പഴമായും പച്ചക്കറിയായും ഉപയോഗിക്കുവാൻ കഴിയുന്ന കാർഷിക വിള; ബട്ടർനട്ട് സ്ക്വാഷ് സൂപ്പറാണ്. | SK. ഷിനു



വിദേശയിനം കാർഷിക വിളയായ ബട്ടർനട്ട് നമ്മുടെ നാട്ടിലും വിളയിക്കാനാവും. പഴമായും പച്ചക്കറിയായും ഉപയോഗിക്കുവാൻ കഴിയുന്ന കാർഷിക വിളയാണിത്. കുപ്പിയുടെ ഷെയ്പ്പുള്ളതിനാൽ മലയാളികൾ ഇതിനെ 'കുപ്പി കായ' എന്ന് ഓമനപ്പേരിട്ട് വിളിക്കുന്നു. നമ്മുടെ നാട്ടിൽ ഏറെ പരിചിതമല്ലാത്ത കാർഷിക വിളയാണ് ബട്ടർനട്ട് സ്ക്വാഷ്.

ബട്ടർനട്ട് സ്ക്വാഷ് സൂപ്പറാണ്.
=================================

പച്ചക്കറിയായും പഴമായും ഉപയോഗിക്കുവുന്ന ഒരു കാർഷിക വിളയാണ് ബട്ടർനട്ട് സ്ക്വാഷ് .കണ്ടാൽ ചെറിയ മത്തങ്ങയാണെന്ന് തോന്നും .മത്തങ്ങയ്ക്ക് പകരമായി മത്തങ്ങ ഉപയോഗിക്കുന്ന എല്ലാ വിഭവങ്ങളിലും ഉപയോഗിക്കുവാൻ കഴിയുന്ന ഒന്നാണ് ബട്ടർനട്ട് സ്ക്വാഷ് .വേണമെങ്കിൽ മത്തങ്ങയുടെ അളിയനെന്നു പറയാം. മത്തങ്ങയുമായി അത്രയ്ക്ക് സാമ്യമാണ് ബട്ടർനട്ട് സ്ക്വാഷിന് .ഇലയും ,പൂവും ,വള്ളികളും ,കായുമൊക്കെ മത്തനു സമാനമാണ്. മൂത്ത ഒരു ബട്ടർനട്ട് സ്ക്വാഷ് മുറിച്ചു നോക്കിയാൽ മത്തൻ മുറിച്ചതാണെന്നു തോന്നു. മത്തൻ്റെ വിത്തും ബട്ടർനട്ട് സ്ക്വോഷിൻ്റെ വിത്തും കാഴ്ച്ചയ്ക്ക് ഒന്നാണെന്ന് തോന്നും.

കാർഷിക കേരളത്തിന് അന്യമായ ബട്ടർനട്ട് സ്ക്വാഷ്, മത്തൻ വിഭാഗത്തിൽ പ്പെടുന്ന ഒരിനമാണ്.1940 കളിൽ മധ്യ അമേരിക്കയിലാണ് ഈ അപൂർവയിനം പച്ചക്കറി കണ്ടെത്തിയത്.1950 ആയപ്പോഴേക്കും ന്യൂസിലൻ്റിൽ വ്യവസായികാടിസ്ഥാനത്തിൽ കൃഷിയാരംഭിച്ചു.ഓസ്ട്രേലിയ ,ടർക്കി, തായ്ലൻ്റ് പോലുള്ള രാജ്യങ്ങൾ വ്യാവസായികാടിസ്ഥാനത്തിൽ കൃഷിചെയ്ത് ,ഓരോ വർഷവും ടൺ കണക്കിന് ബട്ടർനട്ട് സ്ക്വാഷാണ് ഉൽപ്പാദിപ്പിക്കുന്നത്. കേരളത്തിൻ്റെ കാലാവസ്ഥക്കനുസരിച്ച് 365 ദിവസവും കൃഷി ചെയ്യുവാൻ കഴിയുന്ന കാർഷിക വിളയെന്ന നിലയിൽ, ബട്ടർനട്ട് സ്ക്വാഷിനെ ,ഒരു ഓൾ സീസൺ ക്രോപ്പ് എന്നു വിളിക്കാം.

