ബഡ്ഡിംഗ് (Budding):
ബഡ്ഡിംഗ് എന്നത് സസ്യങ്ങളുടെ പ്രത്യുത്പാദനത്തിനുള്ള ഒരു കൃത്രിമ മാർഗമാണ്. ഒരു ചെടിയുടെ ഗുണമേന്മയുള്ള ഒരു മുകുളം (bud), അതേ വർഗ്ഗത്തിൽപ്പെട്ട മറ്റൊരു ചെടിയുടെ തൈയിൽ ഒട്ടിച്ചുചേർത്ത് പുതിയൊരു ചെടി വളർത്തിയെടുക്കുന്ന രീതിയാണ് ബഡ്ഡിംഗ്.
ഈ രീതി, ചെടിയിൽ പെട്ടെന്ന് കായ്ഫലം ലഭിക്കുന്നതിനും ഗുണമേന്മയുള്ള ചെടികൾ ഉൽപ്പാദിപ്പിക്കുന്നതിനും സഹായിക്കുന്നു.ഇങ്ങനെ ചെയ്യുന്നതിലൂടെ നമുക്ക് ആവശ്യമുള്ള ചെടിയുടെ അതേ ഗുണങ്ങളുള്ള പുതിയൊരു ചെടി ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നു.
ബഡ്ഡിംഗിന്റ്റെ ഗുണങ്ങൾ:
വിത്ത് മുളപ്പിച്ച് ഉണ്ടാക്കുന്ന ചെടികൾ കായ്ക്കാൻ വർഷങ്ങളെടുക്കുമ്പോൾ, ബഡ്ഡിംഗ് വഴി ഉണ്ടാക്കിയെടുക്കുന്ന ചെടികൾ വളരെ കുറഞ്ഞ കാലയളവിനുള്ളിൽ കായ്ച്ചു തുടങ്ങും.
മികച്ച ഇനത്തിൽപ്പെട്ട ചെടിയുടെ മുകുളം ഉപയോഗിക്കുന്നതുകൊണ്ട്, പുതിയ ചെടിക്കും അതേ ഗുണങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പിക്കാം. ഉദാഹരണത്തിന്, കൂടുതൽ വിളവ് തരുന്നതോ രോഗപ്രതിരോധ ശേഷിയുള്ളതോ ആയ മാതൃസസ്യത്തിന്റെ ഗുണങ്ങൾ പുതിയ ചെടിയിലേക്ക് പകർത്താനും സാധിക്കുന്നു.
രോഗങ്ങളെ ചെറുക്കാൻ കഴിവുള്ള നാടൻ ഇനങ്ങളുടെ തണ്ടിൽ, നല്ല വിളവ് തരുന്ന വിദേശ ഇനങ്ങളുടെ മുകുളം ഒട്ടിച്ചാൽ, രണ്ട് ചെടികളുടെയും ഗുണങ്ങൾ ഒരുമിച്ച് ലഭിക്കുന്നു. ഇത് ചെടിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നു.
ഒരേ ചെടിയുടെ തണ്ടിൽ വിവിധതരം മുകുളങ്ങൾ ഒട്ടിക്കുന്നതിലൂടെ പല നിറങ്ങളിലുള്ള പൂക്കളോ പലതരം കായ്കളോ ഉത്പാദിപ്പിക്കാൻ സാധിക്കും. റോസ് ചെടികളിലും ചെമ്പരത്തിയിലും ഇത് സാധാരണയായി ചെയ്യാറുണ്ട്.
ഏതെങ്കിലും കാരണവശാൽ ഒരു ചെടിയുടെ പ്രധാന ഭാഗം നശിച്ചുപോയാൽ പോലും, അതിൽ അവശേഷിക്കുന്ന ഭാഗത്ത് മറ്റൊരു മുകുളം ഒട്ടിച്ചുകൊണ്ട് ചെടിയെ രക്ഷിച്ചെടുക്കാൻ സാധിക്കും.
