ചിലരുടെ കഥകൾ,അവർ വന്ന വഴികൾ നിങ്ങളെ വല്ലാതെ ചിന്തിപ്പിക്കും.. ഇങ്ങിനിയില്ലാത്ത വിധം പ്രചോദിപ്പിക്കും....
അങ്ങനെ ഒരാളുമായി ഇന്ന് അരമണിക്കൂറിലേറെ സംസാരിക്കാൻ കഴിഞ്ഞു.കൃഷിവകുപ്പിലെ പ്രിയ സഹപ്രവർത്തകൻ,ആനക്കയം കൃഷി ഫാമിലെ അസിസ്റ്റന്റ് ഡയറക്ടർ സുരേഷ് വഴിയാണ് ആ അപൂർവ്വ വ്യക്തിത്വത്തെ പരിചയപ്പെടാൻ ഇടയായത്.
ഓഫീസ് സമയത്ത് ഒരു മിസ്സ്ഡ് കാൾ വന്നു.പിന്നീട് തിരികെ വിളിച്ചപ്പോൾ "ഞാൻ ക്ലാസ്സിൽ ആണ്, തിരികെ വിളിക്കാം " എന്ന മെസ്സേജ് കണ്ടു.ഇതാരാണ് എന്നറിയാത്തതിനാൽ പിന്നെ അതങ്ങ് മറന്ന് പോയി.പിന്നെ വൈകുന്നേരം ട്രെയിനിൽ ഇരിക്കുമ്പോൾ വീണ്ടും കാൾ വന്നു.ട്രെയിനിൽ ആയതിനാൽ സംസാരിക്കാൻ കഴിഞ്ഞില്ല.വീട്ടിൽ എത്തിയ ഉടനേ
തിരികെ വിളിച്ചു.
അപ്പോഴാണ് വെള്ളാനിക്കര കാർഷിക കോളേജ് വിദ്യാർത്ഥിയാണെന്ന് പറയുന്നത്.20 വയസ്സ് മാത്രം ഉള്ള ഒരു കാർഷിക വിദ്യാർത്ഥി എന്ന നിലയിലാണ് ഞാൻ സംസാരം തുടങ്ങിയത്.നാലാം സെമെസ്റ്റർ പഠനത്തിലാണ് എന്ന് പറഞ്ഞു.പിന്നെയാണ് കാര്യങ്ങൾ കേട്ട് ഞെട്ടിയത്.ആൾ ചില്ലറക്കാരനല്ല.BSc (ഇലക്ട്രോണിക്സ് )ബിരുദധാരി,പിന്നെ MSc (ബയോ സ്റ്റാറ്റിസ്റ്റിക്സ് )കഴിഞ്ഞു. ശേഷം കേരള സർവ്വകലാശാലയിൽ ബയോ ഇൻഫർമേറ്റിക്സ് ൽ MPhil... ഇപ്പോൾ BSc (അഗ്രികൾച്ചർ )വിദ്യാർത്ഥി!!!..
ഇതിനിടയിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി, മികച്ച യുവകർഷകനുള്ള സംസ്ഥാന പുരസ്‌കാരം, യുവജനക്ഷേമവകുപ്പിന്റെ യൂത്ത് ഐക്കൺ, ബയോ ഡൈവേഴ്സിറ്റി ബോർഡിന്റെ കസ്റ്റോഡിയൻ അവാർഡ്... ഇങ്ങനെയൊരു പ്രൊഫൈൽ ഞാൻ കണ്ടിട്ടില്ല...
വാണിജ്യാടിസ്ഥാനത്തിൽ നെല്ല്, പച്ചക്കറികൾ, തണ്ണിമത്തൻ, വാഴ, ഔഷധചെടികൾ ഒക്കെ ഇടവിളയായും റിലേ കൃഷിയും ഒക്കെ നടത്തി ഈ ചെറിയ പ്രായത്തിൽ ഏതാണ്ട് അറുപത് ലക്ഷം രൂപയുടെ വരുമാനം....
അതേ.. സംരംഭക മനസ്സോടെ, ശാസ്ത്രീയമായി, കൃഷിയെ സമീപിക്കുന്ന ഒരുപിടി ചെറുപ്പക്കാർ കേരളത്തിന്റെ കാർഷികചരിത്രം പുതുക്കി എഴുതാൻ തുടങ്ങിയിരിക്കുന്നു.
