മരമറിഞ്ഞ് കൊടിയിടണം - പ്രമോദ് മാധവൻ | Pramod Madhavan




ഭാരതത്തിന്മേൽ വിദേശികൾക്ക് ഇത്രയധികം ആധിപത്യമുറപ്പിക്കാൻ കാരണമായ വസ്തുതകൾ തേടി പോകുമ്പോൾ, പ്രധാന പ്രതി നമ്മുടെ (വിദേശികളുടെയും ) ഒരു പ്രിയപ്പെട്ട കാർഷിക ഉല്പന്നമായിരുന്നു എന്ന് മനസ്സിലാകും. 
അതത്രെ 'യവന പ്രിയ' എന്നറിയപ്പെടുന്ന കുരു മുളക്. 

1498ൽ കാപ്പാട് കരയിറങ്ങിയ വാസ്കോ ഡാ ഗാമയ്ക്കും എത്രയോ മുൻപ് തന്നെ യവനന്മാരും അറബികളും സുഗന്ധവ്യഞ്ജന വാണിജ്യവുമായി കേരളത്തിൽ വന്നിരുന്നു. അവർക്കൊന്നും ഈ നാടിനെ മൂടോടെ വിഴുങ്ങണം എന്ന് തോന്നിയില്ല. എന്നാൽ പരിഷ്കൃതർ എന്ന് നമ്മൾ പുകഴ്ത്തിപ്പാടുന്ന യൂറോപ്യൻമാരായ പറങ്കിയും പരന്ത്രീസ്കാരനും ഒക്കെ കണ്ണ് വച്ചത് നമ്മുടെ കാർഷിക സമ്പത്തിൽ.

ആ.. അതൊക്കെ ഒരു കാലം. ഇന്ന് നമ്മൾ ലോകത്തിലെ അഞ്ചാമത്തെ വൻ സാമ്പത്തിക ശക്തിയാണ്. Demographic divident കൊണ്ടും മറ്റ് പല കാരണങ്ങൾ കൊണ്ടും താമസിയാതെ നമ്മൾ മൂന്നാം സ്ഥാനത്തെത്തും.

ഇന്നത്തെ ലേഖനം കുരുമുളക് വള്ളി പടർത്താൻ പറ്റിയ താങ്ങുമരങ്ങളെ കുറിച്ചാണ്. 

ലോകത്ത് ഏറ്റവും കൂടുതൽ വിപണനം ചെയ്യപ്പെടുന്ന സുഗന്ധ വ്യഞ്ജന വിളയാണ് കുരുമുളക്. കണ്ടാൽ കറുത്ത് കരുവാളിച്ചു ഒട്ടും ചേലില്ലാത്തവൻ. എന്നാലും 'നല്ലമുളക്‌' എന്നാണ് വിളിപ്പേര്.🤣 ഇവന് പല സമയങ്ങളിൽ പല നിറമാണ്. ചെടിയിൽ നിൽക്കുമ്പോൾ പച്ച. മൂക്കുമ്പോൾ ചുവപ്പ്. ഉണക്കുമ്പോൾ കറുപ്പ്. തൊലി കളഞ്ഞ് നോക്കുമ്പോൾ വെള്ള .അങ്ങനെയങ്ങനെ...കുമ്പിടിയാ... കുമ്പിടി.

ഇനി പിങ്ക് പെപ്പെർകോൺ എന്ന ഒരാൾ കൂടി ഉണ്ട്. പക്ഷെ ജനുസ്സ് വേറെ . പറങ്കിമാവിന്റെ കുടുംബമായ അനകാർഡിയേസിയേ യിൽ പെടുന്ന Schinus malle എന്ന ബ്രസീലിയൻ പെപ്പെർ ട്രീ. ആളെ നമുക്കത്ര പരിചയം പോരാ. 

ന്യൂസീലാൻഡ് കാരന് കവക്കാവ എന്ന ഒരിനം കുരുമുളകുണ്ട്. Piper excelsum എന്ന് പേര്. 

