അമരത്വത്തിന്റെ രഹസ്യം തേടി അലയുകയാണ് മനുഷ്യൻ.
മനുഷ്യന്റെ ദീർഘായുസ്സിന്റെ രഹസ്യം എന്താണ്?
മിതമായ, വിഷരഹിതമായ, പോഷക സമൃദ്ധമായ ഭക്ഷണം, നല്ല വ്യായാമം, നല്ല ചിന്തകൾ, നല്ല ഉറക്കം.
പൊതുവിൽ പറഞ്ഞാൽ നല്ല ഭക്ഷണവും ജീവിതശൈലിയും.
ഒരു നേരം കഴിയ്ക്കുന്നവൻ യോഗി
ഇരുനേരം കഴിയ്ക്കുന്നവൻ ഭോഗി
മുന്നേരമാണെങ്കിൽ രോഗി
നാല് നേരം കഴിയ്ക്കുന്നവൻ ദ്രോഹി എന്നാണ് ഒരു നാട്ടുമൊഴി.
ഇപ്പറഞ്ഞതിൽ സത്യം ഇല്ലാധില്ലാദില്ല. എന്ത് കഴിയ്ക്കണം എന്ന് നമ്മൾ ചെറിയ പ്രായത്തിൽ തന്നെ പഠിക്കണം. "ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം" എന്നും "ചുട്ടയിലെ ശീലം ചുടല വരെ" എന്നുമാണല്ലോ.
ഒരാൾ എന്ത് ഭക്ഷണം കഴിക്കണം, എത്ര കഴിക്കണം എന്നുള്ളത് അയാളുടെ പ്രായം, ചെയ്യുന്ന ജോലി എന്നിവയുമായി ബന്ധപ്പെട്ട് കിടക്കുന്നു. നന്നായി അധ്വാനിയ്ക്കുന്ന ഒരാൾക്ക് ഒരു ദിവസം 2400 കാലറി ഊർജ്ജം കിട്ടത്തക്ക അളവിലുള്ള ഭക്ഷണം വേണം. അധികം അധ്വാനിയ്ക്കാത്ത ഒരാൾക്ക് ഇത്രയും വേണ്ടിവരികയുമില്ല.
ഒരു വണ്ടി വലിക്കുന്ന ഭാരം, റോഡിന്റെ അവസ്ഥ എന്നിവയാണല്ലോ വണ്ടിയുടെ ക്ഷമത നിശ്ചയിക്കുന്നത്. അതുപോലെ നമ്മൾ എന്ത് കഴിയ്ക്കുന്നു എന്നത് വളരെ പ്രധാനമാണ്.
സാക്ഷരതയിലും ശുചിത്വത്തിലും ജീവിതനിലവാരത്തിലും ഉന്നതനിലവാരം പുലർത്തുന്ന കേരളീയർ ഒരു വർഷം കഴിക്കുന്നത് 4500 കോടി രൂപയുടെ ആന്റിബയോട്ടിക്കുകൾ ആണത്രേ. ഈ തുക കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഒരു കൊല്ലം ലഭിയ്ക്കുന്ന തുകയ്ക്ക് തുല്യമാണ്. നമ്മൾ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം മുഴുവൻ പലപ്പോഴും ആതുരാലയങ്ങൾക്ക് കാണിയ്ക്കയിടാൻ നമ്മൾ നിർബന്ധിതരാകുന്നു.
ഇന്ന് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് സംരംഭങ്ങളാകുന്നു ഹോട്ടലും ഹോസ്പിറ്റലും.ഒന്ന് മറ്റൊന്നിന് വളമാകുന്നു എന്ന് വേണമെങ്കിൽ പറയാം. നിലവാരം കുറഞ്ഞ എണ്ണയും പാലും തേയിലയും കറിപ്പൊടികളും ഇറച്ചിയും മൈദയും കൊണ്ട് വലിയൊരു പങ്ക് ഹോട്ടലുകളും നമ്മളെ രോഗാതുരരും ക്രമേണ ദരിദ്രരുമാക്കുന്നു.അധിനിവേശ ഭക്ഷണങ്ങൾ നമ്മളുടെ ആയുസ്സ് കുറയ്ക്കുന്നു.
എന്താണ് ഇതിൽനിന്നുമുള്ള പോംവഴി.
അത്, ആരോഗ്യകരമായ ഭക്ഷണശീലങ്ങളും ജീവിത ശൈലിയുമാണ്. പൊണ്ണത്തടിയും കുടവയറുമൊക്കെ ഒരു കാലത്ത് അഭിജാത ലക്ഷണങ്ങൾ ആയിരുന്നു. വ്യായാമരഹിതമായ ജീവിതശൈലിയുടെ പ്രതിഫലനമായിരുന്നു അത്. നമ്മൾ കാർഷികാധ്വാനത്തിൽ നിന്നും പിന്മാറിയത് കൊണ്ടും നമ്മുടെ വീടുകൾ യന്ത്രവത്കൃതമായതിന്റെയും പരിണതഫലവും.