ബഡ്ഡിംഗിൽ പ്രധാനമായും രണ്ട് ഭാഗങ്ങളാണ് ഉള്ളത്:
വേരോടുകൂടിയതും നാടൻ ഇനത്തിൽപ്പെട്ടതുമായ ചെടി. ഇതിനെ റൂട്ട് സ്റ്റോക്ക് (Root stock) എന്നാണ് പറയുന്നത്. ഇതിന് നല്ല വേരുകളും രോഗപ്രതിരോധ ശേഷിയും ഉള്ള ചെടികൾ വേണം തിരഞ്ഞെടുക്കാൻ.
ഗുണമേന്മയുള്ള ചെടിയിൽ നിന്ന് എടുക്കുന്ന ഒരു മുകുളമാണ് സയൺ (Scion). ബഡ്ഡിംഗ് വിജയിക്കാൻ, റൂട്ട് സ്റ്റോക്കും സയണും ഒരേ വർഗ്ഗത്തിൽപ്പെട്ടതായിരിക്കണം.
ബഡ്ഡിംഗ് ചെയ്യേണ്ട വിധം:
ആരോഗ്യമുള്ളതും നല്ല വളർച്ചയുമുള്ള ഒരു തൈ റൂട്ട് സ്റ്റോക്കായി തിരഞ്ഞെടുക്കുക. ഇതിൻ്റെ ചുവട്ടിൽ നിന്ന് ഏകദേശം 15 സെന്റിമീറ്റർ മുകളിലായി ബഡ്ഡിംഗ് ചെയ്യാനുള്ള സ്ഥലം വൃത്തിയാക്കുക.
ഏതെങ്കിലും അണുനാശിനിയിൽ മുക്കിയ തുണി നനച്ച് തുടച്ചു വൃത്തിയാക്കിയ മൂർച്ചയുള്ള ഒരു കത്തി ഉപയോഗിച്ച് സ്റ്റോക്കിന്റെ തൊലിയിൽ ഒരു 'T' ആകൃതിയിൽ മുറിവുണ്ടാക്കുക. ഈ മുറിവ് വളരെ ആഴത്തിലാകാതെ തൊലി മാത്രം മുറിയുന്ന രീതിയിലായിരിക്കണം. അകത്തുള്ള തടിക്ക് കേടുപാടുകൾ ഉണ്ടാകരുത്. ഇവിടെയുള്ള ചെറിയ ചില്ലകളും ഇലകളും നീക്കം ചെയ്യണം. 'T' ആകൃതിയിലുള്ള തൊലിയുടെ രണ്ട് ഭാഗങ്ങളും കത്തിയുടെ അറ്റം ഉപയോഗിച്ച് ചെറുതായി ഒന്ന് വിടർത്തി വയ്ക്കുക.
അതിനു ശേഷം ഗുണമേന്മയുള്ള ചെടിയിൽ നിന്ന്, ഒരു മുകുളത്തോടുകൂടിയ ഒരു ചെറിയ തൊലിഭാഗം, ഏകദേശം 3-4 സെന്റീമീറ്റർ നീളത്തിൽ ഒരു ഓവൽ ആകൃതിയിലോ അറ്റങ്ങൾ കൂർത്ത ഒരു ദീർഘചതുരത്തിന്റെ രൂപത്തിലോ ചെത്തിയെടുക്കുക. ഈ ഭാഗം തൊലിയും അതിനോട് ചേർന്നുള്ള നേരിയ തടിയും ഉൾപ്പെട്ടതായിരിക്കണം.
ഈ ആകൃതിയിൽ തൊലി മുറിച്ചെടുക്കുന്നതിൻ്റെ കാരണം, റൂട്ട് സ്റ്റോക്കിൽ ഉണ്ടാക്കിയ 'T' ആകൃതിയിലുള്ള മുറിവിലേക്ക് ഇത് എളുപ്പത്തിൽ തിരുകി വെക്കാൻ സാധിക്കുമെന്നുള്ളതാണ്.
സ്റ്റോക്കിൽ ഉണ്ടാക്കിയ 'T' ആകൃതിയിലുള്ള മുറിവ് ചെറുതായി വിടർത്തി, അതിലേക്ക് സയൺ, മുകുളത്തിന് കേടുപാടുകൾ സംഭവിക്കാതെ, ഞെട്ടിൽ പിടിച്ച് താഴേക്ക് അമർത്തി ശ്രദ്ധാപൂർവ്വം തിരുകിവെക്കുക. മുകുളം മുറിവിന്റെ ഉൾഭാഗത്ത് നന്നായി ചേർന്നിരിക്കണം.