നമ്മുടെ കുരുമുളക് Piper nigrum.

 കഫഹാരിയായ തിപ്പലി Piper longum.

 വാട്ട രോഗം (Wilt disease) വരാതിരിക്കാൻ കുരുമുളക് ഒട്ടിച്ചെടുക്കുന്നത് ബ്രസീലിയൻ തിപ്പലി എന്നറിയപ്പെടുന്ന Piper colubrinum എന്ന ചെടിയിൽ. 

ബന്ധുക്കളെ ഒക്കെ മനസ്സിലായല്ലോ, ല്ലേ..? 

ബ്രിട്ടീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ ഭാഗമായി ഇന്ത്യയിൽ എത്തിയ സ്കോട്ടിഷ് കാരനായ ഫ്രാൻസിസ് ബുക്കാനൻ ഹാമിൽട്ടൺ (അദ്ദേഹം ഒരു മഹാ പ്രതിഭ ആയിരുന്നു. ഡോക്ടർ, സസ്യ ശാസ്ത്രജ്ഞൻ, ജന്തു ശാസ്ത്രജ്ഞൻ, ഭൗമ ശാസ്ത്രജ്ഞൻ എന്നിങ്ങനെ അദ്ദേഹം എന്തല്ല എന്ന് ചോദിക്കയാവും നന്ന് ) എഴുതിയ ഗ്രന്ഥമാണ് A Journey from Madras through the countries of Mysore, Canara and Malabar. അന്ന് ഇവയെല്ലാം നാട്ടു രാജ്യങ്ങൾ ആയിരുന്നു. അതുകൊണ്ടാണ് countries എന്ന് പറഞ്ഞത്. 

ആ പുസ്തകത്തിൽ, താൻ വന്ന വഴികളിലും കാടകങ്ങളിലും പൂത്തു കായ്ച്ചു സായിപ്പിനെ ഭ്രമിപ്പിച്ച കുരുമുളക് വള്ളികളെ കുറിച്ച് എഴുതിയിട്ടുണ്ട്. മലബാറിലെ വെട്ടുകല്ലുകളെ കുറിച്ചും (Laterite ) അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.
 ഭൂമധ്യരേഖാപ്രദേശങ്ങൾ ആണ് കുരുമുളക് കൃഷിയുടെ തനത് ആവാസ വ്യവസ്ഥ. തെക്ക് -തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ, ചില ആഫ്രിക്കൻ രാജ്യങ്ങൾ ഇവരൊക്കെ തന്നെയാണ് ഇന്നും വിപണിയിലെ ദാദാമാർ.

 കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ കുരുമുളക് വിളഞ്ഞത് എത്തിയോപ്പിയയിൽ. 3.74 ലക്ഷം ടൺ.

 രണ്ടാമത് , മ്മടെ കൊച്ചൻ വിയറ്റ്നാം. 2.64 ലക്ഷം ടൺ. 

മൂന്നാമത് 1.09 ലക്ഷം ടണ്ണുമായി വമ്പൻ ബ്രസീൽ. 

നാലാമത് ഇന്തോനേഷ്യ. 90000ടൺ. 

 അഞ്ചാമനോമനക്കു ഞ്ചു നമ്മൾ തന്നെ. വിളവ് പക്ഷെ വെറും 66000 ടൺ മാത്രം. പക്ഷെ, ഗുണമേന്മ? അത് മ്മ്‌ടെ Tellichery Garbled Bold Pepper കഴിഞ്ഞേ ഉള്ളൂ വേറെ ആരും. . അവനാണ് തറവാടി..ഗുരുവായൂർ കേശവൻ.. തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ.. ഞങ്ങടെ തൃക്കടവൂർ ശിവരാജു...

'മരമറിഞ്ഞു കൊടിയിടണം' എന്നാണ് banana talk. (പഴമൊഴി 😜). അതായത് മരം നോക്കി കൊടി (കുരുമുളക് ചെടി ) ഇട്ടില്ലെങ്കിൽ പണി പാളുമെന്ന്. 

