കൃഷിയിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ നൈതികതയെക്കുറിച്ച് വളരെയധികം ചർച്ചകൾ നടക്കുന്നുണ്ടല്ലോ.
കഴിക്കാൻ വേണ്ടത്ര ഭക്ഷണമുള്ള രാജ്യങ്ങൾക്ക് അത്തരം ചർച്ചകൾ ആകാം. ('യോദ്ധ' സിനിമയിൽ പറയുന്ന പോലെ അശോകന് ക്ഷീണം ആകാം.. ). പക്ഷെ,കുംഭ നിറയ്ക്കാൻ വേണ്ടത്ര ഭക്ഷണം ഇല്ലാത്ത രാജ്യങ്ങളിൽ ഇത്തരം ചർച്ചകൾ ഉണ്ടാകാൻ വഴിയില്ല.
കുമാരനാശൻ പാടിയ പോലെ 'വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായ് കഴുകനെന്നും കപോതമെന്നും? വയർ നിറയ്ക്കാൻ
എന്ത് കിട്ടിയാലും മതി എന്ന അവസ്ഥയിൽ ഇരിക്കുന്നവർക്ക് എന്ത് രാസ -ജൈവഭേദം ?
സ്വാതന്ത്ര്യം കരഗതമാകുമ്പോൾ ഇന്ത്യയിൽ മുപ്പത്താറ് കോടി ജനങ്ങളാണ് ഉണ്ടായിരുന്നത്. അന്ന് ഭക്ഷ്യധാന്യ ഉത്പാദനം 50 മില്യൺ ടൺ ആയിരുന്നു. ആക്കാലത്തും ക്ഷാമങ്ങൾ നിത്യസംഭവങ്ങൾ ആയിരുന്നു എന്ന് ചരിത്രം പറയുന്നു.
സ്വാതന്ത്ര്യം കിട്ടി എഴുപത്താറ് ആണ്ടുകൾക്കിപ്പുറം നമ്മൾ നൂറ്റിനാൽപ്പത്തിരണ്ട് കോടി കവിഞ്ഞു. റോബർട്ട് മാൽത്തൂസ് പേടിപ്പിച്ച പോലെ ഒന്നും ഇവിടെ സംഭവിച്ചില്ല. ശാസ്ത്രത്തിന്റെയും നയങ്ങളുടെയും രാഷ്ട്രീയ ഇച്ഛാശക്തിയുടെയും സംയോജനത്തിലൂടെ സ്വന്തം ആവശ്യം കഴിഞ്ഞ്,മറ്റുള്ളവരുടെ ആവശ്യങ്ങൾ കൂടി നിറവേറ്റാൻ കഴിവുള്ള രാജ്യമായി മാറി ഭാരതം. Ship to mouth എന്ന യാചക അവസ്ഥയിൽ നിന്നും farm to table എന്ന സ്വാശ്രയ അവസ്ഥയിലേക്ക് നമ്മൾ എത്തിച്ചേർന്നു.അവിടെ നമുക്ക് തുണയായി ജൈവത്തോടൊപ്പം രാസവും നിന്നു. രാജ്യം ഒരു രാസ നിരാസം അക്കാലത്ത് കാണിച്ചിരുന്നുവെങ്കിൽ ഇന്ന് ഇന്ത്യ ഈ നിലയിൽ നില നിൽക്കുമായിരുന്നില്ല എന്ന് കരുതുന്നവരുമുണ്ട്.
പക്ഷെ... വെല്ലുവിളികൾ നിലയ്ക്കുന്നില്ല. കാലാവസ്ഥാ വ്യതിയാനം പോലെയുള്ള, അത്ര എളുപ്പത്തിൽ മറി കടക്കാൻ കഴിയാത്ത പുതിയ വെല്ലുവിളികൾ നമുക്ക് മുന്നിൽ നിൽക്കുന്നു.അമിതമായ രാസ ഭ്രമം ചിലരെ ബാധിച്ചിരിക്കുന്നു. എല്ലാം പാകത്തിന് ആകാം എന്ന അവസ്ഥയാണ് അഭികാമ്യം.
