ഇന്ന് ഒക്ടോബർ 1, ലോക കാപ്പി ദിനം | Today is October 1, World Coffee Day
ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പി ഏതാണ് എന്നറിഞ്ഞാൽ ആരും ഒന്ന് ഞെട്ടും.
ഇന്തോനേഷ്യ യിലെ ജാവ, സുമാത്ര, ബാലി എന്നിവിടങ്ങളിൽ ലഭ്യമായ 'കോപി ലുവാക്' എന്ന കാപ്പിപ്പൊടിക്ക് കിലോയ്ക്ക് 25000 രൂപയിലേറെ വില വരും.
വളരെ ശുദ്ധമായ രീതിയിൽ ഉണ്ടാക്കുന്നത് കൊണ്ടാണ് ഈ വില !!🤭
അവിടുത്തെ വനങ്ങളിൽ കാണുന്ന Asian Civet അഥവാ വെരുക് വർഗമായ Paradoxurus hermaphroditus ന്റെ കാഷ്ഠത്തിൽ നിന്നും പെറുക്കി എടുക്കുന്ന കാപ്പിക്കുരുവിൽ നിന്നും ഉണ്ടാക്കുന്നതിനാൽ ആണ് ഈ തീവില.
ഒരു തരത്തിൽ പറഞ്ഞാൽ ഏറ്റവും അശുദ്ധവും രോഗാണുക്കൾ നിറഞ്ഞതുമാണ് ഈ കാപ്പിക്കുരു എന്ന് പറയാം.
രണ്ട് കാരണങ്ങൾ കൊണ്ടാണ് ഇതിന് ഇത്ര വൈശിഷ്ട്യം വരുന്നത്. ഒന്ന് ഈ വെരുകുകൾ കാപ്പിച്ചെടിയിലെ ഏറ്റവും നല്ല പഴുത്ത കായ്കൾ ആയിരിക്കും ഭക്ഷിക്കുക. രണ്ട് ആ കായ്കൾ അവയുടെ ദഹന വ്യൂഹത്തിലൂടെ കടന്നു പോകുമ്പോൾ വയറ്റിലുള്ള എൻസൈമുകളുടെ പ്രവർത്തനഫലമായി കാപ്പിക്കുരുവിന് ഒരു പ്രത്യേക ഫ്ലേവർ ലഭിക്കുന്നു.
മറ്റൊന്ന് ഇതിന്റെ ദൗർലഭ്യം ആണ്. ഗുഹകളിലും കാടകങ്ങളിലും പോയി ഇത് പെറുക്കിയെടുക്കുന്നതിന്റെ ആയാസവും റിസ്കും.ഇതെല്ലാം കൂടി ആകുമ്പോൾ പിന്നെ വിലയ്ക്ക് ന്യായീകരണവും ആയല്ലോ.
പക്ഷേ, ആർത്തി മൂത്ത നമ്മുടെ വിരുതന്മാർ സദാചാരവിരുദ്ധമായ രീതിയിൽ ഈ 'കാഷ്ഠ കോഫി 'ഉണ്ടാക്കാൻ തുടങ്ങി. വെരുകുകളെ പിടിച്ചു കൂട്ടിൽ ഇട്ടു അവയ്ക്കു തിന്നാൻ പഴുത്ത കാപ്പിക്കുരു കൊടുക്കും. പിന്നീട് അവയുടെ വിസർജ്യത്തിൽ നിന്നും കുരു പെറുക്കി എടുത്ത് കഴുകി വറുത്തു പൊടിക്കും.
പക്ഷെ, ഇത് പുറം ലോകം അറിഞ്ഞതോടെ പണി പാളി.
മൃഗ സ്നേഹികൾ ഇത് ക്രൂരതയാണെന്ന് മുറവിളി കൂട്ടി.
ഇടുങ്ങിയ കൂടുകളിൽ ഏകാന്തതയിൽ വേണ്ടത്ര ഭക്ഷണം കൊടുക്കാതെ കുറെ വെരുകുകൾ ചാകുകയും ചെയ്തു.
മനുഷ്യാ.. നിന്റെ ആർത്തിയും സ്വാർത്ഥതയും....
