വിളകളിലെ കീടങ്ങളെ നിയന്ത്രിക്കുന്നതിന് കർഷകർ, ആവനാഴിയിൽ നിരവധി അസ്ത്രങ്ങൾ കരുതി വയ്ക്കേണ്ടതുണ്ട്.
വിവിധ സാഹചര്യങ്ങളിൽ വിവിധ മാർഗങ്ങൾ അവലംബിക്കണം.
അതിനെ പ്രധാനമായും
Cultural Control
Physical Control
Mechanical Control
Biological Control
Chemical Control എന്നിങ്ങനെ അഞ്ചായി തിരിക്കാം.
രോഗ കീട സാധ്യത കുറവുള്ള സീസൺ നോക്കി കൃഷിയ്ക്കൊരുങ്ങുക, വിള പരിക്രമം (Crop rotation ) നടത്തുക, പ്രതിരോധ ശേഷിയുള്ള ഇനങ്ങൾ കൃഷി ചെയ്യാൻ തെരെഞ്ഞെടുക്കുക, മുൻവിളയുടെ അവശിഷ്ടങ്ങൾ കത്തിക്കുക എന്നതൊക്കെ Cultural Control എന്നതിൽപ്പെടും.
എല്ലാ ദിവസവും പോയി ചെടികളിൽ കാണുന്ന കീടങ്ങളെ പെറുക്കി കളയുക, മാറാരോഗം ബാധിച്ച (പ്രത്യേകിച്ച് വൈറസ് രോഗങ്ങൾ )ചെടികൾ പിഴുതുമാറ്റുക, ഫംഗൽ രോഗം ബാധിച്ച ഇലകൾ പറിച്ച് കത്തിക്കുക, എന്നിവയൊക്കെ Physical Control എന്നതിന്റെ പരിധിയിൽ പെടും.
ഏതെങ്കിലും ഒരു mechanical device ന്റെ സഹായത്തോടെ കീടങ്ങളെ നിയന്ത്രിക്കുമ്പോൾ അവ Mechanical Control ആകും. ചെല്ലിക്കോൽ ഉപയോഗിച്ച് ചെല്ലിയെ കുത്തിയെടുത്ത് നശിപ്പിക്കുക, വിളക്ക് കെണികൾ ഉപയോഗിച്ച് കീടങ്ങളെ ആകർഷിച്ചു നശിപ്പിക്കുക,കൈവലകൾ ഉപയോഗിച്ച് കീടങ്ങളെ കുടുക്കി കൊന്ന് കളയുക, പശക്കെണികൾ ഉപയോഗിച്ച് കീടങ്ങളെ കുടിക്കുക, ഫിറമോൺ കെണികൾ ഉപയോഗിക്കുക, പവർ ബാറ്റ് ഉപയോഗിച്ച് കീടങ്ങളെ കൊല്ലുക എന്നതൊക്കെ ഇതിന്റെ പരിധിയിൽ പെടും.
അടുത്തത് Biological Control ന്റെ ഊഴമാണ്. ട്രൈക്കോ കാർഡുകൾ, ട്രൈക്കോഡെർമ്മ, സ്യൂഡോമോണാസ്, Verticillium (Lecanicillium ), Beauveria, Metarhizium, Cadaver ഉപയോഗിച്ചുള്ള കീട നിയന്ത്രണം, Paecilomyces, Pochonia എന്നിവയെ ഉപയോഗിച്ചുള്ള നിമാവിര നിയന്ത്രണം എല്ലാം ഇതിന്റെ കീഴിൽ വരും. ഒരു ജീവജാലത്തെ ഉപയോഗിച്ച് മറ്റൊന്നിനെ കൊല്ലുന്ന പരിപാടി. പൂച്ച എലിയെ പിടിയ്ക്കുന്ന പോലെ, കീരി പാമ്പിനെ പിടിക്കുന്ന പോലെ.
