ക്വിനോവയ്ക്കെന്താ കൊമ്പുണ്ടോ? | പ്രമോദ് മാധവൻ

സമകാലിക മലയാളി നേരിടുന്ന ഒരു വലിയ പ്രശ്നം കഴിയ്ക്കുന്ന ഭക്ഷണത്തിലെ അന്നജത്തിന്റെ ആധിക്യം അഥവാ Carbo Toxicity ആണ്.



 എല്ലുമുറിയെ പണിയെടുത്തിരുന്നപ്പോൾ രാവിലെ പഴങ്കഞ്ഞിയും ഉച്ചയ്ക്ക്  ചോറിനൊപ്പം കപ്പയോ ചക്കയോ മീൻകറിയും ചേർത്ത് പോക്കഞ്ഞിയും പിന്നെ രാത്രിയിൽ വീണ്ടും ചോറോ കഞ്ഞിയോ ഒക്കെ കഴിച്ചാലും ഒരു പ്രശ്നവും ഇല്ലായിരുന്നു. കാരണം അകത്ത് ചെല്ലുന്ന അന്നജം മുഴുവൻ കഠിനാധ്വാനത്തിലൂടെ ഊർജ്ജമായി എരിച്ചുകളയുമായിരുന്നു. അത് കൊഴുപ്പായി അടിവയറ്റിൽ അടരുകളായി അടിഞ്ഞുകൂടുമായിരുന്നില്ല.


പക്ഷെ സുഖസൗകര്യങ്ങൾ കൂടുകയും മണ്ണിൽ നിന്ന് അകലുകയും "നൈസ് പണിയും കട്ടി ശാപ്പാടും "ആയതോടു കൂടി മലയാളിയുടെ അരവണ്ണം കൂടാൻ തുടങ്ങി. കുടവയർ പ്രമാണിമാർക്ക് മാത്രമല്ല പ്രമാണമില്ലാത്തവർക്കും സാധാരണമായി. "ഷുഗറിന്റെ അസുഖം" ജനകീയവത്കരിക്കപ്പെട്ടു. 


അങ്ങനെ കുറേപേർ ഒരു നേരം ഗോതമ്പ് കഴിയ്ക്കുന്ന ശീലത്തിലേക്ക് വന്നു. പക്ഷെ എന്ത് കാര്യം? അരിയായാലും ഗോതമ്പായാലും ദഹിച്ചു കഴിയുമ്പോൾ നല്ല ഒന്നാന്തരം അന്നജം തന്നെ. നല്ല കറികളും മാംസവിഭവങ്ങളും ഉണ്ടെങ്കിൽ അരിയോളം തന്നെ അളവിൽ ഗോതമ്പും അകത്ത് ചെല്ലാൻ തുടങ്ങി. ഇടത്തേ കാലിലെ മന്ത് വലത്തേ കാലിലേക്ക് മാറി എന്ന് പറയുന്നത് പോലെ. ഒരു വ്യത്യാസവും വന്നില്ല.


 അപ്പോഴാണ് പുതിയ അവതാരം വന്നത്. ഓട്സ്. അങ്ങ് ക്രിസ്തുവിനും മുൻപ് തന്നെ ആളുകൾ കഴിച്ചു വന്ന ധാന്യം. 1900 വരെ  അമേരിക്കയിൽ മൃഗങ്ങൾക്ക് മാത്രം കൊടുത്തിരുന്ന ധാന്യം.വളക്കൂറ് കുറഞ്ഞ മണ്ണിലും നന്നായി വളരുന്ന ഒരു ശീതകാലവിള.

മറ്റ് ധാന്യങ്ങളെ അപേക്ഷിച്ച് വലിയ കീടരോഗങ്ങളൊന്നുമില്ലാത്ത ഒരു വിള.Rolled oats എന്ന പതുക്കിയ രൂപത്തിലും രണ്ടോ മൂന്നോ കഷണങ്ങൾ ആക്കിയ steel cut oats എന്ന രൂപത്തിലും കിട്ടാൻ തുടങ്ങി. കഞ്ഞി ഉണ്ടാക്കാൻ പറ്റിയ പരുവം. Steel cut ഓട്സ് വെന്ത് കിട്ടാൻ അല്പം കൂടുതൽ സമയം എടുക്കും. ആഗോളവിപണിയിൽ കാനഡ, റഷ്യ, ഓസ്ട്രേലിയ എന്നിവരുടെ കുത്തകയാണ് ഓട്സ്. കൊളെസ്ട്രോൾ കുറയ്ക്കാൻ പറ്റിയ ഒരു ഭക്ഷണമായി പൊതുവിൽ ഗണിയ്ക്കപ്പെടുന്നു.


