ലെയ്സും ചായയും കഴിച്ച് 7 40 നുള്ള ശ്രീ ഗംഗ നഗർ -കൽക്ക പാസ്സഞ്ചറിൽ 8 30 ഓടെ കൽക്കയിലെത്തി
ഹിമാലയ കവാടമായ കൽക്ക
ചെറിയൊരു സ്റ്റേഷനാണ് കൽക്ക .ഹരിയാനയിലെ പഞ്ചുക്ല ജില്ലയിലെ അവസാനിടം .ഇനിയങ്ങോട്ട് ബോഡ് ഗേജ് നാരോ ഗേജിന് വഴിമാറുന്നു.സ്റ്റേഷന് പുറത്തിറങ്ങിയപ്പോൾ സർവ്വം അന്ധകാരമയം .കാളി ദേവിയുടെ രൂപവുമേന്തിയുള്ള ഒരു ഗംഭീര ഘോഷയാത്രയാണ് ആകെയുള്ള വെളിച്ചം .കൽക്ക എന്ന പേരു തന്നെ കാളി ദേവിയിൽ നിന്ന് വന്നതാണ് .സ്റ്റേഷന് അടുത്തു തന്നെയായിരുന്നു ഹോട്ടൽ .വഴിയറിയാത്തതിനാൽ അൽപ്പം വട്ടം ചുറ്റി .കുറച്ചുകാലം ഖുർആൻ പഠിപ്പിച്ചിരുന്ന മലപ്പുറംകാരനായ മഹ് ഫൂസ് റഹ്മാനാണ് goibiboആപ്പ് വഴി ഹോട്ടൽ സായിയിലെ non ac ഡബിൾ റൂം എനിക്കും ദാവൂദിനുമായി 602 രൂപക്ക് ബുക്ക് ചെയ്തുതന്നത് .റൂമോ കലക്കനും .ലഗേജ് റൂമിലാക്കി പുറത്തിറങ്ങി റൊട്ടിയും പനീർ മസാലയും വയർ നിറച്ച് കഴിച്ച് ഒരു കുളിയും പാസാക്കി മൂന്നു മണിക്കെഴുന്നേൽക്കണമല്ലോ എന്ന വിഷമത്തോടെ കിടന്നതും ഉണർന്നതുമൊന്നും അറിഞ്ഞേയില്ല .
അടുപ്പിച്ചടുപ്പിച്ച് 6 ട്രെയിനുകൾ
നാലുമണിയാണ് ഞങ്ങളുടെ കൽക്ക -ഷിംല പാസഞ്ചർ സമയം .സ്റേഷനിലെത്തിയപ്പോൾ തയ്യാറെടുപ്പിൻറ്റെ ചൂളം വിളി മുഴങ്ങിക്കഴിഞ്ഞു.ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റ് (255 )മഹ്ഫൂസ് ബുക്ക് ചെയ്തിരുന്നതിനാൽ ടിടി യെ കാണേണ്ടതേയുണ്ടായിരുന്നുള്ളൂ .മൂന്നുപേർക്ക് അടച്ചിരിക്കാവുന്ന ഒരിടുങ്ങിയയിടമാണ് ഫസ്റ്റ് ക്ളാസ്സ് .ഞങ്ങളോടൊപ്പം ഒരു സ്ത്രീയും കൂടിയുണ്ടാകുമെന്നായിരുന്നു കയറുമ്പോൾ ടിടിഇ പറഞ്ഞിരുന്നത് .അപ്പോൾ തന്നെ മനസ്സിൽ ലഡ്ഡു പൊട്ടി. അങ്ങനെയിരിക്കുമ്പോൾ ഒരാളതാ ഓടിക്കിതച്ചു വന്ന് സീറ്റ് നമ്പർ ചോദിക്കുന്നു .വഴക്കിനും വക്കാണത്തിനുമിടയിൽ ലഡുവൊക്കെ പൊടിഞ്ഞു തരിപ്പണമായിപ്പോയി നിന്ന് യാത്രചെയ്തിട്ടുള്ള പലസന്ദർഭങ്ങളും ഓർമ്മയിൽ വന്നു .അയാളിരുന്നതും ട്രെയിൻ യാത്ര തിരിച്ചതും ഒപ്പമായിരുന്നു .