ഒരാൾ ഒരു ദിവസം അല്ലെങ്കിൽ എല്ലാ ദിവസവും എന്ത് കഴിയ്ക്കണം എന്നതിന് വ്യക്തമായ ഉത്തരമുണ്ട്. അതിനുള്ള ഉത്തരമാണ് 'പ്ളേറ്റിൽ പാതി പച്ചക്കറി 'എന്നത്.
"My healthy food plate" അഥവാ "എന്റെ പോഷകത്തളിക" എന്ന സങ്കല്പം നമ്മൾ ഓരോരുത്തരും മനസ്സിലാക്കണം. നമ്മുടെ ആളുകൾ അകാലമൃത്യു അടയുന്നതിന്റെ കാരണങ്ങളിൽ പ്രധാനം രണ്ട് കാര്യങ്ങളാണ് എന്നാണ് വിദഗ്ധർ പറയുന്നത്. അത് Carbo toxicity യും Lipo toxicity യുമാണ്. അമിതമായി സ്റ്റാർച്ച് അഥവാ അന്നജം ആഹരിക്കുമ്പോൾ അത് ശരീരത്തിന് വിഷമയം ആകും. അതത്രേ Carbo toxicity. വളരെ ചെറിയ പ്രായത്തിൽ അത്തരം ആളുകൾ ഡയബറ്റിക് ആകുകയും അത് കൂടുതൽ ആരോഗ്യസങ്കീർണതകളിലേക്ക് നയിക്കുകയും ചെയ്യുന്നു.
ഭക്ഷണത്തിൽ കൊഴുപ്പ് കൂടുമ്പോൾ നമ്മൾ lipo toxic ആകുന്നു. ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടി ഹൃദയാരോഗ്യം നഷ്ടപ്പെടുന്നു. ഇത് രണ്ടും അപകടകരമായ അവസ്ഥയാണ്.
നന്നായി അധ്വാനിയ്ക്കുന്ന ഒരാൾ ഒരു ദിവസം ചെറുധാന്യങ്ങൾ (കുറഞ്ഞത് 80 ഗ്രാം )അടക്കം 270 ഗ്രാം അന്നജവും 90 ഗ്രാം പയർവർഗ്ഗങ്ങളും 400ഗ്രാം (100 ഗ്രാം ഇലക്കറികളും 100 ഗ്രാമിൽ കുറഞ്ഞ കിഴങ്ങ് വർഗ വിളകളും, കിഴങ്ങ് വർഗ്ഗങ്ങൾ കൂടിയാലും Carbo toxicity പ്രശ്നം ഉണ്ട് ) പച്ചക്കറിയും 100 ഗ്രാം പഴവും 20 ഗ്രാം അണ്ടിവർഗ്ഗങ്ങളും 300 ഗ്രാം പാലുത്പന്നങ്ങളും കഴിയ്ക്കണം എന്നാണ് ICMR പറയുന്നത്.
അധികം അധ്വാനിയ്ക്കാത്ത ആളുകൾ ഭക്ഷണം കുറയ്ക്കണം. പക്ഷെ കുറയ്ക്കേണ്ടത് അന്നജം ആണെന്ന് മാത്രം. കഴിയ്ക്കുന്ന അന്നജം പരമാവധി തവിട്ട് നിറത്തിൽ ഉള്ളവ ആയിരിക്കാനും ശ്രദ്ധിക്കണം. തവിട് നിലനിർത്തിയ അരിയോ ചെറുധാന്യങ്ങളോ (millets )ആട്ടയോ ഗോതമ്പോ ഓട്സോ ഒക്കെ ആകാം. പക്ഷെ മിതത്വം പാലിക്കണം എന്ന് മാത്രം. നമ്മുടെ 'സൗഹൃദ കുടൽ ബാക്ടരിയകൾ'ക്ക് (Beneficial Gut Bacteria )കൾക്ക് കഴിച്ച് പുളയ്ക്കാനുള്ള pre biotics ഉം pro biotics ഉം ഈ ഒരു ഭക്ഷണരീതി നൽകും. ഏറെ നേരം ദഹന വ്യൂഹത്തിൽ ഭക്ഷണം കെട്ടിനിൽക്കാതിരിയ്ക്കാനും ഇത് ഉപകരിക്കും.