മുകുളം ഇളകിപ്പോകാതിരിക്കാൻ പോളിത്തീൻ ഷീറ്റോ അല്ലെങ്കിൽ ബഡ്ഡിംഗ് ടേപ്പോ ഉപയോഗിച്ച് മുറിവേറ്റ ഭാഗം നന്നായി ചുറ്റിക്കെട്ടുക. നനവോ വായുവോ കടക്കാത്ത രീതിയിൽ കെട്ടുന്നത് പ്രധാനമാണ്. മുകുളം മുഴുവനായി മൂടരുത്. മുകുളത്തിൻ്റെ കണ്ണ് മാത്രം പുറത്ത് കാണുന്ന രീതിയിൽ വേണം ചുറ്റികെട്ടി വെയ്ക്കാൻ.
ഒട്ടിച്ച ചെടി ആവശ്യത്തിന് നനയ്ക്കണം. രണ്ടാഴ്ച മുതൽ മൂന്നാഴ്ചയ്ക്കുള്ളിൽ മുകുളം പച്ചനിറത്തിൽത്തന്നെ നിൽക്കുകയും ഇലയുടെ ഞെട്ട് ഉണങ്ങാതെ ഇരിക്കുകയും ചെയ്താൽ ബഡ്ഡിംഗ് വിജയകരമായിരിക്കും.
മുകുളം വളരാൻ തുടങ്ങിയാൽ, റൂട്ട് സ്റ്റോക്കിന്റെ മുകൾഭാഗം മുകുളത്തിന് മുകളിലായി ഏകദേശം 1 സെന്റീമീറ്റർ മുകളിൽ വെച്ച് മുറിച്ചുമാറ്റുക. ഇത് പുതിയ മുകുളത്തിന്റെ വളർച്ചയെ വേഗത്തിലാക്കും. മുകുളത്തിൽ നിന്ന് പുതിയ ശാഖകൾ ഉണ്ടാകാൻ തുടങ്ങുമ്പോൾ, കെട്ടിയിരുന്ന ടേപ്പ് മുറിച്ചുമാറ്റാം.
ബഡ്ഡിംഗ് ചെയ്യാൻ പറ്റിയ ചെടികൾ:
പലതരം ചെടികളിലും ബഡ്ഡിംഗ് വിജയകരമായി ചെയ്യാൻ സാധിക്കും.
മാവിൻ തൈകളിൽ ബഡ്ഡിംഗ് വ്യാപകമായി ഉപയോഗിക്കുന്നു. ഇത് നല്ലയിനം മാങ്ങകൾ ഉണ്ടാക്കാൻ സഹായിക്കുന്നു.
പ്ലാവിൽ ബഡ്ഡിംഗ് ചെയ്തു നല്ലയിനം രുചിയുള്ള ചക്കകൾ ഉണ്ടാക്കിയെടുക്കുന്നുണ്ട്.
റംബുട്ടാൻ ബഡ്ഡിംഗിലൂടെയാണ് സാധാരണയായി പുതിയ തൈകൾ ഉണ്ടാക്കുന്നത്. ഇത് പെട്ടെന്ന് കായ്ക്കുന്നതിനും നല്ല വിളവ് ലഭിക്കുന്നതിനും സഹായിക്കുന്നു.
പേരയ്ക്കയിൽ ബഡ്ഡിംഗ് വഴി നല്ലയിനം കരുത്തുറ്റ തൈകൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നുണ്ട്.
അതുപോലെ സപ്പോട്ടയിൽ ബഡ്ഡിംഗ് സാധാരണയായി കാണാറുണ്ട്.
ജാതിക്കൃഷിയിൽ ബഡ്ഡിംഗ് ഒരു പ്രധാന പ്രജനനരീതിയാണ്.
നാരകം, ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴച്ചെടികളിലും ബഡ്ഡിംഗ് വ്യാപകമായി ഉപയോഗിക്കുന്നു.
