തെങ്ങിൻ തോട്ടത്തെ നാല് നിലയുള്ള ഒരു കെട്ടിട സമാനമാക്കിയാലോ? - പ്രമോദ് മാധവൻ | Pramodh madhavan


കേരളത്തിന്റെ തനത് കൃഷി സമ്പ്രദായമാണ് വീട്ടുവളപ്പിലെ കൃഷി അഥവാ Homestead Farming.



വടക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും പല ആഫ്രിക്കൻ രാജ്യങ്ങളിലും ഈ രീതി കാണാം.

തുണ്ട് വൽക്കരിക്കപ്പെട്ട പുരയിടങ്ങൾക്ക് പറ്റിയ കൃഷിയാണിത്. അരയേക്കറിൽ താഴെ വരുന്ന പുരയിടത്തിൽ 'ആനമയിൽ ഒട്ടക'ങ്ങളെയും ' മുള്ള് മുരട് മൂർഖൻപാമ്പി'നെയും വളർത്തുന്ന രീതിയാണിത്.അവിടെ ചതുര വടിവിൽ ശാസ്ത്രീയ തത്വങ്ങളൊന്നും പാലിച്ചാകില്ല പലപ്പോഴും കൃഷി. അത്യാവശ്യത്തിനു മാത്രമേ പുറമേ നിന്നുള്ള ജോലിക്കാരെ പണിയ്ക്ക് വിളിക്കുകയുള്ളൂ.

പലപ്പോഴും തെങ്ങ് മുഖ്യ വിളയായും , മറ്റുള്ളവ ഇടവിളയായും വളർത്തുന്ന രീതിയാണ് കണ്ട് വരുന്നത്. അതിനെ Coconut based Cropping System എന്ന് പറയാം.




ഇനി 'വിയർപ്പിന്റെ അസുഖം 'ബാധിക്കാത്ത വീട്ടച്ഛനും വീട്ടമ്മയും മറ്റ് കുടുംബാംഗങ്ങളും ഒന്ന് ആഞ്ഞുശ്രമിച്ചാൽ അവിടെ പശു, കോഴി, ആട്, കാട, മുയൽ, തേനീച്ച, മീൻ വളർത്തൽ എന്നിങ്ങനെയുള്ള അനുബന്ധസംരംഭങ്ങളും ഉൾപ്പെടുത്തി പരിപാലിച്ചാൽ മെച്ചപ്പെട്ട വരുമാനം ലഭിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയ്ക്കാൻ സാധിക്കും.അപ്പോൾ അതിനെ 'Coconut based Farming System 'എന്ന് വിളിക്കും.

തെങ്ങധിഷ്ഠിതമായ കൃഷി സമ്പ്രദായം ആണ് പിൻതുടരുന്നതെങ്കിൽ, ആ തോട്ടത്തിൽ, ഒരു നാല് നിലക്കെട്ടിടത്തിന്റെ രീതിയിൽ,എങ്ങനെ തെങ്ങിനോടൊപ്പം മറ്റ് വിളകളെ വിന്യസിക്കാമെന്ന് നോക്കാം.

തെങ്ങ്, മറ്റ് വിളകളോട് വളരെ സഹകരണം പുലർത്തുന്ന ഒരു തോട്ടവിളയാണ്.'ഉബുണ്ടു 'എന്ന ആഫ്രിക്കൻ സങ്കല്പം ജീവിതത്തിൽ പകർത്തുന്ന ആൾ. Co-operation, Collaboration, Co-creation എന്നൊക്കെയാണ് കക്ഷിയുടെ നിലപാട്. സനാതനികളുടെ 'ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന മട്ട്'. കേറി വാടാ മക്കളേ എന്നാണ് പുള്ളിയുടെ വാട്സ്ആപ്പ് tagline. ഇടവിളകൾക്ക് അതിൽ കവിഞ്ഞ് എന്ത്‌ വേണം?

ഏഴ് കൊല്ലം മുതൽ 22 കൊല്ലം വരെയുള്ള വളർച്ചാക്കാലത്ത് തെങ്ങിൻ തോട്ടത്തിൽ തണൽ അല്പം കൂടും.വെയിൽ ഇഷ്ടപ്പെടുന്ന വിളകൾക്ക് അല്പം കഷ്ടകാലമാണ് ആ സമയം.