നമ്മുടെ പരമ്പരാഗത നെല്ലിനങ്ങൾ (മട്ടയരി, പൊക്കാളി, ഞവര, രക്തശാലി, ചേറ്റാടി, ജീരകശാല, ഗന്ധകശാല, പാൽതൊണ്ടി മുതലായവ ), നാടൻ ഇലക്കറികൾ (വിവിധയിനം ചീരകൾ, മുരിങ്ങയില, മധുര ചീര, മായൻ ചീര, പൊന്നാങ്കണ്ണി ചീര, സൗഹൃദചീര, സാമ്പാർ ചീര, അഗസ്തി ചീര, പൊന്നാരിവീരൻ, കാബേജ്,കറിവേപ്പ്, ബ്രോക്കോളി, ലെറ്റുസ്, ബോക്ചോയ്, പാലക് മുതലായവ, കുവരക്, മണിച്ചോളം, തിന, വരക്, ബജറ എന്നിവയും നമ്മുടെ നാട്ടിൽ ഉണ്ടാകുന്ന വിവിധയിനം പച്ചക്കറികളും ചേന, ചേമ്പ്, കിഴങ്ങ്, കൂർക്ക, മധുരക്കിഴങ്ങ്, കാച്ചിൽ, ക്യാരറ്റ്, ബീറ്റ് റൂട്ട്, മുള്ളങ്കി എന്നിവയും ചക്ക, മാങ്ങാ, തേങ്ങാ, പപ്പായ, സീതപ്പഴം, നെല്ലിയ്ക്ക, സപ്പോട്ട, പാഷൻ ഫ്രൂട്ട്, കമ്പിളി നാരങ്ങ, തണ്ണിമത്തൻ എന്നിവയും നല്ല നാടൻ ഇഞ്ചിയും മഞ്ഞളും കൂവയുമൊക്കെ ഋതു ഭേദങ്ങൾക്ക് അനുസൃതമായി കഴിക്കാൻ നമുക്ക് കഴിയണം.
ഇത് വീട്ടിലുള്ളവവരുടെയൊക്കെ സഹായത്തോടെ ശാസ്ത്രീയമായ രീതിയിൽ മണ്ണറിഞ്ഞ് , വെയിലടിച്ച് വെള്ളം കൊടുത്ത്, സമീകൃതമായ വളം കൊടുത്ത് കീട-രോഗങ്ങളുമായി സമരസപ്പെട്ടു വളർത്തിയെടുക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയണം. ഭക്ഷണം കലർപ്പില്ലാത്തതും ശുദ്ധവും കഴിയുന്നത്ര പ്രാദേശികവും (local )ആയിരിക്കണം. അതിൽ എല്ലാ പോഷകങ്ങളും അടങ്ങിയിരിക്കണം. പരമാവധി നിറങ്ങൾ ഉളള ഭക്ഷണങ്ങൾ (Rainbow diet ) ഉൾപ്പെടുത്തണം. ദഹിക്കുന്നതും ദഹിയ്ക്കാത്തതുമായ നാരുകൾ കൊണ്ട് ഭക്ഷണങ്ങൾ സമ്പന്നമാകണം. മിതമായി കഴിക്കണം. ഇടയ്ക്ക് ലഘുവായി ഉപവസിച്ച്,ദഹനവ്യൂഹത്തിന് വിശ്രമം നൽകണം. നമുക്ക് പണി കിട്ടുന്നത് നമ്മളിലൂടെ തന്നെയാണ്. "നമുക്ക് നാമേ പണിവത് നാകം, നരകവുമത് പോലെ" എന്നാണല്ലോ.
കൃഷി വകുപ്പ് 'പോഷക സമൃദ്ധി മിഷൻ 'എന്ന പരിപാടിയുടെ ഭാഗമായി 'പൊതുജനാരോഗ്യം കൃഷിയിലൂടെ 'എന്ന മുദ്രാവാക്യവുമായി ഇറങ്ങുകയാണ്. ആരോഗ്യം, തദ്ദേശ സ്വയം ഭരണം, വനിതാ ശിശു ക്ഷേമം, സഹകരണം, വിദ്യാഭ്യാസം, മത്സ്യം, ക്ഷീര വികസനം എന്നീ വകുപ്പുകളുമായി സംയോജിച്ചാണ് പ്രവർത്തനം ഉദ്ദേശിക്കുന്നത്. സാധ്യമായ എല്ലാവരുമായും സഹകരിക്കാൻ ആണ് ശ്രമം.
ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് സഹോ?...
നമ്മളല്ലെങ്കിൽ പിന്നെ ആര്?
അരിയുടെ കാര്യത്തിൽ സ്വയം പര്യാപ്തത അസാധ്യം. പക്ഷെ പഴം -പച്ചക്കറി ഉത്പാദനത്തിൽ നമുക്കത് സാധിക്കും. 75 ലക്ഷം വീടുകൾ മുന്നിട്ടിറങ്ങിയാൽ...
അപ്പോൾ മറക്കേണ്ട... നാളെ മുതൽ "പ്ളേറ്റിൽ പാതി പച്ചക്കറി ". എന്താ തുടങ്ങുവല്ലേ....
എന്നാൽ അങ്ങട്...
പ്രമോദ് മാധവൻ
പടം കടം :വെജിറ്റബിൾ സെൽ, കൃഷി വകുപ്പ്