വാണിജ്യക്കൃഷിസാധ്യതയുള്ളതും വീട്ടാവശ്യത്തിനായി മാത്രവും വളർത്താവുന്ന ഇനങ്ങൾ ഇക്കൂട്ടത്തിലുണ്ട്. സ്വന്തം അഭിരുചിക്കും ആവശ്യത്തിനുമനുസരിച്ചും തിരഞ്ഞെടുക്കാം.
മേമി സപ്പോട്ട
തെക്കേ അമേരിക്കയിലും ഓസ്ട്രേലിയയിലും കൃഷി ചെയ്യുന്ന മേമി സപ്പോട്ട ഇന്ത്യയുടെ പല ഭാഗത്തും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്തു തുടങ്ങിയിട്ടുണ്ട്. ഒരു കിലോയിലേറെ തൂക്കം വരുന്ന വലിയ കായ്കളുണ്ടാകുന്ന ചെടിക്കു വ്യത്യസ്ത രുചികളുള്ള ഇനങ്ങളുമുണ്ട്. മഗന, ലൊറീറ്റോ, പാന്റീൻ, കസ്ബുൾ എന്നീ പ്രധാന ഇനങ്ങളില്‍ പാന്റീൻ ഇനത്തിലാണ് ഏറ്റവും ചെറിയ പഴമുണ്ടാകുന്നത്. ഈ പഴത്തിനുപോലും ശരാശരി 700 ഗ്രാം തൂക്കമുണ്ടാവും. കസ്ബുളിനു രണ്ടു കിലോയോളം തൂക്കമുണ്ടാകും. കോട്ടയത്തെ ഐനെറ്റ് ഫാമിലുണ്ടായ ഏറ്റവും വലിയ മേമി സപ്പോട്ട, കസു എന്ന ഇനമാണ്– ഒന്നര കിലോ തൂക്കമുള്ള പഴം. ഈയിനത്തിന്റെ കടും ചുവപ്പു നിറമുള്ള കായ്കൾക്കു താരതമ്യേന നല്ല രുചിയുണ്ട്. ഒരു സീസണിൽ ഒരു മരത്തിൽനിന്നു കുറഞ്ഞത് 200 കിലോയോളം സപ്പോട്ടക്കാ ലഭിക്കും. തെങ്ങുപോലെ തുടർച്ചയായി പൂവിടുകയും കായ്കളുണ്ടാവുകയും ചെയ്യുന്നതിനാൽ കായ്ച്ചു തുടങ്ങിയ മേമി സപ്പോട്ടയിൽ എപ്പോഴും വിവിധ പ്രായത്തിലുള്ള കായ്കൾ കാണും. ആദ്യഫലം വിളവെടുപ്പിനു പാകമാകാൻ ഒരു വർഷം കാത്തിരിക്കണമെങ്കിലും പിന്നീട് തുടർച്ചയായി എല്ലാ മാസവും വിളവെടുക്കാം. മേമി സപ്പോട്ടയുടെ ലെയർ ചെയ്തതും ഗ്രാഫ്റ്റ് ചെയ്തതുമായി തൈകൾ നടാം. ലെയർ ചെയ്ത തൈകൾ ഒരു വർഷത്തിനുള്ളിലും ഗ്രാഫ്റ്റ് തൈകൾ 1–2 വർഷത്തിനുള്ളിലും ഫലം നൽകിത്തുടങ്ങും. കുരു പാകി കിളിർപ്പിച്ച തൈകൾ ഫലം നൽകാൻ 5 വർഷമെടുക്കുമെങ്കിലും വാണിജ്യക്കൃഷിക്കു യോജ്യം അതായിരിക്കും. വൻവൃക്ഷമായി വളർന്ന് ധാരാളം ഫലമേകുമെന്നതുതന്നെ കാരണം. ലയർ – ഗ്രാഫ്റ്റ് തൈകളുടെ വളർച്ചയും ഉൽപാദനവും മിതമായിരിക്കും.
ജംഗിൾ സോപ്പ്
ചക്കയ്ക്കു തൊട്ടുപിന്നിൽ വലുപ്പംകൊണ്ടു രണ്ടാം സ്ഥാനക്കാരനായ ഈ പഴം ആഫ്രിക്കൻ സ്വദേശിയാണ്. ആത്ത ഉൾപ്പെടുന്ന അനോന സസ്യകുടുംബത്തിലെ അംഗമായ ജംഗിൾ സോപ്പ് അഞ്ചാം വർഷം ഫലം നൽകിത്തുടങ്ങും. രുചികരമായ കായ്കൾക്കു പക്ഷേ, കേടുണ്ടാകാൻ സാധ്യതയേറും. ആഫ്രിക്കയിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നു.
ബട്ടൺ മാങ്കോസ്റ്റീൻ
പേരു കേൾക്കുമ്പോൾ ചെറുതാണെന്നു തോന്നുമെങ്കിലും കായ്കള്‍ അത്ര ചെറുതല്ല. സവിശേഷാകൃതി കാരണമാണ് ഈ പേരു ലഭിച്ചത്. ഗാർസീനിയ പരിനീയാന എന്ന ശാസ്ത്രനാമമുള്ള ഈ ഫലവൃക്ഷം മാങ്കോസ്റ്റിന്റെ ഉപവിഭാഗമാണ്. നല്ല രുചിയുള്ളതും അപൂർവവുമായ ഈയിനത്തിന്റെ ഉദ്ഭവം ഏഷ്യയി ലാണ്. ആൺ, പെൺ ഭേദമുണ്ട്.
