എന്റെ മരത്തിന് കുമിൾ രോഗം വരണേ ദൈബമേ....| പ്രമോദ് മാധവൻ

മരങ്ങൾക്ക് കുമിൾ രോഗങ്ങൾ വരരുതേ എന്നാണ് എല്ലാവരും പ്രാർത്ഥിക്കുക. ഇവിടെ പാട് പെട്ട് വളർത്തിയ ചെടികൾക്ക് രോഗം വരാൻ കാത്തിരിക്കുന്ന മനുഷ്യർ!! എന്തൊരു വിരോധാഭാസം?
രോഗം വന്നില്ലെങ്കിൽ അകിൽ വെറും വിറക് കഷ്ണം. രോഗം വന്നാലോ വിലമതിക്കാൻ കഴിയാത്ത വിശിഷ്ട വസ്തു. 

oud tree

മലയാളത്തിലെ രണ്ട് പ്രശസ്തമായ ചലച്ചിത്ര ഗാനങ്ങൾ.

ഒന്ന് 'നന്ദനം' എന്ന ചിത്രത്തിലെ, ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് രവീന്ദ്രൻ മാഷ് ഈണമിട്ട 'കാർമുകിൽ വർണന്റെ ചുണ്ടിൽ.. ' എന്ന ഗാനത്തിലെ 'ഞാനെൻ മിഴിനാളം അണയാതെരിച്ചും നീറും നെഞ്ചകം 'അകിലാ'യ് പുകച്ചും എന്ന വരികൾ. ഭാവം ഭക്തി.
1985ൽ പുറത്തിറങ്ങിയ, ഐ. വി. ശശി സംവിധാനം ചെയ്ത 'രംഗം' എന്ന ചിത്രം. അതിൽ എസ്. രമേശൻ നായരുടെ വരികൾക്ക് കെ.വി. മഹാദേവൻ സംഗീതം നൽകി ചിത്രയും കൃഷ്ണചന്ദ്രനും ആലപിച്ച, ഒരു പക്ഷെ മലയാളത്തിലെ ഏറ്റവും മികച്ച, ശൃംഗാരരസം നിറഞ്ഞു നിൽക്കുന്ന ഗാനം 'വനശ്രീ മുഖം നോക്കി വാൽക്കണ്ണെഴുതുമീ പനിനീർ തടാകമൊരു പാനപാത്രം 'എന്ന ഗാനത്തിന്റെ ചരണത്തിൽ 'ഒഴിയാത്തൊരോർമ്മ പോൽ എന്നും നിറയുമീ, ഓംകാരതീർത്ഥത്തിൽ മുങ്ങിയാലോ, 'അകിൽ'പുകയിൽ കൂന്തൽ തോർത്തി ഞാനവിടുത്തെ അണിമാറിൽ പൂണൂലായ് ഉതിർന്നാലോ 'എന്ന വരികൾ.
രതിയും ശൃംഗാരവും സമാസമം.
ഭക്തിയും ശൃംഗാരവും ഒരേ സമയം ജനിപ്പിക്കാൻ കഴിവുള്ള ഈ 'അകിൽ'ആരാണ്? അതേ, അവനാണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധതൈലമായ ഊദിന്റെ ഉറവിടം. അകിലും ചന്ദനവും മണക്കുന്ന ചരിത്രത്തിന്റെ ഇടനാഴികൾക്ക്‌ പറയാൻ കഥകളേറെ.
'അറേബ്യയുടെ സുഗന്ധം' എന്നുവേണമെങ്കിൽ അകിലിനെ(ഊദിനെ ) വിശേഷിപ്പിക്കാം.
തെക്കുകിഴക്കൻ ഏഷ്യയിലെ മഴക്കാടുകളിൽ ഒരുകാലത്ത് സമൃദ്ധമായി വളർന്നിരുന്ന അകിൽ മരങ്ങളിൽ നിന്നും സ്വാഭാവികമായി ഊറി വന്നിരുന്ന സുഗന്ധമായിരുന്നു ഊദ്. അക്വിലറിയ(Aquillaria ) എന്ന ജനുസ്സിൽ പെടുന്ന ഏതാണ്ട് പതിനേഴോളം ഇനങ്ങളിൽ പെട്ട വൃക്ഷങ്ങളിൽ, വളർച്ചയുടെ ഏതോ ദശാസന്ധിയിൽ പ്രകൃതിയുടെ ഇടപെടലുകൾ മൂലം ഊറിക്കൂടിയ സുഗന്ധം ലക്ഷങ്ങൾ വിലമതിക്കുന്നതായി മാറിയിട്ട് സഹസ്രാബ്ദങ്ങളായി .AD മൂന്നാം നൂറ്റാണ്ടിൽ വിയറ്റ്നാമിൽ നിന്നും ചൈന, ജപ്പാൻ എന്നിവിടങ്ങളിലേക്ക് ഊദ് വ്യാപാരം പതിവായിരുന്നുവത്രെ. ഇന്ന് മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ ഏറ്റവും വിലമതിക്കുന്ന, കിലോഗ്രാമിന് ലക്ഷങ്ങൾ വിലവരുന്ന സുഗന്ധദ്രവ്യമാണ് ഊദിന്റെ തടിയും അത്തറും.
കേരളത്തിലും, പ്രത്യേകിച്ച് കോഴിക്കോടും മറ്റും ഊദും ഊദിന്റെ അത്തറും വിൽക്കുന്ന കടകൾ ധാരാളമായി കാണാൻ കഴിയും, മണിയറ ഒരുക്കുമ്പോഴും ഗൃഹപ്രവേശന സമയത്തും മയ്യത്ത് നിസ്കാര വേളയിലും അകിൽ കൂട്ട് നിറയ്ക്കുന്ന പതിവുണ്ട്, 'ഉലുവാൻ പുകയ്ക്കുക' എന്നാണ് ഇതിനു പറയുക, അകിൽ, ചന്ദനം, കർപ്പൂരം, ഏലം , തേൻ എന്നിവ ചേർത്താണ് 'അകിൽകൂട്ട് ' ഉണ്ടാക്കുന്നത്. അറബികളുടെ വിശേഷാവസരങ്ങൾ ഊദിന്റെ സുഗന്ധമില്ലാതെ ഓർക്കാനേ കഴിയില്ല. ബുദ്ധമതക്കാരുടെ ആചാരങ്ങളിലും, ടിബറ്റൻ ആചാരങ്ങളിലും ഒക്കെ ഒരുപോലെ പ്രാധാന്യമുള്ള ഒന്നാണ് ഊദ്.