റോസ്, ചെമ്പരത്തി തുടങ്ങിയ പൂച്ചെടികളിൽ പല നിറങ്ങളിലുള്ള പൂക്കളുണ്ടാക്കിയെടുക്കാൻ ബഡ്ഡിംഗ് രീതി വളരെ സാധാരണയായി ഉപയോഗിക്കാറുണ്ട്.
അത് പോലെ മുല്ലച്ചെടികളിൽ ബഡ്ഡിംഗ് ചെയ്യുമ്പോൾ നല്ല പൂക്കളുള്ള ചെടികൾ ലഭിക്കുന്നു.
ഇവ കൂടാതെ, റബ്ബർ പോലുള്ള മറ്റ് പല വിളകളിലും ബഡ്ഡിംഗ് ഒരു പ്രധാന കൃഷിരീതിയാണ്. റബ്ബർ കൃഷിയിൽ പല കർഷകരും ബഡ്ഡിംഗ് വഴി ഉന്നത നിലവാരമുള്ളതും കൂടുതൽ പാൽ ഉൽപ്പാദിപ്പിക്കുന്നതുമായ തൈകൾ ഉണ്ടാക്കിയെടുക്കുന്നുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
മഴക്കാലം ബഡ്ഡിംഗിന് ഏറ്റവും അനുയോജ്യമായ സമയമാണ്, കാരണം ഈർപ്പം കൂടുതലായതിനാൽ ചെടികൾ വേഗത്തിൽ കൂടിച്ചേരാൻ സാധ്യതയുണ്ട്.
ബഡ്ഡിംഗ് ചെയ്യാനായി പ്രത്യേകം തയ്യാറാക്കിയ കത്തിയാണ് ഏറ്റവും ഉചിതം. എങ്കിലും വളരെ മൂർച്ചയുള്ള ഒരു സാധാരണ കത്തിയും ഉപയോഗിക്കാം. ബഡ്ഡിംഗിന് ഉപയോഗിക്കുന്ന കത്തിയും മറ്റ് ഉപകരണങ്ങളും വൃത്തിയുള്ളതാകാൻ ശ്രദ്ധിക്കണം.
മുകുളം എടുത്ത ശേഷം അത് ഉണങ്ങിപ്പോകുന്നതിന് മുൻപ് തന്നെ സ്റ്റോക്കിൽ ഒട്ടിക്കാൻ ശ്രദ്ധിക്കുക. ബഡ്ഡിംഗ് ടേപ്പ് ഉപയോഗിച്ച് കെട്ടുമ്പോൾ മുകുളത്തിന് കേടുപാടുകൾ സംഭവിക്കാതെയും എന്നാൽ അത് ഇളകാതെയും ഉറപ്പിക്കേണ്ടത് പ്രധാനമാണ്. അതേസമയം, കെട്ട് വളരെ മുറുകിപ്പോകാതിരിക്കാനും ശ്രദ്ധിക്കണം.
ബഡ്ഡിംഗ് ചെയ്ത ശേഷം ചെടിക്ക് ആവശ്യത്തിന് വെള്ളവും വെളിച്ചവും നൽകുക. വേഗത്തിൽ മുളയ്ക്കുന്നതിനുവേണ്ടി കെട്ടിന് താഴെ വരുന്ന തളിരിലകളും മറ്റും നുള്ളിക്കളയാവുന്നതാണ്.
ഒരു ചെടിയുടെ നല്ല ഗുണങ്ങൾ അതേപോലെ നിലനിർത്തി, വേഗത്തിൽ പുതിയ തൈകൾ ഉണ്ടാക്കിയെടുക്കാനുള്ള മനുഷ്യന്റെ ഏറ്റവും ലളിതവും ഫലപ്രദവുമായ ഒരു രീതിയാണ് ബഡ്ഡിംഗ്.
ഈ രീതി കൃഷി മേഖലയിലെ കർഷകർക്കും ഹോബിയുള്ളവർക്കും ഒരുപോലെ പ്രയോജനകരമാണ്. മാത്രമല്ല ഗുണമേന്മയുള്ളതും രോഗപ്രതിരോധശേഷിയുള്ളതുമായ സസ്യങ്ങൾ വേഗത്തിൽ ഉൽപ്പാദിപ്പിക്കാനുള്ള ഒരു ശാസ്ത്രീയ മാർഗമാണ് ബഡ്ഡിംഗ്.