നെൽക്കൃഷിയുമായി ബന്ധപ്പെട്ട ഒരു ചൊല്ലാണിത്.
കൃഷിയുമായി ബന്ധപ്പെട്ട രണ്ട് സമീപനങ്ങൾ എന്ന് വേണമെങ്കിൽ പറയാം.
വിതയും നടീലും. അവ തമ്മിൽ ഉള്ള വ്യത്യാസമാണ് ഇന്നത്തെ വിഷയം.
നെൽകൃഷി വർഷത്തിൽ മൂന്ന് തവണയാണ് ചെയ്യാറ് . ഒന്നാം വിള (വിരിപ്പ്), രണ്ടാം വിള (മുണ്ടകൻ), മൂന്നാം വിള (പുഞ്ച). ആംഗലേയത്തിൽ പറഞ്ഞാൽ Kharif, Rabi & Zaid.
ഖാരീഫ് കൃഷി തുടങ്ങുന്നത് മഴക്കാലത്തോടെയാണ്. റാബി കൃഷി ശീതകാലത്തിന്റെ തുടക്കത്തിൽ. Zaid ശീതകാലത്തിനിടയിൽ, കൊയ്ത്ത് വേനൽക്കാലത്തും.
വിരിപ്പിലും മുണ്ടകനിലും വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന പാടങ്ങളിൽ നിന്നും മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിച്ചാണ് പുഞ്ചകൃഷി ചെയ്യുന്നത്.മുൻകാലങ്ങളിൽ 'പെട്ടിയും പറയും' ഉപയോഗിച്ച്.ഇപ്പോൾ ചിലേടങ്ങളിൽ 'Vertical Axial Flow Pump 'കൾ ഉപയോഗിച്ച്.പുഞ്ചകൃഷിയിൽ 'ഒരു നെല്ലും ഒരു മീനും 'ആണ് ഏറ്റവും അനുയോജ്യം. ഒന്നിൽ നിന്നും നമുക്ക് അന്നജവും മറ്റേതിൽ നിന്നും മാംസ്യവും ലഭിക്കും,ഒരേ സ്ഥലത്ത് നിന്നും.
ഏറ്റവും വേഗത്തിൽ വിളവെടുക്കാനും (4-5മാസങ്ങൾ) വിളവ് ദീർഘകാലം സൂക്ഷിച്ചു വയ്ക്കാനും കഴിയുന്ന വിളയാണ് നെല്ല്. ഒരു പാടശേഖരത്തിലെ കർഷകർ എല്ലാവരും ഒരേ മനസ്സോടെ ചെയ്യേണ്ട കൃഷിയുമാണത്.
പല നേരത്ത്, പല ശൈലികളിൽ, പല ഇനങ്ങൾ ഒരേ പാടശേഖരത്തിൽ കൃഷി ചെയ്‌താൽ പണി പാളും.അങ്ങനെ വന്നാൽ ജലപരിപാലനവും (water management) കീട രോഗ നിയന്ത്രണവും യന്ത്രക്കൊയ്ത്തും ഒക്കെ ബുദ്ധിമുട്ടാകും. അത് കൊണ്ടാണ് കൃഷി വകുപ്പ് പാടശേഖരാടിസ്ഥാനത്തിൽ സംഘകൃഷി (Group Farming) പ്രോത്സാഹിപ്പിക്കുന്നത്.
ഒരു ചതുരശ്ര മീറ്റർ സ്ഥലത്ത് നിന്നും 1000ഗ്രാം നെല്ല് വിളയിക്കുവാൻ കഴിയും എന്നാണ് തത്വം. ഉമ പോലെയുള്ള നെല്ലിനങ്ങൾ ആണെങ്കിൽ 40000മണികൾ ചേരുമ്പോൾ ഒരു കിലോ ആകും.
