Indian Council of Medical Research (ICMR) ന്റെ ശുപാർശ പ്രകാരം ഒരാൾ ദിവസവും 400 ഗ്രാം പച്ചക്കറികളും 100 ഗ്രാം പഴവർഗങ്ങളുംകഴിച്ചിരിക്കണം എന്നാണ്, സമ്പൂർണ സ്വാസ്ഥ്യം വേണമെങ്കിൽ .
അങ്ങനെയെങ്കിൽ, ഒരു കൊല്ലം ഒരാൾ ഏതാണ്ട് 144 കിലോ പച്ചക്കറികളും 37കിലോ പഴങ്ങളും കഴിക്കണം എന്ന് പറയാം.വല്ലപ്പോഴും ഈ അളവിൽ കഴിക്കുകയല്ല വേണ്ടത് ദിനവും ഈ അളവിൽ കഴിയ്ക്കണം.
'My Healthy Food Plate' സങ്കൽപ്പപ്രകാരം ഇതിന് പുറമെ ചെറുധാന്യങ്ങൾ(Millets, Nutri Cereals ) അടക്കം 270ഗ്രാം ധാന്യങ്ങൾ,90ഗ്രാം പയർ വർഗ്ഗങ്ങൾ,20ഗ്രാം അണ്ടിവർഗങ്ങൾ (Nuts &seeds ),27ഗ്രാം കൊഴുപ്പ് (Fats &oils),300ഗ്രാം പാലോ പാലുത്പന്നങ്ങൾ എന്നിവയും കൂടി കഴിക്കുകയും നന്നായി വ്യായാമം ചെയ്യുകയും സദ്ചിന്തകൾ മനസ്സിൽ വരികയും കൂടി ചെയ്താൽ ഭിഷഗ്വരന്മാർ കേരളത്തിൽ വേറേ പണി നോക്കേണ്ടി വരും മരണാ... 😂
ആരോഗ്യ വകുപ്പ് ആളുകളുടെ രോഗം ചികിൽസിക്കാൻ ഇരിക്കുന്നവർ ആണെങ്കിൽ (Curing Illness ) കൃഷി വകുപ്പുദ്യോഗസ്ഥർ ജനങ്ങളിൽ ആരോഗ്യം ഉണ്ടാക്കേണ്ടവർ (Creating Wellness ) ആണ്. അവർ മറ്റ് വകുപ്പുകളുമായും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായും വികസന ഏജൻസികളുമായും ചേർന്ന് എല്ലാ ആളുകളിലും വീടുകളിലും സുരക്ഷിതഭക്ഷണം ഉൽപാദിപ്പിക്കേണ്ട രീതികൾ ആൾക്കാരെ പഠിപ്പിക്കണം, അതിനായി ജനങ്ങളെ പ്രചോദിപ്പിക്കണം, ഉചിതമായ പദ്ധതികൾ ആവിഷ്കരിക്കണം.
ലതായത് മെഡിക്കൽ കോളേജും കാർഷിക കോളേജും ഒരുമിച്ച് ചേർന്ന് ജനങ്ങളെ ബോധവൽക്കരിക്കണം ന്ന്..ആരോഗ്യം നില നിർത്താൻ എങ്ങനെയുള്ള ഭക്ഷണം കഴിയ്ക്കണം എന്ന് Human Doctor മാരും എങ്ങനെ നല്ല പോഷകത്തോട്ടം ഒരുക്കണം എന്ന് Plant Doctor മാരും ജനങ്ങളെ പഠിപ്പിക്കണം.🤣
മേല്പറഞ്ഞ കണക്ക് പ്രകാരം കേരളത്തിന് ഒരു കൊല്ലം വേണ്ടത് 36ലക്ഷം ടൺ പച്ചക്കറികളും 11ലക്ഷം ടൺ പഴങ്ങളുമാണ്.
കേരളത്തിൽ 87 ലക്ഷം കുടുംബങ്ങൾ ഉണ്ട് എന്ന് പറയപ്പെടുന്നു. അല്പം സ്ഥലമെങ്കിലും കൃഷി ചെയ്യാൻ സൗകര്യം ഉള്ള കുടുംബങ്ങൾ (ഒരു അൻപത് ലക്ഷം വീടുകൾ എന്നെടുക്കാം ) കൃഷി ചെയ്യാൻ തുടങ്ങിയാൽ, അവർ ഒരു വർഷം 100 കിലോ വീതം പച്ചക്കറികൾ ഉൽപാദിപ്പിച്ചാൽ അതിൽ നിന്നും മാത്രം ഉള്ള ഉത്പാദനം അൻപത് കോടി കിലോഗ്രാം ആയിരിക്കും
അത് ഏതാണ്ട് അഞ്ച് ലക്ഷം ടൺ വരും. അവർക്ക് 200 കിലോ ഉണ്ടാക്കാൻ കഴിഞ്ഞാൽ അത് 10 ലക്ഷം ടൺ ഉണ്ടാകും.
