ശത്രുക്കളെ ഒതുക്കാനുള്ള ചതുരുപായങ്ങളെക്കുറിച്ച് (four kind of strategies) മുൻപൊരിക്കൽ എഴുതിയിരുന്നു.
ഇതിൽ പലതും കീടനിയന്ത്രണത്തിനും സാധ്യമാണ് എന്ന് ഉദാഹരണസഹിതം പറഞ്ഞിരുന്നു.
സാമം (അനുനയം), ദാനം (ഇഷ്ടമുള്ള വസ്തുക്കൾ നൽകൽ), ഭേദം (വിരട്ടൽ), ദണ്ഡം (ശാരീരിക ഉപദ്രവം)എന്നിങ്ങനെ അത് മനുഷ്യരിൽ ഫലിക്കുമെങ്കിൽ കീടങ്ങളെയും ഏറെക്കുറെ അങ്ങനെ തന്നെ കൈകാര്യം ചെയ്യാം എന്ന് തെളിയിച്ചിട്ടുണ്ട്.
കുറച്ച് കൃഷിയിടം കീടങ്ങൾക്ക് വേണ്ടി മാറ്റിവച്ച് അവരെ സന്തോഷിപ്പിക്കാം. ഇഷ്ടമുള്ള സാധനങ്ങൾ മധുരത്തിൽ പൊതിഞ്ഞ് (Food baits) അല്ലെങ്കിൽ കാമാസക്തി ജനിപ്പിച്ച് (Pheromone baits) അവരെ കുടുക്കാം.
കീടങ്ങൾക്ക് നമ്മുടെ ഭാഷ അറിയാത്തത് കൊണ്ട് തെറിവിളികൾ കൊണ്ട് അവരെ ഓടിക്കാൻ കഴിയില്ല. പകരം ചില കീടവികർഷിണികൾ (Pest Repellants) ഉപയോഗിച്ച് അവരെ കൃഷിയിടത്തിൽ നിന്നും അകറ്റിനിർത്താം. ഏറ്റവും അറ്റകൈ പ്രയോഗമാണ് രാസകീടനാശിനി പ്രയോഗം. അവനെ തട്ട്വ ന്നെ.
ഈ രീതിയിൽ കീടനിയന്ത്രണം സാധ്യമാക്കുന്ന രീതിയാണ് സംയോജിത കീട നിയന്ത്രണം അഥവാ Integrated Pest Management (IPM).
ഉദാഹരണമായി നമുക്ക് കാബേജ് കൃഷി തന്നെ എടുക്കാം. അതിൽ കീട നിയന്ത്രണം എങ്ങനെ സാധ്യമാക്കാം.
1. നല്ല സൂര്യപ്രകാശവും നീർവാർച്ചയും ഇളക്കവും ഉള്ള മണ്ണ് ഉള്ള സ്ഥലം വേണം തെരെഞ്ഞെടുക്കാൻ.
2. ജലസേചനം ഉറപ്പ് വരുത്തണം.
3. നവംബർ മാസം ആദ്യ ആഴ്ചയിൽ തന്നെ തൈകൾ പറിച്ച് നടണം.
4. മണ്ണ് കിളച്ച്, കട്ടയുടച്ച്, സെന്റിന് 2-3കിലോ കുമ്മായം /Dolomite ചേർത്ത് മണ്ണ് നന്നായി ഇളക്കി ഈർപ്പം നൽകി രണ്ടാഴ്ച ഇട്ടതിനു ശേഷം മാത്രം ഓരോ തടത്തിലും ഓരോ കിലോ ചാണകപ്പൊടി, കുറച്ച് ട്രൈക്കോഡെർമ്മയാൽ സമ്പുഷ്‌ടീകരിച്ച ചാണകപ്പൊടി -വേപ്പിൻ പിണ്ണാക്ക് മിശ്രിതം മണ്ണിൽ, അല്പം എല്ലുപൊടി എന്നിവ ഇളക്കി ചേർത്ത്, മിതമായി നനച്ച്, നാലഞ്ച് ദിവസം കഴിഞ്ഞ്, നല്ല കരുത്തുള്ള,5-6ഇലകൾ ഉള്ള പ്രോ ട്രേയിൽ വളർത്തിയെടുത്ത തൈകൾ വേണം നടാൻ.
