പച്ചക്കറികൾക്ക് വിനാശകാരികളായ പ്രധാനപ്പെട്ട 3 കീടങ്ങളാണ് വെള്ളീച്ച, mealybug, മുഞ്ഞ. ശരീരപ്രകൃതിയിലും ആക്രമണ രീതിയിലും സമാനസ്വഭാവമുള്ള ഇവരെ ഓരോന്നായി എടുക്കാം.
1. വെള്ളിച്ച
ഭീകരകീടമായ ഇത് ലോകമാകമാനം 1550 തരമുണ്ടെന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. cotton whitefly, ഗ്രീൻഹൗസ് വൈറ്റ് ഫ്ലൈ എന്നിവയാണ് നാട്ടിൽ സാധാരണയായി കണ്ടുവരുന്നത്. ഇത് പച്ചക്കറികളെ മാത്രമല്ല തെങ്ങിനെയും ഒക്കെ ആക്രമിക്കാറുണ്ട്. അതിവേഗമാണ് ഇതിന്റെ പ്രത്യുൽപാദനം. പെണ്ണീച്ച ഒരു സമയം 400 ഓളം മുട്ടകൾ ഇലയുടെ അടിഭാഗത്ത് പ്രധാന ഞരമ്പിനോടോ സമാന്തര ഞരമ്പുകളോടോ ചേർത്ത് നിക്ഷേപിക്കുന്നു. അവ ലാർവ ദശ ആയിരിക്കുമ്പോൾ മുതൽ ഇലകളെ ആക്രമിക്കാൻ തുടങ്ങുന്നു. ഇവ ചെടികളുടെ നീരൂറ്റിക്കുടിക്കുക മാത്രമല്ല നിരവധിയായ രോഗാണുക്കളെ പരത്തുകയും ചെയ്യുന്നു. തന്മൂലം ഇലകൾ ചുളുങ്ങി വികൃതമാകുന്നു. ഇവ പുറപ്പെടുവിക്കുന്ന ഹണി ഡ്യൂ എന്ന മധുരദ്രവ്യം സൂട്ടി മോൾഡ് എന്ന കരിം കുമിളുകളെ ധാരാളമായി ആകർഷിക്കുന്നു. ഫലം ഇലകൾ കറുപ്പ് ബാധിച്ച് ദ്രവിച്ചു തീരുന്നു. കോടിക്കണക്കിന് രൂപയുടെ വിളനഷ്ടം ആണ് ഈ ഒരുത്തൻ മാത്രം ചെയ്യുന്നത്.
🤺🤺🤺നിയന്ത്രണം🤺🤺🤺
വിപുലമായ വിപണനത്തിനായി കൃഷി ചെയ്യുന്നവർ രാസ കീടനാശിനികളെ ആശ്രയിക്കുന്നു. പ്രധാനമായും imidaclopid വിഭാഗത്തിൽപ്പെട്ട ബോയർ കമ്പനിയുടെ കോൺഫിഡർ, റ്റാറ്റയുടെ റ്റാറ്റാമിഡാ തുടങ്ങിയ മഞ്ഞ ലേബൽ കീടനാശിനികളാണ് ഉപയോഗിക്കാറ്.
രാസകീടനാശിനികളുടെ ഒരു പ്രശ്നം വെള്ളിച്ചകൾ അതീന്ദ്രിയ വേഗത്തിൽ രോഗപ്രതിരോധശേഷി നേടുന്ന പുതിയ തലമുറയെ സൃഷ്ടിക്കുമെന്നതിനാൽ പിന്നീട് ഫലപ്രദമല്ലാതാകുന്നു. മാത്രമല്ല അത് മിത്രകീടങ്ങൾ മുഴുവൻ ഉന്മൂലനാശനം ചെയ്യുകയും ചെയ്യുന്നു. പിന്നെന്തു ചെയ്യും?
