വേനലും വർഷവും വെണ്ടയ്ക്ക് പഥ്യം... - പ്രമോദ് മാധവൻ | Pramod Madhavan




വേനൽക്കാലം ആയാലും മഴക്കാലം ആയാലും ഒരു പോലെ കൃഷി ചെയ്യാവുന്ന പച്ചക്കറി വിളയാണ് വെണ്ട.

ആംഗലേയത്തിൽ Okra, Ladies Finger എന്നും വിളിക്കും.

നമ്മുടെ 'സൊന്തം ' ചെമ്പരത്തിയുടെ കുടുംബക്കാരൻ.
Malvaceae തറവാട്. (ഇലയുടെ വഴു വഴുപ്പും പൂക്കളുടെ ആകൃതിയും ഓർക്കുക..).

 വെണ്ടയിലെ ഇല ചുരുട്ടി പുഴുവിന്റെ (Leaf Roller) ചിന്നവീടാണ് ചെമ്പരത്തി. രണ്ട് ചെടികളിലും ഈ കീടത്തെ കാണാം.
പരുത്തിച്ചെടിയും ഇതേ കുടുംബക്കാരൻ തന്നെ.

വെണ്ടയുടെ പോഷക ഗുണങ്ങൾ കേട്ടാൽ ആരും നമിച്ചുപോകും.

ഗ്ലൈസെമിക് ഇൻഡക്സ് 20 ആയതിനാൽ diabetic patients ന് ഇവൻ നൻപൻ. 

Pectin പോലെ ഉള്ള ദഹന നാരുകളാൽ സമൃദ്ധം ആയതിനാൽ cholesterol അടിഞ്ഞുകൂടാതെ വേഗം ശരീരം വിട്ട് പോകും.മലബന്ധവും പമ്പ കടക്കും. 

Folic ആസിഡിന്റെ ധാരാളിത്തം മൂലം ഇവൻ ഗർഭിണികളുടെ പ്രിയതോഴൻ. ഗർഭവതികൾ ആകാൻ ആഗ്രഹിക്കുന്ന സ്ത്രീകളും അച്ഛനാകാൻ തയ്യാറെടുക്കുന്ന പുരുഷന്മാരും വെണ്ടയ്ക്ക നന്നായി കഴിക്കുക.വലിയ ഗുണം ചെയ്യും.

Iodine കലവറ ആകയാൽ Goitre വരാതെ കാക്കും. 

തൊലിക്ക് മിനുസം നൽകും. 

ലൈംഗിക ജീവിതം ഉല്ലാസ പൂർണമാക്കും. 

ഒരു പച്ചക്കറി ഇതിൽ കൂടുതലൊക്കെ എന്ത് ചെയ്യണം എന്നാണ് നിങ്ങൾ പറയുന്നത് സൂർത്തേ...

 അന്നം തന്നെ മരുന്ന്..അൽ ഒട്ടഹ..
ആയതിനാൽ പോയി പത്തു ഗ്രോ ബാഗോ ചട്ടിയോ ചാക്കോ വാങ്ങി വെണ്ട കൃഷി ചെയ്യാൻ നോക്കുകയല്ലേ?

മഴക്കാലം ആണ് ഏറ്റവും അനുയോജ്യം.
മെയ്‌ മാസം വിത്തിടാൻ കേമം.ഇപ്പോൾ തുടങ്ങാം..

മഴക്കാല കൃഷിയിൽ പക്ഷെ അകലം അല്പം കൂട്ടണം. നന്നായി പോഷണിപ്പിച്ചാൽ ചെടികൾ വായ്ച്ചു വളരും. വരികൾ തമ്മിൽ രണ്ടടി. വരിയിലെ ചെടികൾ തമ്മിൽ ഒന്നരയടി. 

വേനൽക്കാലത്ത് ചെടികൾ തമ്മിൽ ഒരടി ആയാലും മതി. വളർച്ച അല്പം കുറവായിരിക്കും. 