ഇക്കൊല്ലം മഴയുടെ ലഭ്യതക്കുറവ് ഭക്ഷ്യധാന്യ ഉത്പാദനത്തെ ബാധിക്കും എന്ന തിരിച്ചറിവ് കൊണ്ടാകാം തല്ക്കാലം അരി കയറ്റുമതി കേന്ദ്രസർക്കാർ തല്ക്കാലം വേണ്ടെന്ന് വച്ചിരിക്കുന്നു. വെള്ളം കൂടുതൽ വേണ്ട അരി, ഗോതമ്പ്, കരിമ്പ് പോലെയുള്ള വിളകൾ നിയന്ത്രിച്ച് വെള്ളം കുറച്ച് മാത്രം വേണ്ട ചെറു ധാന്യങ്ങൾ (millets) കൂടുതൽ പ്രോത്സാഹിപ്പിക്കാൻ നയങ്ങളും പദ്ധതികളും കൊണ്ട് വരുന്നു.
കൃഷി ലാഭകരമാകണമെങ്കിൽ ഉത്പാദന ക്ഷമത കൂടണം, കൃഷിചെലവ് കുറയണം, വിപണിയിൽ ഉത്പന്നങ്ങൾക്ക് മികച്ച വില കിട്ടണം.ഇത് മൂന്നും ഒറ്റയ്ക്കോ കൂട്ടായോ സംഭവിക്കണം. ആ ദിശയിൽ ആയിരിക്കണം കൃഷി ആസൂത്രണം ചെയ്യേണ്ടത്.
വീട്ടുവളപ്പിലെ കൃഷി (Homestead farming)യിൽ നിന്നല്ല രാജ്യത്തെ ഭക്ഷ്യധാന്യ ഉത്പാദനം ഉണ്ടാകുന്നത് എന്ന് നമ്മൾ മനസ്സിലാക്കണം. നമ്മളുടെ നിത്യോപയോഗ വസ്തുക്കളുടെ ഒരു ഭാഗം മാത്രമേ സ്വന്തം കൃഷിയിൽ നിന്നും വരുന്നുള്ളൂ.ബാക്കി മുഴുവൻ ലഭിക്കാൻ നാം കമ്പോളത്തെ ആശ്രയിക്കുകയാണ്. കൂടുതൽ ഭക്ഷ്യവസ്തുക്കൾ വരുന്നത് വാണിജ്യ കൃഷിയിൽ നിന്നാണ്. പകലന്തിയോളം പണിയാളർ പണിയെടുക്കുന്ന പാടങ്ങളിൽ നിന്നാണ് നെല്ലും ഗോതമ്പും ചോളവും വരുന്നത്. അവർക്ക് മെച്ചപ്പെട്ട പദ്ധതികളും വിലയും നൽകിയാൽ ഉത്പാദനം വീണ്ടും വർധിപ്പിക്കാം.
ചെയ്യുന്നത് രാസകൃഷിയായാലും സമ്മിശ്ര കൃഷി രീതിയായാലും ജൈവ രീതികൾ ആയാലും 'അൾട്രാ ജൈവ കൃഷി' (അങ്ങനെയും ഒരൂട്ടം ണ്ട്) ആയാലും,മണ്ണറിഞ്ഞ് കൃഷി ചെയ്യണം എന്നതിൽ ആർക്കും തർക്കം ഉണ്ടാകേണ്ട കാര്യമില്ല.
ആവർത്തനപട്ടികയിൽ (Periodic table) നൂറ്റിപതിനെട്ട് മൂലകങ്ങളാണുള്ളത്. അതിൽ തൊണ്ണൂറ്റൊന്നെണ്ണം പ്രകൃത്യാ ഉള്ളതും (Natural Elements) ബാക്കിയുള്ളവ കൃത്രിമ മൂലകങ്ങ(Artificial elements)ളുമാണ്. ഇവയെല്ലാം തന്നെ ചെടികൾക്ക് ആവശ്യമില്ല എന്ന് തെളിയിച്ചിട്ടുണ്ട്. അവയിൽ 17-18 മൂലകങ്ങൾ മാത്രമേ ചെടികൾക്ക് 'അത്യന്താപേക്ഷിതം (essential) എന്ന് തെളിയിച്ചിട്ടുള്ളൂ.
അതിൽ ചിലത് വാതകങ്ങൾ (gases) ആണ്. ഉദാഹരണം (ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ, ക്ലോറിൻ). ചിലത് ലോഹങ്ങൾ (metals) ആണ്. ഉദാഹരണം ഇരുമ്പ്, മാങ്കനീസ്, സിങ്ക്, കോപ്പർ, മോളിബ്ഡിനം. ചിലത് അർദ്ധ ലോഹങ്ങൾ ആണ്(Alkali metals, Alkaline Earth Metals, Transition Elements. പൊട്ടാസ്യം, കാൽസ്യം, മഗ്‌നീഷ്യം മുതലായവ). ചിലത് അലോഹങ്ങൾ (non -metals) ആണ്. ഉദാഹരണം കാർബൺ, ഫോസ്ഫറസ്, ബോറോൺ മുതലായവ.
