ഉയരപ്രദേശങ്ങളിൽ കാണപ്പെടുന്ന ഫലവൃക്ഷം; കട്ഫലത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട് | Bay berry tree



ഒരു ഇടത്തരം വൃക്ഷമാണ് കട്‌ഫലം. ഇതിന് നിരവധി ഔഷധഗുണങ്ങളുണ്ട്. ഇംഗ്ലീഷിൽ ബേ -ബെറി -ട്രി എന്ന പേരിലും സംസ്കൃതത്തിൽ കട്‌ഫലഃ, കാർശ്ശേരി, സോമവലകഃ, ശ്രീപർണി, കുമുദാ, മഹാകുംഭി, കുംഭിക, ഭദ്രവതി എന്നീ പേരുകളിലും അറിയപ്പെടുന്നു.

Botanical name: Myrica esculenta

Family: Myricaceae (Bayberry family)

Synonyms: Myrica sapida

Common name: Himalayan

Bayberry, Box Myrtle

Malayalam: Katfalam

Tamil: Chavviyaci,

Chavviyacimaram

Hindi: Kaiphal, Kaphal

Bengali: Kaiphal, Satsarila

Kannada: Kirishivani, Marudampatte

ആവാസമേഖല

ഹിമാലയവും പരിസരപ്രദേശങ്ങളും ഉൾപ്പടെ 1500-2000 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ കട്‌ഫലം ധാരാളമായി കാണപ്പെടുന്നു. ഇന്ത്യ കൂടാതെ നേപ്പാളിലും ഈ വൃക്ഷം ധാരാളമായി കാണപ്പെടുന്നു.

സസ്യവിവരണം.

15 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു ഇടത്തരം വൃക്ഷമാണ് കട്‌ഫലം. ഇവയുടെ മരത്തൊലിക്ക് ധൂസര നിറമാണ്. ശിഖിരാഗ്രങ്ങളിൽ ഇലകൾ കൂട്ടമായി ഉണ്ടാകുന്നു. ഇലകളുടെ അഗ്രം കൂർത്തതാണ്. ഇലകൾക്ക് ശരാശരി 8 മുതൽ 14 സെ.മി വരെ നീളവും 3 മുതൽ 4 സെ.മി വീതിയുമുണ്ട്.

ഇവയുടെ പൂക്കൾ ചെറുതും ചുവപ്പ് നിറത്തിലും സുഗന്ധമുള്ളതുമാണ്. ആൺ പെൺ പൂക്കൾ വെവ്വേറെ മരങ്ങളിലുണ്ടാകുന്നു . ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് ഇവയുടെ പൂക്കാലം നവംബർ മുതൽ മാർച്ച് വരെ ഇവയിൽ ഫലങ്ങളുമുണ്ടാകുന്നു. ഫലങ്ങൾ കുലകളായി ഉണ്ടാകുന്നു. ഇവയുടെ ഫലത്തിന് ചുവപ്പ് നിറമാണ്. ഈ ഫലം ഭക്ഷ്യയോഗ്യമാണ്. മധുരവും പുളിയും കലർന്ന രുചിയാണ് ഫലത്തിന്. ഇവകൊണ്ട് ജ്യൂസുണ്ടാക്കി കഴിക്കാറുണ്ട്. ഈ ഫലത്തിൽ നിന്നും ഒരു തൈലം വേർതിരിച്ചെടുക്കുന്നു.

രാസഘടകങ്ങൾ

കട്‌ഫലത്തിൽ മിരിസിട്രിൻ എന്ന ഗ്ലൈക്കോസൈഡും റ്റെറാക്ലെറോൾ എന്ന രാസ പദാർത്ഥവും അടങ്ങിയിരിക്കുന്നു .

കട്‌ഫലം ഔഷധഗുണങ്ങൾ

'കട്‌ഫലി കഫവാതനോ ഗുൽമേഹാഗ്നി മാന്ദ്യജിത് രുചിപ്പോ ജ്വരദുർനാമ ഗ്രഹണി പാണ്ഡു രോഗഹ (ധന്വന്തരി നിഘണ്ടു)

കഫം, വാതം, പ്രമേഹം, ജ്വരം ,അഗ്നിമാന്ദ്യം,ഗു‌ല്മം, അരുചി, മൂലക്കുരു, ഗ്രഹണി,വിളർച്ച എന്നി രോഗങ്ങൾ ശമിപ്പിക്കുന്നു .കട്‌ഫലാദി ചൂർണ്ണം എന്ന ആയുർവേദ ഔഷധം കട്‌ഫലതൊലി ചേർത്തുണ്ടാക്കുന്നതാണ്. പനി, ചുമ, ജലദോഷം, ആസ്മ, ബ്രോങ്കൈറ്റിസ്, തൊണ്ടവേദന, വയറുവേദന, ഓക്കാനം, ഛർദ്ദി എന്നീ രോഗങ്ങളുടെ ചികിത്സയ്ക്കായി ഈ ഔഷധം ഉപയോഗിക്കുന്നു.