വേര് ജട പിടിപ്പിക്കുന്ന നിമ വിരകളുടെ (Root knot Nematode ) ശല്യം ജാസ്തി ആയതിനാൽ സെന്റിന് 3 കിലോ എന്ന അളവിൽ പൊടിച്ച വേപ്പിൻ പിണ്ണാക്ക് അടിവളമായി ചാണകപ്പൊടി, എല്ലു പൊടി എന്നിവയ്‌ക്കൊപ്പം ചേർത്ത് കൊടുക്കണം.പിശുക്കരുത്.. ബ്ലീസ് 

Paecilomyces lilacinus എന്ന ജീവാണുനിമാവിര നാശിനി അടിവളത്തോടൊപ്പം ചേർത്ത് കൊടുക്കുന്നതും നല്ലത് തന്നെ.
ചെടികൾ 'ക്കിടെക്കിടെ' ബന്ദി ചെടികൾ (Marigold ) നട്ട് കൊടുക്കാം.അതിന്റെ വേര് സ്രവങ്ങൾ (root exudates )നിമാവിരകൾക്ക് അലർജിയുണ്ടാക്കും.
ഓൻ പത്തി മടക്കും.

18:9:18 എന്ന NPK mixture ചെറിയ അളവിൽ അടിവളമായി, വേണമെങ്കിൽ നൽകാം. 

വിപണിയിൽ നല്ല ഇനങ്ങൾ ഏതൊക്കെ എന്ന് നോക്കാം 

അർക്ക അനാമിക: അഞ്ച് അരികുകൾ (edges) ഉള്ള പച്ച നിറത്തിലുള്ള ഇടത്തരം കായ്കൾ 

പർബാനി ക്രാന്തി: കടും പച്ച നിറത്തിൽ ഉള്ള ഇടത്തരം കായ്കൾ 

അർക്ക ആഭ (ഒരു IIHR ഇനം )

വർഷ ഉപഹാർ 

സുസ്ഥിര :വീട്ടു വളപ്പിലെ കൃഷിക്ക് യോജിച്ച ഇനം .ദീർഘ നാൾ വിളവ് തരും. വാണിജ്യ കൃഷിയ്ക്ക് അത്ര പോരാ..

സൽക്കീർത്തി 

ആനക്കൊമ്പൻ 

അരുണ: ചുവന്ന വെണ്ടയ്ക്ക

Red Beauty:ചുവന്ന വെണ്ടയ്ക്ക 

ഇനി സങ്കരൻമാരും സങ്കരികളും 

സാഹിബ (Hyveg Seeds)

സുൽത്താൻ (Hyveg Seeds )

രാധിക (Advanta Seeds)

Bhindi No 10 (Mahyco )

ഗർജ്ജന (East West Seed Company)

സമ്രാട് (Samrat)Nunhems Seeds) 

Radhe Radhe (Sanjeevani Seeds )
ഇങ്ങനെ നിരവധി...

നന്നായി പരിചരിച്ചാൽ,നട്ട് 42-45 ദിവസമൊക്കെ ആകുമ്പോൾ വിളവെടുക്കാൻ തുടങ്ങാം. 

രണ്ടു ദിവസത്തിൽ ഒരിക്കൽ വിളവെടുക്കണം.
കായ മുറ്റിയാൽ പിന്നെ മാർക്കറ്റില്ല. 'അരി (വിത്ത്) വയ്ക്കുന്നതിന് മുൻപ് കറി വയ്ക്കണം' എന്നറിയാമല്ലോ.

മൂന്ന് വിളവെടുപ്പ് കഴിയുമ്പോൾ ഒരു മേൽവളം നൽകണം. 

നല്ല രീതിയിൽ, മണ്ണറിഞ്ഞു വളം ചെയ്താൽ ധാരാളം ശിഖരങ്ങൾ ഉണ്ടാകും. അപ്പോൾ വിളവും കൂടും. അങ്ങനെ എങ്കിൽ കുറച്ചു കൂടി അകലം കൂട്ടി നടണം.

വിത്ത് 6-12 മണിക്കൂർ കുതിർത്തിട്ടു വിതച്ചാൽ വേഗം മുള വരും. 

രാവിലെ വിളവെടുക്കണം.

 തലേന്ന് രാത്രിയിൽ ചെടി കുളിർക്കെ നനച്ചു രാവിലെ വിളവെടുത്താൽ കായ്കൾക്ക് മിഴിവ് കൂടും. 