മേട്ടുപ്പാളയം -ഊട്ടി പാതയിൽ ദിനവും ഒരു ട്രെയിൻ മാത്രം അങ്ങോട്ടുമിങ്ങോട്ടുമോടുമ്പോൾ അടുപ്പിച്ചടുപ്പിച്ച്.Kalka Shimla Passenger ( 4:00 – 9:20),Rail Motor (5:10 – 9:50 ), Kalka Shimla Express (6:00 – 11:05),Shivalik Queen,Himalayan Queen ( 12:10 – 17:20) എന്നീ ട്രെയിനുകളാണ് ഈ പാതയിലോടിക്കൊണ്ടിരിക്കുന്നത്.Shivalik Queen നാകട്ടെ സഞ്ചാരികൾക്കുള്ള പ്രത്യേക ആഡംബര ട്രെയിനാണ് .8 കപ്പിൾസിനാണ് പ്രവേശനം .4 കപ്പിൾസിന് ഉച്ചഭക്ഷണം ഉൾപ്പെടെ നാലായിരത്തി ഇരുന്നൂറാണ് യാത്രാചാർജ്ജ് .
ഇരുട്ടിലെ കുഞ്ഞുദീപകണങ്ങളായ മിന്നാമിനുങ്ങുകളായി കൽക്ക നഗര ദൃശ്യങ്ങൾ മാഞ്ഞു . വഴിത്താരകളിലെ ഇളംകുളിരിൻന് ദേവദാരുക്കളുടെയും മാർപ്പിൾ മരങ്ങളുടെയും വശ്യസുഗന്ധം . താഴ്വരകളിലെ ഗ്രാമങ്ങൾ സൂര്യനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് .ശിവാലിക് താഴ്വരകളിലെ തക്സൽ ,ഗുമ്മൻ ,കൊട്ടി,സോൻവാര എന്നീ ഗ്രാമങ്ങളിലെ പ്രഭാതത്തിലൂടെ കടന്നു പോകുമ്പോൾ ഹിമവാന് മുന്നിൽ നമ്രശിരസ്ക്കനാകാനേ കഴിയൂ...
.ഇന്ത്യ ,നേപ്പാൾ ,ചൈന ,ഭൂട്ടാൻ ,ടിബറ്റ് ,അഫ്ഗാനിസ്ഥാൻ ,പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലൂടെയും അരുണാചൽ പ്രദേശ് ,അസം ,മണിപ്പൂർ ,മേഘാലയ ,മിസോറാം ,നാഗാലാൻഡ് ,ത്രിപുര ,സിക്കിം ,പശ്ചിമ ബംഗാൾ ,ജമ്മു കശ്മീർ ,ഉത്തരാഖണ്ഡ് ,ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെയും ഏകദേശം 2500 കിലോമീറ്റർ നീളത്തിലും 150 -400 കിലോമീറ്റർ വീതിയിലും കടന്നു പോകുന്ന പർവ്വത നിരകളിലെ ഈ രാജനിലെ ശിവാലിക്ക് താഴ്വരകളിലാണിപ്പോൾ . .ഹിമാലയത്തിലെ ലെസ്സർ ഹിമാലയൻ മേഖലയിലാണ് ഈ താഴ്വരകൾ .3700 മീറ്റർ മുതൽ 4500 മീറ്റർ വരെയാണ് ഈ മേഖലയുടെ ശരാശരി ഉയരമായി കണക്കാക്കുന്നത് . .ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും വേദഗ്രന്ഥങ്ങൾ പോലെ വിശുദ്ധമാക്കുന്ന താഴ്വരകൾ.
ധരംപൂറിൽനിന്ന് ദാവൂദ് ചായയും ബിസ്ക്കറ്റും വാങ്ങി വന്നു .ഉടക്ക് കക്ഷിക്ക് ബിസ്ക്കറ്റ് കൊടുത്തപ്പോഴാണ് മൂപ്പർ ഉപവാസത്തിലാണെന്നറിയുന്നത് .ഇടക്കേതൊ സ്റ്റേഷനിൽ കക്ഷിയിറങ്ങുകയും ചെയ്തു. തുടർന്നാണ് രശ്മി നിരഞ്ജൻറ്റെ വരവ് .ചുവന്ന ബനിയനും ജീൻസും കണ്ണടയുമായി പക്കാ മോഡേൺ ഗേൾ . ലഗേജ് കയറ്റിവെച്ച് കൂട്ടുകാരൻ പോയി . വാതിലടച്ച മുറിയിൽ ഞങ്ങൾക്ക് മദ്ധ്യേ ഒരു താരുണ്യം .എന്തു ധൈര്യത്തിലാണാവോ അവളുടെ കൂട്ടുകാരൻ തിരിച്ചു പോയത് .കയറിയപ്പോൾ മുതൽ ഇയർഫോണും തിരുകി ഒറ്റയിരിപ്പിരുന്ന അവളെ ഒന്നു സംസാരിപ്പിച്ചെടുത്തത് ദാവൂദാണ് .യുപി സ്വദേശിയാണ് കക്ഷി .അച്ഛൻ പക്കാ ഗുണ്ടാരാഷ്ടീയ നേതാവും .അച്ഛനെ മടുത്ത് അവൾ ഷിംല യൂണിവേഴ്സിറ്റിയിലെത്തി .ഫ്രണ്ട്സാണ് അവൾക്കെല്ലാം . ഞങ്ങളോടൊപ്പം ഫോട്ടോയുമെടുത്താണ് .സമ്മർഹില്ലിൽ അവളിറങ്ങിയത് .
