1. അടുക്കളത്തോട്ടം (Kitchen garden) :
വീടിന്റെ പിന്നാമ്പുറങ്ങൾ കേന്ദ്രീകരിച്ച നടക്കുന്ന കൃഷിയാണ് അടുക്കളത്തോട്ടങ്ങൾ. നല്ല വെയിൽ കിട്ടുന്ന ഇടങ്ങളായിരിക്കണമെന്ന് മാത്രം. ചിരസ്ഥായികളോ (perennial) അർത്ഥ ചിരസ്ഥായികളോ (semi perennial) ആയ ഇനങ്ങൾക്കാണിവിടെ പ്രാമുഖ്യം. മുരിങ്ങ, അഗസ്തി, ചീര, നിത്യവഴുതന, വേലിച്ചിര മായൻചീര, സാമ്പാർ ചീര, വാളരി പയർ, ചതുരപ്പയർ, കാച്ചിൽ, ചേന, കൂർക്ക, ചെറുകിഴങ്ങ്, കറിവേപ്പില, ചെറുനാരകം, പപ്പായ, പടറ്റി വാഴ, മൊന്തൻ വാഴ എന്നിങ്ങനെ അതീവ ശ്രദ്ധ ആവശ്യമില്ലാത്ത പഴം പച്ചക്കറിവിളകൾ കൃഷി ചെ യ്യാം. അതിനാവശ്യമായ വളങ്ങൾ അടുക്കളമാലിന്യങ്ങൾ, ചാരം, പുളിപ്പിച്ച് എടുക്കുന്ന ജൈവ വളങ്ങൾ, കരിയിലകൾ എന്നിവയിൽ നിന്നും കണ്ടെത്താം.
2. പോഷകത്തോട്ടം (Nutrition Garden)
ഒരു വീട്ടിലെ ഒരു അംഗത്തിന് അര സെന്റ് സ്ഥലം (20 മീറ്റർ സ്ക്വയർ എന്ന കണക്കിന മൊത്തം എത്ര അംഗങ്ങൾ ഉണ്ടോ അതിന് ആനുപാതികമായി വളരെ ചിട്ടയായി തയ്യാറാക്കുന്ന ഒരു പച്ചക്കറിത്തോട്ടമാണിത്. അഞ്ചുപേർ അടങ്ങിയ ഒരു കുടുംബത്തിന് 100 ചതുരശ്ര മീറ്റർ (5×20 മീറ്റർ) സ്ക്വയർ സ്ഥലം വൃത്തിയാക്കിയെടുത്ത്, പൂർണ്ണമായും സൂര്യപ്രകാശം കിട്ടുന്ന രീതിയിൽ മരങ്ങളൊക്കെ മുറിച്ചുമാറ്റി കൃത്യമായ ലേഔട്ടോടെ തോട്ടം രൂപകല്പന ചെയ്യുന്നു. ഉദാഹരണമായി മൊത്തം 150 മീറ്റർ സ്‌ക്വയർ വിസ്തൃതിയുള്ള തോട്ടമാണെങ്കിൽ 20 മീറ്റർ നീളവും 5 മീറ്റർ വീതിയുമായി സ്ഥലം മാർക്ക് ചെയ്ത് നാല് ഭാഗവും വേലി കെട്ടിത്തിരിച്ച് തോട്ടത്തിന്റെ നടുവിലൂടെ ഒരു നടപ്പാത ഉണ്ടാക്കി അതിന് ഇരുവശങ്ങളിലായി ചെറുപ്ലോട്ടുകളിൽ കാലാവസ്ഥാനുസൃതമായ വിള പരിക്രമത്തിലൂടെ പഴം പച്ചക്കറികൾ കൃഷി ചെയ്യുന്നു. വേലികളിൽ വള്ളിച്ചീര, കോവൽ, നിത്യ വഴുതന, നെയ്കുമ്പളം, പാഷൻ ഫ്രൂട്ട് എന്നിവ പടർത്തുന്നു. അരികുകളിൽ പപ്പായ, അഗസ്തിച്ചീര, കറിവേപ്പില എന്നിവ നട്ടുപിടിപ്പിക്കുന്നു. നടപ്പാതയ്ക്ക് ഇരുവശവുമായി വേലിച്ചീര, സാമ്പാർ ചീര, പൊന്നാങ്കണ്ണി ചീര എന്നിവ നട്ടുപിടിപ്പിക്കുന്നു. തോട്ടത്തിൽ ഇരു വശത്തുമായി 20 ചെറു പ്ലോട്ടുകളിൽ കുറ്റിപ്പയർ, തടിപ്പയർ, കൂർക്ക ചേന, ഇഞ്ചി, ക്യാബേജ്, കോളി ഫ്ളവർ മുതലായവ കൃഷി ചെയ്യുന്നു. ഒന്നോ രണ്ടോ കറിവാഴകളും നട്ടുപിടിപ്പിക്കാം. വിളാവശിഷ്ടങ്ങൾ കമ്പോസ്റ്റ് ആക്കുന്നതിനുള്ള സൗകര്യവും തോട്ടത്തിനുള്ളിൽ തന്നെ ഒരുക്കിയെടുക്കാം. രാവിലെയും വൈകുന്നേരവും തോട്ടത്തിനുള്ളിലൂടെയുള്ള ഒരു നടത്തം വ്യായാമവും മാനസിക ഉല്ലാസവും നൽകും.