രസാദി ഗുണങ്ങൾ

രസം -തിക്തം, കഷായം,കടു ഗുണം -ലഘു വീര്യം -ഉഷ്ണം വിപാകം കടു

ഔഷധയോഗ്യഭാഗങ്ങൾ 

തൊലി,ഫലം ,ഫലത്തിൽ നിന്നും എടുക്കുന്ന തൈലം.

ചില ഔഷധപ്രയോഗങ്ങൾ

പീനസം, തലവേദന.

കട്‌ഫലത്തിന്റെ പട്ട ഉണക്കി പൊടിച്ച് മുക്കിപ്പൊടി വലിക്കുന്നതുപോലെ മൂക്കിൽ വലിച്ചാൽ പീനസം, തലവേദന എന്നിവ മാറും.

വയറിളക്കം ദഹനക്കേട്.

കട്‌ഫലത്തിന്റെ പട്ട ഉണക്കി പൊടിച്ച് 3 ഗ്രാം വീതം മോരിൽ കലർത്തി കഴിച്ചാൽ വയറിളക്കം,ദഹനക്കേട് എന്നിവ മാറും. 1ഗ്രാം പൊടി തേനിൽ കുഴച്ച് ദിവസം മൂന്ന് നേരം വയറിളക്കം മാറും.

വ്രണങ്ങൾ, മുറിവുകൾ.

കട്ഫലത്തിന്റെ പട്ട ഉണക്കി പൊടിച്ച് വ്രണങ്ങളിൽ വിതറിയാൽ വ്രണങ്ങൾ പെട്ടന്ന് ഉണങ്ങും. ഈ പൊടി മുറിവിൽ വിതറിയാൽ രക്തശ്രാവം നിൽക്കുകയും മുറിവുകൾ പെട്ടന്ന് കരിയുകയും ചെയ്യും 

തളർവാതം, സന്ധിവേദന

കട്ഫലത്തിന്റെ തൊലി പച്ചയ്ക്ക് അരച്ച് എള്ളണ്ണയിൽ കാച്ചി പുറമെ പതിവായി പുരട്ടിയാൽ തളർവാതം, സന്ധിവേദന എന്നിവയ്ക്ക് ശമനമുണ്ടാകും.

മോണവീക്കം, മോണ പഴുപ്പ്, വായ്പ്‌പുണ്ണ്.

കട്‌ഫലത്തിന്റെ തൊലി പച്ചയ്ക്ക് വെള്ളത്തിൽ തിളപ്പിച്ച് ദിവസം പലപ്രാവശ്യം കവിൾ കൊണ്ടാൽ മോണവീക്കം, മോണ പഴുപ്പ് ,വായ്പ്പുണ്ണ് എന്നിവ മാറും.

കൃമിശല്ല്യം, വിരശല്ല്യം.

കട്‌ഫലത്തിന്റെ തൊലി കഷായം വച്ച് ദിവസം 30 മില്ലി വീതം കുറച്ചുദിവസം പതിവായി കഴിച്ചാൽ കൃമി ശല്ല്യം, വിരശല്ല്യം എന്നിവ മാറിക്കിട്ടും.

ത്വക്ക് രോഗങ്ങൾ.

കട്ഫലത്തിന്റെ ഫലത്തിൽ നിന്നും എടുക്കുന്ന തൈലം പുറമെ പുരട്ടിയാൽ ഒരുവിധപ്പെട്ട എല്ലാ ത്വക്ക് രോഗങ്ങളും ശമിക്കും. 


പല്ലുവേദന

കട്ഫലത്തിന്റെ തൊലി പച്ചയ്ക്ക് വായിലിട്ട് ചവച്ചാൽ പല്ലുവേദന ശമിക്കും.

രക്തപിത്തം

കട്ഫലത്തിന്റെ ഫലത്തിൽ നിന്നും എടുക്കുന്ന തൈലം 3 മി.ലി തൈലവും മൂന്ന് ഗ്രാം ചന്ദനചൂർണ്ണവും അരിക്കാടിയിൽ കലർത്തി ദിവസം മൂന്ന് നേരം എന്ന കണക്കിൽ കഴിച്ചാൽ രക്തപിത്തം ശമിക്കും.






Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section