കറുത്ത് കരുവാളിച്ചു വാരിയെല്ലുകൾ ഉന്തി ദൈന്യം മുഖമുദ്രയാക്കിയ കർഷകർ അല്ല ഇവർ. അവരിൽ ഉയർന്ന യോഗ്യതകൾ ഉള്ളവർ ഉണ്ട്, മറ്റ് ജോലികൾ ഉപേക്ഷിച്ചു കൃഷിയിലേക്ക് വന്നവർ ഉണ്ട്, മറ്റ് തൊഴിലുകൾക്കൊപ്പം കൃഷിയിലും ഇടപെടുന്നവരും ഉണ്ട്. Bsc (അഗ്രി )ബിരുദം നേടിയ ശേഷം, സർക്കാർ ജോലിയ്ക്ക് ശ്രമിക്കാതെ കാർഷിക സംരംഭകയായ ഹരിപ്പാട്ടെ വാണി, ഭർത്താവ് എഞ്ചിനീയർ ആയ വിജിത്, ചേർത്തലയിലെ യൂത്ത് ഐക്കൺ സുജിത്, തിരുവനന്തപുരത്തെ ഹരിതമിത്ര പുരസ്‌കാര ജേതാവ് സുജിത്,സുനിൽ സെൽവരാജ്, ജ്യോതിഷ് കഞ്ഞിക്കുഴി, അനിൽ ലാൽ, നിഷാദ്, കുളക്കടയിലെ സുബിത് പൂവറ്റൂർ, പാലമേൽ റുബീന ഷിബു, ബിൻസി, കൊല്ലം കടവൂരിലെ പ്രിൻസ് വിശ്വനാഥൻ, അനിൽ മംഗല്യ, മകൻ ആദിത്യൻ, തൃശൂർ വെള്ളങ്കല്ലൂർ ശ്യാം മോഹൻ, പാലക്കാട്ടെ സമ്മിശ്രകർഷകൻ ജ്ഞാനശരവണൻ, പാലക്കാട്ടെ ലിപിൻ കേരളീയം, കോഴിക്കോട്ടെ സുനിൽ വെള്ളന്നൂർ, ഹരിതംബുരു, ശ്രീവിദ്യ.... അങ്ങനെ ഇവരുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ഇവർ കാർഷിക കേരളത്തിന്റെ ഭാവി ഭാഗധേയം തിരുത്തിയെഴുതാൻ കെല്പുള്ളവർ.. അവരെ വേണ്ടവിധം സർക്കാർ പിന്തുണച്ചാൽ നൂറ് കണക്കിന് ചെറുപ്പക്കാർ കൃഷിയിലേക്ക് വരുമെന്ന കാര്യത്തിൽ സംശയം വേണ്ട.ഇവർക്ക്, മറ്റ് കർഷകരെ കൈപിടിച്ച് നടത്താനായി സർക്കാർ പ്രതിമാസം ഒരു തുക ഓണറേറിയം നൽകിയാലും ഒരു തെറ്റുമില്ല.
പക്ഷെ ഇവരൊക്കെ നേരിടുന്ന പ്രധാന പ്രശ്നം കൃഷി ചെയ്യാൻ ഭൂമി യഥേഷ്ടം ലഭിക്കുന്നില്ല എന്നതാണ്. കൃഷിഭൂമി കർഷകന് എന്ന സ്വപ്നം ഭൂപരിഷ്കരണത്തിലൂടെ കേരളത്തിൽ യാഥാർഥ്യമായി. പക്ഷെ ഭൂമിയുടെ വലിപ്പക്കുറവും പിന്തുടർച്ച നിയമങ്ങളും ഒക്കെ ഭൂമിയെ വീണ്ടും വീണ്ടും തുണ്ടുവൽക്കരിക്കാൻ തുടങ്ങി. ഗൾഫ് പണത്തിന്റെ വരവോടെ ഭൂമി ഒരു ഉത്പാദന ഉപാധിയെന്ന നിലയിൽ നിന്നും നിക്ഷേപം എന്ന നിലയിലേക്ക് മാറി. പഴയ ഭൂവുടമകളുടെ സ്ഥാനത്തു പുത്തൻകൂറ്റ്കാർ വന്നു. സാമ്പത്തികമായി മെച്ചപ്പെട്ടവർ മക്കളെ പഠിപ്പിച്ചു ഉദ്യോഗസ്ഥരാക്കി, അല്ലെങ്കിൽ അവർ ഉന്നത വിദ്യാഭ്യാസം നേടി വിദേശങ്ങളിലേക്ക് ചേക്കേറി. ഇന്ന് നാട്ടിൻപുറങ്ങളിൽ നിധികാക്കുന്ന ഭൂതങ്ങളെപോലെ വൃദ്ധരായ മാതാപിതാക്കൾ മാത്രം. അവരാകട്ടെ, തരിശായി കിടക്കുന്ന ഭൂമി കൃഷി ചെയ്യാൻ മറ്റുള്ളവർക്ക് ഉപാധികളോടെ പോലും നൽകാൻ വിമുഖത കാണിക്കുന്നു. പച്ചമലയാളത്തിൽ പറഞ്ഞാൽ 'നായ തിന്നുകയുമില്ല, പശുവിനെ തീറ്റിക്കുകയുമില്ല 'എന്ന അവസ്ഥ.
