പടർന്നു വളരുന്ന ഈ ചെറുവൃക്ഷത്തിന്റെ പുതിയ തൈകളുടെ ഉൽപാദനം ഒട്ടിക്കൽ വഴിയാണ് (വിത്തുകൾ നടുകയാണെങ്കിൽ 7–8 വർഷം എടുക്കും കായ്ക്കാൻ). ഒട്ടുതൈകൾ 2–3 വർഷംകൊണ്ടു കായ്ക്കും. ആറാം വർഷം മുതൽ നല്ല വിളവും തരും. നനസൗകര്യമുണ്ടെങ്കിൽ ഏതു കാലത്തും കൃഷി ചെയ്യാം. എങ്കിലും ജൂൺ മുതൽ ഡിസംബർവരെ മാസങ്ങളാണ് ഏറ്റവും യോജ്യം (മുറ്റത്ത് സ്ഥലമില്ലാത്തവർക്ക് വലിയ പ്ലാസ്റ്റിക് പാത്രങ്ങളിൽ നട്ട് ടെറസിൽ സംരക്ഷിക്കാം. ടെറസിലേക്ക് വലുപ്പം കുറഞ്ഞ തായ്‌ലൻഡ് ഇനങ്ങളാണു നല്ലത്).
നിലത്തു നടാന്‍ നീർവാർച്ചയുള്ള, നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കുക. മണ്ണിന്റെ അമ്ല–ക്ഷാര നില 6–8 ആണു നല്ലത്. കൃഷിയിടം ഒന്നരയടി ആഴത്തിൽ കിളച്ച് കളകൾ നീക്കം ചെയ്യ ണം. 90x90x90 സെ.മീ. അളവിൽ 10മീ. അകലത്തില്‍ കുഴികളെടുക്കണം. മേൽമണ്ണും ട്രൈക്കോഡെർമ ചേർത്തു സമ്പുഷ്ടീകരിച്ച ചാണകവും എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും ചേർത്ത് നടീൽമിശ്രിതം തയാറാക്കാം. ഒരാഴ്ചയ്ക്കുശേഷം അൽപം വാം ചേർത്ത് ഇളക്കി ഒട്ടുതൈ നടണം.
പുതയിടുന്നതു നന്ന്. ചൂട് 45° സെല്‍ഷ്യസിൽ കൂടിയാൽ കായ്കൾ പൊഴിയും. ജൈവവളം യഥേഷ്ടം നൽകാം. 250–500 ഗ്രാം വീതം റോക്ക് ഫോസ്ഫേറ്റ് മേയ്–ജൂൺ മാസത്തിലും സെപ്റ്റംബർ–ഒക്ടോബർ മാസത്തിലും നൽകിയാൽ വിളവു കൂടും. പൂക്കുന്ന കാലത്ത് കായ്പിടിത്തം കൂടുന്നതിന് SOP 2–3 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ 20 ദിവസം ഇടവിട്ട് മൂന്ന് പ്രാവശ്യം തളിക്കണം. കായ്പൊഴിച്ചിൽ തടയുന്നതിനും വിളവു വർധിപ്പിക്കുന്നതിനും കാത്സ്യം നൈട്രേറ്റ് (3 gm/litre), Solebor (Boron 20%) (1 gm / litre) എന്നിവ പ്രയോഗിക്കാം.
കായ്കൾ വിളവെടുത്തശേഷം കമ്പ് കോതുന്നതു കൊള്ളാം. ഉണങ്ങിയതും രോഗ–കീടബാധയേറ്റതുമായ കമ്പുകൾ മുറിച്ചു നശിപ്പിക്കണം. സപ്പോട്ട വിളവെടുക്കാൻ പാകമായോ എന്നറിയാൻ നഖം കൊണ്ട് പോറി നോക്കിയാൽ മതി. ബ്രൗൺ നിറമെങ്കിൽ പാകമായി എന്നർഥം. പച്ചനിറമെങ്കിൽ ആയിട്ടില്ല. സപ്പോട്ടയിൽനിന്നു ജാം, ജെല്ലി, ഐസ്ക്രീം, സ്ക്വാഷ്, പുഡിങ്, ഫ്രൂട്ട് സാലഡ്, ഹൽവ, പായസം മുതലായ മൂല്യ വർധിത ഉൽപന്നങ്ങൾ നിർമിക്കാം. സപ്പോട്ട ജൂസ് അമിതോഷ്ണത്തെ നിയന്ത്രിച്ചു ശരീരത്തിന് കുളിർമ നൽകുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കും.
ക്രിക്കറ്റ് ബോൾ, ലോങ് ഓവൽ, പാല തുടങ്ങി ഒട്ടേറെ സപ്പോട്ട ഇനങ്ങളുണ്ട്. നമ്മുടെ കാലാവസ്ഥയിൽ നന്നായി വളരുന്നതും ഭാഗിക തണലിലും വിളവ് തരുന്നതുമാണ് തായ്‌ലൻഡ് ഇനങ്ങൾ. തമിഴ്നാട് കാർഷിക സർവകലാശാല പുറത്തിറക്കിയിട്ടുള്ള PKM-1,3,4 Co-3, Kalipatti എന്നീ ഇനങ്ങളും കേരളത്തിനും യോജിച്ചവയാണ്.
ചിക്കു പായസം
പാൽ – 4 കപ്പ്
സപ്പോട്ട – 10 എണ്ണം
ബസ്മതി അരി – 2 ടേബിൾ സ്പൂൺ (കുതിർത്ത് അരച്ച്)
പഞ്ചസാര – കാൽ കപ്പ്
ബദാം – 2 ടേബിൾ സ്പൂൺ
കശുവണ്ടി – 2 ടേബിൾ സ്പൂൺ
പിസ്ത – 2 ടേബിൾ സ്പൂൺ
ഏലയ്ക്ക – 3–4
നെയ്യ് – 2 ടേബിൾ സ്പൂൺ
പാൽ വറ്റിച്ച് അതിലേക്ക് അരി അരച്ചതു ചേർത്തു നന്നായി ഇളക്കുക. പഞ്ചസാര ചേർത്തശേഷം ബദാം, കശുവണ്ടി, പിസ്ത എന്നിവയും അരിഞ്ഞു ചേർത്ത് 2–3 മിനിറ്റ് ഇളക്കുക. അര ടീസ്പൂൺ ഏലയ്ക്കാപ്പൊടി ചേർക്കുക. സപ്പോട്ട തൊലി കളഞ്ഞ് മിക്സിയിൽ അരച്ച് നെയ്യിൽ 1–2 മിനിറ്റ് ഇളക്കുക. സപ്പോട്ട നെയ്യിൽ വഴറ്റിയെടുത്ത് ചേർത്തിളക്കുക.