ബ്യുവേറിയ, വെർട്ടിസീലിയം തുടങ്ങിയ മൈക്രോബിയങ്ങളെ ഉപയോഗപ്പെടുത്താം. ടാൽക്കം അടിസ്ഥാനമായ പൗഡർ രൂപത്തിലും, ദ്രാവകരൂപത്തിലും ഇവ ലഭ്യമാണ്. അഞ്ച് ശതമാനം വീര്യത്തിൽ ഇവ ഇലകളുടെ 2 പുറത്തും മാസത്തിൽ രണ്ടുതവണ സ്പ്രേ ചെയ്യാം.
ഒരു നല്ല സ്പ്രേയർ ഉപയോഗിച്ച് വെള്ളം ശക്തിയായി ചീറ്റിച്ച് ഇവയെ തെറിപ്പിച്ചു കളയാം. പുളിപ്പിച്ച കഞ്ഞിവെള്ളമോ കപ്പവെള്ളമോ കടകളിൽ നിന്നു കിട്ടുന്ന സ്റ്റാർച്ച് കലക്കിയ വെള്ളമോ സ്പ്രേ ചെയ്യാം. കാന്താരി, വെളുത്തുള്ളി, മഞ്ഞൾ, ബേക്കിംഗ് സോഡ, വേപ്പെണ്ണ, ഡിഷ് വാഷ് ലിക്വിഡ്, സോഫ്റ്റ് & ഹോട്ട് ബിവറേജസ്, വ്യാവസായിക ആൽക്കഹോൾ, ഐസോ പ്രൊപൈൽ ആൽക്കഹോൾ ഇവയുടെയൊക്കെ പലപല മിശ്രിതങ്ങൾ പലരും പ്രതിവിധിയായി നിർദ്ദേശിച്ചിട്ടുണ്ട്.
മഞ്ഞക്കെണി എന്നപേരിൽ ആവണക്കെണ്ണയോ ഗ്രീസോ പുരട്ടിയ മഞ്ഞ കടലാസോ മഞ്ഞ പെയിന്റടിച്ച തകരപ്പാട്ടയോ കൃഷിയിടങ്ങളിൽ തൂക്കി ഇവയെ ആകർഷിച്ചു നശിപ്പിക്കാറുണ്ട്.
വാഹനങ്ങളിൽ ഉപയോഗിക്കുന്ന ചെറിയ പോർട്ടബിൾ വാക്വം ക്ലീനർ ഇവയെ വലിച്ചെടുക്കാൻ ഫലപ്രദമാണെന്ന് പറയുന്നവരുമുണ്ട്. ചാരം തൂവുക, ഇലയ്ക്കടിയിൽ ചെളി പുരട്ടുക തുടങ്ങിയവയും പ്രതിവിധികളാണ്.
ഏറ്റവും ഫലപ്രദമായി പറയുന്നത് മിത്രകീടങ്ങൾ ആണ്. എൻകാർസിയ, ചെറിയ പച്ചത്തുമ്പി വർഗ്ഗത്തിൽപ്പെട്ട ലെയ്സ് വിംഗിന്റെ ലാർവ, ചെറിയ വർണ്ണവണ്ടുകൾ (ലേഡി ബഗ്) എന്നിവയെല്ലാംതന്നെ വെള്ളീച്ചകളുടെ അന്തകന്മാരാണ്. മറ്റു പലരാജ്യങ്ങളിലും ഇവയുടെ മുട്ടകൾ വാങ്ങാൻ കിട്ടും. നമ്മുടെ കൃഷി വിഭാഗം അടിയന്തരമായി ചെയ്യേണ്ട കാര്യം ഇത്തരം മിത്രകീടങ്ങളെ ഉത്പാദിപ്പിച്ച് കർഷകർക്ക് പ്രത്യേക ക്യാമ്പെയ്നായിവിതരണം ചെയ്യുക എന്നതാണ്.
