കൂർക്ക (ചീവക്കിഴങ്ങ്, ചൈനീസ് പൊട്ടേറ്റോ) കൃഷി ഇറക്കാൻ സമയമായി | Chinese potato




കിഴങ്ങുവർഗ്ഗങ്ങളിലെ ഇത്തിരിക്കുഞ്ഞൻ ആണ് കൂർക്ക അഥവാ ചീവ കിഴങ്ങ്.

സുഡാൻ പൊട്ടറ്റോ, ചൈനീസ് പൊട്ടറ്റോ എന്നൊക്ക ആണ് അന്താരാഷ്ട്ര നാമങ്ങൾ.

കന്നടയിൽ സാംബ്രാണി, സിംഹളീസിൽ ഇന്നല, തമിഴിൽ സെറ്കിഴങ്ങ് എന്നൊക്കെയാണ് പേരുകൾ.

 കൂർക്ക കിഴങ്ങ് വൃത്തിയാക്കി എടുക്കുമ്പോൾ കയ്യിൽ മുഴുവൻ കറ പറ്റുമെങ്കിലും കൂർക്ക മെഴുക്കുപുരട്ടിയുടെ രുചി ഓർക്കുമ്പോൾ അതിൽ ഒരു വിഷമവുമില്ല.

കൂർക്കയും ബീഫും/പന്നിയിറച്ചിയും ഉലർത്തിയത് പലരുടെയും ഇഷ്ട ഭക്ഷണവുമാണ്. 

ലാമിയേസിയെ എന്ന സസ്യ കുടുംബത്തിലെ അംഗമാണ് കൂർക്ക.

 മനുഷ്യന് ഉപകാരപ്രദമായ ഒരുപാട് ചെടികൾ ഈ കുടുംബത്തിലുണ്ട്. പൊതിന, ബേസിൽ, റോസ്മേരി, ചിയാ, പനിക്കൂർക്ക, ലാവൻഡർ, സഫേദ് മുസ്‌ലി എന്നിവയൊക്കെ ഈ കുടുംബത്തിലെ അംഗങ്ങളാണ്.






അലങ്കാരച്ചെടി ആയ സാൽവിയയും ഇതിൽ പെട്ടത് തന്നെ. 

 കേരളത്തിൽ പാലക്കാട്, തൃശ്ശൂർ ജില്ലകളിലാണ് കൂർക്ക ഏറ്റവും കൂടുതൽ കൃഷി ചെയ്തു വരുന്നത്. പാലക്കാട് ജില്ലയിലെ മുണ്ടൂർ, പുതുപ്പരിയാരം, ആലത്തൂർ, ചിതലി, മഞളൂർ എന്നിവിടങ്ങളിലും തൃശ്ശൂർ ജില്ലയിലെ മുളങ്കുന്നത്തുകാവ്, കോലഴി, അണ്ടത്തോട് എന്നിവിടങ്ങളിലൊക്കെ കൂർക്ക വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്തു വരുന്നു.

 പൂർണമായും ജൈവരീതിയിൽ കൃഷി ചെയ്ത് വിളയിക്കാവുന്ന കിഴങ്ങു വിളയാണ് കൂർക്ക.

വിഷു കഴിഞ്ഞ് വേനൽമഴ കിട്ടുന്നതോടെ കിളച്ച് കട്ടയുടച്ച്,മൂന്നടി വീതിയിൽ പണകൾ കോരി,അതിൽ ഒരടി അകലത്തിൽ കിഴങ്ങുകൾ പാകണം. അവ മുളച്ച്, തണ്ടുകൾ നീളുമ്പോൾ, 15 സെന്റീമീറ്റർ നീളത്തിൽ മുറിച്ച്, പറിച്ചുനടാൻ ഉപയോഗിക്കാം. 