ഏഴ് കൊല്ലം വരെ സൂര്യപ്രകാശം ആഗ്രഹിക്കുന്ന ഏത് വിളയും ഇടവിളയായി കൃഷി ചെയ്യാം. പച്ചക്കറികൾ, കിഴങ്ങുവർഗ്ഗങ്ങൾ, ഏത്തൻ അടക്കമുള്ള വാഴകൾ, പൈനാപ്പിൾ ഒക്കെ.

പക്ഷെ 7-22 വർഷം വരെ അല്പം തണൽ സഹിക്കുന്ന ഞാലിപ്പൂവൻ, പാളയംകോടൻ, പച്ചമുളക്, മഞ്ഞൾ, കൂവ, കാച്ചിൽ, ചേന ഒക്കെയാകാം.

22 വർഷമൊക്കെ കഴിഞ്ഞാൽ തെങ്ങ് ഉയരത്തിൽ എത്തുകയും ധാരാളം സൂര്യപ്രകാശം വീണ്ടും താഴേക്ക് എത്തുകയും ചെയ്യും. ഈ സമയത്താണ് നമ്മൾ തെങ്ങിൻതോപ്പിനെ നാല് നില കെട്ടിടം ആക്കാൻ പോകുന്നത്.

തെങ്ങിന്റെ ഓലകളുടെ വിന്യാസം ശ്രദ്ധിച്ചിട്ടില്ലേ? ഒരു ഓല മറ്റൊന്നിനു തണൽ വരാത്ത രീതിയിൽ spiral ആയാണ് വിരിഞ്ഞ് വരിക. വാഴയുടെ ഇല പോലെ ഒരു വലിയ ഇല അല്ല തെങ്ങിന്. ഒരു തെങ്ങോലയിലെ ഓലക്കാലുകളുടെ ഇടയിലൂടെ സൂര്യപ്രകാശം താഴേക്ക് അരിച്ചെത്തും."അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ" എന്ന് കവി പാടിയത് ശ്രീമാൻ കേരവൃക്ഷത്തെക്കുറിച്ചാണോ എന്ന് തോന്നിപ്പോകും .

 ചെടികൾക്ക് ഏറ്റവും കൂടുതൽ വേണ്ട ഭക്ഷണമാണ് സൂര്യപ്രകാശം. അതല്പം ഭൂജിച്ച ശേഷം ബാക്കിയുള്ളവ സഹ വിളകൾക്കായി പകുത്ത് നൽകുന്ന പരോപകാരി.
അഥവാ ഇനി ഉത്പതിഷ്ണുവായി ഒരു വിള കരുത്തോടെ കീഴെ നിന്നും വളർന്ന് വന്നാൽ, അവനായി വളഞ്ഞുകൊടുക്കുന്ന സർവ്വ ഭൂതദയ, അത്‌ തെങ്ങിൽ കാണാം.
അങ്ങനെ ഉള്ള തെങ്ങിനെ കാണുമ്പോഴെല്ലാം,മഹാകവി വള്ളത്തോളിന്റെ 'മലയാളത്തിന്റെ തല'എന്ന കവിതയുടെ ആദ്യവരികൾ ഓർമ്മ വരും.



"എന്നുടെ തല വേണം അങ്ങേയ്ക്ക് മുക്തിക്കെങ്കിൽ,
അന്യൂന ഭവാതംഗ വൃത്രനെക്കൊൽവാനെങ്കിൽ
എന്നോടായത് ചൊൽവാൻ ഇത്രയും സങ്കോചമോ..
ധന്യനാം ദധീചിതൻ നാട്ടുകാരല്ലെന്നോ നാം".

വേരാഴ്ത്തി നിൽക്കുന്ന മണ്ണിൽ നിന്നും നാലടി ആഴത്തിലും തടങ്ങളിൽ വശങ്ങളിലേക്ക് രണ്ട് മീറ്റർ വ്യാസാർദ്ധത്തിലു (radius)മാണ് തെങ്ങിന്റെ വേരുകൾ ആഹാരം വലിച്ചെടുക്കുന്നത്. ബാക്കിയുള്ള ഭാഗം മുഴുവൻ തന്റെ 'സഹ വിളകൾ'
(compaonion crops) ക്കായി മാറ്റി വയ്ച്ചിരിക്കുകയാണ്.



'ഒരുമിച്ച് വളരുക' എന്നല്ല, അതുക്കും മേലേ 'നീ കയറി പോ കുഞ്ഞേ 'എന്ന മനോഭാവമാണ് തെങ്ങ് കാണിയ്ക്കുക.

