വീടുകളിൽ കൃഷി ചെയ്യുന്നവരുടെ ഒരു പ്രധാന പ്രശ്നമാണ് ഗ്രോ ബാഗുകൾ നിറയ്ക്കൽ. ചെറിയ കൃഷിയായതിനാൽ ചിലവ് കുറക്കാൻ ഉദ്ദേശിക്കുന്ന നമുക്ക് വീട്ടിൽ തന്നെയുള്ള സാധനങ്ങൾ ഉപയോഗിച്ച് ഗ്രോ ബാഗ് നിറയ്ക്കാൻ പറ്റിയാൽ അത് വളരെ ഉപകാരപ്പെടും എന്നത് തീർച്ചയാണ്. പോർട്ടിംഗ് മിക്സുകൾ ലളിതമാക്കി കൊണ്ട് വളരെ ഭംഗിയായ രൂപത്തിൽ എങ്ങനെ കൃഷി ചെയ്യാം എന്ന് ഒന്ന് പരിചയപ്പെടാം.
നമ്മുടെ വീടുകളിൽ ലഭ്യമാകുന്ന തൊണ്ട് അതവാ ചകിരിയാണ് ഈ പരീക്ഷണത്തിന്റെ പ്രധാന ധാതു. തൊണ്ടിൽ വലിയ രീതിയിൽ കറയുള്ളതിനാൽ വെള്ളത്തിലിട്ട് ഒരാഴ്ചക്ക് ശേഷം മാത്രമേ പോർട്ടിംഗ് മിക്സിലേക്ക് നിറയ്ക്കാൻ എടുക്കാൻ പാടുള്ളൂ. കറയോട് കൂടി നിറച്ചാൽ അത് ചെടിയുടെ വേര് വലിച്ചെടുക്കുകയും ചെടിയുടെ വളർച്ചയെ ബാധിക്കുകയും ചെയ്യും.
ഒരു ബക്കറ്റിൽ കുറച്ച് തൊണ്ട് എടുത്ത് അതിന്റെ മുകളിലായി കുറച്ചു മണ്ണ് ഇട്ടുകൊടുക്കുക. ശേഷം അൽപ്പം ചകിരിച്ചോറും ചാണകപ്പൊടിയും കൂടി ഇതിലേക്ക് ചേർക്കേണ്ടതുണ്ട്. മണ്ണിൽ ഉണ്ടാകുന്ന അണുക്കളെയും മറ്റും നശിപ്പിക്കുന്നതിനായി രണ്ടു പിടി വേപ്പിൻ പിണ്ണാക്ക് കൂടി ചേർക്കുന്നത് നല്ലതാണ്. മാത്രമല്ല ഇതിൽ നൈട്രജന്റെ അളവ് ധാരാളം ഉള്ളതിനാൽ ചെടികളുടെ വളർച്ചക്കും ഇത് സഹായിക്കും. കൂടാതെ കൂട്ടുവളവും കൂടി ഇവയുടെ കൂടെ ചേർക്കുന്നത് അതിപ്രാധാന്യമർഹിക്കുന്നതാണ്. ശേഷം ഇവയെല്ലാം കൂടി നന്നായി ഒന്ന് മിക്സ് ചെയ്ത് എടുക്കുക. ഇപ്പോൾ വളങ്ങളോട് കൂടിയ പോർട്ടിംഗ് മിക്സ് തയ്യാറായി.
ഇനി നമ്മുടെ ചെടിച്ചട്ടി അല്ലെങ്കിൽ ഗ്രോ ബാഗ് എങ്ങനെ സെറ്റ് ചെയ്യാം എന്ന് നോക്കാം. അടിയിൽ ഒരല്പം മണ്ണിട്ട് നിരപ്പാക്കുക. ശേഷം അതിലേക്ക് നമ്മൾ ഒരുക്കിവെച്ച തൊണ്ട് കുറച്ച് പീസുകളാക്കി അടുക്കി വെക്കുക. അതിനുമുകളിൽ പോർട്ടിംഗ് മിക്സ് മതിയായ രീതിയിൽ ഇട്ടുകൊടുക്കുക. എല്ലാം ഒന്ന് സെറ്റാവാൻ വേണ്ടി നന്നായി വെള്ളം ഒഴിച്ചു കൊടുക്കേണ്ടതുണ്ട്. മുകളിൽ തങ്ങി നിൽക്കുന്ന വെള്ളം ഊറിയ ഉടനെ ഇതിൽ തൈകൾ നടാനാകും. ശേഷം ഒരു ഇളം വെയിലുള്ള സ്ഥലത്ത് വെക്കുന്നതാണ് ഉചിതം.