100 ഗ്രാം ഓട്സ് കഴിക്കുമ്പോൾ ഏതാണ്ട് 11.6 ഗ്രാം നാരുകൾ ശരീരത്തിന് ലഭിക്കും. 16.9 ഗ്രാം പ്രോട്ടീനും കിട്ടും. 7% കൊഴുപ്പും ഉണ്ട്. പിന്നെ വിറ്റാമിനുകളും ധാതുക്കളും ഇഷ്ടം പോലെ. സ്ഥിരമായി, മിതമായി കഴിച്ചാൽ Low Density കൊളെസ്ട്രോൾ കുറയും. അയാൾ ആണല്ലോ അപകടകാരി. അത് Oat beta -glucan ഉള്ളത് കൊണ്ടാണ്. പൊണ്ണത്തടി കുറയ്ക്കാനും ബെസ്റ്റ്. 1966 ൽ Quaker Oats കമ്പനി Instant Oat meal ആദ്യമായി അവതരിപ്പിച്ചു. പാല് പോലെ ഓട്സ്സിൽ നിന്നും Oat milk ഉണ്ടാക്കാനും തുടങ്ങി. അതിൽ നിന്നും ബിയറും ഉണ്ടാക്കാറുണ്ട്. കുതിരകളുടെ ഇഷ്ടഭക്ഷണവുമാണ്.


ഈയടുത്ത കാലം വരെ രോഗം ബാധിച്ച പ്രിയജനങ്ങൾക്ക്( ഇപ്പോഴും ) നമ്മൾ സമ്മാനമായി വില കൂടിയ ഓട്സ് ആയിരുന്നു നൽകിയിരുന്നത്.


അങ്ങനെയിരിക്കെയാണ് ആളുകളുടെ ശ്രദ്ധ പെട്ടെന്ന് ചെറുധാന്യങ്ങൾ അഥവാ മില്ലെറ്റ്സ്‌ അഥവാ Nutri Cereals ലേക്ക് എത്തിയത്. 


ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞതും ധാരാളം നാരുകളുള്ളതും ധാതുക്കളാൽ സമ്പുഷ്ടമായതുമായതിനാൽ അത് വേഗം വിപണി കീഴടക്കി. അത് പ്രചരിപ്പിക്കാൻ സാക്ഷാൽ ഇന്ത്യൻ പ്രധാനമന്ത്രി തന്നെ രംഗത്തെത്തി. "ശ്രീ അന്ന"  എന്ന് പേരുമിട്ടു. അങ്ങനെ കിലോയ്ക്ക് 20-25 രൂപയുള്ളതും അരുമപ്പക്ഷികൾ കുശാലായി തിന്ന് കൊണ്ടിരുന്നതുമായ തിന അടക്കമുള്ള ചെറുധാന്യങ്ങൾ പെട്ടെന്ന് VIP മാരായി. വിലയും ആവശ്യകതയും കുത്തനെ കൂടി.


 റാഗി അഥവാ കുവരക്, Foxtail millet അഥവാ കുതിരവാലി, Pearl millet അഥവാ ബാജറ , Kodo millet, Brown top millet, Barnyard millet, Little millet അഥവാ ചാമ എന്നിങ്ങനെ നിരവധി ഇനങ്ങൾ.


 നൂറ്റാണ്ടുകളായി നമ്മുടെ ഗോത്രവർഗ്ഗക്കാരുടെ പ്രിയ ഭക്ഷണം.മഴയെ മാത്രം ആശ്രയിച്ചു കൃഷി ചെയ്യാവുന്ന വിളകൾ എന്ന നിലയിൽ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്ന വിളകൾ എന്ന നിലയിൽ അവ Future Food ആയി കരുതപ്പെടുന്നു.