ഇതിന് മാറ്റം ഉണ്ടാവുക തന്നെ വേണം. ഒരു വർഷം നൂറ് കണക്കിന് കോടി രൂപയാണ് പച്ചക്കറി വാങ്ങാനായി നമ്മൾ ഇതര സംസ്ഥാനങ്ങളിലേക്ക് നൽകുന്നത്. നമ്മുടെ നാട്ടിലെ തരിശായ സ്ഥലങ്ങൾ ഉപാധികളോടെ , കൃഷി ചെയ്യാൻ തയ്യാറുള്ളവർക്ക് നൽകാൻ ഭൂവുടമകൾ തയ്യാറാകണം. അവരുടെ ആശങ്കകൾ പരിഹരിക്കാൻ ജുഡീഷ്യൽ അധികാരമുളള റെഗുലേറ്ററി അതോറിറ്റി നിലവിൽ വരണം. കൃഷിഭൂമി തരിശ്ശിടുന്നത് നിയമവിരുദ്ധമാക്കണം. ഒന്നുകിൽ ഉടമ കൃഷി ചെയ്യണം, ഇല്ലെങ്കിൽ തദ്ദേശ ഭരണ സ്ഥാപനവും കൃഷിവകുപ്പും കണ്ടെത്തുന്നവർക്ക് യൂസർ ഫീ കൈപ്പറ്റി, ഉപാധികളോടെ കൃഷി ചെയ്യാൻ നൽകാൻ തയ്യാറാകണം.
കൃഷി വകുപ്പ് തുടക്കം കുറിച്ചിരിക്കുന്ന Navo -Dhan ഈ ദിശയിലേക്കുള്ള ഒരു ധീരമായ ചുവട് വയ്പ്പാണ്.
ഇന്നത്തെ പോസ്റ്റിലെ കഥാനായകനായ മലപ്പുറം മക്കരപ്പറമ്പ പറത്തോടി സൈഫുള്ളയെ പോലെയുള്ളവർക്ക് കൃഷി ചെയ്യാൻ ഭൂമി നൽകിയാൽ അവർ അതിൽ കനകം വിളയിക്കും. അവർ കൃഷി ശാസ്ത്രം പഠിക്കുന്നത് സർക്കാർ ജോലിയ്ക്ക് വേണ്ടിയല്ല, മറിച്ച് കൃഷി ചെയ്യാൻ ആണ്, നാട്ടിൽ തൊഴിലവസരങ്ങൾ ഒരുക്കാൻ ആണ്, പൊതുസമൂഹത്തിനു കഴിക്കാൻ സുരക്ഷിതഭക്ഷണം ഒരുക്കാൻ വേണ്ടിയാണ്. അവർക്കായി നിയമപരിഷ്കാരങ്ങളും നയങ്ങളും അനുപൂരകമാകേണ്ടതുണ്ട്.
കൃഷിശാസ്ത്രപഠനം കഴിഞ്ഞാൽ ബ്രുണെയിൽ നിന്നും സൈഫുള്ളയ്ക്ക് ഓഫറുകൾ ഉണ്ട്. പക്ഷെ ഇവരെ പോലെയുള്ളവരെ കേരളത്തിൽ തന്നെ നിലനിർത്താൻ നമ്മുടെ ഭരണകൂടങ്ങൾ ശ്രമിക്കുകതന്നെ വേണം. കാനഡയിലേക്കും ആസ്‌ട്രെലിയായിലേക്കും അയർലണ്ടിലേക്കും ചേക്കേറാൻ യുവാക്കൾ സ്വപ്നം കാണുമ്പോൾ, നാട്ടിൽ നിൽക്കാൻ, തൊഴിലവസരങ്ങൾ ഒരുക്കാൻ, കഴിവുള്ള ചെറുപ്പക്കാർക്ക് നമ്മൾ തുണയാകണം.
രണ്ടാം ഭൂപരിഷ്കരണത്തിന് കാലമായി. "നിങ്ങൾ കൃഷി ചെയ്യുക, അല്ലെങ്കിൽ കൃഷി ചെയ്യാൻ ഞങ്ങൾക്ക് തരിക", അതിന് നിയമപരിരക്ഷ തരും, ഉചിതമായ പ്രതിഫലവും.
സൈഫുള്ളമാർ ഒരു വലിയ പ്രതീക്ഷയാണ്... ഈ കേരളപ്പിറവി ദിനത്തിൽ ഇവരെയോർത്ത് നമുക്ക് അഭിമാനിക്കാം...
എന്നാൽ അങ്ങട്...
പ്രമോദ് മാധവൻ
💚💚💚💚💚💚💚💚💚💚💚💚💚💚💚
പടം കടം :സൈഫുള്ള പറത്തൊടി