പറിച്ച് നടുന്ന രീതിയിൽ, നുരികൾ (hills, മൂട്) തമ്മിൽ 20 സെന്റി മീറ്റർ അകലം നൽകിയാൽ ഒരു ചതുരശ്ര മീറ്റർ സ്ഥലത്ത് 25 മൂടുകൾ ഉണ്ടാകും. ഓരോ മൂട്ടിലും നാല് ഞാറുകൾ എന്ന കണക്കിന് 100 ഞാറുകൾ, 15-18 ദിവസത്തെ മൂപ്പിന് പറിച്ച് നട്ടാൽ നാലാഴ്ച കഴിയുമ്പോൾ മലര് പൊരിയുന്നത് പോലെ ഞാറിൽ നിന്നും ചിനപ്പുകൾ പൊട്ടും.ഓരോ നുരിയിൽ നിന്നും 25-30 ചിനപ്പുകളിൽ നിന്നുമായി പതിനഞ്ച് കതിരുകൾ എങ്കിലും ഉണ്ടായാൽ മൊത്തം അവിടെ നിന്നും 375 കതിരുകൾ. ഓരോ കതിരിലും 110 നെൻമണികൾ എങ്കിലും കിട്ടിയാൽ 40000 മണികൾ എന്ന ലക്ഷ്യത്തിലെത്തും.(കൃത്യമായ അമ്ലത ക്രമീകരണം, ജൈവ -രാസ വള പ്രയോഗം, ഒന്നോ രണ്ടോ തവണ ഇലകളിൽ സൂക്ഷ്മ മൂലക പ്രയോഗം എന്നിവ, ആ വിളവ് (1kg/Sq m) ഉറപ്പ് വരുത്തും.)
പക്ഷെ ഇങ്ങനെ അളന്നുതൂക്കിയൊക്കെ അപഗ്രഥിക്കുന്ന എത്ര കർഷകർ ഉണ്ട്? അത് പോട്ടെ, ഈ വിളവ് കിട്ടുന്ന എത്ര സർക്കാർ ഫാമുകളോ ഗവേഷണ കേന്ദ്രങ്ങളോ ഉണ്ടെന്ന് ചോദിച്ചാൽ ഈയുള്ളവന്റേം ഉത്തരം മുട്ടും.
ഏട്ടിലെ പശു പുല്ല് തിന്നില്ല ഉത്തമാ..
നമ്മുടെ നെൽപ്പാടങ്ങളിൽ ഇത്രയധികം കളകൾ വളരുന്നത് നിരന്തരമായി കൃഷി നടക്കാത്തത് കൊണ്ടാണ്. മിക്കവാറും പാടങ്ങളിൽ ഒരുപ്പൂ മാത്രമാണ് കൃഷി. ഒന്നുകിൽ മുണ്ടകൻ അല്ലെങ്കിൽ പുഞ്ച. പാലക്കാടും കുട്ടനാടിന്റെ ചില ഭാഗങ്ങളിലും ഒക്കെ മാത്രമാണ് ഇരുപ്പൂ കൃഷി.
കർഷകർ രണ്ടാം വിള യഥാസമയം ഇറക്കിയാൽ നല്ല ഒരു മൂന്നാംവിള പയർ /എള്ള് കൃഷി എടുക്കാം. പക്ഷെ ആ രീതി പിന്തുടരുന്നവർ തുലോം വിരളം.
കൃഷി ഇല്ലാത്ത സമയത്ത്,പാടത്തുള്ള പടുമുളകളും കളകളും മുളച്ച് അടുത്ത കൃഷിയ്ക്ക് വേണ്ട രോഗ കീടങ്ങളെയും കളകളെയും സംഭാവന ചെയ്യും.😔
ഒരേ പാടത്ത്, ഒരേ സ്രോതസ്സിൽ നിന്നുള്ള, ഒരേ ഇനം വിത്തുപയോഗിച്ചാലും പത്താൾക്കും പത്ത് വിളവായിരിക്കും. കാരണം അതിന്റെ വ്യത്യസ്തമായ പരിപാലനരീതികൾ ആണ്. മേൽ -ഇട -കീഴ് കണ്ടങ്ങളിൽ ഉള്ള മണ്ണിന്റെ ഫല ഭൂയിഷ്ഠി വ്യത്യാസവും മറ്റൊരു കാരണമാണ്. കിട്ടുന്ന വിളവിനെ അടിസ്ഥാനപ്പെടുത്തി കണ്ടങ്ങൾക്ക് പേരുകൾ പോലും കൊടുക്കാറുണ്ട്. പാട്ടത്തുകയിലും ഇക്കാര്യം പ്രതിഫലിക്കും.