ഈ ബഹുതല -ബഹുവിള കൃഷി സമ്പ്രദായത്തിൽ (Multi tier Multi Species Cropping System) അന്തരീക്ഷത്തിൽ ഏത് ഉയരത്തിൽ നിന്നാണ് ഓരോ വിളകളും സൂര്യപ്രകാശം വിളവെടുക്കുന്നതെന്നും മണ്ണിന്റെ ഏത് അടരിൽ(layer, strata) നിന്നാണ് വെള്ളവും വളവും വലിച്ചെടുക്കുന്നതെന്നും നോക്കാം.

മുഖ്യവിളയായ തെങ്ങിന്റെ മണ്ട ഭാഗം (crown) ആ തോട്ടത്തിലേക്ക് പതിയ്ക്കുന്ന വെയിലിനെ ആദ്യം പ്രയോജനപ്പെടുത്തുന്നു. ഇതാണ് നാലാം നില.

 അതിൽ നിന്നും താഴേക്ക് വരുന്ന വെയിലിനെ തെങ്ങിൽ തന്നെ പടർത്തിക്കയറ്റിയിരിക്കുന്ന കുരുമുളക് വള്ളികൾ പ്രയോജനപ്പെടുത്തുന്നു. അപ്പോൾ കുരുമുളക് കൊടിയെ മൂന്നാം നിലയായി കാണാം.നന്നായി പരിചരിച്ചാൽ ഏഴാം കൊല്ലം ഒക്കെ എത്തുമ്പോഴേക്കും ഒരു കൊടിയിൽ നിന്നും രണ്ട് കിലോ ഉണക്ക കുരുമുളക് കിട്ടുക എന്നത് അസംഭാവ്യമല്ല. അഞ്ചോ ആറോ മീറ്റർ വരെ മാത്രമേ പടർത്താവൂ. തെങ്ങിൻ തടത്തിനു വെളിയിൽ കുരുമുളക് കൊടി നട്ട്, തടത്തിലൂടെ തെങ്ങിലേക്ക് കയറ്റി വിടുന്ന രീതിയാണ് അഭികാമ്യം.



7.6m അകലത്തിൽ നട്ടിരിക്കുന്ന രണ്ട് വരി തെങ്ങുകൾക്കിടയിൽ പതിക്കുന്ന സൂര്യപ്രകാശത്തെ പ്രയോജനപ്പെടുത്താൻ വാഴ, ജാതി, കൊക്കോ, ഗ്രാമ്പൂ എന്നിവ വളർത്താം. നാല് തെങ്ങുകൾക്കിടയിൽ ഒന്ന് എന്ന രീതിയിൽ അവ നട്ട് പിടിപ്പിക്കാം.അല്ലെങ്കിൽ അവിടെ വിവിധയിനം വാഴകൾ വച്ച് പിടിപ്പിക്കാം. അപ്പോൾ അത് രണ്ടാം നിലയായി.

അവിടെ നിന്നും അരിച്ച് താഴേക്ക് വരുന്ന വെയിലിനെ പ്രയോജനപ്പെടുത്താൻ പൈനാപ്പിൾ, തീറ്റപ്പുല്ല്, കിഴങ്ങ് വർഗ്ഗങ്ങൾ, ഇഞ്ചി, മഞ്ഞൾ, കൂവ, കസ്തൂരി മഞ്ഞൾ എന്നിവ നട്ട് പിടിപ്പിക്കാം. അവയെ ഗ്രൗണ്ട് ഫ്ലോർ ആയി കാണാം.

 വേനൽക്കാലങ്ങളിൽ തെങ്ങിൻ തടങ്ങളിൽ ചീരയും തടത്തിന്റെ അരികുകളിൽ കുറ്റിപ്പയറും കൃഷി ചെയ്യാം.

ഈ ഓരോ വിളകളും മണ്ണിന്റെ വിവിധ ആഴങ്ങളിൽ നിന്നാണ് വെള്ളവും വളവും വലിച്ചെടുക്കുന്നതെന്നും കാണാം.

