മുളക് ചെടിയിലെ ഇലകൾ ചുരുണ്ട്, വളർച്ച മുരടിക്കുന്നതാണ് കുരുടിപ്പ് രോഗം. വൈറസ് ബാധ ആണ് ഏറ്റവും പ്രധാന കാരണം. ഈ വൈറസ് രോഗം പരത്തുന്നത് പ്രധാനമായും വെള്ളീച്ചകൾ (Whiteflies) എന്ന ചെറിയ കീടങ്ങളാണ്. വെള്ളീച്ചകൾ രോഗം ബാധിച്ച ചെടിയിൽ നിന്ന് നീരൂറ്റിയ ശേഷം ആരോഗ്യമുള്ള ചെടിയിലേക്ക് പറന്നെത്തുമ്പോൾ വൈറസ് പകരുകയും ഇലകൾ ചുരുളുകയും ചെയ്യുന്നു. വെള്ളീച്ചകളെ കൂടാതെ മണ്ഡരി (mites), ത്രിപ്സ് (thrips) തുടങ്ങിയ കീടങ്ങളും മുളക് ചെടിയുടെ നീരൂറ്റിക്കുടിച്ച് വളരുമ്പോൾ ഇലകൾ ചുരുളാൻ സാധ്യതയുണ്ട്. അതോടൊപ്പം കാൽസ്യം പോലുള്ള ചില സൂക്ഷ്മ മൂലകങ്ങളുടെ കുറവ് മൂലവും ഇലകൾ ചുരുളാൻ സാധ്യതയുണ്ട്. കുരുടിപ്പ് ഒരു വൈറസ് രോഗമായതിനാൽ, രോഗം വന്നാൽ പൂർണ്ണമായി മാറ്റാൻ പ്രയാസമാണ്. അതിനാൽ, രോഗം വരാതെ തടയുന്നതിനാണ് കൂടുതൽ ശ്രദ്ധ നൽകേണ്ടത്.
പ്രതിരോധ മാർഗ്ഗങ്ങൾ:
രോഗ ബാധ കണ്ടാലുടൻ ആ നാമ്പ് കുറച്ചു താഴെ വെച്ച് നുള്ളി കളയുക.പുതിയ നാമ്പുകൾ വരും. അതിലും കുരിടിപ്പ് കണ്ടാൽ വീണ്ടും നുള്ളി കളയുക. അങ്ങനെ ഒന്നോ രണ്ടോ വട്ടം നാമ്പ് നുള്ളിക്കളഞ്ഞാൽ കുരുടിപ്പ് സാധാരണ അപ്രത്യക്ഷമാകാറുണ്ട്. മാത്രമല്ല നാമ്പു നുള്ളുന്നത് കൊണ്ട് ചെടിയിൽ ധാരാളം പുതിയ ശിഖരങ്ങൾ ഉണ്ടാകുന്നതാണ്. രോഗം രൂക്ഷമായി ബാധിച്ച ചെടികൾ വേരോടെ പിഴുത് നശിപ്പിക്കുക അത്തരം ചെടികളെ തീയിടുകയോ കുഴിച്ചിടുകയോ ചെയ്യാം. ഇത് മറ്റ് ചെടികളിലേക്ക് രോഗം പകരുന്നത് തടയും.
മണ്ണിൽ കുമ്മായം അല്ലെങ്കിൽ ഡോളമൈറ്റ് ചേർത്ത് കൊടുക്കുന്നത് കാൽസ്യം പോലുള്ള മൂലകങ്ങളുടെ കുറവ് പരിഹരിക്കാൻ സഹായിക്കും. ചെടിയുടെ ചുവട്ടിൽ ഇടുന്നതിന് പുറമെ, കുമ്മായം ഒരു ഇഴയകലം കൂടിയ തുണിയില്‍ കിഴികെട്ടി ഇലകളിൽ തൂവി കൊടുക്കുന്നതും നല്ലതാണ്.
100 ഗ്രാം വെളുത്തുള്ളി അരച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ മിക്സ് ചെയ്യുക അതിനു ശേഷം 50 gm മഞ്ഞൾ പൊടി ഈ വെള്ളത്തില്‍ യോജിപ്പിച്ചു അരിച്ചെടുത്ത ശേഷം മുളക് ചെടികളിലെ ഇലകളില്‍ സ്പ്രേ ചെയ്യുക. രോഗം വരാതിരിക്കാൻ ആഴ്ചയിൽ ഒരിക്കൽ തളിക്കുന്നത് നല്ലതാണ്. രോഗം വന്നാൽ ഇടവിട്ട ദിവസങ്ങളിൽ തളിക്കാം.
50 മില്ലി ലിറ്റർ വേപ്പെണ്ണ എടുക്കുക. ഏകദേശം 50 മില്ലി ലിറ്റർ വെള്ളത്തിൽ ബാർ സോപ്പ് ലയിപ്പിച്ചെടുക്കുക. സോപ്പിന് പകരം ഷാംപൂവും ഉപയോഗിക്കാം. ഒരു ടീസ്പൂൺ വെളുത്തുള്ളി അരച്ചത് ഇതിൽ ചേർത്ത് നന്നായി യോജിപ്പിക്കുക.ഇത് ഒരു ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് ചെടിയിൽ ഇലകളുടെ അടിവശത്ത് ഉൾപ്പെടെ അതിരാവിലെയോ, വൈകുന്നേരമോ നന്നായി തളിക്കുക.
