ജാതി ചോദിക്കുന്നില്ല ഞാൻ സോദരീ... - പ്രമോദ് മാധവൻ | Pramod Madhavan




തലക്കെട്ട് കണ്ടപ്പോൾ ആശാൻ കവിതകളെപ്പറ്റിയുള്ള ഒരു പോസ്റ്റാണെന്ന് കരുതിയവർ ക്ഷമിക്കണം.

ജാതിക്കൃഷിയെക്കുറിച്ചാണ് പോസ്റ്റ്‌. ജാതിക്കൃഷിയേക്കാൾ ഇന്ന് ലാഭമുള്ള ഒരു കൃഷി "മതക്കൃഷി"യാണ്.😞
 
ജാതിയ്ക്ക സൗദി അറേബ്യയിൽ നിരോധിച്ചതാണന്നെറിയാമോ? 

അതേ.

മസാലപ്പൊടികളിൽ ഒഴികെ ജാതിക്കയോ അതിന്റെ പൊടിയോ അവിടേയ്ക്ക്‌ നിഷിദ്ധം. കാരണം അത് ഒരു മയക്കു മരുന്ന് ആയിട്ടാണ് അവർ കണക്കാക്കുന്നത്.

അത് ഒരു പരിധി വരെ ശരിയാണ് താനും. അതിൽ അടങ്ങിയിരിക്കുന്ന Myristicin എന്ന chemical, LSD പോലെ, ഉന്മാദം(hallucination) ഉണ്ടാക്കും വലിയ അളവിൽ ഉപയോഗിക്കുമ്പോൾ.

 അതായത് രമണാ..2-3 ജാതിക്കായുടെ പൊടി ഒരു സമയത്ത് ശരീരത്തിൽ ചെന്നാൽ ഉള്ള കഥയാണ് പറഞ്ഞത്.അല്ലാതെ ഒരിത്തിപ്പൂരം ഉള്ളിൽ ചെന്നാലുള്ള കാര്യമല്ല.

ലോകത്ത് ഏറ്റവും കൂടുതൽ ജാതിയ്ക്ക ഉൽപ്പാദിപ്പിക്കുന്നത് ഇന്തോനേഷ്യ ആണ്. അവിടുത്തെ മൊളൂക്കസ് ദ്വീപുകളിൽ (ബാൻഡാ ദ്വീപ് ) മാത്രമേ പണ്ട് ജാതി വിളഞ്ഞിരുന്നുള്ളൂ.

ഒരു കാലത്ത് അവിടം പോർച്ചുഗീസ് കോളനി ആയിരുന്നു. പിന്നീട് ഡച്ചുകാരുടെ കയ്യിലൂടെ, ഒടുവിൽ ബ്രിട്ടീഷ്കാരുടെ കയ്യിലും എത്തി. അവർ ജാതിക്കയെ സിങ്കപ്പൂർ, ശ്രീലങ്ക, സാൻസിബെർ, ഗ്രനേഡ എന്നിവിടങ്ങളിൽ പ്രചരിപ്പിച്ചു. അങ്ങനെ ആണ് കരീബിയൻ ദ്വീപ് ആയ ഗ്രനഡ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജാതിക്ക ഉൽപ്പാദകർ ആയത്.

പക്ഷെ നിരന്തരം ഉണ്ടാകുന്ന കൊടുങ്കാറ്റുകൾ അവിടുത്തെ ജാതിമരത്തിന്റെയും തദ്വാരാ കർഷകരുടെയും നടുവൊടിക്കുന്നുണ്ട്. 

കുറച്ച് ജാതിക്കകൾ കയ്യിൽ ഉണ്ടെങ്കിൽ നിങ്ങൾ ഒരു പ്രഭുവിന് തുല്യമായിരുന്ന ഒരു കാലമുണ്ടായിരുന്നു ഇംഗ്ലണ്ടിൽ. ഫെർഡിനാൻഡ് മഗല്ലൻ ജാതിക്ക തേടി ഇറങ്ങിയ ഒരു സാഹസിക യാത്രയിൽ 5 കപ്പലുകളുടെ നഷ്ടവും 250 പേരുടെ മരണവും ഉണ്ടായെങ്കിലും 20000 കിലോ ജാതിക്ക കിട്ടിയത് വലിയ നേട്ടമായി വിലയിരുത്തപ്പെട്ടു.ഇപ്പോൾ വില മനസ്സിലായില്ലേ.. ല്ലേ..?