തെങ്ങ് നാലടി ആഴം വരെ. കുരുമുളക്, കിഴങ്ങ് വർഗ്ഗങ്ങൾ എന്നിവ ഒരടി വരെ. വാഴ ഒന്നര അടി വരെ.ഇങ്ങനെ മണ്ണിന്റെ എല്ലാ അടരുകളിലും ഉള്ള വളങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയുന്നു. അവിടെയെല്ലാം തന്നെ ചെടികളുടെ വേരുകളുമായി സഹവസിക്കുന്ന സൂക്ഷ്മജീവി സാന്നിധ്യം ഉണ്ടാകുന്നു. (Plant Growth Promoting Rhizobacteria, PGPR). അത് മണ്ണിനെ ജീവനുള്ളതാക്കുന്നു. ഈ വിളകളുടെ എല്ലാം ഇലകൾ വീണ് മണ്ണ് ഹ്യൂമസ് സമ്പുഷ്ടമാകുന്നു. മണ്ണിന്റെ ജൈവ കാർബൺ (Soil Organic Carbon ) വര്ധിക്കുന്നു.കാർബൺ സങ്കലനം (Carbon sequestration) നടക്കുന്നു. യൂണിറ്റ് ഏരിയയിൽ നിന്നുള്ള കാർഷിക ഉത്പാദനം കൂടുന്നു. കർഷകന്റെ വരുമാനം കൂടുന്നു. വർഷത്തിൽ എല്ലാ സമയത്തും വരുമാനം ഉണ്ടാകുന്നു. നാട്ടിൽ കൂടുതൽ തൊഴിലവസരങ്ങൾ കൂടുന്നു.രാജ്യത്തിന്റെ ജിഡിപി കൂടുന്നു.

ഇതോടൊപ്പം അല്പം കൂടുതൽ അധ്വാനിക്കാൻ തയ്യാറാകുന്ന കുടുംബങ്ങൾക്ക് പുറമേ നിന്നും ആരെയും ആശ്രയിക്കാത്ത രീതിയിൽ പശു, ആട്, കോഴി, താറാവ്, മത്സ്യം, തേനീച്ച, മുയൽ, കാട എന്നിവയൊക്കെ വളർത്തി വളവും വരുമാനവും ഉണ്ടാക്കാൻ സാധിക്കുന്നു.

വീട്ടിൽ ഒരു നല്ല ഡ്രയർ, ഒരു weighing balance, ഒരു സീലിംഗ് മെഷീൻ എന്നിവ ഉണ്ടെങ്കിൽ പല ഉത്പന്നങ്ങളും മൂല്യവർധന വരുത്തി പാക്ക് ചെയ്തു ആവശ്യക്കാർക്ക് എത്തിക്കാൻ സാധിക്കുന്നു.

 ഇതൊക്കെ ചെയ്യുന്നവരെ അല്ലേ കൃഷിക്കാരൻ എന്ന് വിളിക്കേണ്ടത്? അവരെ അല്ലേ Farm Plan based സ്ക്കീമുകളിൽ നമ്മൾ തെരെഞ്ഞെടുക്കേണ്ടത്?
അവർക്കല്ലേ കൃഷി വകുപ്പിന്റെ ആനുകൂല്യങ്ങളിൽ ഏറിയ പങ്കും നൽകേണ്ടത്?

ഭൂമിയുടെ ഉടമസ്ഥാവകാശം അല്ല ആനുകൂല്യങ്ങൾക്ക് വേണ്ടി പരിഗണിക്കേണ്ടത് എന്നാണ് എന്റെ പക്ഷം.

ഒരു കൃഷിക്കാരൻ (സ്വന്തം സ്ഥലമോ പാട്ടമോ എന്തുമാകട്ടെ) എത്ര കിലോഗ്രാം /എത്ര മൂല്യമുള്ള ഉത്പന്നങ്ങൾ വിളയിച്ചു എന്നതിന്റെ അടിസ്ഥാനത്തിൽ അവനെ ഭരണകൂടങ്ങൾ സഹായിക്കണം.

അത് എസ്റ്റിമേറ്റ് ചെയ്യാൻ സംവിധാനങ്ങൾ ഉണ്ടാകണം.

 അങ്ങനെ Production Incentives കിട്ടുമ്പോൾ കൂടുതൽ ഉത്പാദിപ്പിക്കണം എന്ന് ആ കർഷകന് തോന്നും. അനർഹമായി ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്ന രീതി ഉണ്ടെങ്കിൽ അത് നിലയ്ക്കും.