 ലോകത്ത് ഏറ്റവും കൂടുതൽ മില്ലെറ്റ്സ്‌ ഉത്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. ലോക മില്ലറ്റ് ഉത്പാദനത്തിന്റെ ഏതാണ്ട് 38 ശതമാനം. ഇതിൽ സൊർഗം അഥവാ മണിച്ചോളം, King of Millets എന്നും അറിയപ്പെടുന്നു. Gluten free ആയതിനാൽ എല്ലാവർക്കും സ്വീകാര്യരാണ് മില്ലെട്സ്. റാഗി അഥവാ കുവരക് വളരെ വിശിഷ്ടമായ ഭക്ഷണമാണ്. ഇന്ത്യയിൽ രാജസ്ഥാൻ ആണ് ഏറ്റവും കൂടുതൽ മില്ലെട്സ് ഉത്പാദിപ്പിക്കുന്നത്. രണ്ടാം സ്ഥാനം കർണാടകയ്ക്കും മൂന്നാം സ്ഥാനം മഹാരാഷ്ട്രയ്ക്കുമാണ്. (കേരളം ചിത്രത്തിലേ ഇല്ല). അരിയോട് ഏറ്റവും സാമ്യമുള്ളത് കോഡോ മില്ലറ്റിനാണ്.

തൈറോയ്ഡ് ഡിസ്ഫങ്ക്ഷൻ പ്രത്യേകിച്ചും ഹൈപോതൈറോയ്ഡിസം ഉള്ളവർ മില്ലറ്റ് ഭക്ഷണം കുറക്കണം. ഫാറ്റി ലിവർ പ്രശ്നം ഉള്ളവർക്ക് റാഗിയും Foxtail മില്ലറ്റുമാണ് നല്ലത്.


ഇപ്പോഴിതാ പുതിയ ആൾ ,റൊമ്പ പെരിയമാന ആൾ, രംഗപ്രവേശം ചെയ്തിരിക്കുന്നു. എന്നാൽ ആൾ ഒരു ധാന്യമല്ല എന്നതാണ് രസകരം. നമ്മുടെ ചീരേടെ കുടുംബത്തിൽ നിന്നാണ് വരവ്.


 പേര് ക്വിനോവ (Quinoa ). Chenopodium quinoa എന്നാണ് സ്കൂളിൽ വിളിക്കുന്ന പേര്. ധാന്യം പോലെ പാചകം ചെയ്തു കഴിയ്ക്കാവുന്നതും എന്നാൽ ധാന്യമല്ലാത്തതുമായതിനാൽ 'കപടധാന്യം'  അഥവാ Pseudo Cereal എന്നുമറിയപ്പെടുന്നു. ഉയർന്ന അളവിൽ പ്രോട്ടീൻ, നാരുകൾ, വിറ്റാമിൻ ബി, ധാതു പ്രത്യേകിച്ചും പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിരിക്കുന്നു.


ഉയരം കൂടിയ മലമടക്കുകളിൽ വളരുന്ന ചെടിയാണ് ക്വിനോവ. പെറുവിലെ മാച്ചു പിച്ചു മലനിരകളിൽ സഹസ്രാബ്ദങ്ങൾക്ക്  മുൻപ് തന്നെ വിളഞ്ഞിരുന്ന ഭക്ഷണം.

കെനിയ, ഇന്ത്യ, US എന്നിവിടങ്ങളിൽ വാണിജ്യാഅടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്. 


വൈശിഷ്ട്യങ്ങൾ കടൽ കടന്നതോടെ 2006 നും 2014 നുമിടയിൽ ഇതിന്റെ വില മൂന്നിരട്ടിയായാണ് വർധിച്ചത്. ധാന്യങ്ങളെല്ലാം തന്നെ Monocot എന്ന ഒറ്റപ്പരിപ്പുള്ള വിത്തുകളെങ്കിൽ ക്വിനോവ Dicot വിഭാഗത്തിൽ പെടുന്ന ഇരട്ടപ്പരിപ്പുള്ള വിത്താണ്.


