കേരളത്തിലും ബസ്മതി കൃഷി ചെയ്യാം. എന്നാൽ വടക്കേയിന്ത്യയിൽ ലഭിക്കുന്നത് സുഗന്ധം (aroma) ഇവിടെ ലഭിക്കണമെന്നില്ല. ഉൽപാദനം ഹെക്ടറിന് 2-2.5 ടൺ പ്രതീക്ഷിക്കാം. സാധാരണ മില്ലിൽ ബസ്മതി കുത്തിയെടുക്കാൻ കഴിയില്ല എന്നതു പ്രശ്നമാണ്. നീണ്ടു മെലിഞ്ഞ അരിയായതിനാൽ നുറുങ്ങിപ്പോകാതെ കുത്തിയെടുക്കണമെങ്കിൽ റബർ റോളർ മില്ല് ആവശ്യമാണ്. നിലവിൽ മലപ്പുറം ജില്ലയിൽ ഈ സൗകര്യമുണ്ട്. അതുകൊണ്ടുതന്നെ മലപ്പുറം ജില്ലക്കാർക്ക് ബസ്മതിക്കൃഷിയും വിപണനവും എളുപ്പമാകും. ഇതര ജില്ലക്കാർക്കും കൃഷിയാവാം. എന്നാൽ സാധാരണ മില്ലിൽ കുത്തിയെടുക്കേണ്ടി വരുമെന്നതിനാൽ നുറുങ്ങിയ അരിയാവും ലഭിക്കുക. സ്വന്തം ആവശ്യത്തിന് പ്രയോജനപ്പെടുമെങ്കിലും വിപണനമൂല്യമുണ്ടാവില്ല.
ജീരകശാല, ഗന്ധകശാല
ജീരകശാലയും ഗന്ധകശാലയും വയനാടിന്റെ തനത് സുഗന്ധ നെല്ലിനങ്ങളാണ്. ഓരോ ഇനത്തിനും തനതു മേന്മകളുണ്ടാവുമല്ലോ. സുഗന്ധത്തിൽ മാത്രമേ ബസ്മതിയും ജീരകശാല, ഗന്ധക ശാല ഇനങ്ങളും തമ്മിൽ സാമ്യമുള്ളൂ. ബസ്മതി അരിമണിയോളം നീണ്ടതല്ലെങ്കിലും ജീരകശാല അരിയും ഏറക്കുറെ നീണ്ടു മെലിഞ്ഞതാണ്. എന്നാൽ ഗന്ധകശാല ഉരുണ്ട ഇനമാണ്. ബസ്മതിക്കു ബദലായല്ല, വേറിട്ട അരിയിനം എന്ന നിലയ്ക്ക് ജീരകശാല, ഗന്ധകശാല ഇനങ്ങൾക്ക് വിപണനസാധ്യതയുണ്ട്.