2. മീലി ബഗ്
മാവ്, പ്ലാവ്, പപ്പായ, പച്ചക്കറികൾ എന്നിവയിൽ പറ്റിപ്പിടിച്ച് നീരൂറ്റി കുടിക്കുന്ന ഒരു കീടമാണ് mealybug. വളരുന്ന ഉടൻതന്നെ വെളുത്ത നിറത്തിലുള്ള ഒരു മെഴുകു പാളി സ്വന്തം ശരീരത്തിന് ആവരണമായി നിർമിക്കുന്നതിനാണ് ഇതിന് ഈ പേരു വീണത്. വിദേശ കാർഷിക ഉൽപന്നങ്ങളോടൊപ്പം മെക്സിക്കോയിൽ നിന്നും എത്തിയതാണെന്നു പറയപ്പെടുന്നു. ഇതിൽ മുട്ടയിടുന്നതും പ്രസവിക്കുന്നതും ഉണ്ട്. വെള്ളീച്ചയുടെ അത്രയും ഇല്ലെങ്കിലും ഇവയും അതീവ പ്രത്യുൽപാദനശേഷിയുള്ള ഇനമാണ്.
പ്രായപൂർത്തിയായ ആൺ കീടങ്ങൾക്ക് പറക്കാൻ കഴിവുണ്ട്. പൊതുവേ ആണുങ്ങൾ ആയുസ്സു കുറഞ്ഞവരും പ്രതുൽപാധന ധർമ്മം മാത്രം ഉള്ളവരുമാണ്.
ചെടികളെ ആക്രമിക്കുന്ന രീതി വെള്ളീച്ചയോട് സമാനമാണ്.
വെള്ളീച്ചയെ പോലെ തന്നെ മധുരദ്രവം പുറപ്പെടുവിക്കുന്നതിനാൽ ചില ഉറുമ്പുകൾ ഇവയുടെ വലിയ സുഹൃത്തുക്കളും സംരക്ഷകരുമാണ്.
🤺🤺🤺 നിയന്ത്രണം🤺🤺🤺
വെള്ളീച്ചയുടെ നിവാരണമാർഗങ്ങൾ തന്നെ മീലിബഗിനും അവലംബിക്കാവുന്നതാണ്.
3. മുഞ്ഞ
ഇവരിൽ കറുത്ത വർഗ്ഗവും വെളുത്ത വർഗ്ഗവുമുണ്ട്. കൂടാതെ തവിട്ട്, ചാര, ഇളംപച്ച നിറങ്ങളിലും കാണപ്പെടുന്നു. പൊതുവെ ചലനശേഷി തീരെ കുറവാണ് മുഞ്ഞക്ക്. പയർവർഗ ചെടികളിലും പച്ചക്കറികളിലും നെല്ലിനും പൊതുവെ വിനാശം വിതയ്ക്കുന്ന മുഞ്ഞ മുകളിൽ പറഞ്ഞവരെപ്പോലെതന്നെ പെട്ടെന്ന് പെരുകുന്നവരാണ്. മധുരദ്രവ്യം പുറംതള്ളുന്നവരുമാണ്. ഒരുതരം കറുത്ത ഉറുമ്പാണ് പയറിൽ മുഞ്ഞയെ നിക്ഷേപിക്കുന്നത്. ഉറുമ്പിന്റെ സഹായത്തോടെയാണ് ഇത് മറ്റ് പല ചെടികളിലും വ്യാപിക്കുന്നത്.
🤺🤺🤺നിയന്ത്രണം🤺🤺🤺
വെള്ളീച്ചയുടെ അതേ നിയന്ത്രണ രീതികൾ പിന്തുടരാം. കൂടാതെ കട്ടിയുള്ള ബ്രഷോ പല്ലുതേക്കുന്ന ബ്രഷോ ഉപയോഗിച്ച് കായികമായി കൈകാര്യം ചെയ്യാം.
കൂടാതെ പുളിയുറുമ്പുകളെ കയറ്റിവിടുന്നതും സഹായകരമാണ്.
ഈ വിവരം സമ്പൂർണ്ണമല്ല. ഞാൻ കണ്ടെത്തിയ വിവരങ്ങൾ പങ്കുവെച്ചു എന്നുമാത്രം. ഇവ മൂന്നും ഒരേ പോലെ തോന്നിക്കുന്ന വയാണ്. കൂടുതലറിയാവുന്നവർ വിവരങ്ങൾ സംഭാവന ചെയ്യുക.
ചില ചിത്രങ്ങൾ ചേർക്കുന്നു. കമന്റിൽ ഓരോന്നിനെയും ചേർത്ത് അഭിപ്രായം പറയാം.
കടപ്പാട്
Roshan John