പുളിപ്പിച്ച കഞ്ഞി വെള്ളത്തിൽ ഇരട്ടി വെള്ളം ചേർക്കുക അതിൽ ഒരു ടി സ്പൂൺ മഞ്ഞൾ പൊടി ഇട്ടു കലക്കി സ്പ്രേ ചെയ്യുക. തേങ്ങാവെള്ളം പുളിപ്പിച്ചത് 10 ml ഒരു ലിറ്റർ വെളളത്തിൽ ചേർത്ത് സ്പ്രേ ചെയ്യുന്നതും കുരിടിപ്പിന് ഒരു പരിധി വരെ നല്ലതാണ്.
അടുക്കളയിൽ മിച്ചം വരുന്ന ഉള്ളി തൊലി രണ്ടു ദിവസം വെള്ളത്തിൽ ഇട്ടു വെച്ചതിനു ശേഷം പിഴിഞ്ഞ് അതിന്റെ സത്തു എടുത്തു രണ്ടിരട്ടി വെള്ളം ചേർത്ത് സ്പ്രേ ചെയ്യുന്നതും കുരിടിപ് കുറയാൻ നല്ലതാണ്.
മെഡിക്കൽ സ്റ്റോറുകളിൽ കിട്ടുന്ന ഹൈഡ്രജൻ പെറോക്‌സൈഡ് 3 % വീര്യം ഉള്ളത് 10ml ഒരു Ltr വെളളത്തിൽ 2 ദിവസം കൂടുമ്പോൾ മുളകിന്റെ ഇലകളിൽ സ്പ്രേ ചെയ്‌തു കൊടുക്കുന്നതു കൊണ്ട് കുരിടിപ് മാറുന്നതായി കണ്ടിട്ടുണ്ട്.
വെര്‍ട്ടിസീലിയം അഥവാ ലെക്കാനിസീലിയം ലെക്കാനി 20 gm ഒരു ലിറ്റർ വെള്ളത്തിൽ കലക്കി മുളക് ചെടികളുടെ ഇലകളില്‍, മുകളിലും അടിയിലും ഒരുപോലെ തളിക്കുക. വെള്ളിച്ച, ശല്‍ക്ക കീടങ്ങള്‍, മീലിമുട്ട, മുഞ്ഞ, മറ്റ് വൈറസ് രോഗങ്ങൾ എന്നിവക്കെതിരെ ഇത് ഫലപ്രദമാണ്
വെള്ളീച്ചകളെ ആകർഷിച്ച് പിടിക്കാൻ ചെടികളുടെ ഇടയിൽ മഞ്ഞനിറത്തിലുള്ള മഞ്ഞക്കെണികൾ (Yellow Sticky Traps) വെക്കുക.
ബോറോൺ, സിങ്ക്, മഗ്നീഷ്യം എന്നിവയുടെ കുറവ് മൂലവും കുറവും നാമ്പുകൾ കരിയുന്നതിനും പുതിയ ഇലകൾ ചുരുളുന്നതിനും കാരണമായേക്കാം. അങ്ങനെ വരുമ്പോൾ ഇവയുടെ കുറവ് പരിഹരിക്കാൻ വേണ്ടി വിപണിയിൽ ലഭിക്കുന്ന ചെലേറ്റഡ് (Chelated) രൂപത്തിലുള്ള മൾട്ടി-മൈക്രോ ന്യൂട്രിയന്റ് മിശ്രിതങ്ങൾ വെള്ളത്തിൽ നേർപ്പിച്ച് ഇലകളിൽ തളിക്കുകയോ അല്ലെങ്കിൽ ചെടിച്ചുവട്ടിൽ ഒഴിച്ച് കൊടുക്കുകയോ ചെയ്യുന്നതാണ് ഏറ്റവും ഫലപ്രദമായ മാർഗ്ഗം. ഇത് വൈറസ് രോഗത്തിന് ഒരു പരിഹാരമല്ലെങ്കിലും, ചെടിയുടെ ആരോഗ്യവും മൊത്തത്തിലുള്ള പ്രതിരോധശേഷിയും വർദ്ധിപ്പിച്ച് രോഗം അതിജീവിക്കാൻ സഹായിക്കും.
ശ്രദ്ധിക്കുക:
കുരുടിപ്പ് രോഗം വന്ന ശേഷം പൂർണ്ണമായി ചികിത്സിച്ചു മാറ്റാൻ പ്രയാസമാണ്. അതുകൊണ്ട് തന്നെ, വെള്ളീച്ചകളെ നിയന്ത്രിച്ചുകൊണ്ട് രോഗം വരാതെ ശ്രദ്ധിക്കുന്നതാണ് ഏറ്റവും ഫലപ്രദമായ മാർഗ്ഗം..........
"ഈ വിവരങ്ങൾ നിങ്ങൾക്ക് പ്രയോജനകരമെന്ന് തോന്നുന്നുവെങ്കിൽ, ദയവായി ലൈക്ക് ചെയ്യുകയും മറ്റുള്ളവർക്കായി പങ്കുവെക്കുകയും ചെയ്യുക. തുടർന്നും ഇത്തരം അറിവുകൾ ലഭിക്കുന്നതിനായി ഈ പേജ് ഫോളോ ചെയ്യാനും, സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്."