എന്തുകൊണ്ടാണ് ഊദിന് ഇത്ര വൈശിഷ്ട്യം വന്നത്?
സ്വാഭാവിക ആവാസവ്യവസ്ഥയിൽ അമ്പതും നൂറും വർഷങ്ങൾ പ്രായമുള്ള അകിൽ മരങ്ങളിൽ ചില പ്രത്യേക തരം വണ്ടുകൾ(Dynoplatypus chevrolati ) തുളയ്ക്കും. അത്തരം മുറിവുകളിലൂടെ ഫിയാലോഫോറ പാരസിറ്റിക്ക (Phialophora parasitica ) എന്ന ഒരുതരം കുമിൾ (fungus ) കടന്നുകൂടുകയും മരത്തിന്റെ കോശങ്ങളെ ആക്രമിക്കുകയും ചെയ്യും, സ്വാഭാവികമായും ഈ കടന്നാക്രമണത്തെ മരങ്ങൾ ചെറുക്കും, ഒരു തരം ഇന്റെര്ണൽ ഡിഫൻസ് മെക്കാനിസം(Internal defence mechanism ) എന്നുപറയാം, അതിന്റെ ഫലമായി ഒരുതരം കറുത്ത സ്രവം ഈ തടികളിൽ ഊറിക്കൂടും. തടിയുടെ നിറം വെളുപ്പിൽ നിന്നും കറുപ്പിലേക്ക് മാറുകയും ചെയ്യും, അതോടെ തടിയുടെ ഭാരം അല്പം വർദ്ധിക്കുകയും ചെയ്യും. ഇത്തരം തടികൾ കീട-രോഗാക്രമണത്തിന്റെ അവസാനഘട്ടത്തിൽ ചിതലിന്റെ ആക്രമണം നേരിട്ട തടിക്കഷ്ണത്തിന്റെ അവസ്ഥയിലേക്ക് വരും. അവ ശേഖരിച്ച് കറുത്ത ഭാഗങ്ങൾ മാത്രം പ്രത്യേകം ചെത്തിയെടുത്ത് വിപണിയിലെത്തിക്കും..അവ വാറ്റി തൈലവും എടുക്കും. അതാണ് കിലോയ്ക്ക് ലക്ഷങ്ങൾ വിലയുള്ള ഊദിന്റെ തടിയും അത്തറും.
മരങ്ങൾക്ക് കുമിൾ രോഗങ്ങൾ വരരുതേ എന്നാണ് എല്ലാവരും പ്രാർത്ഥിക്കുക. ഇവിടെ പാട് പെട്ട് വളർത്തിയ ചെടികൾക്ക് രോഗം വരാൻ കാത്തിരിക്കുന്ന മനുഷ്യർ!! എന്തൊരു വിരോധാഭാസം?
രോഗം വന്നില്ലെങ്കിൽ അകിൽ വെറും വിറക് കഷ്ണം. രോഗം വന്നാലോ വിലമതിക്കാൻ കഴിയാത്ത വിശിഷ്ട വസ്തു.
പക്ഷെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ ഏഴു മുതൽ പത്തു ശതമാനം മരങ്ങൾ മാത്രമാണ് ഈ കീടരോഗ ആക്രമണം നടന്ന് വിലപിടിപ്പുള്ള സുഗന്ധവ്യഞ്ജനം ആയി മാറുന്നത്. ആർത്തി മൂത്ത മനുഷ്യൻ കൃത്രിമ മാർഗങ്ങളിലൂടെ മരങ്ങളിൽ രോഗങ്ങൾ ഉണ്ടാക്കി ഊദ് ഉല്പാദിപ്പിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. അതിന്റെ പേരിൽ പല തട്ടിപ്പുകളും നടക്കുന്നുമുണ്ട്. പക്ഷേ 'ഉപ്പോളം വരുമോ ഉപ്പിലിട്ടത് 'എന്ന പഴഞ്ചൊല്ല് അർത്ഥമാക്കുന്നത് പോലെ, യഥാർത്ഥ വിപണിയിൽ സ്വാഭാവിക ഊദിന്റെ വില വരില്ല കൃത്രിമ രീതിയിൽ ഉണ്ടാക്കിയെടുക്കുന്ന ഊദിന്.
ആസാം, മണിപ്പൂർ, ബംഗ്ലാദേശ്, കമ്പോഡിയ, മ്യാൻമർ, തായ്‌ലൻഡ്, വിയറ്റ്നാം, ലാവോസ്, മലേഷ്യ എന്നിവിടങ്ങളിലാണ് സ്വാഭാവിക ആവാസവ്യവസ്ഥയിൽ ഊദ് മരങ്ങൾ കാണുന്നതും പ്രകൃത്യാ രോഗ-കീട ആക്രമണത്തിന് വിധേയമാകുന്നതും. ഇപ്പോൾ കേരളമടക്കം പല സംസ്ഥാനങ്ങളിലും ഊദ് മരങ്ങൾ നട്ടുപിടിപ്പിച്ച്,കൃത്രിമമായി രോഗബാധ ഉണ്ടാക്കി ഊദ് ഉൽപ്പാദിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. പക്ഷേ അതിനു ശാസ്ത്രീയമായ മാര്ഗങ്ങൾ അവലംബിക്കപ്പെടുന്നില്ല എന്നതാണ് വസ്തുത. ഫംഗസുകളെ കുറിച്ചോ ശരിയായ ഇനോക്ക്യൂലേഷൻ (inocculation ) രീതികളെക്കുറിച്ചോ യാതൊരു ധാരണയും ഇല്ലാത്ത ഒരു കൂട്ടം ആൾക്കാർ വലിയ ഫീസ് ഈടാക്കിയാണ് ആർട്ടിഫിഷ്യൽ ഇനോക്ക്യൂലഷൻ നടത്തുന്നത്. ഇതിനെ കുറിച്ചൊക്കെ ആൾക്കാർക്ക് മാർഗനിർദേശം നൽകേണ്ട സ്ഥാപനങ്ങൾ മൗനം പാലിക്കുന്നതും (വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്, TBGRI,കാർഷിക സർവകലാശാലയുടെ Forestry College തുടങ്ങിയവ ) തട്ടിപ്പുകൾക്ക് വളമാകുന്നുണ്ട്.



