ഏറെക്കുറെ എല്ലാ വീടുകളിലും നിത്യേനെ വേണ്ട പച്ചക്കറിയാണ് പച്ചമുളക്.
ഒന്നോ രണ്ടോ മുളക് ചെടി നന്നായി പരിപാലിച്ചാൽ വീട്ടാവശ്യം നടക്കും. ഉണ്ട മുളക്, നീണ്ട മുളക്, മാലി മുളക്, കരണം പൊട്ടി മുളക്, കോടാലി മുളക്, പാൽ മുളക്, നെയ് മുളക്, സാമ്പാർ മുളക്, കാന്താരി മുളക്, എടയൂർ മുളക്, നാഗമിർച്ചി എന്നിങ്ങനെ ഇനവൈവിദ്ധ്യമേറെ.
ഇപ്പോൾ വറ്റൽമുളകും നമ്മുടെ കർഷകർ വിളയിക്കാൻ തുടങ്ങിയിരിക്കുന്നു.
ലോകത്തിൽ ഏറ്റവും കൂടുതൽ മുളക് ഉത്പാദിപ്പിക്കുന്നത് ഭാരതമാണ്. നമ്മുടെ കറികളുടെ എരിവോർക്കുമ്പോൾ സായിപ്പിന്റെ കണ്ണ് നിറയും.
പക്ഷെ മുളക് കൃഷി ചെയ്യുമ്പോൾ എല്ലാവരും നേരിടുന്ന പ്രശ്നമാണ് ഇലകളുടെ കുരുടൽ. ഇലകൾ നല്ല വിരിവോടെ സൂര്യപ്രകാശത്തെ പരമാവധി പ്രയോജനപ്പെടുത്തുമ്പോൾ ആണ് മികച്ച വിളവ് ലഭിക്കുക.
അങ്ങനെയിരിക്കെ, ഇലകൾ കുരുടുമ്പോൾ അവയുടെ പ്രകാശ സംശ്ലേഷണത്തിനുള്ള കഴിവ് (Photosynthetic ability )ക്രമമായി കുറയുകയും വിളവ് ഇടിയുകയും ചെയ്യും.
കുരുടിപ്പിനുള്ള കാരണങ്ങൾ പരിശോധിക്കാം.
1. വേണ്ടത്ര കാൽസ്യം മണ്ണിൽ നിന്നും ലഭ്യമല്ലാതിരിക്കുക.
ശരിയായ കുമ്മായ പ്രയോഗം നടത്താതിരുന്നാൽ മണ്ണിൽ കാൽസ്യത്തിന്റെ അളവ് കുറയും. കൂടുതൽ മുളകുകൾ വിളവെടുക്കുമ്പോഴും മണ്ണിൽ നിന്നും വലിയ അളവിൽ കാൽസ്യം വലിച്ചെടുത്ത് പോകും. അതിനനുസൃതമായി മണ്ണിലും ഇലകളിലും കാൽസ്യം നൈട്രേറ്റ് നൽകാം. പതിനഞ്ച് ദിവസം കൂടുമ്പോൾ കാൽസ്യം നൈട്രേറ്റ് 5ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തളിക്കാം. ഒരു പുക പോലെ, നല്ല പ്രഷറിൽ വേണം തളിക്കാൻ. ഇളം ഇലകൾ ആയിരിക്കും കുരുടി വരിക. അവയ്ക്ക് വേണ്ടത്ര പച്ച നിറം കാണുകയുമില്ല. അടിസ്ഥാന വളമായി തടമൊന്നിന് 5ഗ്രാം മൈക്രോ ഫുഡ് ('സമ്പൂർണ' പോലെ ഉള്ളവ) കൊടുക്കുന്നത് ഗുണം ചെയ്യും.
2.ഇലപ്പേനുകൾ(Thrips) മൂലമുള്ള കുരുടൽ
നമ്മുടെ തലയിൽ പേൻ, ശരീരത്തിൽ മൂട്ട, കൊതുകുകൾ എന്നീ ജീവികൾ ഇരുന്ന് രക്തം ഊറ്റികുടിക്കുന്നതിന് തുല്യമാണ് ഇലകളിൽ വെള്ളീച്ച, മീലി മൂട്ട, പച്ചത്തുള്ളൻ, ഇലപ്പേൻ, മണ്ഡരി തുടങ്ങിയ നീരൂറ്റിക (sucking pests)ളുടെ ആക്രമണം. കൂട്ടമായി ഇലയിൽ പറ്റിയിരുന്ന് ഇവർ ചെടിയുടെ ജീവദ്രവം ഊറ്റി ഇലകളെയും തദ്വാരാ ചെടിയെയും ക്ഷീണിപ്പിക്കുന്നു. ഇവരിൽ കണ്ണ് കൊണ്ട് കാണാൻ ബുദ്ധിമുട്ടുള്ള രണ്ട് പേരാണ് ഇലപ്പേനും മണ്ഡരിയും. (Thrips & Mites). അവർ പലപ്പോഴും ഒരുമിച്ച് മുളക് ചെടിയെ വേട്ടയാടും.
