വാഴക്കുലയ്ക്ക് തൂക്കത്തോടൊപ്പം ഭംഗിയും വേണം - പ്രമോദ് മാധവൻ | Article 7 for Quiz competition




ജപ്പാൻകാർ കണ്ണ് കൊണ്ടാണ് കഴിക്കുന്നത് എന്നൊരു ചൊല്ലുണ്ട് “Me de taberu Nihonjin (Japanese people eat with their eyes)”. ഭക്ഷണത്തിന്റെ ഒരു അഞ്ചാം dimension എന്ന് വേണമെങ്കിൽ ഇതിനെ കാണാം.

1. വയർ നിറയണം (Food Sufficiency)
2.പോഷകപ്രദമാകണം (Nutritional security)
3. സുരക്ഷിതമാകണം (Food Safety)
4. താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാകണം (a
Affordability)
5. കാണാൻ ഭംഗിയുള്ളതാകണം (Appearence)

സാധാരണക്കാർ ഏറിയകൂറും ഒന്നും നാലുമാണ് പ്രധാനമായും നോക്കുന്നത്. സാമ്പത്തിക ശേഷി കൂടുന്നതിനനുസരിച്ച് മറ്റ് കാര്യങ്ങൾക്ക് മുൻഗണന കൊടുക്കും. 

എങ്കിൽ പോലും വിപണിയിൽ നിന്നും പഴം -പച്ചക്കറികൾ വാങ്ങുമ്പോൾ, തെരെഞ്ഞെടുക്കാൻ അവസരം ഉണ്ടെങ്കിൽ എല്ലാവരും അഞ്ചാമത്തെ കാര്യത്തിനും മുൻഗണന കൊടുക്കും.

ജപ്പാൻകാർ ഭക്ഷണം നല്ല രീതിയിൽ ഒരുക്കി ഭംഗിയോടെ തീന്മേശകളിൽ എത്തിക്കുന്നതിൽ അഗ്രഗണ്യരാണ്. അവിടുത്തെ ഹോട്ടലുകളിൽ എല്ലാം തന്നെ, അവിടെ ഉണ്ടാക്കികൊണ്ടിരിക്കുന്ന ഭക്ഷണങ്ങളുടെ wax replica ഉണ്ടാക്കി വച്ചിട്ടുണ്ടാകും. അതേ പൂർണതയോടെ അവർ ഭക്ഷണം serve ചെയ്യുകയും ചെയ്യും.

വിപണിയിൽ പഴം പച്ചക്കറികൾക്ക് മുൻ‌തൂക്കം കൊടുക്കുന്ന ഘടകമാണ് അവയുടെ രൂപഭംഗി. നമ്മുടെ കർഷകർ തീരെ പരിഗണന ഇതിന് നൽകുന്നില്ല എന്ന് പലപ്പോഴും തോന്നാറുണ്ട്. രൂപഭംഗിയ്ക്ക്‌ വളരെ പ്രസക്തിയുള്ള ഒരു ഉത്പന്നമാണ് വാഴക്കുല.

ഓണത്തിന് വിളവെടുക്കാൻ കഴിയുന്ന എത്തക്കുലകൾ ഏതാണ്ട് ജൂൺ മാസം ആദ്യം പുറത്ത് വന്നിട്ടുണ്ടാകും. നേന്ത്രനിൽ,പടല വിരിഞ്ഞാൽ 85-90 ദിവസം കൊണ്ട് അവ മൂപ്പെത്തും. കുടം വന്ന് പടല (ചീർപ്പ് )വിരിഞ്ഞാൽ ചെയ്യേണ്ട കാര്യങ്ങളെ Post Bunch Management എന്ന് പറയും. 

അത് എന്തൊക്കെയാണെന്ന് നോക്കാം.

