വിരലുകളിൽ വിരിയുന്ന ചാർപായികൾ. ഇതാണ് ഇബ്നു ബതൂത പറഞ്ഞ കട്ടിൽ
ഉത്തരേന്ത്യയിലെ ഗ്രാമീണ കാഴ്ച്ചകൾ ചാർപായികളില്ലാതെ പൂർണ്ണമാവില്ല. അത്രമേൽ അവരുടെ ജീവിതത്തോട് ഈ കട്ടിലുകൾ ചേർന്നുകിടക്കുന്നുണ്ട്. നമ്മുടെ നാട്ടിലേതു പോലെയുള്ള കട്ടിലുകൾ ഇവിടെ ഗ്രാമങ്ങളിൽ ഞാൻ പൊതുവെ കണ്ടിട്ടില്ല. വീടുകളിലും ഗ്രാമങ്ങളിലെ പൊതുയിടങ്ങളിലും കിടക്കാനും ഇരിക്കാനും ഭക്ഷണം കഴിക്കാനും ഉപയോഗിക്കുന്നത് ഈ ചാർപായി തന്നെ. ഗ്രാമീണ ഹോട്ടലുകളിലും ധാബകളിലും വരെ ഭക്ഷണം കഴിക്കാൻ ചാർപായികളാണ് സജ്ജീകരിക്കാറുള്ളത്. ഭക്ഷണവിഭവങ്ങൾ ചാർപായിക്ക് മുകളിൽ ഒരു തടിക്കഷ്ണം വെച്ച് ക്രമീകരിക്കും. ഒരു ചാർപായിയിൽ രണ്ട് മുതൽ നാല് പേർക്ക് വരെ മുഖാമുഖമിരുന്ന് ഭക്ഷണം കഴിക്കാം.
![]() |
-ചായ്പായിയുടെ വ്യത്യസ്ത ഉപയോഗങ്ങൾ |
ചാർപായിക്ക് അയ്യായിരം വർഷത്തിലേറെ പഴക്കമുള്ള പ്രൗഢമായ ഒരു ചരിത്രമുണ്ട്. ഈജിപ്ത്, മെസപെട്ടോമിയൻ നാഗരികതകളിൽ ചാർപായികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പക്ഷെ, പഴമയുടെ പ്രൗഢിയും സൗന്ദര്യവും ഒട്ടും ചോരാതെ ഇപ്പോഴും ചാർപായികൾ നിലനിൽക്കുന്നു.
ലോക സഞ്ചാരി ഇബ്നു ബതൂതയുടെ സഞ്ചാര കൃതിയിലും ചാർപായിയെ കുറിച്ച് പരാമർശമുണ്ട്. ''ബംഗ്ലാവിൽ ഞാനെത്തിയപ്പോൾ ഫർണിച്ചറുകളും പരവതാനികളും പാത്രങ്ങളും പായകളും കട്ടിലുകളുമടക്കം എല്ലാം സജ്ജീകരിക്കപ്പെട്ടിണ്ടായിരുന്നു. ഇന്ത്യൻ കട്ടിലുകൾ വളരെ ഭാരം കുറഞ്ഞവയാണ്. ഒരാൾക്ക് തന്നെ അനായാസം അത് ചുമക്കാനാകും. യാത്രകളിൽ ഓരോരുത്തരും അവരുടെ കട്ടിലുകൾ കൂടി കൂടെ കരുതും. അടിമകളാണ് ഇത് വഹിക്കുന്നത്. നാല് മരക്കാലുകൾക്ക് മുകളിൽ സിൽക്ക് അല്ലെങ്കിൽ കോട്ടൺ നൂലുകൾ കൊണ്ടാണ് കട്ടിലുകൾക്ക് മുകളിൽ നെയ്തെടുക്കുന്നത്. കിടക്കുന്നയാൾക്കനുസരിച്ച് അത് സ്വയം പരുവപ്പെടും...''
![]() |
-ഇബ്നു ബതൂതയുടെ കൃതിയിൽ ചാർപായി പരാമർശിക്കപ്പെടുന്ന ഭാഗം |
44 രാജ്യങ്ങളിലൂടെ ഏകദേശം 1,20,000 കിലോമീറ്റർ ദൂരം പായകപ്പലുകളും ഒട്ടകങ്ങളും ഇതര യാത്രാമാർഗങ്ങളും ഉപയോഗപ്പെടുത്തി അക്കാലത്ത് ഇബ്നു ബതൂത സഞ്ചരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഈ സാഹസിക യാത്രകളുടെ വിവരണമാണ് പ്രസിദ്ധമായ 'രിഹ് ലതു ഇബ്നു ബതൂത' (The Travels of Ibn Battuta) എന്ന പുസ്തകം. എ.ഡി 1330കളിലാണ് ഇബ്നു ബതൂത ഇന്ത്യ സന്ദർശിക്കുന്നത്. അന്ന് ഡൽഹി കേന്ദ്രീകരിച്ച് തുഗ്ലക്ക് രാജവംശമായിരുന്ന ഭരണം നടത്തിയിരുന്നത്. മുഹമ്മദ് ബിൻ തുഗ്ലക്കായിരുന്നു രാജാവ്. അന്ന് രാജസദസ്സിൽ ന്യായാധിപനായും ഇബ്നു ബതൂത സേവനം ചെയ്തിട്ടുണ്ട്.
