നെല്ലിൽ ചാഴി വരാൻ കാത്തിരിക്കണോ ഉത്തമാ... - പ്രമോദ് മാധവൻ | Pramod Madhavan


ജൈവകൃഷി ഏറ്റവും എളുപ്പത്തിൽ സാധ്യമാകുന്നത് നെൽകൃഷിയിൽ ആണെന്ന് പറയാറുണ്ട്.



 കരക്കൃഷിയിൽ, ഒരു വിള നമ്മൾ കൃഷി ചെയ്യുമ്പോൾ അനാവശ്യമായി രാസ -ജൈവ മരുന്നുകൾ (മിത്ര കീടങ്ങൾക്ക് ദോഷം വരുത്തുന്ന ജൈവന്മാരും ഉണ്ടല്ലോ) തളിക്കാതിരുന്നാൽ പല ഘട്ടങ്ങളിലായി അവിടെ നമ്മുടെ മിത്രകീടങ്ങൾ (Natural enemies of pests) വന്നെത്തും. എലിയുണ്ടെങ്കിൽ പൂച്ചകൾ തേടി വന്നേക്കാം, പാമ്പുണ്ടെങ്കിൽ കീരി തേടി വന്നേക്കാം എന്ന് പറയും പോലെ. പക്ഷെ ഒരു നെൽപ്പാടത്ത് ഒന്നാമത്തെ ദിവസം മുതൽ തന്നെ ഈ ഇര പിടിയന്മാർ (Predators) ഹാജരാണ്. തവളകൾ, വെള്ളത്തിലാശാന്മാർ, വണ്ടുകൾ, പച്ചക്കണിയാന്മാർ (Praying mantis), വേട്ടാവളിയന്മാർ, കടന്നലുകൾ (wasps), സുന്ദരി വണ്ടുകൾ (Lady bird beetles) , ചിലന്തികൾ, മൂങ്ങകൾ എന്നിങ്ങനെ ഉള്ളവർ.

 നെൽപ്പാടം എന്ന ഒരു ആവാസ വ്യവസ്ഥയിൽ (Ecosystem) ഇത്തരത്തിൽ പരസ്പരപൂരകമായി പ്രവർത്തിക്കുന്ന ഒരു Pest -Predator relationship നമുക്ക് കാണാൻ സാധിക്കും. ഒന്ന് മറ്റൊന്നിനു ഭക്ഷണമാകുന്ന പ്രകൃതിനിയമം. അവിടെ നമ്മൾ അനാവശ്യമായി, വിവേക രഹിതമായി കടന്ന് കയറി manipulate ചെയ്യുമ്പോൾ അവിടുത്തെ പരിസ്ഥിതി സന്തുലനം (Ecological balance) തെറ്റുന്നു.Pest -Defender Ratio താളം തെറ്റുന്നു.

എന്നാൽ എല്ലായ്പോഴും ഈ പ്രകൃതിനിയമം കർഷകന് അനുകൂലം ആകണം എന്നുമില്ല. പ്രകൃതിയിൽ പെറ്റു പെരുകാൻ (Fecundity Rate) ഏറ്റവും കഴിവുള്ളവയാണ് ഷഡ്പദങ്ങൾ. ചിലപ്പോൾ വേട്ടക്കാരനെക്കാൾ (predator) വേഗത്തിൽ ഇരകൾ (pests) പെരുകും. കാരണം സ്വാദിഷ്ടമായ ഭക്ഷണം തോട്ടത്തിൽ ഉണ്ടല്ലോ. അവർ പെരുകി കഴിഞ്ഞ് കുറച്ച് ദിവസങ്ങൾ കഴിഞ്ഞാകും defender population അവിടെ പെരുകുന്നത്. അപ്പോഴേക്കും കർഷകന് വലിയ സാമ്പത്തിക നഷ്ടം വന്നിട്ടുണ്ടാകും. 'പാഥസാം നിജ വാർന്നൊഴിഞ്ഞളവ് സേതുബന്ധനോദ്യോഗമെന്തെടോ'? വെള്ളം പോയിക്കഴിഞ്ഞ് അണ കെട്ടിയിട്ടെന്ത് കാര്യം?

ഇന്നത്തെ ചിന്താവിഷയം നെല്ലിലെ ചാഴിയാണ്. അതിന് കാരണമോ കൈരളി KVK എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ശ്രീ. ഷാജി എന്ന കർഷകൻ എഴുതിയ കുറിപ്പും.

നെല്ലിൽ വലിയ ശല്യക്കാർ ആറ് പേരാണ്.