ആവനാഴിയിലെ അവസാന അസ്ത്രമായി, അവശിഷ്ട വിഷവീര്യം കുറഞ്ഞ രാസവസ്തുക്കൾ പ്രയോഗിച്ച് കീടങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ അത് Chemical Control ആകും.
നിലമൊരുക്കുന്ന സമയം മുതൽ കർഷകൻ കീട-രോഗങ്ങൾക്കെതിരെ പത്മവ്യൂഹം ചമയ്ക്കണം.
Prevention is better than cure എന്നല്ല Prevention is the cure എന്ന് തന്നെ കരുതണം.
രോഗ കീടങ്ങൾ വരാൻ കാരണമാകുന്ന എല്ലാ പഴുതുകളും അടയ്ക്കണം. സൂചി കൊണ്ടെടുക്കേണ്ടത് ജെസിബി കൊണ്ടെടുക്കേണ്ട അവസ്ഥ ഉണ്ടാകരുത്.
ഇതിൽ mechanical control എന്ന വിഭാഗത്തിൽ പെടുന്ന ഫിറമോൺ കെണികൾ, വെള്ളരി വർഗ്ഗവിളകളിലെ കുടുംബശത്രുവായ കായീച്ച (Fruit fly )യെ എങ്ങനെ നിയന്ത്രിക്കുന്നുവെന്ന് നോക്കാം.
Bactrocera cucurbitae എന്ന വെള്ളരി വർഗവിളകളുടെ കൊടും ശത്രു, ഗസറ്റിൽ കൊടുത്ത് പേര് മാറ്റിയിട്ടുണ്ട്. Zeugodacus cucurbitae എന്നാണ് പുതിയ പേര്. കയ്യിലിരുപ്പ് പഴയത് തന്നെ.
ഇത് പാവൽ, പടവലം, വെള്ളരി, മത്തൻ, കുമ്പളം, ചുരയ്ക്ക, പീച്ചിൽ,കോവൽ, തണ്ണിമത്തൻ എന്നിവയിലെല്ലാം കാണാം. ഇളം കായ്കളിൽ മുട്ട തറച്ചുവച്ച് തള്ളയീച്ച സ്ഥലം വിടും. വായ കീറിയ ദൈബം ഇര കൊടുക്കും എന്ന 'വരരുചി ഫിലോസഫി 'തള്ളയ്ക്ക് നന്നായി അറിയാം. കായ്ക്കകത്തെ ചൂട് മതി മുട്ട വിരിയാൻ. അപ്പോഴേക്കും ആ ഭാഗം മഞ്ഞയടിച്ചിട്ടുണ്ടാകും. പിന്നെ വിരിഞ്ഞ പുഴുക്കൾ അകത്തിരുന്നു കായകൾ തിന്നാൻ തുടങ്ങും. കായകൾ അഴുകാൻ തുടങ്ങും. പൂർണ വളർച്ച എത്തിയ പുഴുക്കൾക്ക് പിന്നീട് ഭൂസമാധി അനിവാര്യം. അപ്പോഴേക്കും കായ്കൾ സ്വയം ഇറുന്ന് താഴെ വീഴുകയോ, അല്ലെങ്കിൽ വിവരഹീനൻ ആയ ഉത്തമൻമാർ കായ്കൾ പറിച്ച് മണ്ണിൽ തന്നെ ഇട്ട് കൊടുക്കുകയോ ചെയ്യും ഉർവശീശാപം ഉപകാരം എന്ന് കായീച്ച ജൂനിയർ പറയും.
എന്താണ് പ്രതിവിധി?