അതായിരുന്നു ആ കാലത്തെ ജാതിക്കായുടെ വലിപ്പവും മഹത്വവും.

ഗ്രനഡയുടെ ദേശീയ പതാകയിൽ പിളർന്ന ഒരു ജാതിക്കായുടെ ചിത്രം ഉള്ള കാര്യം എത്ര പേർക്കറിയാം? 

നമ്മുടെ കുഞ്ഞുവാവമാർക്ക് കൊടുക്കുന്ന ഉര (ഉരച്ച് കൊടുക്കുന്ന ) മരുന്നിലും ജാതിക്ക ഉള്ള കാര്യം അറിയാമല്ലോ. 

ജാതി കൃഷിയ്ക്ക് ഏറ്റവും പറ്റിയ കാലാവസ്ഥ ആണ് കേരളത്തിൽ. ഒരു പക്ഷെ ഇന്തോനേഷ്യയ്ക്കും ഗ്രനഡയ്ക്കും ഭീഷണി ഉയർത്തത്തക്ക തരത്തിൽ.

പക്ഷെ മഴക്കാലത്ത് വരുന്ന വിളവെടുപ്പും, ശരിയായി ഉണക്കാത്തതു മൂലം ഉള്ള പൂപ്പൽ ബാധയും ഉൽപ്പന്നത്തിന്റെ മാറ്റ് കുറയ്ക്കുന്നു. അഫ്ലോടോക്സിന്റെ അനുവദനീയ പരിധി യൂറോപ്യൻ നിലവാരം അനുസരിച്ചു 10ppb ആണ്. അല്പം കടുപ്പം തന്നെ. 

25 കൊല്ലത്തിന് മുകളിൽ പ്രായമുള്ള തെങ്ങിൻ തോട്ടങ്ങളിൽ പറ്റിയ ഇടവിളയാണ് ജാതി. നാല് മരങ്ങൾക്കിടയിൽ ഒരു ജാതി നടാം.വലിപ്പം കൂടിയ തൈകൾ നേരത്തെ കായ് പിടിച്ചു തുടങ്ങും.ആറാം വർഷം മുതൽ കേമമായി വിളവെടുപ്പ് തുടങ്ങാം.

ജാതി മരം വീഞ്ഞ് പോലെയാണ്. പഴകും തോറും വിളവും വരുമാനവും കൂടും. ഒരു പുരുഷായുസ്സ് (മഹിളായുസ്സ് 🤪) വിളവെടുക്കാം ..............പത്തു വാഴ വച്ചിരുന്നു എങ്കിൽ എന്നതിന് പകരം രണ്ടു ജാതി വച്ചിരുന്നെങ്കിൽ എന്ന് പറയിക്കുന്നിടത്തോളം. അല്ലെങ്കിൽ അതുക്കും മേലെ. ജാതി ഡാ...

തനി വിളയായി ചെയ്യുമ്പോൾ 8mx8m അകലം നൽകാം. മികച്ച വിളവിനും ദീർഘായുസ്സിനും, നന നിർബന്ധം. 

ജാതിയിൽ ആൺമരവും പെൺമരവും ഉള്ള കാര്യവും മറക്കേണ്ട. 

ഒട്ട് (Graft ) മരങ്ങളെക്കാൾ ആയുസ്സ് കുരു മുളപ്പിച്ച മരങ്ങൾക്കു കൂടും. ഇപ്പോൾ Multi root ജാതി തൈകളും വിപണിയിൽ ലഭ്യമാണ്.

വിപണിയിലെ തൈകളുടെ വില അല്പം കൂടുതൽ ആണ് എന്ന് പറയാതെ വയ്യ. ഓരോ ഇലത്തട്ട് കൂടുമ്പോഴും വിലയിൽ രണ്ടു നൂറിന്റെ നോട്ടും കൂടും. 

