Cayman in Avocado - 'Hass'
നമ്മുടെ നാട്ടിൽ അത്ര പ്രിയതരമല്ലെങ്കിലും വിദേശങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട പഴങ്ങളിൽ ഒന്നാണ് വെണ്ണപ്പഴം അഥവാ അവക്കേഡോ. ജ്യൂസ്, ഷേയ്ക്ക്, ഫ്രൂട്ട് സലാഡ് എന്നിവയിൽ ആണ് കൂടുതലായും ഉപയോഗിക്കുന്നത്.
21 ഡിഗ്രി മുതൽ 37ഡിഗ്രി വരെ റേഞ്ചിൽ ഉള്ള ചൂട് സഹിക്കുന്ന ഇനങ്ങൾ ആണ് സമതല കൃഷിയ്ക്ക് യോജിച്ചത്.
അവോകാഡോ കൃഷി ചെയ്യുമ്പോൾ എപ്പോഴും രണ്ട് മരമെങ്കിലും നടണം.. കാരണം 'Protogynous dichogamy' എന്ന സവിശേഷമായ ഒരു പ്രതിഭാസം അതിന്റെ പൂക്കൾ പ്രകടിപ്പിക്കുന്നു. ഒരേ പൂവിൽ തന്നെ ആൺ -പെൺ അവയവങ്ങൾ ഉണ്ടെങ്കിലും അവ പ്രജനനത്തിനായി സജ്ജമാകുന്നത് വ്യത്യസ്ത സമയങ്ങളിൽ ആണ്. പൂവിലെ പെൺ ഭാഗം രാവിലെ തുറക്കുമ്പോൾ കേസരങ്ങൾ സജ്ജമാകില്ല. കേസരങ്ങൾ ഉത്സർജ്ജിക്കുമ്പോൾ പരാഗരേണുക്കൾ സ്വീകരിക്കേണ്ട പെൺഭാഗം അടയും.
എത്ര വിചിത്രം? പര പരാഗണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രകൃതിയുടെ തനത് രീതികൾ!!
അതിലൂടെ വർഗ വൈവിധ്യം ഉറപ്പ് വരുത്തുന്നു എന്നും പറയാം.
ഈ സവിശേഷതയെ അടിസ്ഥാനപ്പെടുത്തി A type, B type എന്ന രീതിയിൽ ഇനങ്ങളെ വർഗീകരിച്ചിരിക്കുന്നു.
ഒരേ സമയം ആൺ പെൺ അവയവങ്ങൾ പ്രവർത്തനക്ഷമമാകുന്നതിനാണ് രണ്ട് ചെടികൾ നടണമെന്നും അവയിൽ ഒന്ന് Type A യും മറ്റൊന്ന് Type B യും ആകണമെന്നും നിർദേശിക്കുന്നത്.
ലോകത്ത് ഏറ്റവും പ്രിയമുള്ള അവോക്കാഡോ ഇനമാണ് ഹാസ് (Hass).
അമേരിക്കയിൽ വിൽക്കപ്പെടുന്ന 80 ശതമാനവും ഈ ഇനമാണ്. കടും പച്ച നിറമുള്ള, പരുപരുപ്പുള്ള തൊലിയാണിതിന്. പൂർണമായും പഴുത്ത് കഴിയുമ്പോൾ ഇളം ബ്രൗൺ നിറമാകും.
കാലിഫോണിയ യിലെ റുഡോൾഫ് ഹാസ് എന്ന പോസ്റ്റ്മാന് ആണ് 1935ൽ ഇതിന്റെ പേറ്റൻറ് ലഭിച്ചത്. അന്ന് വരെ Fuerte എന്ന ഇനമാണ് വിപണി വാണുകൊണ്ടിരുന്നത്. Rudolf Haas യഥാർഥത്തിൽ, താൻ മറ്റൊരാളിൽ നിന്നും വാങ്ങിയ ഭൂമിയിൽ വളർന്ന ഒരു അവക്കേഡോ മരം മികച്ചത് എന്ന് കണ്ടെത്തി അത് സ്വന്തമാക്കി പ്രചരിപ്പിക്കുകയായിരുന്നു.
ഇസ്രായേൽ ഇന്ന് ഈ ഇനം വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്.
കുരു മുളപ്പിച്ച ഇനങ്ങൾ കായ് ഫലമെത്താൻ ഏഴ് മുതൽ പത്ത് വർഷം വരെ എടുത്തേക്കാം. എന്നാൽ ഗ്രാഫ്റ്റ് ചെയ്ത തൈകൾ 3-4വർഷത്തിൽ കായ് പിടിക്കും. നീർ വാർച്ച കുറഞ്ഞ ഇടങ്ങളിൽ നടുന്നത് ഒഴിവാക്കണം. സൂക്ഷ്മ മൂലകങ്ങൾ അടക്കമുള്ള വളങ്ങൾ രണ്ട് മാസത്തിൽ ഒരിക്കൽ ചെറിയ തവണകളായി കൊടുക്കുന്നത് കൂടുതൽ ഗുണം ചെയ്യും. നല്ല വെയിൽ ഉള്ള സ്ഥലങ്ങൾ തന്നെ നടാൻ തെരെഞ്ഞെടുക്കണം.
പ്രമോദ് മാധവൻ (കൃഷി ഓഫീസർ ചാത്തന്നൂർ)