ഷിംലയിലേക്കുള്ള സുഗമഗതാഗത പാത
ഷിംല ,ഷിലോങ്ങ് ,മുസൂറി ,നൈനിത്താൾ ,ഡെറാഡൂൺ ,ഡാർജിലിംഗ് ,ഗ്യാങ് ടോങ് ,ഊട്ടി,കൊടൈക്കനാൽ തുടങ്ങീ 80 ലധികം ഹിൽ സ്റ്റേഷനുകളിലാണ് ബ്രിട്ടീഷുകാർ വേനൽക്കാലത്ത് തമ്പടിച്ചിരുന്നത് . ഈ സ്റേഷനുകളൊക്കെ ബ്രിട്ടീഷ് രാജിൻറ്റെ കണ്ടെത്തലുകളാണെന്നാണ് ബ്രിട്ടീഷ് ചരിത്രകാരും ഏറാൻമൂളികളും എഴുതിപ്പിടിപ്പിച്ചത് .ഷിംല ഒരുകാലത്ത് നിബിഡവനപ്രദേശമായിരുന്നെന്നും ബ്രിട്ടീഷുകാരാണ് ഷിംല പട്ടണം പണിതതെന്നുമൊക്കെ വിക്കിപീഡിയയും തട്ടിവിടുന്നു .
ആംഗ്ലോ- നേപ്പാൾ ഗൂർഖാ യുദ്ധശേഷമാണ് (1814 -1816 )ബ്രിട്ടീഷുകാർ ഷിംലയിലെത്തുന്നത് .ഹിൽ സ്റ്റേഷനുകളുടെ അസിസ്റ്റന്റ് പൊളിറ്റിക്കൽ ഏജൻറ്റായ ലെഫ്റ്റനൻറ്റ് റോസ് 1819 ഷിംലയിൽ ഒരു തടികൊണ്ടുള്ള കോട്ടേജ് പണിതോടേ ബ്രിട്ടീഷുകാരുടെ ഷിംല വാസത്തിന് ആവേഗംകൂടി . 1822 ൽ സ്കോട്ടിഷ് സിവിൽ സർജൻറ്റായ ചാൾസ് പ്രാറ്റ് കെന്നഡി മൺകട്ടകളും തടിയുമുപയോഗിച്ച് മറ്റൊരു ഗൃഹനിർമ്മാണരീതിയും ഷിംലയിൽ കൊണ്ടുവന്നതോടെ നിരവധി ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഷിംലയിലെത്തി പാർപ്പുറപ്പിച്ചു . 1830 ഓടെ വീടുകൾ 30 ആയിമാറി . 1863 ൽ വൈസ്രോയിയായിരുന്ന ജോൺ ലൗറൻസിൻറ്റെ പ്രഖ്യാപനത്തോടെ ഷിംല പൂർണ്ണമായും ബ്രിട്ടീഷ് രാജിൻറ്റെ വേനൽക്കാല തലസ്ഥാനമായിമാറി .എന്നാൽ ഷിംലയിലെ ആദിമ നിവാസികളെക്കുറിച്ച് കൊളോണിയൽ ചരിത്ര രചനകൾ തികഞ്ഞ മൗനത്തിലാണ് താനും .