ഇവ മണ്ണിൽ നിന്നും വായുവിൽ നിന്നും വെള്ളത്തിൽ നിന്നും വളങ്ങളിൽ നിന്നും ചെടികൾക്ക് ലഭ്യമാകുന്നു.
Justus von Liebig എന്ന ജർമൻ ശാസ്ത്രജ്ഞൻ ആണ് സസ്യപോഷണത്തിലെ 'Law of Minimum' എന്ന കണ്ടെത്തൽ നടത്തിയത്. അദ്ദേഹം തെളിയിച്ച കാര്യം ഇതായിരുന്നു.
' If one of the essential plant nutrients is deficient, the plant growth will be poor even when all other essential nutrients are abundant. അതായത് ചെടികൾക്ക് അത്യന്താപേക്ഷിതമായ ഒരു മൂലകം ഇല്ലെങ്കിൽ, മറ്റെന്തു മൂലകങ്ങൾ വേണ്ടതിലധികം ഉണ്ടായാലും അതിന്റെ വളർച്ച കുറവായിരിക്കും. മറ്റൊരു തരത്തിൽ പറഞ്ഞാൽ 'Yield is proportional to the least limiting nutrient '. ഈ തത്വം എല്ലാ കർഷകരും അറിഞ്ഞിരിക്കണം. അത് കൊണ്ടാണ് ശാസ്ത്രീയ കൃഷിയിൽ മണ്ണ് പരിശോധന അനിവാര്യമാകുന്നത്. എന്തെങ്കിലും കുറച്ച് ജൈവ വസ്തുക്കൾ വാരിക്കൊടുത്താൽ വിളവ് മെച്ചമാകാത്തത്.
ചെടികൾക്ക് വേണ്ട അനിവാര്യമൂലകങ്ങളിൽ ദ്വിതീയമൂലകമായാണ് (Secondary Nutrient). ചെടിക്ക് വേണ്ട അളവിന്റെ അടിസ്ഥാനത്തിൽ ആണ് അങ്ങനെ പറയുന്നത്, പ്രാധാന്യം എല്ലാ മൂലകങ്ങൾക്കും ഒരു പോലെ തന്നെ) കാൽസ്യം അറിയപ്പെടുന്നതെങ്കിലും, ചെടിയുടെ വളർച്ചയിലും ആരോഗ്യത്തിലും രോഗ-കീട പ്രതിരോധ ശേഷി നിശ്ചയിക്കുന്ന കാര്യത്തിലും ഏറ്റവും പ്രധാനപ്പെട്ട ആൾ തന്നെയാണ് കക്ഷി.ആളെ ഒരു തഴയപ്പെട്ട പ്രാഥമിക മൂലകം (Forgotten Primary Nutrient) എന്ന് വിളിച്ചാലും തെറ്റില്ല.
ചെടികളുടെ കോശങ്ങളുടെ ഭിത്തി പണിയുന്നതിൽ (Cell wall synthesis) കാൽസ്യം പ്രധാനിയാണ്. നമ്മുടെ വീടുകളുടെ ഇഷ്ടികകൾ പോലെ.
അതിന്റെ സ്തരങ്ങളുടെ(membranes) സംവഹനശേഷി (permeability) നിശ്ചയിക്കുന്നതിലും നിർണായക ഘടകം തന്നെ.
കോശവിഭജനം (cell division), ചെടികൾക്കുള്ളിൽ ഉള്ള കാർബോഹൈഡ്രെറ്റുകളുടെ നീക്കം, എൻസ്യ്മുകളുടെ ഉത്പാദനം എന്നിവയിൽ ഒക്കെ കാൽസ്യം പങ്ക് വഹിക്കുന്നു.
അത് പോലെ തന്നെ മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും മണ്ണിലെ തരികളെ തമ്മിൽ ചേർത്ത് നിർത്താനും(particle bonding ) മണ്ണിന്റെ വായു സഞ്ചാരം(aeration ) കൂട്ടാനും കാൽസ്യം വേണം.
ഈ കാരണങ്ങളാലാണ് മണ്ണ് ഒരുക്കുമ്പോൾ തന്നെ മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ കുമ്മായവസ്തുക്കളുടെ പ്രയോഗം വേണം എന്ന് നിഷ്കർഷിക്കുന്നത്.