ഇൻഡോനേഷ്യൻ ദ്വീപ സമൂഹങ്ങളിൽ അധിനിവേശം നടത്തിയ ഡച്ചുകാർ ആദ്യ കാലങ്ങളിൽ അവിടുത്തെ സ്വദേശികളായ തൊഴിലാളികളെ കാപ്പിച്ചെടിയിൽ നിന്നും കായ്കൾ പറിച്ചു ഉപയോഗിക്കാൻ അനുവദിക്കില്ലായിരുന്നു. ആയതിനാൽ ആ പാവങ്ങൾ തറയിൽ വീണ് കിടക്കുന്നതും വെരുക് തിന്ന് വിസര്ജിക്കുന്നതുമായ കായ്കൾ പെറുക്കിയാണ് ഉപയോഗിച്ചിരുന്നത്. പിന്നീടാണ് ഈ കാപ്പിയുടെ അപൂർവത ഡച്ച്കാർക്കു മനസ്സിലായത്. പിന്നെ മരത്തിലെ കാപ്പി തൊഴിലാളിയും, കാഷ്ഠകാപ്പി മുതലാളിയും കഴിക്കാൻ തുടങ്ങി !!
എന്നാൽ ഈ കാപ്പിയ്ക്കു അനുപമമായ വൈശിഷ്ട്യം ഒന്നുമില്ല എന്ന് വേറൊരു കൂട്ടർ. കഥകൾ മെനെഞ്ഞു അപൂർവത സൃഷ്ടിക്കുകയാണ് എന്നാണ് അവരുടെ പക്ഷം.
വെരുക് കാപ്പി കുടിച്ച ചില രുചിവിശാരദന്മാർ അതിന്റെ രുചിയെ ആംഗലേയത്തിൽ ഇങ്ങനെ ആണ് അടയാളപെടുത്തിയത്.
Smooth, chocolaty and devoid of bitter after taste. Its earthy, musty, syrupy, smooth and rich with both jungle and chocolate undertones.
എന്താല്ലേ??
വാൽകഷ്ണം :
അവർ തേങ്ങാ ഉടയ്ക്കുമ്പോൾ നമ്മൾ ചിരട്ട എങ്കിലും ഉടയ്ക്കണ്ടേ?
അവൻ ഇതാ ഇവിടെയും എത്തി. ഇങ്ങു കുടകിൽ.
Coorg Consolidated Commodity (CCC)എന്ന സ്റ്റാർട്ട് അപ്പ് കമ്പനി 'Ainmane 'എന്ന ബ്രാൻഡിൽ കാഷ്ഠ കോഫി ഇറക്കിക്കഴിഞ്ഞു. . ആദ്യ വർഷം 20കിലോ, രണ്ടാം വർഷം 200കിലോ, ഇക്കൊല്ലം 1000കിലോ ആണ് ലക്ഷ്യം.
ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ കാപ്പി ഉൽപ്പാദകർ ഇന്ത്യ ആണ്. ഏതാണ്ട് രണ്ടര ലക്ഷം ഏക്കർ വനവിസ്തൃതി ഉള്ള കുടകിൽ വെരുകുകൾ ധാരാളമുണ്ട്. വിദഗ്ധരായ കാഷ്ഠം ശേഖരിപ്പുകാരിൽ നിന്നും കിലോയ്ക്ക് രണ്ടായിരം രൂപയ്ക്ക് വാങ്ങി വൃത്തിയാക്കി റോസ്റ്റ് ചെയ്തു പൊടിയാക്കി വിറ്റ് പണമുണ്ടാക്കുകയാണ് തമ്മൂ പൂവയ്യായും നരേന്ദ്ര ഹെബ്ബാറും ഒക്കെ. കാഷ്ഠ കാപ്പി കുടിക്കാൻ കാത്തിരിക്കുന്ന സെലിബ്രിറ്റികളാണ് ഉന്നം.
വലിയവന്റെ കഴപ്പാണല്ലോ എളിയവന്റെ പിഴപ്പ്.🤭
കൂർഗിൽ ക്ലബ്ബ് മഹിന്ദ്ര യുടെ മടിക്കേരി റിസോർട്ടിൽ ഇത് ലഭ്യമാണ്.
ഇത് കൂർഗ് കോപി ലുവാക്. ഇന്ത്യൻ ഡാ...
എന്നാൽ അങ്ങട്...
പ്രമോദ് മാധവൻ