മുള ഇനി മരമല്ല, പച്ച സ്വര്‍ണ്ണമാണ് | Bambooo - Green Gold



ബഡ്ജറ്റ് 2018 മുള മേഖലയ്ക്ക് അനുവദിച്ചിരിക്കുന്നത് 1200 കോടി. മുളയെ മരമല്ലാതായി കണക്കാക്കുന്ന വനനിയമ ഭേദഗതി ബില്‍ 2017ല്‍ ലോകസഭ അംഗീകരിച്ചിരുന്നു. 2022ആകുമ്പോള്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബില്ല് പാസാക്കിയത്.

വനത്തില്‍ വളരുന്ന മുള മരത്തിന്റെ പട്ടികയില്‍ തന്നെ തുടരുന്നതിനാല്‍ അവയ്ക്കുള്ള നിയന്ത്രണങ്ങള്‍ മുന്‍പത്തേത് പോലെ തന്നെ തുടരും. കൃഷി ചെയുന്ന മുളയെ മരങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതോടെ ഇവ വെട്ടുന്നതിനും കയറ്റുമതി ചെയ്യുന്നതിനൊന്നും പെര്‍മിറ്റ് ആവശ്യമില്ലാതെയാകും. ലോകത്ത് ഏറ്റവും കൂടുതല്‍ സ്ഥലത്തു മുള കൃഷി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. പല സംസ്ഥാനങ്ങളിലും മുള വീടുനിര്‍മാണത്തിനും ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിലെ ഇപ്പോഴത്തെ മുളയുടെ ആവശ്യം 28 ദശലക്ഷം ടണ്‍ ആണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മുളയുടെ ഉപയോഗങ്ങള്‍

പ്രാചീനകാലംമുതല്‍ പാര്‍പ്പിടം, വേലി, വള്ളം തുഴയാനുള്ള കഴ, പന്തല്‍, ഏണി എന്നിങ്ങനെ നിത്യജീവിതവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങള്‍ക്ക് മുള പ്രയോജനപ്പെടുത്തിയിരുന്നു. വന്‍കിട വ്യവസായങ്ങള്‍ക്കും മുളകള്‍ അനിവാര്യമാണ്. നീളമുള്ള നാരുകളുള്ളതിനാല്‍ മുളകളാണ് മറ്റ് അസംസ്കൃത വസ്തുക്കളെക്കാള്‍ ന്യൂസ്പ്രിന്റ് നിര്‍മാണത്തിന് ഉത്തമം.

മുള ഉപയോഗിച്ചുള്ള വീടുകള്‍ പരിസ്ഥിതിക്ക് ഏറെ ഇണങ്ങുന്നവയാണ്. ഭാരം കുറവാണെന്നതിനു പുറമെ പെട്ടെന്ന് വളര്‍ന്നുകിട്ടുമെന്നതും മുളയെ പ്രിയപ്പെട്ട നിര്‍മാണവസ്തുവാക്കുന്ന ഘടകങ്ങളാണ്. പെട്ടെന്നു വളയുമെന്നതിനാല്‍ സങ്കല്‍പ്പത്തിനുസരിച്ച് രൂപകല്‍പ്പന ചെയ്യാനും കഴിയുന്നു. ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കാവുന്ന വീടുകളും മുളകൊണ്ട് നിര്‍മിക്കാനാവും. ചൈനയില്‍ മുള മാത്രം ഉപയോഗിച്ചു നിര്‍മിച്ച ഏറ്റവും നീളംകൂടിയ പാലമുണ്ട്.

മരപ്പലകപോലെയുള്ള മുളനിര്‍മിത സാമഗ്രികള്‍ക്കും പാത്രങ്ങള്‍, വസ്ത്രങ്ങള്‍, മാറ്റുകള്‍, ഫര്‍ണിച്ചര്‍,സംഗീതോപകരണങ്ങള്‍, ബോര്‍ഡുകള്‍ തുടങ്ങിയവയുടെ നിര്‍മിതിക്കും വന്‍തോതില്‍ മുളകള്‍ ഉപയോഗിക്കുന്നു.ഓടക്കുഴലാണ് മുളകൊണ്ടുള്ള ഏറ്റവും പഴയ സംഗീത ഉപകരണം. ലോകമെമ്പാടും പലതരം ഓടക്കുഴലുണ്ട്. ബാംസുരി,ജിംഗ്ഹു, തിയവോ എന്നിങ്ങനെ പല പേരുകളില്‍ അവ അറിയപ്പെടുന്നു. ആദിവാസികള്‍ മുളംചെണ്ടകളാണ് ഉപയോഗിക്കുക. ഇന്തോനേഷ്യയിലെ കാലുംഗ എന്ന മുളസംഗീത ഉപകരണം ഏറെ ശ്രദ്ധേയമാണ്. ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ മുളംകമ്പുകള്‍ ഉപയോഗിച്ചുള്ള മുളനൃത്തവുമുണ്ട്.