1891 ലാണ് കൽക്ക -ഷിംല റെയിൽ പാത നിർമ്മാണത്തെക്കുറിച്ച് ബ്രിട്ടീഷ് രാജ് ചിന്തിച്ചു തുടങ്ങുന്നത് .ഡാർജിലിംഗ് ഹിമാലയൻ റെയിൽ പാതയായിരുന്നു മാതൃകയിലുണ്ടായിരുന്നത് ..അതേ വർഷം തന്നെയായിരുന്നു ഡൽഹി -കൽക്ക ബോഡ്ഗേജ് പാത നിലവിൽ വരുന്നതും .അതുവരെയും കസൂളി -കക്കർഹട്ടി- ഹരിപൂർവഴിയുള്ള ദുഷ്ക്കര പാതയായിരുന്നു ഷിംലയിലേക്കുള്ള പ്രവേശന മാർഗ്ഗം . . 1898 ജൂൺ 19 ബുധനാഴ്ച ഡൽഹി -അംബാല -കൽക്ക റെയിൽ ബോർഡ് കൽക്ക -ഷിംല പാതയുടെ പണിയാരംഭിച്ചു .എച്ച് .എസ് ഹെല്ലിങ്ടൺ ആയിരുന്നു ചീഫ് എഞ്ചിനീയർ ,8678500 രൂപയായിരുന്നു നിർമ്മാണത്തിനായി വകയിരുത്തിയിരുന്നത് .. ആദ്യ ഘട്ടത്തിൽ ഡാർജിലിംഗ് ഹിമാലയൻ ട്രെയിനിലെ 2 എഞ്ചിനുകളാണ് ഉപയോച്ചിരുന്നത് .ലണ്ടനിലെ sharp stewart കമ്പനിയാണ് നിലവിലെ പഴക്കമുള്ള എഞ്ചിനുകൾ നിർമ്മിച്ചത് .വലിയ എഞ്ചിൻ ഹണ്ട് ലറ്റ് കമ്പനിയിൽ നിന്നാണ് കൊണ്ടുവന്നത് .നിർമ്മാണം ഓരോ ഘട്ടം പിന്നിടും തോറും .ചെലവ് വർദ്ധിച്ചുകൊണ്ടിരുന്നു .അവസാന ഘട്ടത്തിൽ ബ്രിട്ടീഷ് രാജ് 1707748 രൂപ പ്രത്യേകമായി അനുവദിച്ചു .1903 ൽ വൈസ്രോയിയായിരുന്ന ലോർഡ് കഴ്സൻ പാതയുടെ ഉത്ഘാടനം നിർവ്വഹിച്ചു .
.എന്നാൽ പണിക്കിടയിൽ പൊലിഞ്ഞുപോയ നിരവധി തദ്ദേശീയരുടെ ജീവനുകൾ ചരിത്രത്തിൽ നിന്ന് എങ്ങനെയൊക്കെയോ അപ്രത്യക്ഷമായി.
കേണൽ ബാരോഗിൻറ്റെ ആത്മഹത്യക്ക് കാരണമായ ബാരോഗ് തുരങ്കം !
യാത്രാവഴികളിലെ 107 തുരങ്കങ്ങളിലും 864 പാലങ്ങളിലും കുറേയെയേറെ പിന്നിട്ടുകഴിഞ്ഞു . .ഒടുവിലിതാ ഏറ്റവും വലിയ തുരങ്കമായ ബാരോഗിലെത്തിയിരിക്കുന്നു.1143.61മീറ്റർ നീളമുള്ള തുരങ്കം പിന്നിടാൻ മൂന്ന് മിനുറ്റ് വേണ്ടിവന്നു അങ്ങനെയെങ്കിൽ 11.215 കിലോമീറ്റർ നീളമുള്ള കശ്മീർ താഴ്വരയിലെ രാജ്യത്തെ ഏറ്റവും നീളമേറിയ റെയിൽ തുരങ്കമായ പീർപഞ്ചാൽ തുരങ്കവും കർബുദേ തുരങ്കവും (6 .5 km രത്നഗിരി -മഹാരാഷ്ട്ര )നടുവാടി തുരങ്കവും (4 .3 km മഹാരാഷ്ട്ര)ടൈക് തുരങ്കവും (4 km മഹാരാഷ്ട്ര )ബെർഡേവാടി തുരങ്കവും(4 km മഹാരാഷ്ട്ര ) കടന്നുകിട്ടാൻ എത്ര സമയമാകുമെടുക്കുക .ബാരോഗ് തുരങ്കത്തിലൂടെ കടന്നു പോകുമ്പോൾ കേണൽ ബാരോഗിൻറ്റെ ആത്മാവ് മാടിവിളിക്കുന്ന പോലെ