പെർഫ്യൂം ഇൻഡസ്ട്രിയിലെ മിന്നും താരമാണ് ഊദ് . അറബികളുടെ വിശേഷാവസരങ്ങളിൽ വീടുകളിലും പള്ളികളിലും ഊദ് പുകയ്ക്കുന്നത് സർവ്വസാധാരണമാണ്, വസ്ത്രങ്ങളിൽ പുരട്ടുന്നതിനും ഊദ് ഉപയോഗിക്കാറുണ്ട്.അവിടങ്ങളിൽ അത് പ്രൗഢിയുടെ അടയാളം കൂടിയാണ്. ഈജിപ്തിലെ മമ്മികളിൽ ഊദ് സമൃദ്ധമായി ഉപയോഗിച്ചിട്ടുള്ളതായി കണ്ടിട്ടുണ്ട്. ക്രിസ്ത്യൻ ഡിയോർ, ഊദ് ഇസ്പാഹൻ എന്ന പേരിലും , ടോം ഫോർഡ്, ഊദ് വുഡ് എന്ന പേരിലും ജോർജിയോ അർമാണി, ഊദ് റോയാൽ എന്ന പേരിലും ഊദ് അടിസ്ഥാനമാക്കിയുള്ള വിലപിടിപ്പുള്ള പെർഫ്യൂമുകൾ ഇറക്കുന്നുണ്ട്.
ഊദിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന ദുബായിൽ, ഇന്ത്യയിൽ വേരുകളുള്ള അജ്മൽ പെർഫ്യൂംസ് എന്ന കട ഗുണമേന്മയുള്ള ഊദിന് വളരെ പ്രശസ്തമാണ്. ഏറ്റവും ഗുണമേന്മയുള്ള ഒരു കിലോ ഊദിന്റെ തടിക്ക് ആയിരം ഡോളർ മുതൽ അൻപത്തി നാലായിരം ഡോളർ വരെ വിലയുണ്ട്. ഏതാണ്ട് ആറ് ബില്യൻ ഡോളർ ആണ് ഊദിന്റെ ആഗോള വിപണി.
അനിയന്ത്രിത വിളവെടുപ്പ് മൂലം ഊദ് മരങ്ങൾ വംശനാശഭീഷണി നേരിടുകയാണ് എന്ന് പറയാം. സ്വാഭാവിക ആവാസവ്യവസ്ഥയിൽ പ്രകൃത്യാ രോഗ-കീട ആക്രമണത്തിന് ഇരയായി, ഏറ്റവും ഗുണമേന്മയുള്ള ഊദ് തടികൾ കിട്ടാനില്ല എന്ന് തന്നെ പറയണം. വംശ നാശ ഭീഷണി നേരിടുന്ന മരങ്ങൾ ഉൾപ്പെടുന്ന Appendix II വിൽ ഊദ് മരങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. അവയുടെ ആഗോള വ്യാപാരവും നിരീക്ഷിക്കപ്പെടുന്നുണ്ട്.
Aquillaria agallocha,
Aquilleria malaccensis,
Aquillaria secundaria,
Aquilleria crasna,
Aquilleria sinensis എന്നിവയാണ് വാണിജ്യ പ്രാധാന്യമുള്ള അകിൽ ജനുസ്സുകൾ.