ബാക്കിയുള്ള പച്ചക്കറികൾ വാണിജ്യകൃഷിയിലൂടെ ഉണ്ടാക്കിയാൽ മതിയാകും.അതിന് ഓരോ വാർഡിലും പത്തോ പതിനഞ്ചോ ചുണക്കുട്ടന്മാരെ open precision farming പഠിപ്പിച്ചു കൃഷി ചെയ്യിച്ചാൽ മതിയാകും.
എന്തായാലും നിലവിൽ ഏതാണ്ട് 16 ലക്ഷം ടൺ ആണ് ആഭ്യന്തര പച്ചക്കറിയുത്പാദനം.അത് ഇരട്ടിയാക്കേണ്ടിയിരിക്കുന്നു.
C. K. Prahlad തന്റെ പ്രശസ്തമായ 'Fortune at the bottom of the Pyramid 'എന്ന പുസ്തകത്തിൽ വിവക്ഷിക്കുന്നത് പോലെ സമൂഹത്തിലെ താഴെ തട്ടിൽ ഉള്ളവരുടെ ശക്തി അനുപമമാണ്. അവരെ ഉൾപ്പെടുത്തി പച്ചക്കറി വികസന പദ്ധതികൾ നടപ്പിലാക്കണം. അവർക്ക് കൃഷി ചെയ്യാൻ സഹായങ്ങൾ ഒന്നും ഫ്രീ ആയി കൊടുക്കരുത്. (മുഖം ചുളിയുന്നത് എനിയ്ക്ക് കാണാം ). ആൻഡ്രോയ്ഡ് ഫോണുകൾ ഇല്ലാത്ത ഒരു സാധാരണക്കാരുടെ വീട് പോലും കേരളത്തിൽ ഉണ്ടാകില്ല എന്നാണ് എന്റെ നിരീക്ഷണം. അതിനൊക്കെ പണം എങ്ങനെ എങ്കിലും അവർ കണ്ടെത്തും.അത് പോലെ, വേണ്ടവർ കൃഷിയ്ക്കുള്ള പണം എങ്ങനെ എങ്കിലും കണ്ടെത്തണം. കുടുംബശ്രീ, NSS, SNDP, രൂപതകൾ, പള്ളികൾ വഴി ഒക്കെ ഇന്ന് ലഘു വായ്പ (Micro Credit ) ലഭിക്കാൻ അവസരങ്ങൾ ഉണ്ട്. ഇനി അങ്ങനെ കിട്ടാത്തവർക്ക് സഹകരണ ബാങ്കുകൾ ലഘു വായ്പകൾ നൽകണം.അവർക്ക് നല്ല ഗുണമേന്മയുള്ള വിത്തും വളങ്ങളും മറ്റും വിലയ്ക്ക് വാങ്ങാൻ പറ്റിയ ന്യായവില സംവിധാനങ്ങൾ സർക്കാർ ഏർപ്പെടുത്തിയാൽ മതിയാകും.
പക്ഷെ,അവർ ഉൽപാദിപ്പിക്കുന്ന,(മുൻകൂട്ടി തയ്യാറാക്കുന്ന പദ്ധതി പ്രകാരം, Production Planning ) അവരുടെ ഭക്ഷണാവശ്യം കഴിഞ്ഞുള്ള (Surplus ) ഉത്പന്നങ്ങൾ,നല്ല വില നൽകി കൃഷി വകുപ്പ് (Horticorp, VFPCK, Civil Supplies Corporation മുതലായവരിലൂടെ) സംഭരിക്കുകയും അത് പൊതുജനത്തിന് വാങ്ങാൻ അവസരം ഒരുക്കുകയും വേണം.അതിനായി ഓരോ പഞ്ചായത്തിലും Aggregator എന്നുള്ള പേരിൽ കൃഷിക്കൂട്ടങ്ങൾക്ക് fund നൽകിയിട്ടുണ്ട്. അവർ വിപണിയിൽ ഇടപെടണം. അവരും Eco shop ഉം FPO കളും ഒക്കെ ചലനാത്മകമാകണം.