കായ് തുരപ്പൻ പുഴു 
തണ്ട് തുരപ്പൻ പുഴു 
ഇല ചുരുട്ടി പുഴു 
പച്ചത്തുള്ളൻ (Green Hopper, Jassid (
മണ്ഡരി 
മീലിമൂട്ട 
എന്നിവയാണ് പ്രധാന കീടങ്ങൾ 

നരപ്പ് രോഗം 
ഇലപ്പുള്ളി 
പൊടിപ്പൂപ്പ് 
എന്നിവയാണ് പ്രധാന രോഗങ്ങൾ. 

കൃഷി തുടങ്ങുന്നതിന് മുൻപ് നിങ്ങളുടെ കൃഷി ഓഫീസറുമായോ പരിചയ സമ്പന്നരായ കർഷകരുമായോ വെണ്ടയിൽ വരാവുന്ന രോഗകീടങ്ങളെ കുറിച്ചും നിയന്ത്രണമാർഗങ്ങളെ കുറിച്ചും ചോദിച്ചു മനസിലാക്കുക.

 അല്ലാതെ 'ഷിറ്റാൻ' നേരത്ത് കക്കൂസ് അന്വേഷിക്കരുത്. 

ചന്തുവിനെ എല്ലാരും തോൽപിച്ചു. ആദ്യം നരപ്പ് രോഗം തോൽപിച്ചു.. പിന്നെ നിമാവിരയും ഇലചുരുട്ടിപ്പുഴുവും തോൽപിച്ചു.. ഒടുവിൽ ആ കള്ളപ്പയൽ Cercospora (ഇലപ്പുള്ളി) യും തോൽപ്പിച്ചു. തോൽവി ഏറ്റുവാങ്ങാൻ ചന്തു പിന്നെയും ബാക്കി....എന്ന അവസ്ഥ വരരുത്.

അപ്പ (Ageratum conyzoides) എന്ന കളച്ചെടിയിൽ നിന്നും പലപ്പോഴും നരപ്പ് രോഗം പിടിപെടാം. ആയതിനാൽ തോട്ടം കളകളില്ലാതെ വൃത്തിയായി സൂക്ഷിക്കണം. 'കള വന്നാൽ വിള പോയി '. ഞാപകം വച്ച്ക്കോ.. 

ചോളം ഇടവിളയായി ചെയ്യുന്നത് നല്ലതാണ്. 

അപ്പോൾ...നേരമായി, കാലമായി,
10 വെണ്ടച്ചെടി നട്ട് ശറേ ശറെന്ന് കായ്കൾ പറിക്കാൻ തയ്യാറാവുക. 

ഓണത്തിന് കായ പറിച്ച് തുടങ്ങാൻ ജൂലൈ പകുതിയോടെ തുടങ്ങിയാലും മതി.

വെണ്ട വിളവെടുപ്പ് തീരാറാകുമ്പോൾ, അതിനെ താങ്ങുകാലാക്കി വള്ളിപ്പയറും നടാം. ഇതിനെ Relay Cropping എന്ന് പറയാം.

വാൽക്കഷണം :ഈ ലേഖനം മുൻപ് ഒന്ന് രണ്ട് തവണ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഒരു വ്യത്യസ്തമായ തലക്കെട്ട് കൊടുക്കണം എന്ന രീതിയിൽ ചിന്തിച്ചു. ഋതുഭേദവ്യത്യാസം ഇല്ലാതെ കൃഷി ചെയ്യാവുന്ന വിളയാണല്ലോ വെണ്ട. അപ്പോൾ, മുൻപ് എപ്പോഴോ കേട്ട ഒരു ചൊല്ല് 'അബ്ദുൾ കാദറിന് എന്ത്‌ അമാവാസി, വെണ്ടയ്ക്കെന്ത് വേനലും വർഷവും 'എന്ന് കൊടുത്താലോ എന്ന് ചിന്തിച്ചു. പിന്നെ അത് sensitive ആകുമോ എന്ന ശങ്കയാൽ ഉപേക്ഷിച്ചു. എങ്കിലും രസകരമായ ആ ചൊല്ല് എങ്ങനെ എഴുതാതെ പോകും എന്ന് കരുതി ഇവിടെ കുറിയ്ക്കുന്നു.

✍🏻 പ്രമോദ് മാധവൻ




Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section