വാൽ കഷ്ണം : ഊദിന്റ തൈലം Liquid Gold എന്നും അറിയപ്പെടാറുണ്ട്. ഓരോ ഊദിനും വ്യത്യസ്തമായ സുഗന്ധമാണുള്ളത് എന്നാണ് വിദഗ്ധർ പറയുന്നത്.
അത്, അകിലിന്റെ വകഭേദം (species ) അതിനെ ആക്രമിച്ച കുമിളിന്റെ തരം, രോഗ തീവ്രത, മരത്തിന്റെ പ്രായം എന്നിവയെ ആശ്രയിച്ചിരിക്കും. ബുദ്ധമതക്കാർ ധ്യാനത്തിന് ഉപയോഗിക്കുന്ന 108 മണികൾ ഉള്ള മാല ഊദ് തടി കൊണ്ട് ഉണ്ടാക്കാറുണ്ട്. ഫ്രാൻസിലെ ലൂയിസ് പതിനാലാമൻ ഊദിന്റെ തൈലത്തിൽ തന്റെ വസ്ത്രങ്ങൾ കഴുകിയിരുന്നു എന്ന് കേട്ടിട്ടുണ്ട്. അരചന് എന്തും ആകാമല്ലോ? 😞
എന്നാൽ പിന്നെ രണ്ട് ഊദ് അങ്ങട് വയ്ക്ക്വല്ലേ ... നാടോടുമ്പോൾ നടുവേ എന്നാണാല്ലോ....കുമിൾ രോഗമൊന്നും വന്നില്ലെങ്കിലും carbon sequestration നടക്കട്ടന്നേ....
ഊദിനെ രോഗിയാക്കാൻ നടക്കുന്ന മുറി വൈദ്യൻമാരിൽ ( The so called Inocculation Specialists🤭) നിന്നും നമ്മുടെ കർഷകരെ രക്ഷിക്കാൻ കാർഷിക സർവ്വകലാശാലയിലെ Entomology, Plant Pathology ഡിപ്പാർട്മെന്റുകളോ പീച്ചിയിലെ കേരള വന ഗവേഷണ കേന്ദ്രത്തിലെ Forest Pathology ഡിപ്പാർട്മെന്റോ മുന്നോട്ട് വരണം. ഗവേഷണം ജനങ്ങളുടെ ആവശ്യം മുൻനിർത്തി ആയിരിക്കണം (Demand Driven )എന്നാണല്ലോ.. 🤪
എന്നാൽ അങ്ങട്..
പ്രമോദ് മാധവൻ
പടം കടം :ഗൂഗിൾ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section