അവ്‌ക്കാഡോക്കൃഷിയിൽ ശ്രദ്ധിക്കാനേറെ; ചെയ്യേണ്ട കാര്യങ്ങൾ പങ്കുവച്ച് കർഷകൻ | Avocado farming; things to be noticed

നാട്ടിലെങ്ങും അവ്ക്കാഡോ പ്രേമികളാണ്. ഗ്ലാമർ താരമായ ഹാസ് മുതൽ നാടിനു ചേർന്നവരെന്നു വിശേഷിപ്പിക്കപ്പെടുന്ന ട്രോപ്പിക്കൽ അവ്ക്കാഡോകൾ വരെ അവരുടെ അവകാശവാദങ്ങളിലുണ്ട്. വേണ്ടത്ര പഠനത്തിന്റെയോ നിരീക്ഷണത്തിന്റെയോ പിൻബലത്തിലല്ല പലരും സംസാരിക്കുന്നതെന്നുമാത്രം. എന്നാൽ ഈ ഫലവൃക്ഷത്തിന്റെ സസ്യശാസ്ത്രവും പ്രവർധനരീതികളുമൊക്കെ  ഏറെ ആഴത്തിലും പരപ്പിലും പഠിക്കാനായി ഒട്ടേറെ വർഷങ്ങൾ തന്നെ ഉഴിഞ്ഞുവച്ചയാളാണ് വയനാട് മീനങ്ങാടി സ്വദേശി കെ.ടി.സംപ്രീത്.
ജൈവസാങ്കേതികവിദ്യയിൽ ബിരുദാനന്തരബിരുദം നേടിയ ശേഷം ഗവേഷണതാൽപര്യവുമായി നടക്കുമ്പോഴാണ് അവ്ക്കാഡോ ഈ യുവകർഷകന്റെ ശ്രദ്ധാകേന്ദ്രമായത്. കർഷകർക്ക് ഏറെ സാധ്യകളുള്ള വിളയെക്കുറിച്ച് കൂടുതൽ പഠിക്കാൻ തീരുമാനിക്കുകയായിരുന്നു. സമർപ്പണബുദ്ധിയോടെ നടത്തിയ ഈ പഠനത്തിന്റെ ഭാഗമായി കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ കൃഷിടങ്ങൾ സന്ദർശിച്ച് അവിടെ വിളയുന്ന  അവ്ക്കാഡോയുടെ സവിശേഷതകൾ മനസിലാക്കാൻ ശ്രമിച്ചു. ഉൽപാദനക്ഷമതയും മറ്റു മികവുകളുമുണ്ടെന്നു തോന്നിയ സെലക്ഷനുകൾ സ്വന്തമാക്കാനും സംപ്രീത് ഉത്സാഹിച്ചു. കൃഷിക്കാർക്ക് ഉപകരിക്കുന്ന മറ്റു വിളകളിലേക്കും തന്റെ പഠനം വ്യാപിപ്പിക്കുകയാണ് ഇദ്ദേഹം ഇപ്പോൾ.



സംസ്ഥാനത്തിനകത്തും പുറത്തും നിന്നായി ശേഖരിച്ച ഒട്ടേറെ അവ്ക്കാഡോ സെലക്ഷനുകൾ സംപ്രീതിന്റെ പക്കലുണ്ട്. വെറുതെ ശേഖരിക്കുക മാത്രമല്ല ഓരോന്നിന്റെയും സ്വഭാവസവിശേഷതകൾ കൃത്യമായി പഠിക്കാനും ഈ യുവാവ് ശ്രമിക്കുന്നു. തന്റെ നിരീക്ഷണത്തിൽ മികച്ചതെന്നു കണ്ടെത്തിയ സെലക്ഷനുകളുടെ മാതൃവൃക്ഷങ്ങളും സംപ്രീത് വളർത്തിയെടുത്തിട്ടുണ്ട്. ഇവയിൽ നിന്നു ആവശ്യാനുസരണം ഗ്രാഫ്റ്റ് തൈകൾ ഉൽപാദിപ്പിക്കാനാവും. ഇത്രയധികം ഇനങ്ങൾ എന്തിനാണെന്നല്ലേ? രണ്ടാണ് കാരണങ്ങൾ– ‌ഓരോ ഇനത്തിന്റെയും മുഴുവൻ ഗുണഗണങ്ങൾ തിരിച്ചറിയപ്പെട്ടിട്ടില്ല എന്നതു തന്നെ പ്രധാന കാരണം. അവ പഠിക്കുന്നതിനും ഓരോ നാടിനും സാഹചര്യങ്ങൾക്കും യോജിച്ച ഇനങ്ങൾ കണ്ടെത്താനും കൂടുതൽ ഇനങ്ങൾ സൂക്ഷിക്കേണ്ടതുണ്ട്.  