1900 നും 1903 ഇടക്ക് നിർമ്മിച്ച തുരങ്കമാണിത് .എൻജിനിയറിങ്ങിലെ ഇതിഹാസമായിരുന്ന കേണൽ ബാരോഗിനായിരുന്നു തുരങ്കത്തിൻറ്റെ നിർമ്മാണ ചുമതല . .തുരങ്ക നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കേണ്ടതുണ്ടായിരുന്നതിനാൽ പ്രവർത്തനങ്ങൾ ചടുലവേഗത്തിൽ മുന്നേറി . ബാരോഗിൻറ്റെ നേതൃത്വത്തിൽ ,ടണൽ 33 ന്റ്റെ നിർമ്മാണത്തിനായി മലകളുടെ രണ്ടു വശങ്ങളിൽനിന്നായി കുഴിക്കാൻ തുടങ്ങി .ജിപിആറെസോ സാറ്റലൈറ്റുകളോ റഡാറുകളോ ഇല്ലാത്ത അക്കാലത്ത് കുഴിക്കുമ്പോൾ രണ്ടറ്റങ്ങളും ഒന്നിനോടൊന്ന് ക്രമമായി വരുന്ന വിധത്തിലായിരുന്നു എഞ്ചിനീയർമാർ അളവുകളും കണക്കുകൂട്ടലുകളും നടത്തിയിരുന്നത് .എന്നാൽ രണ്ടറ്റങ്ങളെയും കൂട്ടിയോജിപ്പിക്കാനുള്ള ബാരോഗിൻറ്റെ കണക്കുകൂട്ടലുകൾ അമ്പേ പാളി .അധികച്ചെലവ് വരുത്തിയതിന് ജോലിയും തെറിച്ചു .കൂടാതെ പ്രതീകാത് മകരീതിയിലുള്ള ഒരു രൂപ പിഴയും അടക്കേണ്ടിവന്നു .അപമാനം സഹിക്കവയ്യാതെ തൻറ്റെ വളർത്തു നായയോടൊപ്പം വിജനമായൊരിടത്തെത്തി സ്വയം വെടിവെച്ചു മരിക്കുകയായിരുന്നു ബാരോഗ് .തുടർന്ന് ഹെല്ലിങ്ടൺ തന്നെ പണിയേറ്റെടുക്കുകയും പ്രേദേശവാസിയും സന്യാസിയുമായ ബാൽക്കുവിൻറ്റെ സഹായത്തോടെ പണി പൂർത്തിയാക്കുകയും ചെയ്തു .പാളം ഉത്ഘാടന ദിനത്തിൽ വൈസ്രോയിയായിരുന്ന ലോർഡ് കാഴ്സ്ൻ ബാൽക്കുവിന് മെഡലും ടര്ബണും നൽകി പ്രത്യേകം ആദരിച്ചു .കൂടാതെ ഷിംലയിലെ റെയിൽ മ്യൂസിയത്തിന് ബാബ ബാൽക്കു എന്ന പേരും നൽകി .(സ്രോതസ്സ് :The Myth Of Barog Tunnel - vargiskhan.com,Haunted India: The Barog Tunnel (Tunnel No. 33), Shimla -hauntedindia.blogspot.in,)
ഒരേയൊരു അപകടം
2015 സെപ്റ്റംബർ 12 ന് കൽക്കയിൽ നിന്ന് തിരിച്ച ട്രെയിൻ മൂന്നു കിലോമീറ്റർ പിന്നിട്ടപ്പോൾ പാളംതെറ്റി. 2 ബ്രിട്ടീഷ് സഞ്ചാരികൾ മരണമടയുകയും 9 പേർക്ക് പരിക്കേൽക്കുകയും ചെയ്തു .ഉച്ചക്ക് 1.20 നായിരുന്നു സംഭവം . ബിബിസി ഏറെ പ്രധാന്യത്തോടെയായിരുന്നു ആ വാർത്ത പ്രസിദ്ധീകരിച്ചിരുന്നത് .പാതയുടെ ചരിത്രത്തിലെ ആദ്യ അപകടമായിരുന്നു അത് .എന്നിട്ടും ട്രെയിൻ യാത്രികരുടെ എണ്ണത്തിൽ യാതൊരു കുറവുണ്ടായിട്ടില്ല .പ്രതിവർഷം 2500 സഞ്ചാരികളാണ് ട്രെയിനിൽ യാത്രചെയ്യുന്നതെന്നാണ് കണക്ക് .
