Semi looper Caterpillar അഥവാ കൂനൻ പുഴു എന്നറിയപ്പെടുന്നത്.
എന്നാപ്പിന്നെ സമയം കളയണ്ട. നേരെ പടവലപ്പന്തലിൽ പോയി നോക്കിയാട്ടെ. കക്ഷി അവിടെ കാണും.
✍🏻 പ്രമോദ് മാധവൻ