എല്ലാ മരങ്ങളും ആ പണിയ്ക്കു പറ്റിയതല്ലെന്ന്.

ഇത് പോലെ പണ്ട് മ്മ്‌ടെ പാർവതീ ദേവിയും പറഞ്ഞു 'വിദ്യാർപ്പണം പാത്രമറിഞ്ഞു വേണം' എന്ന്. 

കുഞ്ഞ് കുറുമ്പൻ ഗണപതിയെ കാവൽ നിർത്തി ശിവപാർവ്വതിമാർ അകത്തു മരുവുമ്പോൾ ആണ് ശിവന്റെ പ്രിയ ശിഷ്യൻ ഭാർഗവരാമന്റെ വരവ്. 'കടക്ക് പുറത്ത്' എന്ന് ഗണപതി. 'പള്ളീൽ പോയി പറഞ്ഞാൽ മതി എന്ന് പരശു'. ഒടുവിൽ യുദ്ധമായി. ഗണപതിയ്ക്ക് കൊമ്പിൽ ഒരെണ്ണം നഷ്ടം. കോപാക്രാന്തയായ പാർവതീദേവി അലറി. 
'മകൻ പരിക്കേറ്റു മരിക്കിലെന്ത്? 
മഹാരഥൻ ശിഷ്യനടുക്കലില്ലേ.
രാമൻ ജഗദ് സത്തമനാണ് പോലും. 
വിദ്യാർപ്പണം പാത്രമറിഞ്ഞു വേണം എന്ന് കവി വള്ളത്തോൾ ശിഷ്യനും മകനും ഖണ്ഡ കാവ്യത്തിൽ. 

വിദ്യാർപ്പണം പാത്രമറിഞ്ഞുവേണം എന്ന് പറഞ്ഞ പോലെയാണ് "മരമറിഞ്ഞ് കൊടിയിടണം "എന്നത്.

അപ്പോൾ കുരുമുളക് പടർത്താൻ പറ്റിയ മരങ്ങളിൽ ഏതാണ് നല്ലത് എന്ന് നോക്കാം. 

അതറിയണം എങ്കിൽ താങ്ങുമരമാവാൻ PSC നിശ്ചയിച്ചിട്ടുള്ള യോഗ്യതകൾ അറിയണം. 

 1.താങ്ങുമരം എളുപ്പത്തിൽ മണ്ണിൽ പിടിച്ചുകിട്ടുന്നതായിരിക്കണം.

2. കൊടിത്തണ്ടിലെ വേരുകൾക്ക് എളുപ്പത്തിൽ പറ്റിപ്പിടിക്കുന്നതിന് താങ്ങുമരത്തിന്റെ പുറംതൊലി പരുപരുത്തതായി രിക്കണം

3. വേനൽക്കാലത്ത് കുരുമുളകിന് ആവശ്യമുള്ള തണൽ നൽകാൻ കഴിവുള്ളതായിരിക്കണം.

4. വളരെയധികം ഉയരത്തിൽ വളരാതിരിക്കുന്നതിന് വേണ്ടി തലപ്പ് വെട്ടുന്നതും കാലവർഷക്കാലത്ത് കൊടിക്ക് വേണ്ടത്ര സൂര്യപ്രകാശം ലഭിക്കത്തക്കവണ്ണം ചില്ലകൾ കോതുന്നതും സഹിക്കുന്ന സ്വഭാവം ഉണ്ടാകണം. (പുനരുജ്ജീവന ശേഷി).

5. ആദ്യദശയിൽ (Initial growth ) വേഗം വളർന്ന് വള്ളിക്ക് പടർന്നു കയറുന്നതിന് തക്ക വണ്ണം തടി വയ്ക്കുന്നത് ആയിരിക്കണം. 