കൃഷി രീതി

നന്നായി വിളഞ്ഞു പഴുത്ത ബട്ടർ നട്ടിൽ നിന്നും നടാനായി വിത്തുകൾ ശേഖരിക്കാവുന്നതാണ്. പഴുത്ത കായ്കളിൽ നിന്നും ശേഖരിച്ച വിത്തുകൾ ആരോഗ്യമുള്ളതാണോ എന്ന് അറിയുന്നതിനായി വെള്ളത്തിലേക്കിടണം. ആരോഗ്യമുള്ള വിത്തുകൾ വെള്ളത്തിനടിയിൽ താഴും .വെള്ളത്തിനടിയിൽ താഴ്ന്ന ആരോഗ്യമുള്ള വിത്തുകൾ നടാനായി തിരഞ്ഞെടുക്കാവുന്നതാണ്.ഒരു കായിൽ 50 നും നൂറിനും ഇടയിൽ വിത്തുണ്ടാകുമെങ്കിലും ഗുണമുള്ള വിത്തുകൾ 25 നു താഴയെ കാണുകയുള്ളു. വിത്തുകൾ ഒരു ദിവസം ഭാഗീകമായി വെയ്ലത്തും, രണ്ടു ദിവസം തണലത്തും ഉണക്കിയ ശേഷം വിത്ത് മുളപ്പിക്കാവുന്നതാണ്. വിത്തുകൾ മണ്ണിൽ നേരിട്ടും ,അല്ലെങ്കിൽ ട്രേകളിൽ പാകി മുളപ്പിച്ച തൈകളും, നടാനായി ഉപയോഗിക്കാം. വിത്ത് പാകുന്നതിന് മുൻമ്പ് സ്യൂഡോമോണസ് ലായനിയിൽ വിത്ത് പരിചരണം നടത്തുന്നത് നല്ലതാണ്. വിത്ത് പാകി മുളച്ച തൈകൾ 15 മുതൽ 20 ദിവസം പ്രായമാകുമ്പോൾ കൃഷിയിടത്തിലേക്ക് പറിച്ചുനടാവുന്നതാണ്. തൈകൾ മണ്ണിലേക്ക് നടുന്നതിനു മുൻമ്പ് ഒരു സെൻ്റിന് 2Kg കുമ്മായം അല്ലെങ്കിൽ ഡോളമൈറ്റ് അടിവളമായി നൽകി മണ്ണിൻ്റെ അസിഡിറ്റി കുറയ്ക്കേണ്ടതാണ്. അടിവളമായി കോഴിവളം ,ചാണകപ്പൊടി ,കമ്പോസ്റ്റ് ,എല്ലുപൊടി ,വേപ്പിൻ പിണ്ണാക്ക് ,കടലപിണ്ണാക്ക് എന്നിവ ചേർക്കണം. കുമ്മായം ചേർത്ത് 7 ദിവസം കഴിഞ്ഞു മാത്രമെ തൈകൾ മണ്ണിലേക്കു നടാൻ പാടുള്ളു. നടുന്ന തൈകളുടെ വലിപ്പം വളരെ കുറവായിരിക്കും. ആയതിനാൽ 3 ദിവസം തൈകൾക്ക് തണൽ നൽകുന്നത് നല്ലതായിരിക്കും. തൈകൾ നട്ട് 15 ദിവസമാകുമ്പോൾ വേരുപിടിക്കാൻ തുടങ്ങും. ഈ സമയത്ത് വളപ്രയോഗം നടത്താവുന്നതാണ്. ജൈവസ്ലറി തയാറാക്കി 7 ദിവസത്തിലൊരിക്കൽ ചുവട്ടിൽ ഒഴിക്കുന്നതും ,രണ്ടാഴ്ച്ചക്കൊരിക്കൽ ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്യുന്നതും ,നല്ല വളർച്ചയ്ക്കും ,കൂടുതൽ വിളവുണ്ടാക്കുന്നതിനും സഹായകമാകും. തൈ നട്ട് 15-ാം ദിവസം മുതൽ 15 ദിവസത്തെ ഇടവേളകളിൽ രാസവള പ്രയോഗവും നടത്താവുന്നതാണ്. ഒന്നാം വളമായി ഒരു ചെടിക്ക് ഒരു സ്പൂൺ യൂറിയ ഇടാവുന്നതാണ്.15 ദിവസം കഴിഞ്ഞ് രണ്ടാം വളമായി ഫാക്ടംഫോസ് ഒരു ടീസ്പൂൺ ഒരു ചെടിക്ക് എന്ന ക്രമത്തിൽ നൽകാം. 35 മുതൽ 40 ദിവസമാകുമ്പോൾ ബട്ടർനട്ട് പുഷ്പ്പിക്കുവാൻ തുടങ്ങും. ഈ സമയത്ത് പൊട്ടാഷ് വളങ്ങൾ മാത്രം നൽകുന്നതാണ് നല്ലത്.

