സ്കൂളിലെത്തിയാൽ അദ്ദേഹം കുട്ടിയാകും. അവരോടൊപ്പമാണ് കളിയും ചിരിയും പഠനവും. കുട്ടികൾക്കു സാബു സാർ പ്രിയപ്പെട്ടതാകുന്നതും അതുകൊണ്ടുതന്നെ. കുട്ടികൾക്കിടയിൽ കൃഷിയെ പരിപോഷിപ്പിക്കാനും പരിസ്ഥിതി സൗഹൃദമാക്കുന്നതിനും പ്ലാസ്റ്റിക് നിർമാർജനത്തിനുമെല്ലാം വ്യത്യസ്തങ്ങളായ ആശയങ്ങളാണ് സാബു സാറിനു കീഴിൽ സ്കൂളിൽ നടപ്പാക്കുന്നത്. കുട്ടികൾക്കൊപ്പം അവയെല്ലാം അവരുടെ വീടുകളിലേക്കും പറിച്ചുനടാൻ അദ്ദേഹം ശ്രമിക്കുന്നു.
ചെറുപ്രായത്തിൽ തന്നെ കുട്ടികളെ കാരുണ്യ രംഗത്തേക്കു കൈപിടിച്ചു നടത്താനും അദ്ദേഹം യത്നിക്കുന്നു. ഒട്ടേറെ കുടുംബങ്ങൾക്കും കുട്ടികൾക്കും സാബുവിന്റെ കരുതൽ താങ്ങായിട്ടുണ്ട്. സ്കൂൾ മാനേജ്മെന്റും പിടിഎയും രക്ഷിതാക്കളും സാബുവിനു നൽകുന്ന ഉറച്ച പിന്തുണ അതിനു തെളിവാണ്. "അധ്യാപകനായിരിക്കുമ്പോൾ മാത്രമേ കാര്യമായി പ്രവർത്തിക്കാനാകൂ. സ്കൂളിൽ നിന്നിറങ്ങിയ ശേഷം അന്നിതു ചെയ്യാമായിരുന്നല്ലോയെന്നു ചിന്തിച്ചിട്ടു കാര്യമില്ല. ചെയ്യാനുള്ളത് അപ്പപ്പോൾ ചെയ്തു തീർക്കുക'' സാബുവിനെ വേറിട്ടതാക്കുന്നത് ഈ തത്വമാണ്.
പ്രമോദ് നാരായൺ എംഎൽഎ നേതൃത്വം നൽകുന്ന റാന്നി നോളജ് വില്ലേജിന്റെ പ്രവർത്തനത്തിനും സാബു മുന്നിലുണ്ട്.