മറക്കണ്ട, തെങ്ങിന് തുലാവർഷം 'പുറത്താ'ണ് - പ്രമോദ് മാധവൻ | Pramod Madhavan

കാർഷികകേരളത്തിന്റെ ജീവനാഡിയാണ് കാലവർഷവും തുലാവർഷവും. '



 "വർഷം പോലെ കൃഷി" എന്നാണ് ചൊല്ല്. അതായത് 'മഴ നന്നായാൽ വിളയും' നന്നാവും.

ഇന്ത്യയിൽ മൺസൂൺ നന്നായാൽ സെൻസെക്സ് ഉയരും. ഭക്ഷ്യധാന്യ ഉത്പാദനം കൂടും. കർഷകന്റെ കൈകളിൽ പണലഭ്യത കൂടും. അവൻ അത് വിപണിയിൽ ചെലവഴിക്കും.GDP വർധിക്കും.മൺസൂൺ മോശമായാൽ കാര്യങ്ങൾ മറിച്ചാവും സംഭവിക്കുക.

ചിലപ്പോൾ അതിവൃഷ്ടി, മറ്റ് ചിലപ്പോൾ അനാവൃഷ്ടി. ഈ മൺസൂൺ ഇതെന്ത് ഭാവിച്ചാണ്, എന്ന് തോന്നിപ്പോകും, പലപ്പോഴും.

വാർഷിക മഴയുടെ ഇരുപത് ശതമാനമാണ് തുലാവർഷമഴയിൽ നിന്നും കേരളം പ്രതീക്ഷിക്കുന്നത്. മുപ്പത്തിനാല് ശതമാനം കമ്മിയോടെയാണ് ഇത്തവണ കാലവർഷം, ബാറ്റൺ, തുലാവർഷത്തിന് കൈമാറിയിരിക്കുന്നത്. ഇനി എന്തൊക്കെ സംഭവിക്കും എന്ന് കാത്തിരുന്ന് കാണാം.

"കാലവർഷം കണ്ട് നിന്നവനും ഇല്ല, തുലാവർഷം കണ്ട് പോയവനുമില്ല "എന്നാണല്ലോ. കാലവർഷം(ഇടവപ്പാതി)+തുടങ്ങിയാൽ പിന്നെ വേഗം വീട് പിടിക്കണം, എപ്പോൾ തോരും എന്ന് പറയാൻ കഴിയില്ല. എന്നാൽ തുലാവർഷം, തുടങ്ങിയാൽ ഒരു കട്ടനോ, ബോഞ്ചിയോ (🤭)കുടിച്ച്, കുറച്ച് നേരം നിന്നാൽ മതി, മഴ തോർന്നുകിട്ടും എന്നാണ് കണക്ക്.

സാധാരണ ഗതിയിൽ ഉച്ച കഴിഞ്ഞ് ദുന്ദുഭി ഘോഷത്തോടെയാണ് തുലാമഴയുടെ വരവ്. അങ്ങനെ ദ്രുതതാളത്തിൽ തുടങ്ങി, പതികാലത്തിൽ നേർത്ത്, വൃശ്ചികമാസത്തിലെ കാർത്തികയോടെ മഴ ഉപചാരം ചൊല്ലും. "കാർത്തിക കഴിഞ്ഞാൽ മഴയില്ല "എന്നാണ് പ്രമാണം.

കേരകർഷകർ ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തേണ്ട മഴയാണ് തുലാവർഷം. കാരണം ഡിസംബർ പകുതി കഴിഞ്ഞാൽ പിന്നെ മണ്ണ് കുതിരെ ഒരു മഴ കിട്ടാൻ മേടം കഴിയണം. അതും വലിയ ഉറപ്പൊന്നുമില്ല. അതിന്, ചിലപ്പോൾ സാക്ഷാൽ ഇടവപ്പാതി തന്നെ വരേണ്ടി വരും.

 എപ്പോഴും ഗർഭവതിയായി, ഓരോ മാസവും ഓരോ ഓലയും അതിന്റെ കക്ഷത്ത് ഓരോ പൂങ്കുലയുമായി ഈറ്റുനോവുമായി നിൽപ്പാണ് തെങ്ങ്. മുപ്പത്തിനാല് മാസങ്ങൾക്ക് മുൻപ് മണ്ണിലും അന്തരീക്ഷത്തിലും ഉണ്ടായിരുന്ന അവസ്ഥയാണ് ഈ മാസം വിടർന്ന് വരുന്ന പൂങ്കുലയിൽ കാണുക. ആ സമയത്ത്,മണ്ണിൽ വേണ്ടത്ര വെള്ളവും വളവും ഉണ്ടായിരുന്നു എങ്കിൽ, ഇപ്പോൾ വിരിഞ്ഞ പൂങ്കുലയിൽ ആവശ്യത്തിന്, ആരോഗ്യമുള്ള പെൺപൂക്കൾ (മച്ചിങ്ങാകൾ) ഉണ്ടാകും. അതിനെ പരാഗണിയ്ക്കാൻ വേണ്ടത്ര തേനീച്ചകൾ ഉണ്ടെങ്കിൽ മാന്യമായ എണ്ണം തേങ്ങാ ആ കുലയിൽ ഉറപ്പിക്കാം.