ഇത്രയും കാര്യങ്ങൾ ചെയ്യുമ്പോൾ തന്നെ ചെടികൾക്ക് നല്ല പ്രതിരോധ ശേഷി ലഭിക്കും.
പിന്നെ ആഴ്ചയിൽ ഒരിക്കൽ ചെറിയ അളവിൽ NPK/NK യും ഒന്നോ രണ്ടോ തവണ സൂക്ഷ്മ മൂലകങ്ങളും മിതമായ, ചിട്ടയായ നനയും നൽകിയാൽ നല്ല വിളവെടുക്കാം.
5. കാബേജ് തൈകൾ നടുന്നതിന് രണ്ടാഴ്ച മുൻപ് തന്നെ പ്ലോട്ടിന്റെ നാലതിരുകളിലോ, ഇടയ്ക്കുള്ള വരികളിലോ കടുക് വിതച്ചു കൊടുത്താൽ കാബേജ് ചെടിയുടെ പല കീടങ്ങളും അതേ കുടുംബത്തിൽ (Cruciferae) പെട്ട കടുകിൽ വരികയും, അവിടെ ജൈവ /രാസ മരുന്നുകൾ തളിച്ച്, ക്യാബേജിൽ വിഷം തീണ്ടാതെ വളർത്തിയെടുക്കാൻ കഴിഞ്ഞേക്കും. ഇത്തരത്തിൽ ചെയ്യുന്ന വിളകളെ കെണി വിള (Trap Crop )എന്ന് പറയും.
6. കാബേജ് തൈകൾ നടുമ്പോൾ തന്നെ രണ്ട് വരികൾക്കിടയിൽ വേണ്ടത്ര അകലം നൽകി ചെണ്ടുമല്ലി തൈകൾ നട്ടാൽ, അത് മണ്ണിലെ നിമാവിര നിയന്ത്രണത്തിനും അത് പോലെ തന്നെ ഡയമണ്ട് ബാക്ക് മോത്ത് പോലെയുള്ള കീടങ്ങളെ അകറ്റി നിർത്താനും സഹായിക്കും. അതിന്റെ പൂക്കൾ വിറ്റ് പണം കിട്ടുമെങ്കിൽ അതും ഒരു ബോണസ് ആയി എടുക്കാം. ഇങ്ങനെ ചെയ്യുന്ന വിളകളെ സുഹൃത് വിളകൾ (Companion crops) എന്ന് വിളിക്കും.
ഇത്തരത്തിൽ എല്ലാ വിളകൾക്കും യോഗ്യമായ ചില തന്ത്രങ്ങൾ നമുക്ക് പ്രയോഗിക്കാം. ചുറ്റുമായി സൂര്യകാന്തി, ചോളം, തുവര, എള്ള് എന്നിവയും നട്ട് കൊടുക്കാം.നെൽകൃഷിയിൽ,പാടവരമ്പുകളിൽ പൂച്ചെടികൾ വളർത്തി മിത്രകീടങ്ങളെയും പരാഗകാരികളെയും ആകർഷിക്കുന്ന രീതി (Ecological Engineering) പോലെ.
മനസ്സുണ്ടെങ്കിൽ വഴിയുണ്ട്. നല്ല ആസൂത്രണം ,ടൈമിംഗ് എന്നിവ വേണമെന്ന് മാത്രം.
Happy cabbage Farming... സമയമായി വരുന്നു.
✍🏻 പ്രമോദ് മാധവൻ