1. ഈ സമയത്ത് പിണ്ടിപ്പുഴു വാഴയെ വല്ലാതെ ശല്യം ചെയ്യും. ആയതിനാൽ ഉണങ്ങിയ എല്ലാ വാഴയിലകളും തടയോട് ചേർത്ത് മുറിച്ച് മാറ്റി വാഴച്ചുവട്ടിൽ വച്ച് മണ്ണ് കയറ്റി കൊടുക്കാം 

2. കുലവളം കൊടുക്കണം. ഈ വളത്തിന് പടലകളുടെ എണ്ണം കൂട്ടാൻ കഴിയില്ല എന്ന് പറയേണ്ടതില്ലല്ലോ. കുല വരുന്ന സമയത്ത് വാഴയിൽ 10-11 ഇലകൾ ഉണ്ടാകും, ഉണ്ടാകണം. ഈ ഇലകൾ തുടർന്നും ആഹാരം പാകം ചെയ്ത് കായ്കളിൽ എത്തിയ്ക്കും. അവയുടെ ആവശ്യത്തിനായി ഒരു വളപ്രയോഗം അനിവാര്യം. നല്ല മുഴുപ്പുള്ള കായ്കൾ ആണെങ്കിൽ നൈട്രജൻ അടങ്ങിയ വളം മാത്രം മതിയാകും. തുടം കുറവാണെങ്കിൽ അതോടൊപ്പം പൊട്ടാസ്യവും കൊടുക്കണം.65 ഗ്രാം യൂറിയ യും 100ഗ്രാം പൊട്ടാഷുമാണ് ശുപാർശ ചെയ്യുന്നത്.ചിലർ ഈ സമയത്ത് കടലപ്പിണ്ണാക്ക് പൊടിച്ചു ചേർത്ത് കൊടുക്കും.

3. കായ്കളിൽ നേരിട്ട് പൊട്ടാസ്യം കൊടുക്കാം. Sulphate of Potash, 20ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി കായ്കളിലും ഇലകളിലും തളിയ്ക്കാം.

4. പിണ്ടിപ്പുഴുവിന്റെ പെൺവണ്ടുകൾ മുട്ടയിടാതിരിക്കാൻ ഇലക്കവിളുകളിൽ രൂക്ഷഗന്ധമുള്ള വസ്തുക്കൾ (വേപ്പെണ്ണ കുടഞ്ഞ വേപ്പിൻ പിണ്ണാക്ക്, ബാർ സോപ്പ് ചീളുകൾ, പൊടിച്ച പാറ്റാഗുളികൾ പോലെയുള്ളവ)ഇട്ട് കൊടുക്കാം. നന്മ 50ml ഒരു ലിറ്റർ വെള്ളത്തിൽ കലക്കി വാഴത്തടയിലും ഇലക്കവിളുകളിലും സ്പ്രേ ചെയ്യാം.

5. കുല വെട്ടിയതിന് ശേഷം വാഴത്തടകൾ ഒരടി നീളത്തിൽ മുറിച്ച്, നെടുകെ കീറി, ചെറുതായി ചതച്ച് കമഴ്ത്തി ഇട്ടാൽ പിണ്ടിപ്പുഴുവിന്റെ വണ്ടുകൾ അതിൽ വന്ന് കയറും. ഓരോ ദിവസവും രാവിലെ തടകൾ മലർത്തിയിട്ടു അവയെ പെറുക്കി നശിപ്പിക്കാം 

6. അവസാനത്തെ നല്ല പടല വിരിഞ്ഞാൽ ഉടൻതന്നെ വാഴക്കൂമ്പ് ഒടിച്ചു കളയാം.

7. അന്ന് തന്നെ വായു സഞ്ചാരം ഉള്ള നീണ്ട കവറുകൾ കൊണ്ട് കുലകൾ പൊതിയാം. കീഴ്ഭാഗം തുറന്ന് കിടക്കട്ടെ.

8. വയലുകളിൽ പണകൾ കോരി കൃഷിചെയ്തവർ, ഇടച്ചാലുകളിൽ വെള്ളം കെട്ടിനിൽക്കാതെ നോക്കിയാൽ, ഇലപഴുപ്പ് (sigatoka രോഗം )കുറയ്ക്കാം.