ഓരോ കുടുംബവും ഉൽപാദിപ്പിച്ചതിന്റെ അളവിന് ആനുപാതികമായി Production Incentive ആ കർഷക കുടുംബത്തിന്റെ (കഴിയുമെങ്കിൽ സ്ത്രീകളുടെ ) ബാങ്ക് അക്കൗണ്ടിൽ കൊടുത്താൽ മതിയാകും.
ഒക്കെ ഒരു വെറും.... ന്റെ സ്വപ്നം...😟
എല്ലാ വീടുകളിലും അലങ്കാരചെടികൾ( ornamental plants ) ഉണ്ടാകും. പക്ഷെ പല വീടുകളിലും ആഹാരച്ചെടികൾ (Edible Plants) ഉണ്ടാകില്ല. അലങ്കാരത്തോടൊപ്പം അല്പം ആഹാരവും കൂടി ഒരേ തോട്ടത്തിൽ നിന്നും തന്നെ വന്നാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ സുഗുണാ..?
ഇല്ല.
ആയതിനാൽ നഗരങ്ങളിലും നഗരപ്രാന്തങ്ങളിലും (Urban &Peri urban ) എല്ലാം തന്നെ വികസിപ്പിച്ചെടുക്കേണ്ട മാതൃകയാകുന്നു Foodscaping.
അലങ്കാരപ്പനകൾക്ക് പകരം പച്ച, മഞ്ഞ, ഓറഞ്ച് നിറത്തിൽ തേങ്ങകൾ തരുന്ന കുള്ളൻ തെങ്ങുകളും ചെറിയ പ്രായത്തിൽ തന്നെ കായ്ക്കുന്ന അടയ്ക്കാമരങ്ങളും പൂന്തോട്ടത്തിലെ ചെടികൾക്കൊപ്പം തന്നെ ഇടകലർത്തി വ്ലാത്താങ്കര ചീരയും അരുൺ ചീരയും പട്ട് ചീരയും പച്ച ചീരയും മോഹിനിയും രേണുശ്രീയും കൃഷ്ണശ്രീയും ഒക്കെ നടാം. പല നിറങ്ങളിൽ മുളകുകൾ ഉണ്ടാകുന്ന ഇനം മുളക് ചെടികൾ,തക്കാളി, വഴുതന, അമരപ്പയർ,ചുവന്നതും വെള്ളയും പൂക്കൾ ഉണ്ടാകുന്ന അഗസ്തി ചീര, പച്ചയും ചുവന്നതുമായ തണ്ടുകൾ ഉള്ള വള്ളിചീര, ജൈവ വേലികൾ ആയി വേലിചീര, മായൻ ചീര, സൗഹൃദ ചീര എന്നിവ നടാം. നടപ്പാതയുടെ ഇരുവശവും ആയി റെഡ് ലേഡി, ലുണാർ, WS 46, Arka Soorya, Arka Prabhat, Dawn Delight എന്നീ വാണിജ്യ പ്രാധാന്യമുള്ള പപ്പായകൾ നടാം. ശീതകാലം വരുമ്പോൾ ചുവന്ന കാബേജും പച്ച ബ്രോക്കോളിയും ക്യാരറ്റും ബീറ്റ് റൂട്ടും കോറൽ ലെറ്റുസും ഒക്കെ നടാം.വള്ളിക്കുടിലുകളിലും കമാനങ്ങളിലും കോവൽ, പാവൽ, ചുരയ്ക്ക, പീച്ചിൽ, പാഷൻ ഫ്രൂട്ട്, നിത്യവഴുതന എന്നിവ നടാം. മണ്ണ് കവർ ചെയ്ത് കിടക്കേണ്ട ആവശ്യമുണ്ടെങ്കിൽ അവിടെ മധുരക്കിഴങ്ങ് നടാം. ഒപ്പം സൂര്യകാന്തി, ചെണ്ടുമല്ലി, എള്ള്, കടുക്, ചോളം, തുവര എന്നിവ നട്ട് പിടിപ്പിക്കാം.
ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ കൃഷിവകുപ്പിൽ നിന്നും ഈയിടെ വിരമിച്ച Deputy Director ഷിബുകുമാർ സാറിന്റെ വീട്ടിലെ Food Garden കാണണം.
അങ്ങനെ എത്രയെത്ര ആശയങ്ങൾ..
എന്താ വാര്യരേ, നമ്മുടെ ആൾക്കാർക്ക് ഇതൊന്നും തോന്നാത്തത്....
