ഉത്പന്നപഠനവും സാങ്കേതിക സഹായവുമായി കേന്ദ്ര കാർഷിക ഗവേഷണ കൗൺസിൽ കാസർകോട് കേന്ദ്രത്തിലെ ശാസ്ത്രജ്ഞരും ഒപ്പമുണ്ട്. നാളികേര വികസന ബോർഡിന്റെ സാമ്പത്തിക സഹായവുമുണ്ട്. ദ്വീപ് വനിതകളുടെ ഉപജീവനമാർഗങ്ങളിലൊന്നാണ് നാളികേര ഹൽവ (കോക്കനട്ട് ഹൽവ). ഭൗമസൂചികയിലെത്തിയാൽ ഗുണമേന്മയ്ക്ക് ഗ്യാരന്റിയാകും. സർക്കാർ പരിരക്ഷയിൽ വാണിജ്യാടിസ്ഥാനത്തിൽ വിപണനവും നടത്താം.
മറയൂർ ശർക്കര, പാലക്കാടൻ മട്ട, ആറന്മുള കണ്ണാടി, ബാലരാമപുരം കൈത്തറി, പൊക്കാളി അരി തുടങ്ങി കേരളത്തിൽ നിന്ന് ഭൗമസൂചികയിലെത്തിയ ഉത്പന്നങ്ങൾക്ക് ലോകവിപണിയിൽ മികച്ച വില്പനയുണ്ട്.
വിലയേറും, വ്യാജനും
'കട്ടി' എന്നറിയപ്പെടുന്ന നീര ശർക്കരയിൽ കാമ്പുറച്ച കരിക്ക് ചേർത്ത് രണ്ടര മണിക്കൂറോളം ഉരുളിയിൽ ഇളക്കിയാണ് നാളികേര ഹൽവ നിർമ്മിക്കുന്നത്. തുടർന്ന് ചൂടോടെ ഉരുട്ടി വാട്ടിയ വാഴയിലയിൽ പൊതിയും. ഇരുവശവും നാരുകൊണ്ട് കെട്ടി മിഠായി രൂപത്തിലാക്കും. രണ്ടുമാസം വരെ കേടുകൂടാതിരിക്കും. അയൽക്കൂട്ടങ്ങളുടെ നേതൃത്വത്തിലാണ് നിർമ്മാണം. ഒരു ഉണ്ടയ്ക്ക് 50 ഗ്രാം തൂക്കമുണ്ടാകും. 50 ഉണ്ടയ്ക്ക് 15 കരിക്കും 250 ഗ്രാം കട്ടിയും വേണം. ദ്വീപ് ഹൽവ കിലോയ്ക്ക് 800-1000 രൂപ വിലയുണ്ട്. ഉണ്ടയ്ക്ക് ശരാശരി 35 രൂപ. എന്നാൽ പഞ്ചസാരയും ശർക്കരയും ചേർത്ത ഡൂപ്ലിക്കേറ്റുണ്ട ഇതേപേരിൽ വിലക്കുറവിൽ സുലഭമാണ്. കേരളത്തിൽ നിന്ന് അഞ്ച് രൂപയുടെ വ്യാജയുണ്ട ലക്ഷദ്വീപിലുമെത്തുന്നുണ്ട്!
'ദ്വീപിലെ ഹൽവ സാമ്പിളുകൾ ഉടൻ കാർഷിക ഗവേഷണകേന്ദ്രത്തിലെത്തും. പോഷകമൂല്യമടക്കം സ്ഥിരീകരിക്കാൻ അപഗ്രഥനമുണ്ടാകും. ഭൗമസൂചിക പദവി തേടുന്നതിന് മുന്നോടിയാണിത്'.- ഡോ. ഷമീന ബീഗം, കൃഷി ശാസ്ത്രജ്ഞ, ഐ.സി.എ.ആർ.