പ്രധാന വഴിത്തിരിവ്
കടുത്ത വരൾച്ച ബാധിത പ്രദേശമാണ് മഹാരാഷ്ട്രയിലെ ജൽന ജില്ലയിലെ തുപെവാഡി ഗ്രാമം. വർഷങ്ങൾക്ക് മുമ്പ് പരുത്തി കൃഷി ചെയ്താണ് ഇവിടുത്തെ ജനങ്ങൾ ജീവിതം മുന്നോട്ട് കൊണ്ടുപൊയ്ക്കൊണ്ടിരുന്നത്. എന്നാൽ, കീടങ്ങളുടെ ആക്രമണം കാരണം ഇവർക്ക് പരുത്തി കൃഷി ഉപേക്ഷിച്ച് കരിമ്പ് വെട്ടുന്ന ജോലിക്ക് പോകേണ്ടി വന്നു. അഞ്ച് വർഷം മുമ്പായിരുന്നു ഈ സംഭവം. 2018ൽ സംസ്ഥാന കൃഷി വകുപ്പും ലോക ബാങ്കും ചേർന്ന് നടപ്പാക്കിയ പ്രോജക്ട് ഓൺ ക്ലൈമറ്റ് റെസിലിയന്റ് അഗ്രിക്കൾച്ചർ എന്ന പദ്ധതിയാണ് ഇവിടുത്തെ ജനങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ചത്. നാനാജി ദേശ്മുഖ് കൃഷി സഞ്ജീവനി യോജനയുടെ ഗുണഭോക്താക്കളായ തുപെവാഡിയിലെ കർഷകർ അതിനെ പരമാവധി പ്രയോജനപ്പെടുത്തി.
തണൽ വീടുകൾ
വരൾച്ചയും ജലസേചന പരിമിതിയുള്ലതുമായ ഈ പ്രദേശത്ത് 600ലധികം കുടുംബങ്ങളാണുള്ലത്. ഏക്കറുകളോളം വരുന്ന കൃഷിഭൂമിയും ഇവർക്കുണ്ട്. വരണ്ട പ്രദേശമായതിനാൽ ഈ മണ്ണിലേയ്ക്ക് നേരിട്ട് കൃഷി ചെയ്താൽ ഫലമുണ്ടാകില്ല. അതിനാൽ പ്രോജക്ട് ഓൺ ക്ലൈമറ്റ് റെസിലിയന്റ് അഗ്രിക്കൾച്ചർ പദ്ധതിയിലൂടെ വലകൊണ്ട് നിർമിക്കുന്ന തണൽ വീടുകൾ ഇവർ ഒരുക്കി. സൂര്യപ്രകാശം, ഈർപ്പം, ചൂട്, കൊടുങ്കാറ്റ്, കീടങ്ങളുടെ ആക്രമണം എന്നിവയിൽ നിന്നെല്ലാം വിളകളെ സംരക്ഷിച്ച് അതിന്റെ വളർച്ചയ്ക്ക് അനുയോജ്യമായ സാഹചര്യം സൃഷിടിക്കാനും ഈ തണൽ വീടുകൾ സഹായിക്കുന്നു. ഡ്രിപ്പ് ഇറിഗേഷൻ രീതിയിലൂടെയാണ് ഇവയ്ക്ക് ആവശ്യമായ ജലം നൽകുന്നത്. ഇതിലൂടെ അനാവശ്യമായ ജലോപയോഗം കുറയ്ക്കാൻ സാധിച്ചു. 'ഷെയ്ഡ് നെച്ചി ഗാവ്' (തണൽ വലകളുള്ല ഗ്രാമം) എന്നാണ് ഇപ്പോൾ തുപെവാഡി അറിയപ്പെടുന്നത്.
ആദ്യം മുളയാണ് ഈ തണൽ വീടുകൾക്കായി ഉപയോഗിച്ചിരുന്നത്. എന്നാൽ കാലാവസ്ഥ മാറുന്നതിനനുസരിച്ച് മുളകളും മാറ്റേണ്ടി വരുന്നത് ഒരു വലിയ പ്രതിസന്ധിയായിരുന്നു. എന്നാലിപ്പോൾ ഗാൽവനൈസ്ഡ് ഇരുമ്പ് ഫ്രെയിമുകളും ക്ലാഡിംഗ് മെറ്റീരിയലും കൊണ്ടുള തൂണുകളാണ് ഉപയോഗിക്കുന്നത്. ഇതിന്റെ നിർമാണത്തിന്റെ 75ശതമാനം തുകയും സബ്സിഡിയായി ലഭിക്കും. കർഷകന്റെ ആവശ്യം അനുസരിച്ചുള്ള വലുപ്പത്തിൽ തണൽ വീടുകൾ നിർമിക്കാവുന്നതാണ്. 10,000 ചതുരശ്ര അടി നീളമുള്ള ഷെഡിന് നാല് ലക്ഷം രൂപയാണ് ഏകദേശ ചെലവ്.