നമ്മുടെ ചീര കൃഷി ചെയ്യുന്ന പോലെ ക്വിനോവയും കൃഷി ചെയ്യാം. ഒരു ഹെക്റ്ററിൽ നിന്നും മൂന്ന് മുതൽ അഞ്ച് ടൺ വരെ വിളവ് ലഭിക്കും. പെറു ആണ് ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ക്വിനോവ ഉത്പാദിപ്പിക്കുന്നത്. ബോളീവിയയും ഇക്വഡോറും ആണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.


ഒരു ഭക്ഷണം എന്ന നിലയിൽ എന്തൊക്കെയാണ് ക്വിനോവയെ വ്യത്യസ്ത മാക്കുന്നത്?


1. ക്വിനോവ, ഗ്ലൂട്ടൻ ഫ്രീ (gluten -free ) ആയതിനാൽ Celiac രോഗം ഉള്ളവർക്ക് പേടി കൂടാതെ കഴിയ്ക്കാം 


2. Folates, Magnesium, Zinc, ഇരുമ്പ് എന്നിവയുടെ നല്ല ഭക്ഷ്യസ്രോതസാണ്.


3. അതിൽ Quercetin, Kaempferol എന്നീ ആന്റി ഓക്സിഡന്റുകൾ ഉണ്ട്. അത് ശരീരകോശങ്ങളെ അസ്വാഭാവിക നാശങ്ങളിൽ നിന്നും രക്ഷിക്കുന്നു.


4. നാരുകളാൽ സമ്പുഷ്ടമാണ് . കുടലിലെ ബാക്ടരിയകൾക്ക് കാവലാളാകുന്നു.


5. വലിയ അളവിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. മനുഷ്യശരീരത്തിന് തനിയെ ഉത്പാദിപ്പിക്കാൻ കഴിയാത്ത ഒൻപത് അമിനോ ആസിഡുകൾ അടങ്ങിയിരിക്കുന്നു.Vegan ഭക്ഷണ രീതികൾ പിന്തുടരുന്നവർക്ക് ഗുണകരമാണ് 


6. വേഗത്തിൽ പാചകം ചെയ്തെടുക്കാൻ സാധിക്കും 


ഗുണങ്ങളെപ്പോലെ അതിന് ചില പരിമിതികളും ഉണ്ട്.


പോഷകങ്ങളെ പോലെ അതിൽ ചില പ്രതി -പോഷകങ്ങളും (Anti nutrients ) ഉണ്ട്. സപ്പോണിൻസ്, ടാനിൻസ്, ഫ്യ്റ്റിക് ആസിഡ് മുതലായവ. അതിന്റെ സാന്നിധ്യം ഇരുമ്പ്, Magnesium എന്നീ മൂലകങ്ങളുടെ വലിച്ചെടുക്കലിനെ (Absorption ) വെല്ലുവിളികൾ സൃഷ്ടിക്കും. നന്നായി വെള്ളത്തിൽ കഴുകി, അൽപനേരം കുതിർത്തു പാചകം ചെയ്യുന്നത് ഈ പ്രശ്നം പരിഹരിക്കാൻ സഹായിക്കും. അത് പോലെ തന്നെ ഓക്സലേറ്റ്സ് അധികമായി ഉള്ളതിനാൽ കൂടുതൽ കഴിക്കുന്നത് ചിലരിൽ വൃക്കയിൽ കല്ലുകൾ ഉണ്ടാകാൻ കാരണമായേക്കും.