പുല്ലിനത്തില്‍പ്പെട്ട മുളയ്ക്ക് മണ്ണില്‍ ഇടതൂര്‍ന്നു പടര്‍ന്നിറങ്ങാനുള്ള വേരുകളാണുള്ളത്. അതിനാല്‍ മണ്ണൊലിപ്പും മണ്ണിടിച്ചിലും തടയാന്‍ വച്ചുപിടിപ്പിക്കാവുന്ന ഏറ്റവും മികച്ച സസ്യങ്ങളിലൊന്നാണ് മുള. മണ്ണിലെ ഈര്‍പ്പം വര്‍ധിപ്പിച്ചു നിലനിര്‍ത്താനും മുളയ്ക്കു കഴിയും. വരള്‍ച്ചയുള്ളിടത്ത് ഏറെ അനുയോജ്യമാണിത്.

ഔഷധഗുണത്തിലും മുന്നില്‍മുളയുടെ തളിരില, മുട്ടുകള്‍, വേര്, വംശരോചന അഥവാ മുളനൂറ്, മുളയരി ഇവയെ വിവിധ രോഗങ്ങളില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. തളിരിലയും പുതുനാമ്പും ഗര്‍ഭാശയരോഗങ്ങളിലും, തളിരില മാത്രമായി വ്രണങ്ങളിലും ഉപയോഗിക്കാറുണ്ട്. മുളയുടെ തൊലിയും വേരും മുടിവളര്‍ച്ചയ്ക്കും വേരു കത്തിച്ച ചാരം ദന്തരോഗങ്ങള്‍ക്കും ഉത്തമമാണ്. മുളയുടെ ഇല കത്തിച്ച ചാരം പുറമെ പുരട്ടുന്നത് വിവിധ ത്വക്രോഗങ്ങള്‍ക്ക് ഗുണകരമാണ്. പോഷകസമ്പന്നമായ മുളംകൂമ്പുകളും മുളയരിയും ഉയര്‍ന്ന രക്തസമ്മര്‍ദത്തെ കുറയ്ക്കും. പല സ്ഥലങ്ങളിലും ചോറിനു പകരമായി മുളയരി ഉപയോഗിക്കാറുണ്ട്.

വംശരോചന അഥവാ മുളനൂറ് അകം പൊള്ളയായ ചില മുളകളുടെ ഉള്ളില്‍ ഒരു ദ്രാവകം ഊറിവരാറുണ്ട്.സിലിക്കയുടെ അംശം ഏറെയുള്ള ഈ ദ്രാവകം ഉറഞ്ഞ് കട്ടിയാകുന്ന വസ്തുവാണ് "വംശരോച". ഇതിനെ മുളവെണ്ണ,മുളനൂറ് എന്നിങ്ങനെയും പറയാറുണ്ട്. വംശരോചനയ്ക്ക് ക്ഷീരി, തുഗാക്ഷീരി, വംശി, ശുഭ എന്നീ പേരുകളാണ് ആയുര്‍വേദം നല്‍കിയിരിക്കുന്നത്. വംശരോചനയില്‍ 90 ശതമാനം സിലിസിക് അമ്ലത്തിനു പുറമെ  പൊട്ടാഷ്, ചുണ്ണാമ്പ്,അലൂമിനിയം, ഇരുമ്പ്, ചില എന്‍സൈമുകള്‍ ഇവയും അടങ്ങിയിട്ടുണ്ട്. ആസ്ത്മ, ക്ഷയം, ശുക്ലക്ഷയം, പക്ഷവാതം തുടങ്ങിയ രോഗങ്ങള്‍ക്കും സിദ്ധൗഷധമാണ് വംശരോചന.

മുളകള്‍ കുലുക്കുമ്പോഴുണ്ടാകുന്ന പ്രത്യേക ശബ്ദത്തിലൂടെ ഇതിന്റെ സാന്നിധ്യം തിരിച്ചറിയാം. ച്യവനപ്രാശം അടക്കമുള്ള വിവിധ ഔഷധങ്ങളില്‍ മുളനൂറ് ഉപയോഗിക്കാറുണ്ട്.മുള ഭക്ഷണമാക്കുന്ന ജീവികള്‍ആനകള്‍ക്ക് ഇഷ്ടഭക്ഷണമാണ് മുളയിനമായ ഈറ്റ.

