രോഗ-കീടശല്യം
സംസ്ഥാനത്ത് പൊതുവേ കുറിയ ഇനങ്ങളിൽ രോഗ-കീടശല്യം കൂടുതലെന്നു കാണാം. നെടിയ ഇനങ്ങളെ അപേക്ഷിച്ച് കുറിയ ഇനങ്ങളുടെ ഓലയ്ക്കും മടലിനുമൊക്കെ വലുപ്പവും ദൃഢതയും കുറയും. കാറ്റിൽ വളയാനും ഒടിയാനും സാധ്യത കൂടും. ഒടിയുന്ന പക്ഷം മുറിവിൽ നിന്നു പുറപ്പെടുന്ന ഗന്ധം കീടങ്ങളെ ആകർഷിക്കും. സംസ്ഥാനത്ത് കാലങ്ങളായുള്ള ഉയർന്ന തെങ്ങുകൃഷിസാന്ദ്രതയും ഹൈബ്രിഡ് ഇനങ്ങളുടെ പുതുകൃഷിയിൽ രോഗ കീടബാധയ്ക്കു വഴി വയ്ക്കുന്നുണ്ട്. ഹെക്ടറിൽ 175 തെങ്ങുകൾ ശുപാർശ ചെയ്യുന്നിടത്ത് 220-230 തെങ്ങുകളുണ്ട് നമ്മുടെ സംസ്ഥാനത്ത്. ഈ പഴയ നെടിയ ഇനങ്ങളുടെ കീഴിലാണ് കുറിയ ഇനങ്ങൾ നടുന്നതെങ്കിൽ സൂര്യപ്രകാശ ലഭ്യത കുറയും. രോഗ, കീടാക്രമണം കൂടും.
വാണിജ്യക്കൃഷി
കുറിയ ഇനങ്ങളുടെ വാണിജ്യക്കൃഷിക്കു മുതിരുമ്പോൾ പ്രാദേശിക സാഹചര്യങ്ങളും പരിഗണിക്കേണ്ടതുണ്ട്. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള തെക്കൻ ജില്ലകളിൽ തെങ്ങുകൾക്ക് കാറ്റുവീഴ്ച, ഓലചീയൽ രോഗങ്ങൾ കൂടുതലാണ്. ഓലചീയലിന്റെ ഫലമായുള്ള ചീക്കുമണത്തിൽ മയങ്ങി കൊമ്പൻ ചെല്ലിയും പിന്നാലെ ചെമ്പൻ ചെല്ലിയുമെത്തും. അതുകൊണ്ടുതന്നെ വാണി ജ്യാടിസ്ഥാനത്തിൽ, അതായത് ഹെക്ടറിൽ 175 തെങ്ങുകൾ എന്ന കണക്കിൽ, കുറിയ തെങ്ങുകളുടെ തോട്ടം പരിപാലനം ദുഷ്കരമാണ്. തെക്കൻ ജില്ലകളിൽ, വീട്ടുവളപ്പിലേക്കായി മൂന്നോ നാലോ കുറിയ ഇനങ്ങൾ മാത്രം വളർത്തുന്നതാവും ഉചിതം.
റബർത്തോട്ടം വെട്ടി നീക്കി കുറിയ തെങ്ങിൻതോട്ടം ഒരുക്കുന്നതുപോലുള്ള സാഹസം വേണ്ടാ. അതേസമയം, കാറ്റുവീഴ്ച കുറവുള്ള പാലക്കാട്, മലപ്പുറം എന്നീ വടക്കൻ ജില്ലകളിൽ കുറിയ ഇനങ്ങൾ തോട്ടമായിത്തന്നെ കൃഷി ചെയ്യുന്ന ഒട്ടേറെപ്പേരുണ്ട്. കാറ്റുവീഴ്ച രോഗം ഇല്ലാത്തിടത്ത് കുറിയ ഇനങ്ങളുടെ വാണിജ്യക്കൃഷിയാകാമെന്നു സാരം.
ഇനങ്ങൾ
കാറ്റുവീഴ്ച ചെറുക്കാൻ ശേഷിയുള്ള കുറിയ ഇനങ്ങളാണ്
സിപിസിആർഐയുടെ കൽപ്രശീ കൽപരക്ഷ എന്നിവ. കാറ്റുവീഴ്ച പ്രദേശങ്ങളിൽ രണ്ടിനങ്ങളും കൃഷി ചെയ്യാം. വീട്ടാവശ്യത്തിനുള്ള കൃഷിക്കും ഇവ യോജ്യം. കൊപ്ര അളവിൽ കൂടുതൽ മെച്ചം കൽപരക്ഷയാണ്. ഏറക്കുറെ നാടൻ ഇനത്തോടു കിടപിടിക്കുന്ന അളവിൽ കൊപ്ര ലഭിക്കും. വാണിജ്യക്കൃഷിക്ക് കൽപരക്ഷ മികച്ചത്. പൂർണമായും കുറിയ പ്രകൃതമല്ല ഇതിന്. വളർന്നു വരുമ്പോൾ ഇടത്തരം വലുപ്പം പ്രതീക്ഷിക്കാം.
കാറ്റുവീഴ്ചയില്ലാത്തിടങ്ങളിൽ സിപിസിആർഐ ഇനമായ ചാവക്കാട് കുറിയ ഓറഞ്ച് (ചെന്തെങ്ങ്) യോജിക്കും. ഇളനീരിന് മികച്ചത്. കൽപസൂര്യ, കൽപജ്യോതി എന്നീ കുറിയ ഇനങ്ങളും വാണിജ്യക്കൃഷി ചെയ്യാം. ആന്ധ്രയുടെ തീരദേശമേഖലകൾക്കായി വികസിപ്പിച്ചെടുത്തതാണ് ഗംഗബോന്തം എന്ന കുറിയ ഇനം. സംസ്ഥാനത്ത് ഒട്ടേറെപ്പേർ ഇതു കൃഷി ചെയ്യുന്നതായി കാണുന്നു. എന്നാൽ ഇതും സണ്ണങ്കിയുമൊന്നും ഇവിടെ കൃഷിക്കു സിപിസിആർഐ ശുപാർശ ചെയ്യുന്നില്ല.