പുതിയ ഭക്ഷണങ്ങൾ തേടിയുള്ള യാത്രയിലാണ് ശാസ്ത്ര ലോകം. എത്ര സുരക്ഷിതമായ ഭക്ഷണവും ഒരു ന്യൂനപക്ഷത്തിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി കാണുന്നു. ഭക്ഷണം സമീകൃതമാക്കുക എന്നതാണ് വഴി. അരി (തവിടോടു കൂടിയത് ), ഗോതമ്പ് (തവിടോട് കൂടിയത് ), വല്ലപ്പോഴും ഓട്സ്, ദിവസമോ രണ്ട് ദിവസമോ കൂടുമ്പോൾ ചെറുധാന്യങ്ങൾ, ഇടയ്ക്ക് ക്വിനോവ, എല്ലാ ദിവസവും 90 ഗ്രാം എങ്കിലും പയർ വർഗ്ഗങ്ങൾ, എല്ലാ ദിവസവും കഴിയുന്നത്ര പഴങ്ങളും പച്ചക്കറികളും എന്നുള്ള ഭക്ഷണക്രമം, ആവശ്യമായ വ്യായാമം, സദ്ചിന്ത, പരോപകാരം, ശരീരത്തിൽ സൂര്യപ്രകാശം കൊള്ളിയ്ക്കൽ എന്നിങ്ങനെ ഒരു നല്ല ജീവിതശൈലി ചെറിയ പ്രായം മുതൽ രൂപപ്പെടുത്താൻ സ്കൂൾ വിദ്യാഭ്യാസത്തിലൂടെ കഴിയണം. വീടുകളിലും Food Literacy ഉണ്ടാകണം. പുറമെ നിന്നുള്ള ഭക്ഷണങ്ങൾ കഴിയുന്നത്ര കുറയ്ക്കണം. ഹോസ്പിറ്റലുകൾ Food Malls ഒരുക്കുന്ന കാലമാണ്. "From Restaurants to Hospitals" എന്നതാണ് അവസ്ഥ. ഒന്ന് മറ്റൊന്നിന്റെ വളർച്ചയ്ക്ക് പൂരകമാകുന്നു.


വാൽക്കഷണം : വർഷം മുഴുവൻ ഒരേ ഭക്ഷണമല്ല, ഓരോ ഋതുവിലും നമുക്ക് ചുറ്റും പ്രകൃതി വിളയിക്കുന്ന ഭക്ഷണങ്ങൾ കഴിക്കാനാണ് നമ്മൾ ശ്രമിക്കേണ്ടത്.

 ഇലക്കറികൾ, കിഴങ്ങ് വർഗ്ഗങ്ങൾ, പൂക്കൾ, വിത്തുകൾ എന്നിവ ഭക്ഷണത്തിന്റെ ഭാഗം ആക്കണം. നിയന്ത്രിതമായ ഉപവാസം ഗുണം ചെയ്യും. പക്ഷെ വെള്ളം കുടിക്കുന്ന കാര്യത്തിൽ ഉപേക്ഷ പാടില്ല.


ഇടുക്കിയിലെ ദേവികുളം ബ്ലോക്കിൽ പെടുന്ന പഞ്ചായത്തുകളിൽ വിജയിക്കാൻ സാധ്യതയുള്ള വിളയാണ് ക്വിനോവ. കാർഷിക സർവ്വകലാശാല ഇതിന്റെ 'സാധ്യതാ പഠനങ്ങൾ 'നടത്തും എന്ന് പ്രതീക്ഷിക്കാം.


കൃഷി വൈവിധ്യവത്കരിക്കുക എന്നതാണ് ലാഭത്തിൽ എത്താനുള്ള കർഷകന്റെ മുന്നിലുള്ള വഴി. ഒരു ഫാമിൽ തന്നെ ധാന്യങ്ങൾ, പയർ വർഗ്ഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, സുഗന്ധ വ്യഞ്ജനങ്ങൾ, മുട്ട, പാൽ, ഇറച്ചി, കൂൺ, തേൻ എന്നിവ വാങ്ങാൻ ഉപഭോക്താവിന് അവസരം ഒരുക്കണം. കർഷകരുടെ കൂട്ടായ്മയിലൂടെയും പരസ്പര സഹകരണത്തിലൂടെയും ഇത് സാധ്യമാക്കാം. 


കാപ്പി കുടിയ്ക്കാൻ കാപ്പിത്തോട്ടം വാങ്ങേണ്ട കാര്യമില്ലല്ലോ? മനസ്സുണ്ടെങ്കിൽ വഴിയുമുണ്ട്. 


"Where there are wills, there are ways "🤣🤣🤣


ന്നാൽ അങ്ങട്....


പ്രമോദ് മാധവൻ 

പടം കടം : ഗൂഗിൾ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section