അത് പിന്നെ നമ്മുടെ പൗലോ കൊയ്‌ലോ ആശാൻ പറഞ്ഞിട്ടില്ലേ അണ്ണാ 'ഒരാൾ എന്തെങ്കിലും നേടാൻ അദമ്യമായി ആഗ്രഹിക്കുകയാണെങ്കിൽ ഈ പ്രപഞ്ചം മുഴുവൻ അയാൾക്കൊപ്പം ഉണ്ടാകും 'എന്ന്. അത് പോലെ ഒരാൾ'ഞാൻ നന്നാകാൻ പോകുന്നില്ല' എന്ന് സ്വയം തീരുമാനിച്ചാൽ പിന്നെ പൊന്ന് തമ്പുരാന് പോലും അയാളെ രക്ഷിക്കാൻ കഴിയില്ല എന്നും വ്യംഗിക്കാം.
വിവേകികൾ ഈ സന്ദേശം ഉൾക്കൊണ്ടുകഴിഞ്ഞു. മറ്റുള്ളവർ വേണമെങ്കിൽ മാറ്റം ഉൾക്കൊള്ളട്ടെ.
കുതിരയെ തടകത്തിനടുത്ത് കൊണ്ടെത്തിക്കാൻ കുതിരക്കാരന് കഴിയും. പക്ഷെ വെള്ളം കുടിക്കണോ വേണ്ടയോ എന്നത് കുതിരയാണ് തീരുമാനിക്കേണ്ടത്.കൃഷിവകുപ്പിന് പറയാനല്ലേ കഴിയൂ... ചെയ്യേണ്ടത് ഓരോ വീടുകളുമല്ലേ...?
കുറ്റിപ്പുറത്ത് കേശവൻ നായർ കണ്ട കേരളീയ ഭവനങ്ങൾ Foodscaping ന്റെ ഉദാത്ത മാതൃകകൾ ആയിരുന്നു. അതുകൊണ്ടാണ് 'ഗ്രാമകന്യക' യിൽ അദ്ദേഹം 'മാവും പിലാവും പുളിയും കരിമ്പും തെങ്ങും ഫലം തിങ്ങുമിളം കവുങ്ങും നിറഞ്ഞഹോ സസ്യലതാഡ്യമായ വീട് 'എന്നെഴുതിയത്.
കാലം മാറി, അഗലോനീമയും അഡീനിയവും ആന്തുറിയവുംമാൻഡേ വില്ലയും പെട്രിയയും ഒക്കെ വീടുകളുടെ അരങ്ങും അകത്തളങ്ങളും വാഴുന്നയീ കാലത്ത് , 'കിംസും മിംസും മെഡിസിറ്റികളും' ഒക്കെ സ്ഥാപിച്ചവർക്ക് അത് മുതലാകണാമല്ലോ.... നമ്മുടെയൊക്കെ ക*പ്പാണ് അവരുടെയൊക്കെ പിഴപ്പ്.
ഈ പരിസ്ഥിതി ദിനത്തിൽ ഭൂമിയുടെ ചൂട് കുറയ്ക്കാൻ, നമ്മുടെ ജീവിതത്തിന്റെ കാർബൺ കാൽപ്പാടുകൾ (Carbon Footprint) കുറയ്ക്കാൻ, വീട്ടുകാർക്കും നാട്ടുകാർക്കും സുരക്ഷിത ഭക്ഷണമൊരുക്കാൻ, ഇതിനൊന്നും കഴിഞ്ഞില്ലെങ്കിൽ, നാട്ടിലെ കഷ്ടപ്പെടുന്ന കർഷകരുടെ ഉത്പന്നങ്ങൾ നല്ല വിലയ്ക്ക് വാങ്ങാൻ എങ്കിലും നമ്മൾ ശ്രമിക്കണം.
സാക്ഷരർ ആണെന്ന് മേനി പറഞ്ഞിട്ട് കാര്യമില്ല. സാക്ഷരത (അത് soil literacy, water literacy, Eco literacy, Nutritional literacy എന്നിങ്ങനെ..) ഉണ്ടെന്ന് നമ്മുടെ പ്രവൃത്തിയിലൂടെ മറ്റുള്ളവർക്കും കൂടി തോന്നണം.
അന്നദാതാ സുഖീ ഭവ :
Eat Local... Eat Fresh... Food mile കുറയ്‌ക്കൂ... ആഗോളതാപനത്തെ ചെറുക്കുന്നതിൽ പങ്കാളിയാകൂ..
✍🏻 പ്രമോദ് മാധവൻ