ദബായി
ഇന്തൊനീഷ്യൻ ഫലവൃക്ഷമായ ദബായി അലങ്കാരവൃക്ഷമായും വളര്‍ത്താം. കുലകളായുണ്ടാകുന്ന പൂക്കൾക്കും നല്ല ഭംഗിയുണ്ട്. ഉദ്യാനത്തോടു ചേർന്നു നട്ടു വളർത്താം. ഞാവൽപഴം പോലെയുള്ള കായ്കളുടെ കുരു പാകി കിളിർപ്പിക്കാം. പ്രത്യേക പരിചരണമൊന്നും നൽകാതെ അഞ്ചാം വർഷം ഫലം നൽകിത്തുടങ്ങും.
ഇന്ത്യൻ സ്വീറ്റ് കോക്കം
ലോകത്തിലെ ഏറ്റവും മികച്ച 10 ഫലങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നു. പഴുത്തു കഴിയുമ്പോൾ പർപ്പിൾ നിറത്തിലാകുന്ന കായയുടെ പുറംതോടിൽനിന്നു ജൂസ് എടുക്കാം. ശരീരം തണുപ്പിക്കാൻ ഇത് ഉത്തമം. ഗാർസിനിയ കുടുംബാംഗമായ ഈ പഴത്തിന്റെ ഉള്ളിലെ പൾപ് മാങ്കോസ്റ്റിൻ പള്‍പ്പ് പോലെ കഴിക്കാം. ഗോവയിലും മംഗലാപുരത്തും വ്യാപകമായി കൃഷി ചെയ്യുന്നു. കുടംപുളിക്കു പകരമായി ഗോവക്കാർ മീൻകറിയിൽ കോക്കത്തിന്റെ തോട് ചേർക്കാറുണ്ട്. കേരളത്തിലെ കോക്കം നന്നായി ഫലം നൽകും. ആൺ, പെൺ ചെടികളുള്ള കോക്കത്തിന്റെ ഗ്രാഫ്റ്റ് തൈകളാണ് കൂടുതൽ നല്ലത്.
ജയന്റ് ലക്കൂച്ച
ഇന്തൊനീഷ്യയിൽനിന്നുള്ള മറ്റൊരു ഫലവർഗം. പ്ലാവുൾപ്പെടുന്ന അർട്ടോകാർപസ് കുടുംബാംഗമായ ഈ പഴത്തിനു പുളികലർന്ന രുചിയാണ്. നമ്മുടെ കാലാവസ്ഥയിൽ നന്നായി കായ് പിടിക്കുന്ന ഈ മരത്തെക്കുറിച്ച് കേരളത്തിലെ പല കാർഷിക ഗവേഷണ വിദ്യാർഥികളും പഠനം നടത്തിവരികയാണ്. ധാരാളം പ്രോട്ടീൻ അടങ്ങിയ ഈ പഴം ഭാവിയിൽ വിപണിമൂല്യം നേടിയേക്കും. സീസൺ ഭേദമില്ലാതെ എല്ലായ്പോഴും പഴങ്ങൾ നൽകുമെന്നത് ലക്കൂച്ചയുടെ സവിശേഷതയാണ്. മങ്കി ജാക്ക് എന്ന പേരിൽ ഈ ഫലവൃക്ഷം നമ്മുടെ കാടുകളിൽ കാണപ്പെടാറുണ്ടെങ്കിലും കായ്കൾക്കു വലുപ്പം കുറവായിരിക്കുമത്രെ. ഗ്രാഫ്റ്റ് ചെയ്തതോ കുരു പാകിയതോ ആയ തൈകൾ നടാം.
സലാക്ക് (സ്നേക്ക് ഫ്രൂട്ട്)
ഇന്തോനേഷ്യൻ സ്വദേശിയായ സലാക്ക് വന്യമൃഗങ്ങളെ പ്രതിരോധിക്കാനുള്ള ജൈവ വേലിയായും ഉപയോഗിച്ചുപോരുന്നു. പഴത്തിന്റെ പുറംതോടിന് പാമ്പിന്റെ തൊലിയോടു സാദൃശ്യമുള്ളതിനാലാണ് സ്നേക് ഫ്രൂട്ട് എന്ന പേരു വന്നത്. പൈനാപ്പിളിന്റെയും ചക്കപ്പഴത്തിന്റെയും സമ്മിശ്ര രുചിയാണ് പഴത്തിന്. മുളങ്കൂട്ടത്തിനു സമാനമായ രീതിയിൽ വളരുന്ന സലാക്കിന്റെ ഓരോ ശിഖരത്തിലും ധാരാളം മുള്ളുകളുണ്ട്. അതുകൊണ്ടുതന്നെ വനാതിർത്തികളിൽ ഇത് ഇപ്പോൾ വ്യാപകമായി നട്ടുപിടിപ്പിക്കുന്നുണ്ട്. കോഴിക്കോടുള്ള ഒരു ഫാമിൽ ഈ ചെടിയെ തുമ്പിക്കൈകൊണ്ട് പിടിച്ച ആനയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ടത്രേ!
കടപ്പാട്: ഐനെറ്റ് ഫാം, അറുന്നൂറ്റിമംഗലം. ഫോൺ: 9846998625