![]() |
-ഇബ്നു ബതൂതയും അദ്ദേഹത്തിന്റെ പ്രസിദ്ധമായ സഞ്ചാര കൃതിയുടെ അറബിക്, ഇംഗ്ലീഷ് പതിപ്പുകളും |
'ചാർപായി' എന്ന പദത്തിനർത്ഥം നാല് കാലുകളുള്ളത് എന്നാണ്. നാല് മരത്തടികൾ പരസ്പരം ബന്ധിച്ച് മുകളിൽ സിൽക്/കോട്ടൺ നൂലുകൾ മനോഹരമായി നെയ്തെടുക്കുന്നതോടെ ചാർപായി തയ്യാറായി. പക്ഷെ, ഒരൽപം കലാബോധവും ക്ഷമയും ഈ ജോലിക്ക് വേണം. കാഴ്ച്ചയിലെ ലാളിത്യം പോലെ അത്ര ലളിതമല്ല ഇത്.
ഹരിയാനയിലെ കോട്ബാസയിലേക്കാണ് ഈ കാഴ്ച്ചകൾ കാണാൻ ഞാനെത്തിയത്. 55 വർഷത്തിലേറെ പഴക്കമുള്ള ഒരു ചാർപായി നിർമ്മാണ യൂണിറ്റ് നരേഷ് ഭായിയുടെ ഉടമസ്ഥതയിൽ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ചാർപായിയുടെ മരക്കാലുകൾക്ക് ഡിസൈനുകൾ നൽകി പരുവെപ്പെടുത്തിയെടുക്കുന്നതാണ് ഇതിലെ ആദ്യ ഘട്ടം. നരേഷ് ഭായി ഈ ജോലിയിൽ നിപുണനാണ്. മരക്കഷ്ണം അതിവേഗം കറക്കി അതിൽ ഉളികളുപയോഗിച്ച് ഡിസൈൻ നൽകുന്നു. അഞ്ചോ ആറോ തരം ഉളികൾ ഇതിനുപയോഗിക്കുന്നുണ്ട്. ഈ പ്രക്രിയക്ക് woodturning എന്നാണ് പേര്.
![]() |
-മരക്കാലുകൾ കടഞ്ഞെടുക്കുന്ന നരേഷ് ഭായിയും ഉപയോഗിക്കുന്ന വിവിധ തരം ഉളികളും |
ഈ മരക്കാലുകൾക്ക് മുകളിൽ നൂലുകൾ നെയ്തെടുക്കുന്നതാണ് രണ്ടാം ഘട്ടം. നല്ല ക്ഷമയും സമയവും കലാബോധവും ഇതിനുവേണം. ഗ്രാമത്തിലെ സ്ത്രീകളാണ് പൊതുവെ ഈ ജോലി ചെയ്യാറുള്ളത്. 30 വർഷത്തിലേറെ പ്രവൃത്തിപരിചയമുള്ള ഹാറൂൻ ഭായിക്കാണ് നരേഷ് ഭായിയുടെ കടയിൽ ഇതിന്റെ ചുമതല. ചാർപായിക്ക് മുകളിലെ വർണ്ണാഭമായ നെയ്തുഭംഗി ഇവിടെയാണ് വിരിയുന്നത്. ഹാറൂൻ ഭായിയുടെ മനസ്സിലെ ഡിസൈൻ ചാർപായിയിൽ പതിയെ തെളിഞ്ഞുവരുന്നത് അപ്പോൾ കാണാം. ശേഷം, പോളിഷിങ് കൂടി പൂർത്തിയാക്കുന്ന ഒരു ചാർപായിക്ക് 6,500 രൂപയാണ് വില.
![]() |
-ചാർപായി നിർമ്മാണത്തിലെ നെയ്തുജോലി ചെയ്യുന്ന തൊഴിലാളി |
ചാർപായ് നിർമ്മാണം മനസ്സുനിറയെ കണ്ടു. അവരുടെ സ്നേഹവായ്പ്പുകൾ ഹൃദയം നിറയെ അനുഭവിച്ചു. നരേഷ് ഭായിയുടെ ചായസത്കാരത്തിൽ പങ്കെടുത്തു. ചാർപായിയേക്കാൾ സൗന്ദര്യമുണ്ട് അതോട് ചേർന്നു നിൽക്കുന്ന ഈ മനുഷ്യർക്ക്.
![]() |
-നരേഷ് ഭായിയുടെ ചാർപായി നിർമ്മാണ കട |