3. മട്ടുപ്പാവിലെ പോഷകത്തോട്ടം (Terrace Garden)
സമൃദ്ധമായി സൂര്യപ്രകാശം കിട്ടുന്ന മട്ടുപ്പാവുകളിൽ ചട്ടികളിലും ചാക്കുകളിലും ഡ്രമ്മു കളിലും ഗ്രോബാഗുകളിലും തയ്യാറാക്കുന്ന തോട്ടമാണിത്. മണ്ണ് ഉപയോഗിച്ചും മണ്ണില്ലാതെയും ഉള്ള മിശ്രിതങ്ങൾ തയ്യാറാക്കിയും ഉപയോഗിക്കാം. എപ്പോഴും മിശ്രിതം ഇളക്കമുള്ളതായി ഇരിക്കത്തക്ക രീതിയിൽ 1: 1: 1 എന്ന അനുപാതത്തിൽ മേൽമണ്ണ്, അഴുകി പൊടിഞ്ഞ ചാണകപ്പൊടി, കമ്പോസ്റ്റാക്കിയ ചകിരിച്ചോറ് എന്നിവ ചേർത്തുണ്ടാക്കുന്ന മിശ്രിതത്തിൽ ചട്ടി ഒന്നിന് 100 ഗ്രാം വീതം പൊടിച്ച വേപ്പിൻപിണ്ണാക്കും എല്ലുപൊടിയും ചേർത്ത് സമ്പുഷ്ടീകരിക്കണം. 5 ഗ്രാം സൂക്ഷ്മ മൂലക മിശ്രിതവും കൂട്ടിച്ചേർത്തു കൊടുക്കണം, ജല സേചനത്തിനായി ഗ്രാവിറ്റി ഡ്രിപ് ഇറിഗേഷൻ, ബക്കറ്റ് ഡ്രിപ് ഇറിഗേഷൻ, തിരി നന തുടങ്ങിയ രീതികൾ അവലംബിക്കാം. കുറ്റിയായി വളരുന്ന പച്ചക്കറികൾ, ടെറസ്സിൽ പടർത്തി വളർത്താവുന്ന പച്ചക്കറികൾ, കിഴങ്ങ് വർഗ്ഗങ്ങൾ, ഇഞ്ചി, കുറ്റിക്കുരുമുളക് എന്നിവയൊക്കെ ഇതിൽ വിജയകരമായി കൃഷി ചെയ്യാം.
4. പോഷക പൂന്തോട്ടം (food scaping)
അലങ്കാര ചെടികൾ വീട്ടിൽ വച്ചു പിടിപ്പിക്കാൻ എല്ലാവർക്കും വലിയ താല്പര്യമാണ്, എന്നാൽ അതിൽ നിന്നും ആഹാരമോ ആദായമോ നമുക്ക് ലഭിക്കുന്നില്ല. ആയതിനാൽ നമ്മുടെ അലങ്കാര തോട്ടങ്ങളിലെ ചെടികൾക്കിടയിൽ അഴകും ആഹാരവും ആദായവും നൽകുന്ന ചില പച്ചക്കറി വിളകൾ കൂടി ഉൾപ്പെടുത്തി തയ്യാറാക്കുന്ന തോട്ടമാണ് പോഷക പൂന്തോട്ടം. വിവിധ വർണ്ണങ്ങളിലുള്ള ചീരകൾ, മുളകുകൾ, വഴുതന, തക്കാളി, ക്യാബേജ്, കോളിഫ്ളവർ, ബ്രോക്കാളി, ക്യാരറ്റ്, ബീറ്റ്റൂട്ട്, ചോളം, സൂര്യകാന്തി, ചെണ്ടുമല്ലി എന്നിവ ഇത്തരത്തിൽ നട്ടു പിടിപ്പിക്കാം.