അനിയന്ത്രിതമായ നിലം നികത്തൽ മൂലവും,തലങ്ങും വിലങ്ങും പാടം നികത്തി റോഡുകൾ നിർമിച്ചത് മൂലവും പാടശേഖരങ്ങളിലെ ജല ആഗമന -നിർഗമനം (Water inflow & outflow) ബാധിക്കപ്പെട്ടിരിക്കുന്നതിനാൽ നെൽകൃഷി മുടങ്ങിപ്പോയ എത്രയോ പാടശേഖരങ്ങൾ ഉണ്ട്. അത് പോലെ ചില ജലസേചന പദ്ധതികളിൽ നിന്നും അനിയന്ത്രിതമായും കാലം തെറ്റിയും വെള്ളം വന്ന് മറിയുന്നതിനാൽ മൂന്നാം വിള എടുക്കാൻ പറ്റാത്ത പാടശേഖരങ്ങളും ഉണ്ട്. (ഉദാഹരണം കൊല്ലം -ആലപ്പുഴ -പത്തനംതിട്ട ജില്ലകളിലെ കൃഷി വികസിപ്പിക്കാൻ വേണ്ടി രൂപകല്പന ചെയ്ത കല്ലട ഇറിഗേഷൻ പ്രൊജക്റ്റ്).
"വിതച്ചു പണി കഴിയ്ക്കണം, നട്ട് നെല്ലുണ്ടാക്കണം ". നെൽകൃഷിയിലെ വിതയും നടീലും തമ്മിൽ ഉള്ള വ്യത്യാസം ആ പഴഞ്ചൊല്ലിൽ പ്രകടമാണ്.
വിത ഒരു ജോലി തീർക്കുന്ന പോലെ വളരെ ഉദാസീനമായും,നടീൽ വളരെ ഗൗരവത്തോടെ ചെയ്യുന്ന ഒരു കാര്യവുമായി അടയാളപ്പെടുത്തിയിരിക്കുന്നു.
എന്താണ് രണ്ടും തമ്മിലുള്ള വ്യത്യാസം?
വിത രണ്ട് രീതിയിൽ ഉണ്ട്. പൊടിവിതയും ചേറ്റുവിതയും.
വേനൽ മഴ കിട്ടിത്തുടങ്ങുന്നതോടെ, നിലം പൂട്ടി പൊടിയാക്കി, തുടർന്ന് മഴ കിട്ടുമെന്ന പ്രതീക്ഷയോടെ വിത്ത് വിതയ്ക്കുന്നു. മണ്ണ് പൊടിപരുവത്തിൽ ആയിരിക്കുമ്പോൾ വിത നടത്തുന്നതിനാൽ പൊടിവിത (Dry sowing) എന്ന് വിളിക്കുന്നു.
ഇനി അല്പം കൂടി കാത്തിരുന്ന് മഴ കുറേ കിട്ടി, മണ്ണ് കുഴഞ്ഞുവരുമ്പോൾ പൂട്ടി ചേറാക്കി അതിൽ മുള പൊട്ടിയ വിത്ത് വിതയ്ക്കുന്നു. അതിനെ ചേറ്റുവിത (wet sowing) എന്ന് വിളിക്കുന്നു. ഈ രണ്ട് രീതിയിലും കൂടുതൽ വിത്ത് വിതയ്‌ക്കേണ്ടതുണ്ട്. ഒരു ഏക്കറിന് 40 കിലോ എങ്കിലും.