ബട്ടർനട്ട് സ്ക്വാഷ് പടരുന്ന വള്ളി വർഗ്ഗ വിളയായതിനാൽ പന്തലിട്ട് തട്ടിൽ കയറ്റിയും ,നിലത്തു പടർത്തിയും കൃഷി ചെയ്യാം. പന്തലിൽ പടർത്തുകയാണെങ്കിൽ കൂടുതൽ വിളവും നല്ല നിറമുള്ളതും ,ഷെയ്പ്പുള്ളതുമായ കായ്കളും കിട്ടും. കൃഷിയിടത്തിൽ തൈകൾ രണ്ടടി അകലത്തിൽ നടാവുന്നതാണ്. തൈകൾ വേരുപിടിച്ചാലുടൻ താങ്ങുകൾ നൽകി പന്തലിലേക്ക് പാർത്തി വിടണം. തൈ നട്ട് 50 ദിവസമാകുമ്പോഴേക്കും വിളവെടുപ്പു തുടങ്ങാം. പൂർണ്ണ വളർച്ചയെത്തിയ ഒരു കായ്ക്ക് 600gm മുതൽ 1 കിലോ വരെ തൂക്കമുണ്ടാകും.25 സെൻ്റിൽ നിന്ന് ശരാശരി ഒരു ടണ്ണിൽ കൂടുതൽ വിളവ് ലഭിക്കും. 

മത്തനിൽ ഉണ്ടാകുന്ന പ്രധാന രോഗ കീടങ്ങൾ ബട്ടർനട്ടിനെയും ബാധിക്കാറുണ്ട്.ഇതിൽ കായീച്ചയുടെ അക്രമണം ഒരു മുഖ്യവിഷയമാണ്. കൃഷിയിടത്തിൽ തൈകൾ നടുന്ന സമയത്തു തന്നെ ഫിറമോൺ കെണികൾ വാങ്ങി കൃഷിയിടത്തിൽ കെട്ടി കായീച്ചകളുടെ വംശവർദ്ധനവിനെ പൂർണ്ണമായി തടഞ്ഞ് വിളകൾക്ക് സംരക്ഷണം കൊടുക്കാവുന്നതാണ്. മറ്റു കീടങ്ങൾക്കെതിരെ ബിവേറിയ ഉപയോഗിക്കാവുന്നതാണ്. വെള്ളീച്ചയുടെ ശല്യമുണ്ടെങ്കിൽ എല്ലോ കാർഡുവാങ്ങി കൃഷിയിടത്തിൽ കെട്ടിത്തൂക്കണം. ഇലകളിൽ ഫംഗൽ ബാധയുണ്ടായാൽ സ്യൂഡോമോണസ് സ്പ്രേ ചെയ്യാവുന്നതാണ്.


ബട്ടർനട്ട് സ്ക്വാഷിൽ വൻതോതിൽ, വൈറ്റമിൻ, മിനറൽസ്, എന്നിവ അടങ്ങിയിട്ടുണ്ട്. വിളഞ്ഞ് പാകമാകുന്നതിന് മുമ്പ് വിവിധയിനം കറികളിൽ പച്ചക്കറിയായി ഉപയോഗിക്കാം. വിളഞ്ഞ് പഴുത്ത കായ്കൾ ഫലമായി ഉപയോഗിക്കാം. ബട്ടർനട്ടിൻ്റെ പുറംതോട് അരിഞ്ഞ് മാറ്റിയ ശേഷം പച്ചയ്ക്ക് കഴിക്കാനും നല്ല രസമാണ്. റെഡ് ലേഡി പപ്പായ കഴിക്കുന്ന അതേ രുചിയാണ്. പഴുത്ത കായ്കൾ ,പായസം വയ്ക്കാനും ,ജ്യൂസ് ആക്കി കഴിക്കാനും ,ഷേക്ക് അടിച്ച് കുടിക്കാനുമൊക്കെ ഉപയോഗിക്കാം.
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വളരെ സവിശേഷമായ ബട്ടർനട്ട് കൃഷിയാരംഭിച്ച് ,അരനൂറ്റാണ്ടുകൾ പിന്നിടുമ്പോഴാണ് ബട്ടർനട്ട് സ്ക്വാഷിൻ്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള കൃഷി കേരളത്തിൽ ആരംഭിക്കുന്നത്. കേരളത്തിൽ ഇനിയും ഒരുപാട് സാധ്യതകൾ ഉള്ള ഒരു കാർഷികവിളയായി ബട്ടർനട്ട് സ്ക്വാഷ് മാറും എന്നതിൽ യാതൊരു സംശയവുമില്ല.

✍🏻 SK. ഷിനു






Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section