        നിലം നന്നായി കിളച്ച് കട്ടയുടച്ച്, ഒരടി പൊക്കത്തിലും മൂന്നടി വീതിയിലും പണ കോരി, സെന്റിന് ഒരു കിലോ കുമ്മായം ചേർത്ത് രണ്ടാഴ്ച ഇടവേള നൽകണം.

 അതിനുശേഷം സെന്റ് ഒന്നിന് 50 കിലോ അഴുകി പൊടിഞ്ഞ ചാണകപ്പൊടി, ചാരം , 250 ഗ്രാം യൂറിയ, ഒരു കിലോ മസൂറി ഫോസ്, 350 ഗ്രാം പൊട്ടാഷ് എന്നിവ കൊത്തി ചേർത്ത് 15 cm നീളമുള്ള തണ്ടുകൾ ഒരു ചാൺ (15 cm) അകലത്തിൽ നടണം. മഴ ഇല്ലെങ്കിൽ രണ്ട് മൂന്ന് ദിവസം തണൽ നൽകണം.

45 ദിവസം കഴിഞ്ഞ് ഒരു സെന്റിന് 250ഗ്രാം യൂറിയ, 300ഗ്രാം പൊട്ടാഷ് എന്നിവ വിതറി മണ്ണ് കയറ്റി കൊടുക്കാം. ഈ ഘട്ടത്തിൽ കളകളും മറ്റും നീക്കം ചെയ്യണം.  

 ഗ്രോ ബാഗിലോ ചട്ടിയിലോ ചാക്കിലോ കൃഷി ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യം ഉള്ളിൽ നിറയ്ക്കുന്ന മിശ്രിതം ഇളക്കം ഉള്ളതായിരിക്കണം.തറഞ്ഞ് കട്ട പിടിച്ച് പോകാൻ പാടില്ല. 

അതിനായി തുല്യ അളവിൽ മണ്ണ്, അഴുകി പൊടിഞ്ഞ ചാണകപ്പൊടി, ചകിരിച്ചോർ കമ്പോസ്റ്റ് എന്നിവയും മേമ്പൊടി ആയി ഉമി, പഴക്കംചെന്ന അറക്കപ്പൊടി, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി എന്നിവയും
 ചേർത്ത് തയ്യാറാക്കണം.

ഒരു ഗ്രോബാഗിൽ ഒന്നോ രണ്ടോ തലപ്പുകൾ നടാം, വളർന്നുവരുമ്പോൾ പോട്ടിങ് മിശ്രിതം തണ്ടിന്റെ മുട്ടുകളിൽ (nodes) ഇട്ടുകൊടുത്താൽ കിഴങ്ങ് ഉൽപ്പാദനം നടക്കും.

ഒരു തണ്ടിൽ നിന്നും 150 മുതൽ 200 ഗ്രാം വരെ കിഴങ്ങ് ലഭിക്കും.

പൂർണമായും ജൈവരീതിയിൽ വിളയിച്ച് എടുക്കാവുന്ന കൂർക്ക നാല് -നാലര മാസം കൊണ്ട് വിളവെടുക്കാം.

കിഴങ്ങുകളുടെ പുറത്ത് ചെറുമുഴകൾ ഉണ്ടാക്കുന്ന നിമാ വിരകൾ, ഇല തീനി പുഴുക്കൾ എന്നിവയാണ് പ്രധാന ശത്രുക്കൾ.

ഒരു സെന്റിൽ നിന്നും 50 മുതൽ 70 വരെ കിലോ കിഴങ്ങ് ലഭിക്കും. കിലോയ്ക്ക് 30-35 രൂപ കർഷകന് ലഭിക്കും.

ശ്രീധര, നിധി, സുഫല എന്നിവയാണ് മികച്ച ഇനങ്ങൾ.

ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിൽ നിന്നും നടാനുള്ള തണ്ടുകൾ ലഭിച്ചേക്കാം. 

✍🏻 പ്രമോദ് മാധവൻ



Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section