ഇതിൽ ഇലപ്പേനുകൾ, ഇലയുടെ മുകൾ വശം ചുരുട്ടി, തെറുത്ത് അതിനുള്ളിൽ ജീവിക്കുന്നു. (ചിത്രം ശ്രദ്ധിക്കുക). അതിനകത്തിരുന്ന് നീരൂറ്റുന്നവനെ ചിലപ്പോൾ ലഘുവായ മരുന്നുകൾ കൊണ്ട് നിയന്ത്രിക്കാൻ കഴിയണം എന്നില്ല.
3. മണ്ഡരികൾ മൂലമുള്ള കുരുടിപ്പ്
ഇതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ഇലയുടെ തണ്ട് (petiole) നീളം കൂടും. ഇലപ്പാളി (Leaf lamina) താഴേക്ക് വളഞ്ഞ് അരിവാൾ (sickle) പോലെയാകും.
ചുരുക്കി പറഞ്ഞാൽ ഒരാൾ ഇലയെ മുകളിലേക്ക് ചുരുട്ടുമ്പോൾ മറ്റെയാൾ ഇലയെ അടിയിലേക്ക് വളയ്ക്കും. (ചിത്രം ശ്രദ്ധിക്കുക).
ആയതിനാൽ, ഒരു സംയോജിത കീട നിയന്ത്രണ (Integrated Pest Management) മാർഗമാണ് അഭികാമ്യം.
എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം.
1. പുതുതായി മുളക് നടുമ്പോൾ അതിന്റെ സമീപത്തൊന്നും മൂത്ത് പഴുത്ത് കുരുടി ഒരു മുളക് ചെടി പോലും കാണരുത്. കാലാവധി കഴിഞ്ഞ ചെടികൾ എല്ലാം പറിച്ച് മാറ്റണം. അല്ലെങ്കിൽ വളരെ എളുപ്പത്തിൽ ഈ കീടങ്ങൾ പുതിയ ചെടികളിലേക്ക് കയറും. (മലയാളി ടൂത്ത് ബ്രഷ്, തോർത്ത് എന്നിവ അതിന്റെ അവസാനം വരെ ഉപയോഗിക്കുന്നത് പോലെ) ഒന്നോ രണ്ടോ മുളകിന് വേണ്ടി രോഗകീടങ്ങൾ ബാധിച്ചവയെ നമ്മൾ നശിപ്പിക്കാതെ നിർത്തും. 'നഞ്ചെന്തിന് നാനാഴി' എന്ന് പറഞ്ഞ പോലെ ഒരു ആൺ കീടവും ഒരു പെൺ കീടവും മതിയാകും ഒരു തോട്ടം മുഴുവൻ നിറയ്ക്കാൻ ഉള്ള കീടപശങ്കളെ പെരുക്കാൻ.
2. മണ്ണ് ഒരുക്കുമ്പോൾ നന്നായി കുമ്മായം /Dolomite എന്നിവ കൂട്ടിക്കലർത്തി രണ്ടാഴ്ച ഇടുക
3. അടിസ്ഥാന വളമായി തടങ്ങളിൽ ചാണകപ്പൊടിയോടൊപ്പം പൊടിച്ച വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി,5ഗ്രാം മൈക്രോ ഫുഡ് എന്നിവ ഓരോ തടത്തിലും ചേർത്ത് നാലഞ്ച് ദിവസം കഴിഞ്ഞ് തൈകൾ പറിച്ച് നടുക
4. ആഴ്ചയിൽ ഒരിക്കൽ ദ്രവ ജീവാമൃതം, ബയോ സ്ലറി, ഫിഷ് അമിനോ ആസിഡ് എന്നിവയിൽ ഏതെങ്കിലും മാറി മാറി തടത്തിൽ ഒഴിച്ച് കൊടുക്കുക.
5. ചെടിയിൽ മുട്ടാത്ത രീതിയിൽ തടങ്ങളിൽ കരിയിലകൾ ഇട്ട് പുതയിടുക.
