നെൽകൃഷിയിൽ ഏറ്റവും ചെലവുള്ള ജോലിയാണ് ഞാറ് നടീൽ. തൊഴിലാളി ക്ഷാമം കലശ്ശലാണ്.പണ്ടത്തെ പോലെ പ്രവർത്തനക്ഷമതയും അർപ്പണ മനോഭാവവും ഇന്നത്തെ തൊഴിലാളികൾ കണിക്കാത്ത സാഹചര്യവും ഉണ്ട്.
ചെറിയ കണ്ടങ്ങൾ(പാടങ്ങൾ ) ഉള്ള കർഷകർക്ക്, മനസ്സ് വച്ചാൽ പരസഹായം കൂടാതെ ഇനി ഞാറ് നടാം, അല്ല ഞാറ് എറിയാം. അതാണ് 'പാരച്യൂട്ട് 'ഞാറുകൾ.
പച്ചക്കറി തൈകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പ്രോ ട്രേകൾ പോലെ ചെറിയ കുഴികൾ ഉള്ള ചുരുട്ടിവയ്ക്കാവുന്ന 434 കുഴികൾ ഉള്ള പ്രോ -ട്രേകൾ വിപണിയിൽ കിട്ടും.(ചിത്രത്തിൽ കാണാം ).
പാടത്തെ ചേറും അഴുകി പൊടിഞ്ഞ, അരിച്ചെടുത്ത ചാണകപ്പൊടിയും കുറച്ച് ചകിരിച്ചോറ് കമ്പോസ്റ്റും ചേർത്ത മിശ്രിതം ട്രേയിൽ ഇട്ട്, ഒരു തടിക്കഷ്ണം കൊണ്ട് നീട്ടി ഒന്ന് വടിച്ചാൽ എല്ലാ കുഴികളിലും മിശ്രിതം നിറയും. കുരുപ്പിച്ച നെൽ വിത്ത് ഒന്നോ രണ്ടോ മൂന്നോ എണ്ണം വീതം ഓരോ കുഴിയിലും ഇട്ട്, നനച്ച്,പാടത്ത് തന്നെ ഞാറ്റടി ഒരുക്കാം.
വളർച്ച മെച്ചപ്പെടുത്താൻ ജീവാമൃതം, വളച്ചായ,19:19:19 എന്നിവയിൽ ഏതെങ്കിലും ഇടയ്ക്കിടെ തളിച്ച് കൊടുക്കാം.
15-18 ദിവസം കഴിയുമ്പോൾ,അടിവളമൊക്കെ ഇട്ട് സമ്പുഷ്ടമാക്കിയ, ചേറ് നല്ല പായസപ്പരുവമാക്കിയ പാടത്ത്, വരമ്പിൽ നിന്ന് കൊണ്ട് തന്നെ ട്രേയിൽ നിന്നും ഊരിയെടുത്ത ഞാറുകൾ ഏതാണ്ട് ഒരു നിശ്ചിത അകലത്തിൽ എറിഞ്ഞു കൊടുക്കാം. അല്ലെങ്കിൽ ഒരു ബേസിനിൽ ഈ ഞാറുകൾ കുടഞ്ഞിട്ട്,പാടത്ത്,പിറകോട്ട് നടന്ന്, കുനിയാതെ തന്നെ ഒരു നിശ്ചിത അകലത്തിൽ ഇട്ട് പോകാം.
വലിയ പാടങ്ങൾ ആണെങ്കിൽ നെടുകെ നടപ്പാതകൾ ഉണ്ടാക്കി അതിലൂടെ നടന്ന് ഞാറ് എറിയാം. ഞാറിന്റെ ചുവട്ടിൽ മിശ്രിതത്തിന്റെ കനം ഉള്ളത് കൊണ്ട് (ഇപ്പോൾ ഞാറ് ഒരു ഷട്ടിൽ കോക്ക് പോലെ തോന്നും. ചിത്രം കാണുക ) എങ്ങനെ താഴോട്ട് ഇട്ടാലും ചുവട് ഭാഗം ചേറിൽ കുത്തി തറഞ്ഞുനിൽക്കും.
പാകിസ്ഥാനിലും ശ്രീലങ്കയിലും ഒക്കെ ഈ രീതി പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മോശമല്ലാത്ത വിളവും കിട്ടിയിട്ടുണ്ട്. മറ്റ് പരിചരണമുറകൾ ഒക്കെ സാധാരണ പോലെ തന്നെ. കള വളർച്ച നിയന്ത്രിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കണം.
ഞാൻ ചാത്തന്നൂർ കൃഷി ഓഫീസർ ആയിരിക്കുമ്പോൾ അടുത്തുള്ള ചിറക്കര കൃഷിഭവനിലെ ഓഫീസർ ശ്രീമതി. ഷെറിൻ. എ. സലാം (ഇപ്പോൾ കാർഷിക സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ) ഈ രീതി പരീക്ഷിച്ച് ഭേദപ്പെട്ട വിജയം നേടിയിരുന്നു.
ഇത് പഠനവിധേയമാക്കി, പണിക്കുറ്റം തീർത്തെടുത്താൽ ഞാറ് നടാൻ തൊഴിലാളികളെ കിട്ടാത്ത സ്ഥലങ്ങളിൽ ഗുണകരമായേക്കും.
✍🏻 പ്രമോദ് മാധവൻ