6. കുറേ വളർന്നതിനുശേഷം മാത്രം ശാഖകൾ ഉണ്ടാകുന്നതായിരിക്കണം. 

7. കുരുമുളക് ചെടിയുടെ ആയുസ്സിന് അനുസരിച്ച് നശിച്ചുപോകാതെ നിലനിൽക്കുന്നതായിരിക്കണം. 

8. പടർന്നുപന്തലിച്ച് കൊടിയ്ക്ക് ആവശ്യത്തിലധികം തണൽ നൽകാത്തതായിരിക്കണം. 

അങ്ങനെയങ്ങനെ നോക്കുമ്പോൾ നമ്മൾ വളർത്തുന്ന പല താങ്ങുമരങ്ങളും നല്ലതുമാണ് ചീത്തയുമാണ്. 

വിശദമായി നോക്കാം 

1.മുരിക്ക്. (Erythrina indica). വച്ചു പിടിപ്പിക്കാൻ എളുപ്പം. ശാഖകൾ കുറഞ്ഞു മുകളിലേക്കുള്ള വളർച്ച. പരുപരുത്ത തൊലിയിൽ വേരിനു പറ്റിപ്പിടിയ്ക്കാൻ എളുപ്പം. ചില്ല കോതിയാലും വീണ്ടും തളിർക്കുന്ന സ്വഭാവം. പയർ വർഗ്ഗത്തിൽ പെടുന്ന മരമായതിനാൽ അന്തരീക്ഷ നൈട്രജനെ മണ്ണിലേക്കാനയിക്കാൻ കഴിവുള്ളവൻ .

കുഴപ്പങ്ങൾ : കൊമ്പ് മുറിച്ച് നട്ടുണ്ടാക്കുന്ന മുരിക്ക് 15 കൊല്ലത്തിനപ്പുറം നിൽക്കില്ല. നിമ വിരകളുടെ കലാപം സഹിയ്ക്കാൻ പുള്ളിയ്ക്കു കഴിവില്ല. തടി തുരപ്പന്റെയും.

 എന്നാൽ വിത്ത് മുളപ്പിച്ച്, രണ്ട് മീറ്ററോളം വളർന്നു, തടി വച്ച ശേഷം, തറ നിരപ്പിൽ വച്ചു വെട്ടി, രണ്ടാഴ്ച തണലിൽ വച്ചു, ഒരു മാസത്തോളം ചരിച്ചു വച്ചു വേര് പിടിപ്പിക്കുന്നു. അപ്പോൾ അവ കിളിർത്തു തുടങ്ങിയിരിക്കും. അതിന് ശേഷം 3-4 മീറ്റർ അകലത്തിൽ ഇവ നടുന്നു. അവ 25 മുതൽ അൻപത് വർഷം വരെ പിടിച്ച് നിൽക്കുന്നതായി കാണുന്നു.

ഹൈറേഞ്ചുകൾക്ക് പറ്റിയ താങ്ങുമരമാണ് മുള്ളില്ലാത്ത മുരിക്ക് അഥവാ Dadap. Erythrena lithosperma.

മുരിങ്ങ നല്ലൊരു താങ്ങു മരമാണ്. പക്ഷെ ബലക്കുറവും ആയുസ്സ് കുറവും പ്രതികൂലം. 

ഹൈറേഞ്ച് പ്രദേശങ്ങളിൽ പ്രധാനി സിൽവർ ഓക്ക് ആണ്. തേയില തോട്ടങ്ങളിൽ തണൽ മരമായും ഓക്ക് തിളങ്ങും. ആറേഴു മീറ്റർ ഉയരം എത്തുമ്പോൾ തലപ്പ് വെട്ടി നിർത്തും.