കൽക്ക -ഷിംല ബിബിസി ഡോക്യൂമെന്ററി
2008 ലാണ് കൽക്ക -ഷിംല റെയിൽ പാത unesco heritag ൽ ഇടം പിടിക്കുന്നത് .നീൽഗിരി മൗണ്ടൈൻ റെയിൽവേ,ഡാർജിലിംഗ് ഹിമലയൻ മൗണ്ടൈൻ റെയിൽവേ എന്നീ പാതകളും ,മുംബൈ ഛത്രപതി ശിവജി ടെർമിനൽസുമാണ് unesco heritag ൽ ഇടംപിടിച്ചിട്ടുള്ള മറ്റു റെയിൽ ശൃംഖലകൾ .
ബിബിസി ക്കു വേണ്ടി മാർക്ക് എലിയട്ട് സംവിധാനം ചെയ്ത കൽക്ക -ഷിംല മൗണ്ടൈൻ റെയിൽവേ ഡോക്യൂമെന്ററി സുന്ദരവും നാടകീയവുമായ ഒരു ദൃശ്യാനുഭവമാണ് .ഡോക്യൂമെന്ററികളുടെ യാതൊരു മന്ദതാളവുമില്ലാതെതന്നെ ശിവാലിക്ക് താഴ്വര്കളുടെ സൗന്ദര്യം ഒപ്പിയെടുത്തുകൊണ്ട് കൽക്ക -ഷിംല റെയിൽ പാതയുമായി ഇഴുകിചേർന്നു ജീവിക്കുന്ന സ്റ്റേഷൻ മാസ്റ്ററായ സഞ്ജയ് ,സ്റ്റേഷൻ സൂപ്പറിൻറ്റെൻറ്റായ പട്ടൗഡി ,കാശ്മീരി പോർട്ടറായ മഖ്സൂദ് തുടങ്ങിയവരുടെ ജീവിതത്തിലൂടെയാണ് ഡോക്യൂമെന്ററി സഞ്ചരിക്കുന്നത് .
"ഈ റെയിൽവെയാണ് എന്റ്റെ ദൈവം .ഈ ട്രെയിനാണ് എൻറ്റെ ഉമ്മയും ബാപ്പയും .ഇവളാണ് ഞങ്ങൾക്ക് ദിനവും അന്നം നൽകികൊണ്ടിരിക്കുന്നത് .എൻറ്റെ കൂട്ടികളെ പോറ്റുന്നതും ഇവൾ തന്നെ .ദിവസവും രാവിലെ ഈ ട്രെയിനിനെ വന്ദിച്ചാണ് ഞാനെൻറ്റെ ഉപജീവനം തുടങ്ങുന്നതുതന്നെ ."
ഡോക്യൂമെന്ററിയിൽ കാശ്മീരി പോർട്ടറായ മഖ്സൂദ് വികാരം കൊള്ളുന്നു.
Solan,Salogra,Kandaghat,Kanoh,Kathleeghat'Shoghi,Taradevi,Jutogh,Summer Hill എന്നീ ഗ്രാമങ്ങളിലൂടെ അഞ്ച് മണിക്കൂറിൽ 96 കിലോമീറ്റർ പിന്നിട്ട് ഷിംലയിലെത്തിയപ്പോൾ മഖ്സൂദിൻറ്റെ പതിപ്പുകളായ ചില കാശ്മീരി പോർട്ടമാരെ കാണാനായി. കശ്മീർ കഴിഞ്ഞാൽ കാശ്മീരികൾ ഏറ്റവുമധികം ഉള്ളിടവും കൂടിയാണ് ഹിമാചൽ. സമുദ്രനിരപ്പിൽ നിന്ന് ഏഴായിർത്തി നാനൂറിലധികം അടി ഉയരമുള്ള ഷിംല പട്ടണത്തിൽ സുഖവാസം തേടിയെത്തുന്നവരുടെ ലഗേജുകളും ചുമന്ന് പോകുന്ന കശ്മീരി പോർട്ടർമാർക്ക് ഷിംല നമ്മുടെ ഗൾഫാണ് .ആരെയും സമ്പന്നരാക്കാത്ത ഗൾഫ്. കൽക്ക -ഷിംല തീവണ്ടികളാണ് അവരെ .അന്നമൂട്ടിക്കൊണ്ടിരിക്കുന്നത്.
✍️ അശ്കർ കബീർ