അപ്പോൾ കൂടുതൽ ഉത്പാദനത്തിനായി അയാൾക്ക്‌ ടെക്നോളജി ആവശ്യമായി വരും. അപ്പോൾ കാർഷിക സർവ്വകലാശാലകൾ പുതിയ സാങ്കേതിക വിദ്യകൾ ഉരുത്തിരിച്ചെടുക്കാൻ നിർബന്ധിതരാകും. കർഷകർ ടെക്നോളജി ആവശ്യപ്പെട്ടു ബന്ധപ്പെടുമ്പോൾ അത്‌ പറഞ്ഞു കൊടുക്കാൻ കഴിയാത്ത സാങ്കേതിക ഉദ്യോഗസ്ഥർ പരിഹാസ്യരാകും. അവർ കാര്യങ്ങൾ പഠിക്കാൻ നിർബന്ധിതരാകും. കൃഷിഭവനുകൾ കൃഷി വിജ്ഞാനത്തിന്റെ കേന്ദ്രങ്ങൾ ആകും. (Agricultural Knowledge Centre).

ഇതേ മാതൃകയിൽ മൃഗസംരക്ഷണ വകുപ്പും മത്‍സ്യ വകുപ്പും ക്ഷീര വികസനവകുപ്പും മണ്ണ് സംരക്ഷണ -പര്യവേഷണ വകുപ്പും VFPCK യും ഒക്കെ production oriented ആയ പദ്ധതികളുമായി കളം നിറഞ്ഞാൽ ഭക്ഷണകാര്യത്തിൽ ഉള്ള കേരളത്തിന്റെ പരാശ്രിതത്വം കുറയ്ക്കാൻ സാധിക്കില്ലേ ഉത്തമാ?

അങ്ങനെ അവസാനം, കവി മധുസൂദനൻ നായർ പാടിയ പോലെ

ഒരു നാൾ വരും..
വീണ്ടുമൊരു നാൾ വരും...

അന്ന് നമ്മുടെ കാർഷിക നയങ്ങൾ ഒക്കെ ചില പുനർവായനകൾക്ക് വിധേയമാക്കേണ്ടി വരും.

കാർഷിക വിപണനത്തിന് പൂർണ ശ്രദ്ധ നൽകി ഓരോ ഉത്പന്നവും ഉണ്ടാക്കുന്ന കർഷകന് ഉത്പാദനത്തിന് ആനുപാതികമായി സാമ്പത്തിക സഹായം നൽകുന്ന കാലം.

 വിസ്തൃതി കണക്കാക്കി യുള്ള ആനുകൂല്യങ്ങൾ നിർത്തി, എത്ര ഉത്പാദിപ്പിച്ചു എന്ന് നോക്കി ആനുകൂല്യങ്ങൾ നൽകുന്ന കാലം,

 കൂടുതൽ ഉത്പാദിപ്പിക്കാൻ ഉള്ള സാങ്കേതികവിദ്യ ചോദിച്ച് കാർഷിക സർവ്വകലാശാലയിലും ഗവേഷണ കേന്ദ്രങ്ങളിലും കൃഷിഭവനുകളിലും കർഷകർ കൂട്ടമായി വരുന്ന കാലം.

കൃഷി ഉദ്യോഗസ്ഥർ മേൽ -കീഴ് വ്യത്യാസമില്ലാതെ 'ഫയലുകളിൽ നിന്നും വയലുകളിലേക്ക് 'വരുന്ന കാലം...

അതൊക്കെ വരട്ടെ...

Everything else can wait,but not agriculture 'എന്ന് ഒരു കാലത്ത് രാജ്യം ചിന്തിച്ച പോലെ നയരൂപീകർത്താക്കളും ഭരണകൂടവും വികസന വകുപ്പുകളും പൊതുസമൂഹവും കർഷകന്റെ രക്ഷയ്ക്കായി അണിനിരക്കുന്ന കാലം വരട്ടെ...

Responsible Farming ന്റെ കാലം വരട്ടെ, മണ്ണിനും പരിസ്ഥിതിയ്ക്കും ദോഷം വരാത്ത രീതിയിൽ കാർഷിക ഉത്പാദനം നടത്താൻ കൂടുതൽ ചെറുപ്പക്കാർ മുന്നോട്ട് വരട്ടെ....

അത് വരുന്നതും നോക്കിയിരിക്കാതെ എഴീച്ചു പോയി എങ്ങനെ തെങ്ങിൻ തോട്ടത്തെ നാല് നില കെട്ടിടസമാനമാക്കി പത്ത് പുത്തൻ സാമ്പാദിക്കാമെന്ന് നോക്കിയാട്ടെ...


✍🏻 പ്രമോദ് മാധവൻ




Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section