തെങ്ങ്... നല്ല ഒന്നാന്തരം താങ്ങുമരം. കുരുമുളകിന് അനുയോജ്യമായ തരത്തിൽ വെയിലും തണലും തെങ്ങ് നൽകും. കാസർഗോഡ് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ നടത്തിയ പഠനത്തിൽ, അഞ്ചുകൊല്ലം പ്രായമായ കുരുമുളക് കൊടികളിൽ നിന്നും ശരാശരി രണ്ടര കിലോ ഉണക്ക കുരുമുളക് ലഭിക്കുകയുണ്ടായി. തെങ്ങിൻ ചുവട്ടിൽ നിന്ന് ഒന്നര മീറ്റർ അകലെ കുഴിയെടുത്ത് വള്ളികൾ നടുന്നതാണ് നല്ലത്, വളർന്നുവരുന്ന വള്ളിയെ നിലത്തുകൂടി തന്നെ പടർത്തി തെങ്ങിൽ എത്തിച്ചാൽ മതി.

കമുകും പനയും കുരുമുളക് പടർത്താൻ പറ്റിയ താങ്ങ് മരങ്ങളാണ്. കവുങ്ങിൽ കുരുമുളക് വള്ളി നടുമ്പോൾ ചുവട്ടിൽ നിന്നും ഒരു മീറ്റർ അകലം നൽകണം.

കുരുമുളക് പടർത്താൻ പറ്റിയ മറ്റൊരു താങ്ങ് മരമാണ് കിളിഞ്ഞിൽ . ഏതാണ്ട് രണ്ടു മീറ്റർ നീളവും ആറേഴ് സെന്റീമീറ്റർ വ്യാസവുമുള്ള കമ്പുകൾ മുറിച്ചെടുത്തു നടുകയാണ് പതിവ്. ഇലകൾ നല്ല പച്ചിലവളവുമാണ്. മുരിക്കിനേക്കാൾ ആയുസ്സും ഇതിനുണ്ട്.

മറ്റൊരു നല്ല താങ്ങു മരമാണ് ആഴാന്ത അഥവാ പയ്യാനി(Pagenelia longifolia). കുട പോലുള്ള തലപ്പ് ഇതിന്റെ പ്രത്യേകതയാണ്. വിത്തു മുളപ്പിച്ചാണ് ചെടി വളർത്തിയെടുക്കുന്നത്. കുരുമുളക് കൊടി നടുന്നതിനു ഒന്നു രണ്ടു വർഷം മുൻപേ തന്നെ തൈകൾ തോട്ടത്തിൽ വച്ചു പിടിപ്പിക്കണം,. 
 അധികം ശിഖരങ്ങൾ ഇല്ലാതെ നിവർന്നു വളരുന്ന ഈ മരം 25 വർഷത്തോളം നിലനിൽക്കും. ആഴാന്ത യിൽ കുരുമുളകുപൊടി നന്നായി വളർന്ന് നല്ല വിളവ് തരും. വേനൽക്കാലത്ത് ഇല പൊഴിക്കുന്ന സ്വഭാവമുണ്ടിവയ്ക്ക്. വർഷംതോറും ചില്ലകൾ കോതുന്നത് ഇതിന്റെ വളർച്ചയ്ക്ക് അത്ര നല്ലതല്ല.

വീട്ടുവളപ്പുകളിൽ കുരുമുളക് പടർത്താൻ പറ്റിയ മറ്റൊരു മരമാണ് അമ്പഴം. വലിയ മരത്തിന്റെ കൊമ്പുകൾ മുറിച്ചു നട്ടാണ് വളർത്തി എടുക്കുന്നത്. . ഇതിന്റെ ഇലകൾ കുരുമുളകിന് നല്ല തണൽ നൽകുന്നു. തടിയിൽ വേരുകൾ വേഗം പിടിച്ചു കയറുകയും ചെയ്യും. 