വിളവെടുപ്പ് അവസാനഘട്ടം എത്തുമ്പോൾ കുരുട്ട് കായ്കൾ പറിച്ച് മാറ്റാതെ കായീച്ചയ്ക്ക് മുട്ടയിടാനും അതിന്റെ കുഞ്ഞുങ്ങൾക്ക് പൂണ്ടുവിളയാടാനും അവസരം ഒരുക്കരുത് രമണാ.... വിളവെടുപ്പ് ഏറെക്കുറെ കഴിഞ്ഞെങ്കിൽ ആ വിള ഒഴിവാക്കി, അവശിഷ്ടങ്ങൾ കത്തിച്ചു, അടുത്ത വിളയ്ക്ക് മുൻപായി ഒരു ഇടവേള നൽകണം.'പുഴു തിന്ന വിള മഴു കൊണ്ട് കൊയ്യണം 'എന്നാണല്ലോ?
ഇനി ഭൂസമാധിയ്‌ക്കെത്തിയ പുഴുക്കൾ, അവിടുത്തെ മണ്ണിൽ ഒളിച്ചിരുന്ന്, ഈച്ചയായി വിരിയാൻ വെമ്പുന്നുണ്ടാകും. അവരെ കൊല്ലാൻ പൊടിച്ച വേപ്പിൻ പിണ്ണാക്ക് തടങ്ങളിലും ഇടസ്ഥലങ്ങളിലും ചേർത്ത് ഇളക്കി കൊടുക്കണം.തടങ്ങളിൽ Beauveria ഒഴിച്ച് കൊടുക്കുന്നതും നല്ലത് തന്നെ.
പെൺ പൂക്കൾ വിരിഞ്ഞ്, പരാഗണിച്ച്,പിഞ്ച് കായ്കൾ ആകുമ്പോൾ തന്നെ പെണ്ണീച്ചകൾ, ആ ഇളം മേനിയിൽ മുട്ടകൾ കുത്തിവച്ചിട്ടുണ്ടാകും. അതിന് തടയിടാൻ കായ്കൾ കവർ ചെയ്യണം.
പൂക്കൾ വിരിയാൻ തുടങ്ങുമ്പോൾ തന്നെ കെണികൾ സ്ഥാപിക്കണം.(കെണികൾ സ്ഥാപിക്കുമ്പോൾ കൂടുതൽ ഈച്ചകൾ അവിടേക്ക് വരും എന്ന നിരീക്ഷണവും ഉണ്ട്).
ആണുങ്ങളെ വീഴ്ത്താൻ ഉള്ള എളുപ്പവഴിയാണ് പെൺകെണികൾ. അത് ചരിത്രാതീത കാലം മുതൽ നമ്മൾ കാണുന്നതാണ്. കുഞ്ഞീച്ചയുടെ കാര്യത്തിലും അത് വളരെ ശരിയാണ്. പെണ്ണീച്ചകളിൽ നിന്നും വേർതിരിച്ചെടുത്ത 'Cue lure 'എന്ന sex pheromone ന്റെ സദൃശ വസ്തുക്കൾ (analogues) ഉപയോഗിച്ച് കീടങ്ങളെ ആകർഷിച്ചു കുടുക്കാം. ഭോഗസന്നദ്ധയായ പെണ്ണീച്ച തന്നെ മാടിവിളിക്കുന്നത് പോലെ തോന്നി കെണിയ്ക്കുള്ളിലേക്ക് ആക്രാന്തിയോടെ ആണീച്ചകൾ പറന്നിറങ്ങും. ശേഷം ചിന്ത്യം.
അങ്ങനെ പാവം, കായ്കൾ ഒന്നും കുത്തി നശിപ്പിക്കാത്ത, നിഷ്കളങ്കനായ ആണീച്ചകൾ പരലോകം പൂകും.'ആസനത്തിൽ ദൈബം കനിഞ്ഞു നൽകിയ 'മുട്ട തറപ്പൻ '(Ovipositor) അവയവമുള്ള പെണ്ണീച്ചകൾ പഴയത് പോലെ ശല്യം തുടരും. ആൺ ഫിറമോൺ കൃത്രിമമായി ഉണ്ടാക്കാൻ ശാസ്ത്രലോകം കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.ജയിച്ചോ ആവോ? എങ്കളുക്ക് തെരിയാത്..