ഒരു നീണ്ടവറുതിക്കാലം തുടങ്ങുന്നതിന് മുൻപ് പെയ്യുന്ന മഴയായതിനാൽ, പെയ്യുന്ന മഴയെ മുഴുവൻ, മേൽമണ്ണിൽ തന്നെ പിടിച്ചു നിർത്തണം. ലതായത്, ഇടവപ്പാതി ഭൂഗർഭപോഷണത്തിനും,തുലാവർഷം മേൽമണ്ണിന്റെ പോഷണത്തിനും എന്ന് പറയാം.

തെങ്ങിന്റെ കാര്യത്തിൽ കാരണവന്മാർ പറഞ്ഞിരുന്നത്, 'കാലവർഷം അകത്തും തുലാവർഷം പുറത്തും' എന്നാണ്. തെങ്ങിന്റെ ഇലയുടെ തുഞ്ചാണിയോളം വ്യാസത്തിൽ ഒരടി ആഴത്തിൽ എടുത്ത തെങ്ങിൻ കുഴികളുടെ 'അകത്ത് 'വീണ് വെള്ളം പതിയെ ഭൂഗർഭത്തിലേക്ക് കിനിഞ്ഞിറങ്ങണം. അങ്ങനെ എല്ലാവരും ഒരേ സമയത്ത് ഇത് ചെയ്യുന്നത് ആ പ്രദേശത്തെ ഭൂഗർഭ ജലനിരപ്പ് (water table) ഉയരാൻ ഇടയാക്കും.

ഇന്ന് വയലും തെങ്ങും ഒന്നും ഇല്ലാതെ, വെള്ളം ഒഴുകിപ്പോകേണ്ട നീർച്ചാലുകൾ കയ്യേറിയും നികത്തിയും, വെള്ളത്തിന്‌ അടിയിലോട്ടും വശങ്ങളിലൊട്ടും ഒഴുകിപ്പോകാൻ കഴിയാതെ വീർപ്പുമുട്ടുകയാണ് തലസ്ഥാന നഗരിയും കൊച്ചിയുമൊക്കെ.

"കൊടുത്താൽ കൊല്ലത്തും കിട്ടും 'എന്നാണ് തെങ്ങിന്റെ കാര്യത്തിൽ. വർഷത്തിൽ കുറഞ്ഞത് രണ്ട് തവണ എങ്കിലും സന്തുലിതമായി വളങ്ങൾ നൽകണം തെങ്ങിന്. മൊത്തം അളവിൽ മാറ്റമില്ലാതെ തന്നെ, തവണകളായി മൂന്ന് മാസത്തിൽ ഒരിക്കൽ എന്ന കണക്കിന് വർഷത്തിൽ നാല് തവണയോ, അല്ലെങ്കിൽ പന്ത്രണ്ടായി പകുത്ത് എല്ലാ മാസവുമോ കൊടുക്കുന്നതിനെക്കുറിച്ച് ഗൗനമായി ചിന്തിക്കുക.

 ഡ്രിപ് ഇറിഗേഷനൊപ്പം വളവും കൊടുക്കുന്ന രീതിയിൽ (Fertigation, Nutrigation) തെങ്ങൊന്നിന് ഇരുന്നൂറ് തേങ്ങയിൽ അധികം കിട്ടുന്നുണ്ട്, കേന്ദ്ര തോട്ടവിള കേന്ദ്രത്തിലെ പരീക്ഷണതോട്ടത്തിൽ.

 ഓരോ മാസവും ഓരോ പൂങ്കുല വരുന്ന വിളയാതിനാൽ തെങ്ങിന് എല്ലാ മാസവും നിർണായകമാണ്. 2:1:4 എന്ന അനുപാതത്തിൽ NPK യോട് പ്രതികരിക്കുന്ന വിളയാണ് തെങ്ങ്. നൈട്രജന്റെ പകുതി ഫോസ്ഫറസ്, നൈട്രജന്റെ ഇരട്ടി പൊട്ടാസ്യം. ഇതാണ് തെങ്ങിന്റെ കണക്ക്.(ഇത് പല വിളകൾക്ക് പല രീതിയിൽ ആണ് എന്നോർക്കുക).