വിത്ത് പാടത്തു വാരി വിതറുകയാണ്(Broadcasting) ചെയ്യുക. പരിചയ സമ്പന്നർ ചെയ്യുമ്പോൾ എല്ലായിടവും ഒരു പോലെ വിതറി വീഴുന്നു.
ഈ രീതികളിൽ കള ശല്യം വളരെ കൂടുതൽ ആയിരിക്കും. കൃത്യമായ അകലങ്ങളിൽ ആയിരിക്കില്ല ചെടികൾ വളർന്ന് നിൽക്കുക. ആയതിനാൽ തന്നെ ഇടയകലം കുറവായിരിക്കും. സ്വാഭാവികമായും ചെടികൾക്കിടയിൽ വായു സഞ്ചാരം കുറവായിരിക്കും. ചിനച്ചു തിങ്ങുമ്പോൾ മുഞ്ഞ പോലെയുള്ള നീരൂറ്റികുടിക്കുന്ന കീടങ്ങളും പോള രോഗം, അവിച്ചിൽ (Sheath Blight & rot) രോഗങ്ങളും ഉണ്ടാകാൻ വളരെയധികം സാധ്യത ഉണ്ട്. കള ശല്യവും കീട രോഗങ്ങളും കൂടുതൽ ആയതിനാൽ താരതമ്യേനെ വിളവ് കുറഞ്ഞേക്കാം. വിത ആയതിനാൽ കൂലിചെലവ് അല്പം കുറയും. പക്ഷെ ആ ലാഭം കളപറിക്കലിൽ പോയേക്കാം.
പക്ഷെ വളരെ ഫലപ്രദമായ കള നിയന്ത്രിണികൾ (Pretilachlor , Butachlor, Pendimethalin, Oxyflourfen etc) ഉപയോഗിച്ച് കൊണ്ടും അധികമുള്ള ഞാറുകൾ പറിച്ച് മാറ്റി ഇടയകലം ക്രമീകരിക്കുന്നതിലൂടെയും (thinning) ഒരു പരിധി വരെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. ചുരുക്കി പറഞ്ഞാൽ വിത അനുവർത്തിക്കുന്ന കർഷകൻ ശരിയായ കള നിയന്ത്രണം (weed management) അറിഞ്ഞിരിക്കണം.ഇല്ലെങ്കിൽ വിളവ് ഗണ്യമായി കുറയും.
ഇനി നടീലിലേക്ക് വരാം.
നല്ല വിത്താണെങ്കിൽ നടീലിന് ഒരേക്കറിലേക്ക് 10 കിലോ മുതൽ 15 കിലോ വിത്ത് മതിയാകും.കൂടിപ്പോയാൽ ഇരുപത് കിലോ വിത്ത്.
കാർഷിക സുവൃത്തികൾ (Good Agricultural Practices /GAP )പാലിച്ചാൽ ഏറ്റവും വിളവ് കിട്ടുക നടീൽ രീതിയിൽ ആണ്.
നന്നായി മഴകിട്ടി മണ്ണ് പൂട്ടിയടിച്ച് , നിരപ്പാക്കി കുമ്മായം (സെന്റിന് രണ്ടേകാൽ കിലോ രണ്ട് തവണയായി )ചേർത്ത്, ജൈവ വളങ്ങളും പച്ചിലയും ഒക്കെ ചേർത്ത് ഒന്ന് രണ്ടാഴ്ച ഇട്ട്, മണ്ണിന്റെ പുളിപ്പ് ഒക്കെ കഴുകി കളഞ്ഞ് പാടം നിരപ്പാക്കി എല്ലായിടത്തും ഒരേ ലെവലിൽ വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയിൽ കൊണ്ട് വന്ന്,അടിസ്ഥാന വളങ്ങൾ കൊടുത്ത് (സെന്റിന് 20കിലോ ചാണകപ്പൊടി അല്ലെങ്കിൽ തത്തുല്യമായ ജൈവ വളങ്ങൾ, മൊത്തം കൊടുക്കേണ്ട നൈട്രജന്റെ പകുതി, ഫോസ്ഫറസ് മുഴുവനും പൊട്ടാസ്യത്തിന്റെ പകുതിയും കൊടുത്ത് )പായസപരുവത്തിൽ ഉള്ള ചേറിൽ നിശ്ചിതമായ അകലത്തിൽ ഞാറുകൾ പറിച്ച് നടുന്നു.ബാക്കിയുള്ള നൈട്രജനും പൊട്ടാസ്യവും രണ്ട് തുല്യതവണകൾ ആയി നട്ട് നാലാഴ്ച കഴിഞ്ഞും ഏഴാഴ്ച കഴിഞ്ഞും മേൽ വളങ്ങൾ (Top dressing )ആയി കൊടുക്കാം. ഇനത്തിന്റെ മൂപ്പ് അനുസരിച്ച് ഇതിൽ അല്പസ്വല്പ മാറ്റങ്ങൾ ഒക്കെ വരുത്താം.
നടുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
1. രണ്ട് നുരികൾ തമ്മിൽ കുറഞ്ഞത് 15cm എങ്കിലും അകലം കൊടുക്കണം. അകലം കൂട്ടുന്നത് ഗുണം ചെയ്യും. കൂടുതൽ ചിനപ്പുകൾ പൊട്ടും. രോഗ കീടങ്ങൾ കുറയും.
2. ഒരു കാരണവശാലും ഞാറുകളുടെ പ്രായം 15-18 ദിവസത്തിൽ കൂടരുത്. കഴിയുമെങ്കിൽ നടീൽ യന്ത്രം ഉപയോഗിക്കുക. അങ്ങനെ എങ്കിൽ ഞാറിന് അല്പം നീളക്കുറവുണ്ടെങ്കിലും പ്രശ്നമില്ല. ഇനി, കൈ കൊണ്ട് പറിച്ച് നടുന്ന രീതിയാണ് എങ്കിൽ ഞ്ഞാറ്റടി ഒരുക്കുമ്പോൾ സെന്റിന് 40 കിലോ എന്ന കണക്കിന് ചാണകപ്പൊടി ചേർത്ത് നിലം ഒരുക്കണം. ഒന്നോ രണ്ടോ തവണ നേരിയ അളവിൽ 19:19:19 വളം ഇലകളിൽ തളിച്ച് കൊടുക്കണം.അപ്പോൾ 15-18 ദിവസത്തിനുള്ളിൽ കൈ കൊണ്ട് പറിച്ച് നടാൻ പറ്റിയ നീളം ഞാറുകൾക്ക് കിട്ടും.
3. ഒരു നുരിയിൽ ഒന്നോ രണ്ടോ ഞാറുകൾ ധാരാളം. പരമാവധി നാല് ഞാറുകളിൽ കൂടേണ്ട കാര്യമില്ല.
4. ഇടയകലം കൂടുതൽ ആയതിനാൽ കള ശല്യം കൂടാൻ സാധ്യതയുണ്ട്. ആയതിനാൽ നട്ട്,നൂറ്റിയിരുപത് മണിക്കൂറുകൾക്കുള്ളിൽ മണ്ണോ മണലോ വളമോ ചേർത്ത് വാരി വിതറാവുന്ന തരത്തിലുള്ള കള നിയന്ത്രിണികൾ (Londax Power, Bondax Power etc )എന്നിവ പാടത്ത് ഒരു പോലെ വിതറി 72 മണിക്കൂർ വെള്ളം കെട്ടി നിർത്തണം.