9. ഏതാണ്ട് മുക്കാൽ മൂപ്പെത്തിയാൽ അടിയിലകൾ പകുതിയാക്കി മുറിച്ച് നിർത്തുന്നതിൽ തെറ്റില്ല. കാറ്റിനെ പ്രതിരോധിക്കാൻ അത് സഹായിക്കും.

10. കാറ്റിനെ പ്രതിരോധിക്കാൻ നല്ല രീതിയിൽ താങ്ങുകൾ നൽകാൻ മറക്കരുത്.

ഓണക്കാലത്ത് ഒരു കിലോ നേന്ത്രക്കായുടെ വില 70-75 രൂപയായിരിക്കും. ഒരു കുലയ്ക്ക്, കുലത്തണ്ട് കിഴിച്ച് എട്ട് കിലോ കിട്ടിയാൽ തന്നെ തൃപ്തിപ്പെടാവുന്നതാണ്. പക്ഷെ കുലയിലെ കായ്കൾ മുഴുപ്പുള്ളതും ആകർഷകവുമായിരിക്കണം. കുല കണക്കിലധികം വലുതാകുന്നത് ഒരു വിഭാഗം ഉപഭോക്താക്കളെ സംശയാലുക്കൾ ആക്കും. ഒരുപാട് രാസവസ്തുക്കൾ ഉപയോഗിച്ചത് കൊണ്ടായിരിക്കും ഇത്രയും വലിപ്പം വന്നത് എന്ന് അവരുടെ 'കുഞ്ഞുമനസ്സ് 'ചിന്തിക്കും. 

ഇടത്തരം കുലകൾ ആണ് വിൽക്കാൻ എളുപ്പം. ചെറിയ കുലകൾ ആണെങ്കിൽ പോലും നന്നായി പൊതിഞ്ഞു സംരക്ഷിച്ചാൽ 'ലുക്ക്‌ 'കൂടി, നമുക്ക് മികച്ച വില ലഭിക്കും.

നല്ല വിളവ് എന്നത് ഒരുപാട് ഘടകങ്ങളുടെ ആകെത്തുകയാണ്.

കാലാവസ്ഥ 
ഇനം 
മണ്ണ് 
വള പരിപാലനം 
ജല സേചനം 
തോട്ടത്തിന്റെ ശുചിത്വം (പ്രധാനമായും കള നിയന്ത്രണം)
കീട രോഗ നിയന്ത്രണം

വാഴയിലാകട്ടെ കുല വന്നതിന് ശേഷമുള്ള പരിചരണവും ഏറെ മുഖ്യം.


അപ്പോൾ വേഗമാകട്ടെ... ഇത്തവണ ഓണത്തിന് നേന്ത്രക്കുലകൾക്ക് മികച്ച വിലയായിരിക്കും. കാറ്റ് കൊണ്ടോ പിണ്ടിപ്പുഴു മൂലമോ ഒരെണ്ണം പോലും നഷ്ടപ്പെടാൻ പാടില്ല എന്ന വാശി കർഷകന് ഉണ്ടാകണം.

കർഷകന് ആരുടേയും സഹതാപം ആവശ്യമില്ല. ശാസ്ത്രീയ കൃഷിമുറകൾ ചെയ്യാൻ പഠിച്ച് നമുക്ക് ആത്മാഭിമാനം ഉള്ളവരായി നാടിനെ ഊട്ടാം.

ഏത്തവാഴകൾ കൃഷി ചെയ്തവർ, തോട്ടത്തിന്റെ ചിത്രങ്ങൾ പങ്ക് വയ്ക്കാം. ഞങ്ങളും കൂടി കാണട്ടെ നിങ്ങളുടെ തോട്ടത്തിന്റെ വൃത്തിയും മികവും.


✍🏻 പ്രമോദ് മാധവൻ 




Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section