ഗവേഷകന്റെ മനസ് സൂക്ഷിക്കുന്ന ഈ ചെറുപ്പക്കാരനെ തേടി പക്ഷേ ഇന്ത്യയുടെ പല ഭാഗത്തുനിന്നും കാർഷികസംരംഭകരെത്തുന്നുണ്ട്. അവ്ക്കാഡോ ഇനങ്ങളുടെ കാര്യത്തിൽ സംപ്രീതിനുള്ള മികവ് തന്നെ കാരണം. തങ്ങളുടെ കൃഷിയിടത്തിനു യോജിച്ച ഇനങ്ങൾ കണ്ടെത്താൻ അദ്ദേഹം അവരെ സഹായിക്കുന്നു. ആവശ്യപ്പെടുന്നവർക്ക് യോജ്യമായ ഗ്രാഫ്റ്റ് തൈകൾ തയാറാക്കി നൽകുകയും ചെയ്യുന്നു. ശരിയായി പരിചരിച്ചാൽ വയനാട്ടിൽ രണ്ടാം വർഷവും സമതലങ്ങളിൽ മൂന്നാംവർഷവും ഇവ പൂവിടുമെന്നാണ് സംപ്രീത് പറയുന്നത്.




തദ്ദേശീയ സെലക്ഷനുകളുടെ ഗ്രാഫ്റ്റ് തൈകൾക്ക് താരതമ്യേന കുറഞ്ഞ വിലയാണിവിടെ. ഇനഭേദമനുസരിച്ച് വിലയിൽ മാറ്റമുണ്ട്. എന്നാൽ വിദേശഇനങ്ങളുടെ തൈകൾക്ക് ഉയർന്ന വില നല്കേണ്ടിവരും. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവരോട് മൂന്നോ നാലോ ഇനങ്ങൾ ഇടകലർത്തി നടാനാണ് സംപ്രീത് നിർദ്ദേശിക്കുന്നത്. പരപരാഗണം ഇഷ്ടപ്പെടുന്ന വിളയെന്ന നിലിയിൽ കൂടുതൽ ഉൽപാദനം ലഭിക്കാൻ ഇതു സഹായിക്കും. മാത്രമല്ല വിവിധ ഇനങ്ങളുടെ പഴങ്ങൾ വ്യത്യസ്ത കാലങ്ങളിൽ മൂപ്പെത്തുന്നത് കൃഷിക്കാരുടെ വിലപേശൽ ശേഷി മെച്ചപ്പെടുത്തുമെന്നും സംപ്രീത് ചൂണ്ടിക്കാട്ടി. തോട്ടമടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകാനും ഇദ്ദേഹത്തിനു മടിയില്ല. മണ്ണ്, കാലാവസ്ഥ, ഇനം എന്നിവക്കനുസരിച്ച് കൃഷിരീതികളിൽ വരുത്തേണ്ട മാറ്റങ്ങളാണ് പ്രധാനമായും നിർദ്ദേശിക്കാറുള്ളത്.

അവ്ക്കാഡോ തൈകളെ ട്രോപ്പിക്കലെന്നും സബ്ട്രോപ്പിക്കലെന്നുമൊക്കെ വേർതിരിക്കുന്നത് എന്തുമാത്രം ശരിയാണെന്ന കാര്യത്തിൽ സംപ്രീതിനു സംശയമുണ്ട്. മതിയായ നിരീക്ഷണമില്ലാതെയുള്ള വേർതിരിവാണെന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്. വയനാടിനു യോജിച്ചതെന്നു വിശേഷിപ്പിക്കപ്പെട്ട ഇനങ്ങൾ സമതലങ്ങളിൽ കായ്പിടിച്ച അനുഭവമാണ് ഈ അഭിപ്രായവ്യത്യാസത്തിനു കാരണം. കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കുമൊക്കെ ഇനങ്ങളുടെ പ്രകടനത്തിൽ സ്വാധീനമുണ്ടെന്ന കാര്യത്തിൽ സംപ്രീത് തർക്കിക്കുന്നില്ല. എന്നാൽ അതോടൊപ്പം മണ്ണിന്റെ ഘടന, പോഷകലഭ്യത തുടങ്ങിയവയും മരങ്ങളുടെ പൂവിടലിനെ ബാധിക്കാമെന്ന് സംപ്രീത് ചൂണ്ടിക്കാട്ടി. ഹൈറേഞ്ചിലും ഇടനാട്ടിലും പൂവിടുന്ന സമയത്തിലും പ്രായത്തിലും വ്യത്യാസമുണ്ടെങ്കിലും ശരിയായി പരിചരിച്ചാൽ ഉൽപാദനം ഏറെക്കുറെ തുല്യമായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 




