ചിത്രം: മധുര തുളസി (Stevia)
പൂജ്യം കലോറി (Zero Calorie) മൂല്യമുള്ള മധുര തുളസി പ്രമേഹ രോഗികൾക്ക് പ്രകൃതി നൽകിയ വലിയൊരു അനുഗ്രഹമാണ്. വെറും 100 ഗ്രാം മധുര തുളസി ഇലകൾ കൊണ്ട് 300 കപ്പ് ചായ വരെ മധുരമുള്ളതാക്കാം എന്ന് പറഞ്ഞാൽ ഇതിന്റെ ശക്തി ഊഹിക്കാമല്ലോ.
പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളും താരൻ, മുഖക്കുരു, മുടികൊഴിച്ചിൽ തുടങ്ങിയവയും നിയന്ത്രിക്കാൻ മധുരതുളസി സഹായിക്കും. മധുര തുളസിയുടെ ഗുണങ്ങളും അവ ഉപയോഗിക്കുന്ന രീതിയും എങ്ങനെയാണെന്ന് നോക്കാം.
1. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കുന്നു
പ്രമേഹ രോഗികൾക്ക് പഞ്ചസാരയ്‌ക്ക് പകരമായി ധൈര്യമായി മധുര തുളസി ഉപയോഗിക്കാം. ഇതിൽ അടങ്ങിയിട്ടുള്ള 'സ്റ്റീവിയോൾ ഗ്ലൈകോസൈഡ്' (Steviol glycoside) എന്ന സംയുക്തമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കുന്നത്. ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിച്ചുകൊണ്ടാണ് മധുര തുളസി നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നത്.
പ്രമേഹ നിയന്ത്രണത്തിന് 'മധുരതുളസി ചായ' യാണ് ഉത്തമം. ചൂടുവെള്ളത്തിലേക്ക് മധുരതുളസി ഇലകളിട്ട് 5-7 മിനുട്ട് തിളപ്പിക്കുക. ഇപ്പോൾ മധുരതുളസി ചായ തയ്യാറായി. ഇത് ദിവസം രണ്ടു മൂന്നു നേരമായി കുടിക്കാവുന്നതാണ്.
2. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കും
ബ്രസീലിയൻ ജേർണൽ ഓഫ് ബയോളജിയിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ട് പ്രകാരം ഹൈപ്പർ ടെൻഷൻ, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കാൻ മധുരതുളസി സഹായിക്കും. അതേസമയം ഒന്നു രണ്ടു വർഷം തുടർച്ചയായി ഉപയോഗിച്ചാൽ മാത്രമെ ഇതിന്റെ പൂർണ്ണ ഫലം കണ്ടു തുടങ്ങുകയുള്ളു.
ഉപയോഗിക്കേണ്ട വിധം: രക്തസമ്മർദ്ദം നിയന്ത്രിക്കാനും മധുര തുളസി ചായയായാണ് കുടിക്കേണ്ടത്.
3. ശരീരഭാരം കുറയ്‌ക്കാൻ
ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്ക് മധുര തുളസി ഉത്തമമായ മാർഗ്ഗമാണ്. ഇതിൽ കലോറികൾ ഒട്ടും അടങ്ങിയിട്ടില്ല എന്നതാണ് പ്രത്യേകത. പഞ്ചസാരയ്‌ക്ക് പകരമായാണ് ഇത് ഉപയോഗിക്കേണ്ടത്. കൊഴുപ്പേറിയ ഭക്ഷണത്തോടുള്ള ആർത്തി (Cravings) ഇല്ലാതാക്കാനും ഇത് സഹായിക്കും.
ഉപയോഗിക്കേണ്ട വിധം: ഭക്ഷണം പാകം ചെയ്യുമ്പോൾ, മധുരത്തിനായി പഞ്ചസാരയ്ക്ക് പകരം മധുരതുളസി ഇലയുടെ നീര് ഉപയോഗിക്കാം.
രക്തത്തിൽ പഞ്ചസാരയുടെ അളവ് അനുവദനീയമായ അളവിൽ കുറവുള്ളവർ (Low Blood Sugar) ഒരു കാരണവശാലും ഇത് കുടിക്കരുത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഉപയോഗിക്കുക.
നമ്മുടെ വീട്ടുമുറ്റത്ത് ഒരു ചെടിച്ചട്ടിയിൽ വളർത്താവുന്നതേയുള്ളൂ ഈ ഔഷധ സസ്യം. പഞ്ചസാര എന്ന 'വെള്ള വിഷത്തെ' പടിക്ക് പുറത്തുനിർത്താൻ മധുരതുളസി നമ്മളെ സഹായിക്കും.