5. നൂറടിത്തോട്ടങ്ങൾ
സ്ഥലപരിമിതിയുള്ള കുടുംബങ്ങൾ രണ്ട് മീറ്റർ നീളവും 5 മീറ്റർ വീതിയുമുള്ള നീർവാർച്ചയുള്ള സമൃദ്ധമായി സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് തയ്യാറാക്കുന്ന പോഷക തോട്ടമാണിത്. മണ്ണ് കിളച്ചോ അല്ലെങ്കിൽ ഒരടിപൊക്കത്തിൽ പോഷക മിശ്രിതം നിറച്ചോ തയ്യാറാക്കാം. നാല് മൂലകൾക്കും ഓരോ GI പൈപ്പുകൾ ഏകദേശം രണ്ടര മീറ്റർ പൊക്കത്തിൽ കുഴിച്ചിടുന്നു. അവ തമ്മിൽ കനം കുറഞ്ഞ ജി പൈപ്പുകളോ കമ്പികളോ കൊണ്ട് ബന്ധിപ്പിക്കുന്നു. ഓരോ GI കാലിനോടും ചേർന്ന് വിസ്താരത്തിൽ തടങ്ങൾ എടുത്ത് ഓരോന്നിലും പാവൽ, പടവലം, വള്ളി പയർ, സലാഡ് വെള്ളരി എന്നിവ വളർത്തി പന്തലിലേക്ക് പടർത്തി വിടുന്നു. പോട്ടിന് നടുവിലായി ഒന്നോ രണ്ടോ മുളകും വഴുതനയും വളർത്തുന്നു. പ്ലോട്ടിന്റെ നാല് ഭാഗത്തും സ്ഥലമുണ്ടെങ്കിൽ ചട്ടികളിൽ ചീര, വെണ്ട, മല്ലിയില, പുതിന, ഇഞ്ചി, കുറ്റിക്കുരുമുളക് എന്നിവ വളർത്തുന്നു. ഇങ്ങനെ വർഷം മുഴുവൻ വിവിധ ഇനങ്ങൾ കൃഷി ചെയ്യുന്നു.
6. ഗംഗാമാ മണ്ഡൽ(Gangama plan)
ഒരു ദക്ഷിണേന്ത്യൻ വീട്ടമ്മ വികസിപ്പിച്ചെടുത്ത ഈ മാതൃക, കുറഞ്ഞ അധ്വാനം കൊണ്ട് ഒരു സാധാരണ കുടുംബത്തിന്റെ പോഷകാവശ്യങ്ങൾ നിറവേറ്റത്തക്കതരത്തിൽ തയ്യാറാക്കുന്ന വൃത്താകൃതിയിലുള്ള പോഷകത്തോട്ടമാണ്. 30 അടി വ്യാസമുള്ള സ്ഥലം, വൃത്തിയാക്കിയെടുത്ത് അതിൽ ഒരു ഉൾവൃത്തം, മധ്യവൃത്തം, പുറം വൃത്തം എന്ന രീതിയിൽ കണ്ടങ്ങളാക്കി ഓരോ വൃത്തത്തിനും ഇടയിൽ ഒന്നരയടി വീതിയിൽ നടപ്പാതകൾ ഒരുക്കി പ്ലോട്ടുകൾ തയ്യാറാക്കുന്നു. ഓരോ പ്ലോട്ടും ഏതാണ്ട് ഒരടി ഉയരത്തിൽ വളർച്ചാ മിശ്രിതം നിറച്ച് ഒരുക്കി കൊടുക്കുന്നു. കാണാനും വളരെ ഭംഗിയുള്ള മാതൃകയാണിത്. ഉൾവൃത്തത്തിൽ വാഴ പപ്പായ, ചോളം, ഇഞ്ചി എന്നിവ കൃഷി ചെയ്യാം. മധ്യവൃത്തത്തിൽ പുതിന, മുളക്, ചീര, തക്കാളി, ക്യാരറ്റ്, വെണ്ട, മല്ലി, കുറ്റിപ്പ യർ, ചേന, ക്യാബേജ്, കോളി ഫ്ളവർ, വഴുതന എന്നിവ നടാം. പുറം വൃത്തത്തിൽ ഔഷധച്ചെടികൾ, സൂര്യകാന്തി, എള്ള്. തുവര, ചെറുപയർ എന്നിവയൊക്കെ നടാം. 710 ചതുരശ്ര അടി (ഏകദേ ശം ഒന്നേമുക്കാൽ സെന്റ്) സ്ഥലത്തു നിന്നും ഒരു കുടുംബത്തിന് ആവശ്യമായ ഭക്ഷണം കണ്ടെതാം.
മനമുണ്ടെങ്കിൽ വഴിയുണ്ട്. സുരക്ഷിത ഭക്ഷണം മറ്റെവിടെ നിന്നും ലഭിക്കില്ല എന്ന തിരിച്ചറിവ് ഓരോ കുടുംബത്തിനും ഉണ്ടാകണം. കുടുംബത്തിൽ എല്ലാവരും ഒത്തുചേർന്ന് പ്രവർത്തിച്ചാൽ ആഹാരവും ആരോഗ്യവും ആനന്ദവും സൃഷ്ടിക്കാൻ നമുക്കു സാധിക്കും.
കൃഷി അസിസ്റ്റന്റ് ഡയറക്ടർ,
SAL ആലപ്പുഴ Ca53: 9496769074.