നട്ട് 18-21 ദിവസങ്ങളിൽ കളയുടെ തീവ്രതയനുസരിച്ചു 2,4-D, Bispyribac sodium, Carfentrazone Ethyl, Azim Sulfuron, Fenoxaprop Ethyl മുതലായ കള നിയന്ത്രിണികൾ തളിച്ച് ബാക്കിയുള്ള കളകളെയും നിയന്ത്രിക്കാം. (ഈ കാര്യങ്ങൾ ഒക്കെ പലേടത്തും ഇപ്പോൾ മരുന്ന് കമ്പനികളുടെ നിയന്ത്രണത്തിൽ ആണ്. അവിടങ്ങളിൽ ശരിയായ മരുന്നും ഡോസേജും പാലിക്കാൻ കൃഷി വകുപ്പ് കർഷകനെ പഠിപ്പിക്കണം. കൃഷി ചെലവ് നിയന്ത്രിക്കാൻ ഏറ്റവും പറ്റിയ മാർഗമാണ് നിർദേശിക്കപ്പെട്ട കള നിയന്ത്രിണികൾ ശരിയായ അളവിൽ ഉപയോഗിക്കുകയെന്നത്.)
5. വെള്ളം നേരിയ അളവിൽ (5mm )പാടത്തു എപ്പോഴും കെട്ടി നിർത്തണം.
ഇടയ്ക്കിടയ്ക്ക് അത് ഒഴുക്കി കളഞ്ഞ് മണ്ണിനെ ഒന്ന് തോർത്തി വീണ്ടും വെള്ളം കയറ്റി നിർത്തണം (Alternate wetting & drying).
ഈ രീതിയിൽ കൃഷി ചെയ്യുമ്പോൾ മുഞ്ഞ, അവിച്ചിൽ എന്നീ പ്രശ്നങ്ങൾ ഉണ്ടാകില്ല.
കരയിലിരുന്ന് കൊട്ടേഷൻ വിടാൻ വളരെ എളുപ്പമാണ് എന്നായിരിക്കും പറയാൻ വരുന്നത്.പക്ഷെ കൃത്യമായി ഇക്കാര്യങ്ങൾ പറഞ്ഞു കൊടുത്ത് ചെയ്യിച്ചാൽ, ഉറപ്പായും സർക്കാർ സംഭരിക്കും എന്നുള്ളത് കൊണ്ട്, ഇന്ന് കേരളത്തിൽ ലാഭകരമായി ചെയ്യാവുന്ന കൃഷി തന്നെയാണ് നെൽ കൃഷി. കുട്ടനാട്, പാലക്കാട്, കോൾപ്പടവുകൾ എന്നിവിടങ്ങളിൽ ഏക്കറിന് 10000 മുതൽ 15000 വരെ പാട്ടത്തുക കൊടുത്ത് കൃഷി ചെയ്ത് ലാഭമുണ്ടാക്കുന്ന കർഷകർ തന്നെയാണ് അതിന് തെളിവ്.
നിലവിൽ ഈ പറയുന്ന ഇടങ്ങളിൽ ശരാശരി സാങ്കേതിക വിദ്യകൾ അനുവർത്തിക്കുന്നവർക്ക് രണ്ടര ഏക്കറിൽ നിന്നും 5000-6000 കിലോ വരെ വിളവ് വളരെ സാധാരണമാണ്.
നല്ല വിത്തുകൾ യഥാസമയം ലഭ്യമാക്കുകയും കൃഷി ഉദ്യോഗസ്ഥർ നിരന്തരം പാടത്തു ചെന്ന് ഉപദേശങ്ങൾ കൊടുക്കുകയും അത് കർഷകർ അനുവർത്തിക്കുകയും ചെയ്‌താൽ സെന്റിന് നാല്പത് കിലോ നെല്ല് അപ്രാപ്യമല്ല തന്നെ.
(ഇനി അഥവാ അങ്ങനെ പറഞ്ഞത് ഇഷ്ടമായില്ലെങ്കിൽ എന്നെ അടിക്കേണ്ട, ഒന്ന് പേടിപ്പിച്ചു വിട്ടാൽ മതി).
വിളവ് കൂട്ടാനും നെല്ലിന്റെ ഗുണമേന്മ ഉറപ്പ് വരുത്താനും നടീൽ രീതി തന്നെയാണുത്തമം.പഴഞ്ചൊല്ലിൽ പതിരില്ല രമണാ...
✍🏻 പ്രമോദ് മാധവൻ