ഗാളീച്ച (Gall Fly)

ഓല ചുരുട്ടി പുഴു(Leaf Folder)

തണ്ട് തുരപ്പൻ(Stem Borer)

കുഴൽപ്പുഴു (Case worm)

മുഞ്ഞ (Brown Plant Hopper)

ചാഴി (Rice bug)

ശരിയായ അകലത്തിൽ പറിച്ച് നട്ടാൽ മുഞ്ഞ വരില്ല.

ശരിയായ സമയത്ത് പറിച്ച് നട്ടാൽ ഗാളീച്ചയും ശല്യം ചെയ്യില്ല.

ശരിയായി വെള്ളം കയറ്റി ഇറക്കിയാൽ കുഴൽപ്പുഴുവും നിയന്ത്രണ വിധേയൻ.

കഴിച്ച്, മൂന്ന് പേര് മാത്രമാണ് നമ്മളെ ശല്യം ചെയ്യുക.

എങ്ങനെ ആണ് ഇവർ ശല്യക്കാർ ആകുന്നത്?

നന്നായി താഴ്ത്തി കൊയ്തില്ലെങ്കിൽ, അവിടെ ബാക്കി നിൽക്കുന്ന കറ്റയിൽ തണ്ട് തുരപ്പൻ മുട്ടയിട്ടു പെരുകും. അത് കൊണ്ടാണ് പണ്ട് കാലത്ത് പാടത്ത് കൊയ്ത്ത് കഴിഞ്ഞ് തീയിട്ടിരുന്നത്. പക്ഷെ അതൊരു Carbon Neutral Practice അല്ലാത്തതിനാൽ നമുക്ക് ആശാസ്യമല്ല.

കൃഷി ചെയ്യാതെ കിടക്കുന്ന പാടങ്ങളിൽ തനിയെ മുളച്ചു വന്ന നെല്ചെടികൾ (Volunteer Plants) ആണ് അടുത്ത പ്രധാന കാരണം. നെൽകൃഷി ഇല്ലാത്ത സമയത്ത് ഈ കീടങ്ങൾ കാലക്ഷേപം കഴിക്കുന്നത് ഈ ചെടികളിൽ ആണ്.അവ നശിപ്പിക്കണം.

കളകൾ വളർന്ന് പൊന്തി നിൽക്കുന്ന വരമ്പുകൾ, തരിശായി കിടക്കുന്ന പാടങ്ങൾ, അടുത്തുള്ള കള വളർന്ന പുരയിടങ്ങൾ എന്നിവയാണ് കീടങ്ങളുടെ breeding sites. അത്‌ കൊണ്ടാണ് പാടശേഖരങ്ങൾ തരിശിടരുത് എന്ന് പറയുന്നത്. പാടത്തു തന്നെ വിള പരിക്രമം (Crop rotation) നടത്തുന്നത്, ഇത്തരം കീടങ്ങളുടെ നൈരന്തര്യം (Continnuity) തടയും. ഒരു വിള എങ്കിലും പയറോ എള്ളോ ഡൈഞ്ചയോ ചെയ്യാൻ കർഷകരെ ഉപദേശിക്കുന്നത് അത്‌ കൊണ്ടാണ്.

വരമ്പുകൾ നന്നായി അരിഞ്ഞിറക്കി, വീണ്ടും ചെളി കൊണ്ട് പ്ലാസ്റ്റർ ചെയ്യുന്നത് കളകൾ, എലി, ഞണ്ട് എന്നിവയുടെ ശല്യം കുറയ്ക്കും. പക്ഷെ ചെലവ് അല്പം കൂടും.

കളകൾ പൂത്ത് വിത്തുകൾ മൂക്കുന്നതിനു മുൻപ് അവയെ നശിപ്പിച്ചില്ലെങ്കിൽ ഒരു കാര്യവുമില്ല. ഒന്നിന് പത്തേ, പത്തിന് നൂറേ എന്ന കണക്കിന് സന്തതികളെ മണ്ണിൽ നിക്ഷേപിച്ചിട്ടാകും ഓരോ കളച്ചെടിയും മൃതിയടയുക.അതിനാൽ ഇളം പരുവത്തിൽ തന്നെ കളകൾ നിയന്ത്രിക്കണം.