വിദേശ ഇനങ്ങൾക്ക് നമ്മുടെ നാട്ടിൽ അമിത പ്രാധാന്യം നൽകേണ്ടതില്ലെന്നാണ് സംപ്രീത് കരുതുന്നത്. അവയിൽ പലതും താരതമ്യേന കുറഞ്ഞ നിരക്കിൽ കേരളത്തിലെ സൂപ്പർമാർക്കറ്റുകളിലെത്താറുണ്ട്. വിദേശഇനങ്ങൾ തെരഞ്ഞെടുക്കുമ്പോൾ സീസൺ, കാലാവസ്ഥ,മണ്ണ്, ഉൽപാദനസ്ഥിരത എന്നിവയൊക്കെ പരിഗണിക്കണം. ഓഫ്സീസണിൽ വിളവെടുക്കാവുന്ന പല ഇന്ത്യൻ ഇനങ്ങളും ഇവിടെയുണ്ട്. മെച്ചപ്പെട്ട വില നേടാൻ ഇവ സഹായിക്കും. അവയിൽ പലതും കൂടുതൽ തൂക്കം ലഭിക്കുന്നവയുമാണ്.

അവ്ക്കോഡോയ്ക്കുണ്ടാകുന്ന രോഗകീടബാധകളെക്കുറിച്ചു കാര്യമായ പഠനം നടന്നിട്ടില്ലെന്ന് സംപ്രീത് അഭിപ്രായപ്പെട്ടു. കൃഷി വ്യാപിക്കുന്നതനുസരിച്ച് അവ വർധിക്കാൻ സാധ്യതയുണ്ട്. നൈട്രജൻ വളങ്ങളുടെ പ്രയോഗം മിതമാക്കുന്നത് പ്രയോജനം ചെയ്യും. പത്തിലക്കഷായം പോലുള്ള പ്രകൃതിക്കൃഷി ഉപാധികൾ അവക്കാഡോയ്ക്കും ഉത്തമമാണെന്നാണ് സംപ്രീതിന്റെ അഭിപ്രായം. ശരിയായ പ്രൂണിങ് രീതികളും കൃഷിക്കാർ മനസ്സിലാക്കേണ്ടതുണ്ട്. വളർത്താൻ ഉദ്ദേശിക്കുന്ന ഉയരമനുസരിച്ചാവണം അവക്കാഡോയുടെ ഇടയകലം ക്രമീകരിക്കേണ്ടത്. പത്തടി ഉയരത്തിൽ മാത്രം വളരുന്ന മരങ്ങൾക്ക് പത്തടി ഇടയകലം മതിയാവും. തനിവിളയായി, സൂര്യപ്രകാശം സമൃദ്ധമായ സ്ഥലത്തു വളർത്തുമ്പോഴത്തെ കണക്കാണിത്. എന്നാൽ കാപ്പിത്തോട്ടങ്ങളിലും മറ്റും വളർത്തുമ്പോൾ കൂടുതൽ ഇടയകലം വേണ്ടിവരും. കുഴികളിലല്ല മൺകൂനകളിലാണ് അവക്കാഡോ നടേണ്ടത്. വേരുകളുടെ ശരിയായ വളർച്ചയ്ക്ക് ഇതുപകരിക്കും. വിളവെടുത്ത ശേഷം മാത്രം പഴുക്കുന്ന ഫലങ്ങളായതിനാൽ കൂടുതൽ അവ്ക്കാഡോയ്ക്ക് കൂടുതൽ സൂക്ഷിപ്പുകാലം ലഭിക്കുമെന്ന് സംപ്രീത് ചൂണ്ടിക്കാട്ടി. വിപണനത്തിൽ ഇത് ഏറെ ഉപകരിക്കും.

ഫോൺ: 8157832308



Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section