ദങ്ങനെ വിട്ടാൽ പറ്റില്ലല്ലോ, പെണ്ണുംപിള്ളമാരെ പിടിക്കാൻ വഴി തേടിയ ശാസ്ത്രജ്ഞർ കണ്ടെത്തിയ വഴി 'തീറ്റക്കെണി '(Food bait )ആണ്. തുളസിക്കെണി, പഴക്കെണി, ഉണക്കമീൻ കെണി, കഞ്ഞിവെള്ളക്കെണി, വാനിലക്കെണി, ആപ്പിൾ സിഡർ വിനെഗർ കെണി എന്നിവയൊക്കെ തരാതരം പോലെ പ്രയോഗിച്ച് ലവള്മാരെ കുടുക്കാം. പൂക്കാൻ തുടങ്ങുമ്പോൾ തന്നെ രണ്ട് തരം കെണികളും (ആൺകെണിയും പെൺകെണിയും )ഒരുക്കി വയ്ക്കണം.
പശക്കെണികളിൽ cue lure മിശ്രിതം തേച്ചും കായീച്ചകളെ പിടിക്കാൻ കഴിയും. പക്ഷെ അവ വേഗം ഉണങ്ങിപ്പോകും. Plywood കഷണങ്ങളിൽ Cue lure നൊപ്പം വിഷവും ചേർത്ത് കെട്ടി തൂക്കിയിടുമ്പോൾ, കാമാർത്തനായി വരുന്ന ആണീച്ചകൾ അതിൽ ചുംബിക്കാനും നുണയാനും തുടങ്ങും. വിഷം അകത്തുചെല്ലും. സ്വാഹാ..
വാൽ കഷ്ണം :വീട്ടിൽ തുളസി ചെടി ഉണ്ടെങ്കിൽ അതിന്റെ ഇലകൾ ചെടിയിൽ നിർത്തി, കൈകൾ ചേർത്ത് നന്നായി ഞെരടി അവിടെ തന്നെ നിർത്തിയിട്ട് പോകുക. പറിച്ചെടുക്കരുത്. കുറച്ച് കഴിയുമ്പോൾ ആ ഇലകളിൽ മുഴുവൻ കായീച്ചകൾ വട്ടമിട്ടു പറക്കുന്നത് കാണാം. ഞെരടിയപ്പോൾ ഇലകളിൽ നിന്നും പുറത്ത് വന്ന 'Methyl Eugenol 'എന്ന രാസവസ്തുവാണ് ഇതിന് കാരണം.
ഓസ്ട്രേലിയൻ ടീമിൽ ഒരു കാലത്ത്, എതിർടീമുകളുടെ ബാറ്റിംഗ് നിരയെ പിച്ചിച്ചീന്തിയ കാലന്മാർ ആയിരുന്നു മാരക വേഗത്തിൽ പന്തെറിയുന്ന ഡെന്നിസ് ലിലിയും ജെഫ് തോംസണും. അന്നത്തെ കാലത്ത് ഇവരെ കുറിച്ചൊരു ചൊല്ല് ഉണ്ടായിരുന്നു. "If Thomson don't get ya, Lilee must "എന്ന്. ലതായത്, നിന്റെ വിക്കറ്റ് ലിലി എടുത്തില്ലെങ്കിൽ അമ്മയാണെ അത് തോംസൺ എടുത്തിരിക്കും 'എന്ന്.
ആ വാശി എന്റെ ഉത്തമൻമാർക്കും വേണം.'നിന്നേ ഫിറമോൺ കെണി കുടുക്കിയില്ലെങ്കിൽ പഴക്കെണി കുടുക്കിയിരിക്കും, യേത്?
✍🏻 പ്രമോദ് മാധവൻ