 പാടത്തെ വരിനെല്ല് (weedy rice) ഇളം കതിരായി ഇരിക്കുമ്പോൾ തന്നെ വെട്ടി നശിപ്പിച്ചാൽ എത്ര നന്നായിരുന്നു. നേരത്തേ കതിര് വരുന്ന വരിനെല്ലിന്റെ കതിരുകളെ ഒരു കത്രിക കൊണ്ട് ഞറുക്കിക്കളയാൻ എന്താണ് കർഷകർ ശ്രമിയ്ക്കാത്തത് എന്നത് എന്നെ അത്‌ഭുതപ്പെടുത്താറുണ്ട് ഉത്തമാ...

ചാഴിക്കുഞ്ഞുങ്ങൾ (Nymphs) നെൽക്കതിര് അല്ല ആഹരിക്കുക. നെൽച്ചെടിയുടെ മാംസളമായ ഭാഗങ്ങളിൽ നിന്നും കളകളിൽ നിന്നും നീരൂറ്റിയാണ് അവ വളരുന്നത്. പൂർണ വളർച്ചയെത്തുമ്പോൾ അവ കതിരിലെ പാൽ ഊറ്റിയെടുത്ത് പതിരാക്കുന്നു.

അപ്പോൾ കതിര് വരുന്നതിന് വളരെ മുൻപ് തന്നെ രൂക്ഷ ഗന്ധമുള്ള വസ്തുക്കൾ നെല്ലിൽ തളിച്ച് താൽക്കാലത്തേക്ക് അവരെ അകറ്റി നിർത്താം. മത്തി ക്കഷായം, വേപ്പെണ്ണ -വെളുത്തുള്ളി എമൽഷൻ എന്നിവ ഒരു പരിധി വരെ ഗുണകരമാണ്.

വലകൾ (Sweep nets) ഉപയോഗിച്ച് അവയെ പിടിച്ചു കൊന്ന് കളയാം.

രൂക്ഷ ഗന്ധമുള്ള വസ്തുക്കൾ കുപ്പികളിലോ കുടങ്ങളിലൊ പാടത്തിന്റെ നാല് വശത്തും വച്ച് ഇവരെ വികർഷിക്കാം.

പാടത്ത് തുടർച്ചയായ ദിവസങ്ങളിൽ പന്തങ്ങൾ കത്തിച്ചു വയ്ക്കാം.

വിളക്ക് കെണികൾ സ്ഥാപിക്കാം.

വിഷമടിയ്ക്കാത്ത ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കണം എങ്കിൽ നല്ല ക്ഷമയും പരിശ്രമവും വേണം ശകുന്തളേ.. മടിയൻമാർക്ക് അത്‌ പറഞ്ഞിട്ടില്ല.

ചിലർ പഠിപ്പിക്കുന്നത് നിഷ്‌ക്രിയ കൃഷിയാണ് (Do Nothing Farming) ആണ്. എല്ലാം പ്രകൃതി ചെയ്തോളുമത്രേ.അതേ വിളവും പ്രകൃതിയുടെ മക്കൾ തന്നെ എടുത്ത് കൊള്ളും. കിട്ടിയാൽ കിട്ടി പോയാൽ പോയി എന്നാണെങ്കിൽ ആയിക്കോളൂ.. അതല്ല നൂറ് മേനി വിളയിക്കും എന്നാണ് വാശിയെങ്കിൽ വഴി പലതുണ്ട്.

ചാഴികൾ തനിയെ വരികയല്ല ... നമ്മൾ അവരെ വരുത്തുകയാണ്. നമ്മളുടെ അശ്രദ്ധ വഴി, അലസത വഴി, അല്പത്തം വഴി...പലപ്പോഴും പാടത്ത് പല മൂപ്പുള്ള വിത്തുകൾ പല സമയങ്ങളിൽ വിതച്ചും നട്ടും എപ്പോഴും ചാഴിയ്ക്ക് നമ്മൾ ഭക്ഷണം ഉറപ്പാക്കുന്നു.




ചാഴിയ്ക്ക് മരുന്നടിക്കേണ്ടി വരുമ്പോൾ, അതിന് ദിവസങ്ങൾക്കു ശേഷം മഴ പെയ്തില്ലെങ്കിൽ തളിച്ചതിന്റെ ഒരു ഭാഗം വൈക്കോൽ വഴി പശുവിലൂടെ നമ്മളിൽ തിരിച്ചെത്താനും സാധ്യതയില്ലാതില്ലാധില്ല..


✍🏻 പ്രമോദ് മാധവൻ




ചിത്രത്തിൽ ചാഴിയുടെ മുട്ടകൾ കാണാം. ഇലയുടെ മുകൾ ഭാഗത്ത്, നടു ഞരമ്പിനോട് ചേർന്ന് വരി വരിയായി മുട്ടകൾ ഇടുന്ന കലാകാരികൾ...





Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section