മുളയരി എലികളുടെ ഇഷ്ടഭക്ഷണമാണ്. കന്നുകാലികളും കുതിരകളും മുളയില ഭക്ഷണമാക്കാറുണ്ട്. ഭീമന്‍ പാണ്ടകളുടെ ഭക്ഷണത്തിലെ പ്രധാന ഇനം മുളകളാണ്. മുളംകൂമ്പകളും തണ്ടുകളും ഇലകളുമെല്ലാം ഇവ ഭക്ഷണമാക്കാറുണ്ട്.

മുളയില്‍ നിന്ന്  സൈക്കിളും കാറും അടിവസ്ത്രങ്ങളും

മുളയില്‍ തീര്‍ത്ത പരിസ്ഥിതി സൗഹാര്‍ദ സൈക്കിളുമായി മുംബൈ ഐ ഐ.ടിയിലെ മൊബിലിറ്റി വെഹിക്കിള്‍ ഡിസൈനിങ്ങ് ബിരുദദാരിയായ നിഖില്‍, തിരുവനന്തപുരം സ്വദേശിയായ സുഹൃത്ത് എഞ്ചിനീയറിഗ് ബിരുദദാരി ടോണിയുമായി ചേര്‍ന്നാണ് കോല്‍ ബൈക്ക്‌സ് എന്ന പേരില്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്ന ഈ മുള സൈക്കിള്‍ ഒരു കിറ്റായി ആണ് കൊടുക്കുക അവര്‍ക്ക് തന്നെ ചെറിയ ടൂള്‍സ് ഉപയോഗിച്ച് ഇവ സംയോഗിച്ചുപയോഗിക്കാം. എരങ്കോല്‍ എന്ന തുള കുറഞ്ഞ മുളയാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്. 70. ശതമാനം മുളയായ കോല്‍ ബൈക്ക്‌സിന്റെ മുള സൈക്കിളിന്റെ വില 15,000 രൂപ മുതല്‍ 20000 രൂപയാണ് കണക്കാക്കുന്നതെന്നു നിഖിലും ടോണിയും പറഞ്ഞു.

പ്രമുഖ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍സ് തങ്ങളുടെ വാഹനങ്ങളില്‍ പുതിയ പരിഷ്‌കാരത്തിന് ഒരുങ്ങുന്നു. വാഹനങ്ങളുടെ ഇന്റീരിയല്‍ മുള ഉപയോഗിച്ച് നിര്‍മിക്കാനാണ് ഫോര്‍ഡിന്റെ പദ്ധതി. പദ്ധതിയുമായി ബന്ധപ്പെട്ട് മുളയുടെ മേന്മ കാണിച്ചുള്ള പ്രമോ വീഡിയോ കമ്പിനി പുറത്തിറക്കിയിട്ടുണ്ട്. കരുത്തിലും വഴക്കത്തിലുമെല്ലാം മറ്റുള്ള സിന്തറ്റിക്, പ്രകൃതിദത്ത ഫൈബറുകളെ അപേക്ഷിച്ച് മുളയാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. 212 ഡിഗ്രി ഫാരന്‍ ഹീറ്റ് വരെയുള്ള താപനിലകളില്‍ പോലും സ്വഭാവ വ്യതിയാനം വരില്ലെന്നതാണു മുളയുടെ പ്രധാന സവിശേഷത.

ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിയ്‌ക്കുന്ന ജോനായുടെ ലുവാ ഹുവാ എന്ന സ്ഥാപനമാണ്‌ മുള കൊണ്ടുള്ള അടിവസ്‌ത്രങ്ങള്‍ വിപണിയിലെത്തിച്ചിരിയ്‌ക്കുന്നത്‌. മുളയുടെ പള്‍പ്പ്‌ നാരുകളാക്കി മാറ്റിയാണ്‌ വസ്‌ത്രങ്ങള്‍ നിര്‍മ്മിച്ചിരിയ്‌ക്കുന്നത്‌. പരുത്തി വസ്‌ത്രങ്ങളെക്കാള്‍ ഉപയോഗിക്കാന്‍ സുഖവും സൗകര്യം പ്രദാനം ചെയ്യുന്നതാണ്‌ മുള വസ്‌ത്രങ്ങളെന്ന്‌ നിര്‍മാതാക്കള്‍ അവകാശപ്പെട്ടിട്ടുണ്ട്‌‌.

Read Also :

ആരാമം ഭംഗിയേകുന്ന അലങ്കാര മുളകൾ നടുമ്പോൾ ശ്രദ്ധിക്കേണ്ടത്

ആഹാരം മുതൽ ഔഷധം വരെ സകലതിനും ആശ്രയിക്കാവുന്ന മുള മനുഷ്യരാശിയുടെ നാളത്തെ ഊന്നുവടിയാകുമെന്നതിൽ സംശയമില്ല.





Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section