ശീമക്കൊന്നയും നല്ല താങ്ങു മരമാണ്. വീട്ടുവളപ്പിലെ കൃഷിക്ക് വളരെ അനുയോജ്യമാണ് പയർ വർഗ്ഗത്തിൽ പെട്ട ശീമക്കൊന്ന. അന്തരീക്ഷ നൈട്രജൻ ആവാഹിച്ചു മണ്ണിൽ കൊണ്ട് വരാനും വിരുതൻ. . ഇതിന്റെ വലിയ കൊമ്പുകൾ കാലവർഷാരംഭത്തോടെ കൂടി മുറിച്ചു നട്ട് വളർത്തിയെടുക്കാം. വർഷംതോറും കൊമ്പു കോതി പച്ചില വളങ്ങൾ ആക്കി കുരുമുളക് കൊടിയ്ക്ക്‌ കൊടുക്കുകയും ചെയ്യാം. കുരുമുളക് വള്ളിയുടെ വളർച്ചയ്ക്കനുസരിച്ച് ശീമക്കൊന്ന വേഗത്തിൽ വളരുന്നില്ല എന്നത് ഒരു പോരായ്മയാണ്. പക്ഷേ വിളവെടുക്കുന്നതിന് മറ്റും വളരെ എളുപ്പമാണ്.

കൂടാതെ വട്ട, പൂവരശ് അഥവാ ശീലാന്തി എന്നിവയും കുരുമുളക് പടർത്താൻ പടർത്താൻ നന്ന്. 

 വാൽക്കഷ്ണം:
 പ്രധാനപ്പെട്ട കുരുമുളകുൽപ്പാദക രാജ്യങ്ങളിലെ ഉല്പാദനക്ഷമത ഒന്ന് പരിശോധിക്കാം. വിയറ്റ്നാം ഹെക്ടറിന് 1410 കിലോ. ഇന്തോനേഷ്യ 799 കിലോ. മലേഷ്യ 1642 കിലോ. ബ്രസീൽ 2634 കിലോ. ശ്രീലങ്ക 636 കിലോ. ഇന്ത്യ വെറും 237 കിലോ. 


ദെന്താ ദിങ്ങനെ? . നമ്മുടെ കൃഷി രീതി ശാസ്ത്രീയമല്ല എന്നതു തന്നെ കാരണം. . അനുയോജ്യമായ താങ്ങുമരങ്ങൾ, ശരിയായ അകലത്തിൽ നട്ടുപിടിപ്പിക്കുന്നില്ല. ചിട്ടയായ കൊമ്പുകോതലും വളപ്രയോഗവും ചെയ്യാറില്ല. വേനലിൽ ജലസേചനവും കമ്മി. ഇന്തോനേഷ്യ, മലേഷ്യ, കമ്പോഡിയ തുടങ്ങിയ രാജ്യങ്ങളിൽ കുരുമുളക് പടർത്തുന്നതിന് താങ്ങു മരങ്ങൾക്ക് പകരം തേക്കിൻ കാലും കോൺക്രീറ്റ് തൂണുകളും ഉപയോഗിക്കുന്നു ഇത്തരം കഴകൾ 15 വർഷത്തിലധികം നിൽക്കാറില്ല. ഇതിനു വേണ്ടി വരുന്ന ചെലവ് കൂടുതൽ ആയതുകൊണ്ടാകാം ഇവിടെ ഇത് പ്രചാരത്തിൽ വന്നിട്ടില്ല. മാത്രമല്ല നമ്മുടെ കാലാവസ്ഥയിൽ ഇവ എത്രത്തോളം പ്രായോഗികമാണ് എന്ന് ഗവേഷണം നടത്തുകയും വേണം. കടുത്ത വെയിലടിയ്ക്കുമ്പോൾ കോൺക്രീറ്റ് ചൂട് പിടിക്കുന്നതിനാൽ വ ള്ളി ഉണങ്ങി പോകാൻ സാധ്യതയുണ്ട്. എങ്കിലും രമണാ, ആ ശ്രീലങ്കയുടെ അടുത്തെങ്കിലും നമ്മടെ ഉത്പാദന ക്ഷമത ഒന്നെത്തിയിട്ടു കണ്ണടഞ്ഞാൽ മതിയായിരുന്നു. 


✍🏻 പ്രമോദ് മാധവൻ 





Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section