കുമ്മായം, ജൈവവളങ്ങൾ, ആകെ വേണ്ട NPK വളങ്ങളുടെ മൂന്നിലൊന്ന് എന്നിവ കാലവർഷം തുടങ്ങുന്നതിനു മുൻപും, ബാക്കിയുള്ള മൂന്നിൽ രണ്ട് NPK വളങ്ങളും അരകിലോ മഗ്നീഷ്യം സൾഫേറ്റ്, ആവശ്യമെങ്കിൽ Borax എന്നിവയും കാലവർഷം തീരാറാകുമ്പോഴും എന്നാണ് കണക്ക്.അതായത് ഏപ്രിൽ -മെയ്‌ മാസങ്ങളിൽ ഒന്നാം വളവും സെപ്റ്റംബർ -ഒക്ടോബർ മാസങ്ങളിൽ രണ്ടാം വളവും. മഴയെ മാത്രം ആശ്രയിച്ച് തെങ്ങ് പരിപാലിക്കുന്നവർക്ക് ഈ രീതി പിന്തുടരാം. തോട്ടം നനച്ചു പരിപാലിക്കുന്നവർക്ക് മൊത്തം വളം നാല് ഭാഗങ്ങളാക്കി, ഓരോ മൂന്ന് മാസം കൂടുമ്പോഴും ഒരു ഡോസ് വീതം കൊടുക്കാം.

വർഷത്തിൽ,ഏപ്രിൽ -മെയ്‌ മാസങ്ങളിൽ ഒരു തടം തുറപ്പും ഒക്ടോബർ -നവംബർ മാസത്തിൽ തടം മൂടലും എന്നാണ്, കൂലിചെലവ് കുറവായിരുന്ന പണ്ടത്തെ കണക്ക്. രണ്ടാം വളം കൊടുത്ത്, തെങ്ങിന്റെ ഓലയും തൊണ്ടും ചൂട്ടും കൊതുമ്പും ചപ്പ് ചവറുകളും തടത്തിൽ പുതയിട്ട്, തടം കിളച്ച് (വട്ടക്കിളയൽ) ഇടുമ്പോൾ തുലാവർഷമഴ, കിളച്ച് സ്പോഞ്ച് പോലെയുള്ള മണ്ണിന്റെ 'പുറത്തേ'ക്കാണ് വീഴുക. അത്‌ കൊണ്ടാണ് തുലാവർഷം 'പുറത്ത് 'എന്ന് പറയുന്നത്.

മണൽ പ്രദേശങ്ങളിൽ തെങ്ങിൻതോട്ടങ്ങളിൽ മണ്ണ് കൂനകൂട്ടി വയ്ക്കും. അല്ലെങ്കിൽ പുരയിടം വെറുതേ കിളച്ചിടും. അപ്പോൾ മഴവെള്ളം ആഴത്തിൽ കിനിഞ്ഞിറങ്ങാതെ മേൽമണ്ണിൽ തന്നെ സംഭരിക്കപ്പെടും. ഇതാണ് ശാസ്ത്രം.

മണ്ണിൽ വെള്ളത്തിന്റെയും വളങ്ങളുടെയും അളവ് കുറയുമ്പോൾ ചെടികളുടെ ആഹാര നിർമ്മാണശേഷി കുറയുകയും, കിട്ടുന്ന ആഹാരം അവരുടെ ശരീരസംരക്ഷണത്തിന് (ഇലകൾ, തണ്ടുകൾ, തടി, വേര് എന്നിവയുടെ maintenance ന്) കൂടുതലായി ഉപയോഗിക്കുകയും ചെയ്യും. അത്‌ കഴിഞ്ഞ്, ശേഷിക്കുന്ന ഭക്ഷണം മാത്രമേ പ്രത്യുത്പാദനത്തിന് (പൂക്കളുടെയും കായ്കളുടെയും രൂപീകരണത്തിന്) ഉപയോഗിക്കൂ. കാലാവസ്ഥയിൽ വരുന്ന വ്യതിയാനത്തിനുസരിച്ച് നനയും വളവും നൽകേണ്ടതിന്റെ ആവശ്യകത ഓർമ്മപ്പെടുത്തി എന്ന് മാത്രം.

Better yields are not by default, but through meticulous design. Not by nature alone, but through nurture as well.




ആയതിനാൽ ഇനി വൈകേണ്ടതില്ല. തെങ്ങിന് നിറയേ തീറ്റ കൊടുത്ത്, തടം പുതയിട്ടോ, പുതയുടെ മുകളിൽ മണ്ണിട്ടോ മൂടി, തുലാവർഷം മുഴുവൻ, ഇനിയുള്ള നാലഞ്ച് മാസം വെള്ളം വേരുകൾക്ക് ലഭ്യമാക്കാൻ ശ്രമിക്കാം.

(വളത്തിന്റെ അളവ് അറിയാത്തവർ 'തെങ്ങിന് വിളവിനൊത്ത വളം' എന്ന പോസ്റ്റ്‌ വായിക്കുക )


✍🏻 പ്രമോദ് മാധവൻ




Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section