തുടക്കം പച്ചക്കറി കൃഷിയിലൂടെ
പച്ചക്കറി കൃഷിയിലൂടെയാണ് തുടക്കമെങ്കിലും ഇപ്പോൾ ലോകമെമ്പാടുമുള്ള പ്രമുഖ സീഡ് ബ്രാൻഡുകൾക്കായി വിത്തുകൾ നൽകുന്നത് തുപെവാഡിയിലെ കർഷകരാണ്. സമൂഹമാദ്ധ്യമങ്ങൾ വഴിയാണ് വിത്ത് കൃഷിയിലേയ്ക്ക് ഇവർ എത്തുന്നത്. വെള്ളരി മുതൽ മുളക് വരെയുള്ള എല്ലാ പച്ചക്കറി വിത്തുകളും ഇവർ ജൈവകൃഷിയിലൂടെ ഉൽപ്പാദിപ്പിക്കുന്നുണ്ട്. മഹിക്കോ, സിൻജെന്റ, നാഥ് സീഡ്സ്, മൊൺസാന്റോ, ബേയർ, അഗ്രോ ബയോടെക്, നിർമൽ സീഡ്സ് തുടങ്ങിയ പ്രമുഖ മുൻനിര വിത്ത് കമ്പനികളാണ് ഇവരിൽ നിന്ന് വിത്തുകൾ ശേഖരിച്ച് അവരുടെ ബ്രാൻഡിന്റെ പേരിൽ വിൽപ്പന നടത്തുന്നത്.
തൊഴിലവസരങ്ങൾ
ഗ്രാമവാസികൾക്ക് ഉപജീവന മാർഗം മാത്രമല്ല. സമീപഗ്രാമങ്ങളായ പിംപാൽഗാവ്, പഥൽഗാവ്, ജൽന, രാജൂർ, അസംഖേഡ, മോംഗാവ്, ചന്ധായി ഉൾപ്പെടെ 20 കിലോമീറ്റർ ചുറ്റളവിലുള പ്രദേശങ്ങളിലെ ജനങ്ങൾക്ക് തൊഴിലവസരങ്ങളും ഇതിലൂടെ ലഭിച്ചു. വിളപരിപാലനം, പായ്ക്കിംഗ് മുതൽ ഇവ വണ്ടിയിൽ കയറ്റി കൊണ്ടുപോകുന്നത് വരെയാണ് ഇവിടെയും ജോലികൾ.
വരുമാനം
പച്ചക്കറി കൃഷിയിലൂടെ ലക്ഷങ്ങൾ സമ്പാദിച്ചുവെങ്കിൽ വിത്ത് കൃഷിയിലൂടെ ഇവർ മാസം കൊയ്യുന്നത് കോടികളാണ്. ഓരോ വർഷവും കമ്പനികൾ കർഷകർക്ക് പത്ത് മുതൽ ഇരുപത് ശതമാനം വരെ പ്രതിഫലം വർദ്ധിപ്പിക്കുന്നുണ്ട്.
മാറിയ ജീവിതരീതി
അഞ്ച് വർഷം മുമ്പ് ഭക്ഷണം കഴിക്കാനുള പണത്തിന് പോലും ബുദ്ധിമുട്ടിയിരുന്ന തുപെവാഡിയിലെ ജനങ്ങളുടെ ജീവിതരീതിയിൽ വലിയ മാറ്റങ്ങളാണ് വിത്ത് കൃഷി തുടങ്ങിയതോടെ ഉണ്ടായത്. കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം, എല്ലാ വീട്ടിലും വാഹനങ്ങൾ തുടങ്ങിയവ ഈ നല്ല മാറ്റങ്ങളിൽപ്പെടുന്നു.
എത്ര കഠിനമായ കാലാവസ്ഥയും പ്രശ്നങ്ങളും ഒന്നും ഇന്ന് തുപെവാഡിയിലെ കർഷകരെ ബാധിക്കുന്നില്ല. കഠിനാധ്വാനത്തിലൂടെയും ഉറച്ച മനസുകൊണ്ടും മാത്രമാണ് ഇവർക്ക് ഈ സുസ്ഥിരമായ നേട്ടം കൈവരിക്കാനായത്.
Photos