6. മുട്ടത്തോട് ഉണക്കി മിക്സിയിൽ അടിച്ച് തടത്തിൽ ചേർത്ത് കൊടുക്കുക.
7. രണ്ടാഴ്ചയിൽ ഒരിക്കൽ 2% വീര്യത്തിൽ വേപ്പെണ്ണ -വെളുത്തുള്ളി -ബാർ സോപ്പ് മിശ്രിതം ഇലകളിൽ സ്പ്രേ ചെയ്യുക.
8. രണ്ടാഴ്ചയിൽ ഒരിക്കൽ കാൽസ്യം നൈട്രേറ്റ് 5ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക.
9. പഴകിയ കഞ്ഞിവെള്ളം നേർപ്പിച്ചു ഇലകളിൽ തളിക്കാം.
10. ഇലകളുടെ അടിവശം കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് കീടങ്ങൾ ഇല്ല എന്നുറപ്പ് വരുത്താം.
11. കുരുടൽ ഭീഷണി ഉള്ള സ്ഥലങ്ങളിൽ മുൻ കരുതലായി ഒരു തവണ, ശിഖരങ്ങൾ ആകാൻ തുടങ്ങുന്ന സമയത്ത്, അല്ലെങ്കിൽ ഒന്നോ രണ്ടോ ചെടികളിൽ ലക്ഷണങ്ങൾ കാണുമ്പോൾ Imidachloprid, Acetamiprid, Thiamethoxam, Diafenthiuron, Cyantriniliprole എന്നീ മരുന്നുകളിൽ ഏതെങ്കിലും ഒരു വിദഗ്ധന്റെ നിർദേശപ്രകാരം,നിർദിഷ്ട അളവിൽ തളിക്കാം. ഇവ പൊതുവിൽ നീരൂറ്റികൾക്കെതിരെ ഫലപ്രദമാണ്.
ഇനി മണ്ഡരി മാത്രമാണ് ശല്യം ചെയ്യുന്നതെങ്കിൽ Wettable Sulphur, Spiromecifen, Fenazaquin, Fenpyroximate എന്നീ മണ്ഡരിനാശിനികളിൽ ഏതെങ്കിലും ഒരു പ്ലാന്റ് ഡോക്ടർ ടെ നിർദേശപ്രകാരം ഉപയോഗിച്ച് നിയന്ത്രിക്കണം.
ആറുകാലികൾ ആണ് കീടങ്ങൾ (insects), പക്ഷെ എട്ടുകാലികൾ ആണ് മണ്ഡരികൾ. തെങ്ങിനും കവുങ്ങിനും തളപ്പ് വേറേ ആണ് എന്ന് മറക്കരുത്.
കീടം ബാധിച്ച ചെടികളിൽ ആണ് മരുന്ന് തളിക്കുന്നത് എങ്കിൽ കേട് ബാധിച്ച പരമാവധി ഇലകൾ പറിച്ചു തീയിൽ ഇട്ട ശേഷം മാത്രം മരുന്ന് ഉപയോഗിക്കുക.
ജൈവ മൗലികവാദികൾ ശ്രദ്ധിക്കുക. നമ്മൾ വേണ്ടി വന്നാൽ ഒന്നോ രണ്ടോ തവണ, ശരിയായ മരുന്ന്, ശരിയായ ഡോസിൽ തളിച്ച്, ശരിയായ കാത്തിരുപ്പ് കാലാവധി (Waiting period, Pre Harvest Interval) പാലിച്ചു കൃഷി ചെയ്തില്ലെങ്കിൽ ലവര് (തമിഴൻ, കന്നഡൻ എന്നിവർ) പത്ത് തവണ ഓവർഡോസിൽ തളിച്ച്, കാത്തിരുപ്പ് കാലാവധി ഒന്നും പാലിക്കാതെ കൊണ്ട് വരുന്ന മുളക് കഴിച്ച്, ഇൻസ്റ്റാൾമെന്റായി മരിക്കേണ്ടി വരും.
Good Agricultural Practices (GAP )പാലിച്ചു കൃഷി ചെയ്യുന്നതാണ് ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്താൻ സഹായകം. വലിയ വില കൊടുത്ത് ജൈവ ഉത്പന്നങ്ങൾ വാങ്ങി ഭുജിക്കാൻ തക്ക പാങ്ങ് ഭാരതത്തിലെ ദരിദ്രനാരായണന്മാർക്ക് ഉണ്ടാകും വരെയെങ്കിലും.
✍🏻 പ്രമോദ് മാധവൻ
Photos