കേരളത്തിലെ ചില കുടുംബങ്ങൾ ജാതി മരങ്ങൾക്ക് പ്രശസ്തം. കടുകുമ്മാക്കേൽ, കൊച്ചുകുടിയിൽ, പുന്നത്താനം, ചെറുകുന്നേൽ എന്നിവ. വിശേഷപ്പെട്ട ഇനങ്ങൾ അവർക്കുണ്ട്. അതിലൂടെ അവർ മികച്ച വരുമാനവും നേടുന്നു.

വിളവെടുത്ത കായ്കൾ പിളർന്ന്, ജാതിപത്രി പൊട്ടാതെ ഇളക്കി എടുത്ത്( പത്രിയോട് കൂടി കുറച്ച് നേരം വെള്ളത്തിലിട്ടു വച്ചാൽ, പൊട്ടാതെ പത്രി ഇളക്കിയെടുക്കാം ) , നന്നായി കഴുകി ഡ്രയറിലോ സൂര്യ പ്രകാശത്തിലോ 4-5 ദിവസം ഉണക്കി പത്രിയുടെ നിറം പോകാതെ 10 ശതമാനത്തിൽ താഴെ മാത്രം ഈർപ്പത്തിൽ വായു കടക്കാതെ സൂക്ഷിച്ചു വയ്ക്കാം.

 ചുവന്ന നിറം നൽകുന്ന വർണ്ണകമായ ലൈക്കോപീൻ (Lycopene ) പെട്ടെന്ന് ഓക്സീകരണത്തിന്‌ വിധേയമാകും. പത്രിയുടെ നിറം മങ്ങുന്നത് വില കുറയാൻ കാരണമാകും. 

കായ്കൾ 12-15 ദിവസം ഉണങ്ങി തമ്മിൽ മുട്ടുമ്പോൾ കലപില ശബ്ദം കേൾക്കണം.
 അതാണ് അതിന്റെ ഉണക്ക് പരുവം. 

നാഷണൽ ഹോർട്ടികൾചർ മിഷൻ(NHM) പദ്ധതിയിൽ മഹാരാഷ്ട്രയിലും മറ്റും കൃഷി വ്യാപകമാകുന്നുണ്ട്.
ദതായത്, ഭാവിയിൽ മുട്ടൻ പണി അവിടുന്ന് കിട്ടിയേക്കാം. ഉത്പാദനക്ഷമതയിലും കൂലിചെലവിലും അവരെ മറികടക്കാൻ നമുക്ക് കഴിയണം.

ആയതുകൊണ്ട് സ്ഥലമുണ്ടെങ്കിൽ പറമ്പിൽ,രണ്ടു ജാതി തൈകൾ വയ്ക്കുന്നത് നല്ല ഒരു ആശയമാണ്.

 സമ്പത്തു കാലത്തു തൈ രണ്ടു വച്ചാൽ ആപത്തു കാലത്തു പിസ്സ രണ്ട് തിന്നാം. 

വാൽകഷ്ണം : കൊക്ക കോളയുടെ നിഗൂഢ ചേരുവയിൽ ഒരു സുപ്രധാനി ജാതിക്ക സത്ത് ആണെന്നത് ഒരു പരമ പരസ്യമാണ്. പക്ഷെ ഉറക്കെ പറയാൻ ആർക്കും അത്ര തീർച്ച പോരാ. പിന്നെ ജാതിക്കായ്ക്കു ഒരു വയാഗ്ര എഫക്റ്റും ഉണ്ടത്രേ🤪
സാൻസിബാറിലെ പെണ്ണുങ്ങൾക്ക്‌ മദ്യപാനം നിഷിദ്ധം. പക്ഷെ ജാതിക്കപ്പൊടി എത്ര വേണമെങ്കിലും തട്ടാത്രെ.. 


ജാതിയുടെ വിളവെടുപ്പ് മഴക്കാലത്ത് ആയതിനാൽ ഗുണമേന്മ ഉറപ്പ് വരുത്താൻ ഒരു Drier വാങ്ങുന്നത് നന്നായിരിക്കും. കൃഷിവകുപ്പ നടപ്പാക്കുന്ന SMAM പദ്ധതി വഴി സബ്‌സിഡി നിരക്കിൽ യന്ത്രങ്ങൾ വാങ്ങാം. വേഗമാകട്ടെ... താൻ പാതി.. സർക്കാർ പാതി....

✍🏻 പ്രമോദ് മാധവൻ 




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section