'മണ്ണിൽ ഉണ്ടെങ്കിലേ മരത്തിലും ഉണ്ടാകൂ.എങ്കിലേ മേദസ്സിലും ഉണ്ടാകൂ'.ദാരിദ്ര്യം പിടിച്ച മണ്ണിൽ വളരുന്ന, പേട്ട്ഭക്ഷണം കഴിച്ചാൽ നമുക്ക് പോഷക സുരക്ഷ (Nutritional Security ) ഉണ്ടാകില്ല.
മണ്ണിൽ വേണ്ടത്ര കാൽസ്യം ഇല്ലെങ്കിൽ ചെടികൾ അത് ചില ലക്ഷണങ്ങളിലൂടെ നമ്മോട് വിളിച്ചു പറയും.
വാഴയുടെ കുരുന്നിലകളിൽ അസാധാരണമായ ചുളിവുകൾ കാണുന്നത്, കുരുന്നിലകൾ വിടരാൻ വൈമനസ്യം കാണിക്കുന്നത്, വിരൂപമായ ഇലകൾ ഉണ്ടാകുന്നത് ഒക്കെ മണ്ണിലെ കാൽസ്യത്തിന്റെ പഞ്ഞ മാണ് കാണിക്കുന്നത്.
തക്കാളിയിൽ കായ്കളുടെ അഗ്രഭാഗം കറുത്ത് മൃദുവായി കാണുന്നത് (Blossom end rot )മറ്റൊരു ലക്ഷണമാണ്. ചുരുക്കത്തിൽ ഇളം ഇലകളുടെ വൈരൂപ്യം, കായ് തുമ്പുകൾ അഴുകുന്നത് ഒക്കെ മണ്ണിലെ കാൽസ്യത്തിന്റെ കുറവാണ് കാണിക്കുന്നത്.വേരുകൾ വളരുന്നതിനും കാൽസ്യം അനിവാര്യം തന്നെ. അവിടെയും കോശവിഭജനം വേഗത്തിൽ നടക്കണമല്ലോ.
ചെടികൾക്ക് നന്നായി നിവർന്ന് നിന്ന് കാറ്റിനെ പ്രതിരോധിക്കുവാനും ഫംഗൽ രോഗങ്ങളെയും നീരൂറ്റികുടിയ്ക്കുന്ന പ്രാണികളെ പ്രതിരോധിക്കാനും കഴിയണമെങ്കിൽ വേണ്ടത്ര കാൽസ്യം കിട്ടണം.
പഴം പച്ചക്കറികൾക്ക് നല്ല സൂക്ഷിപ്പ് കാലാവധി (shelf life )കിട്ടാനും വേണ്ടത്ര കാൽസ്യം വേണം.ഇതെല്ലാം തന്നെ കോശഭിത്തിയുടെ ബലപ്പിയ്ക്കലി(Cell wall thickening ) ലൂടെയാണ് സാധ്യമാകുന്നത്.
ഏതൊക്കെ രൂപത്തിൽ നമുക്ക് ചെടികൾക്ക് കാൽസ്യം നൽകാം.
1. ചാര(Ash ) ത്തിൽ വലിയ അളവിൽ കാൽസ്യം ഉണ്ട്.ചെടികൾ കത്തുമ്പോൾ കോശഭിത്തികളിലുള്ള കാൽസ്യം ചാരത്തിൽ ബാക്കിയാകും.അടിസ്ഥാന വളത്തിന്റെ ഒപ്പം ചാരം നൽകുന്നത് മണ്ണിനെ തുണയ്ക്കും.
2. കുമ്മായ വസ്തുക്കൾ (Liming materials )- Calcitic limestone powder, നീറ്റുകക്ക, കുമ്മായപ്പൊടി, dolomite, ജിപ്സം എന്നിവ മണ്ണൊരുക്കുമ്പോൾ ചേർത്തിളക്കികൊടുക്കാം.Dolomite നൽകുമ്പോൾ മറ്റൊരു പ്രധാനിയായ മഗ്നീഷ്യവും കിട്ടും.
3. എല്ലുപൊടി -എല്ലുകളിൽ ഏറ്റവും കൂടുതൽ ഉള്ളത് കാൽസ്യം ആണെന്ന് ഏവർക്കും അറിയാം. അതോടൊപ്പം തന്നെ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം, സൂക്ഷ്മമൂലകങ്ങൾ എന്നിവയും ഉണ്ട്. സൂക്ഷ്മ ജീവികളുടെ സഹായത്തോടെ വളരെ പതുക്കെ മാത്രമേ അത് വിഘടിച്ച് ചെടികൾക്ക് ലഭ്യമാകൂ. ഒരു സെന്റിൽ ഉള്ള ചെടികൾക്ക് കുറഞ്ഞത് രണ്ട് കിലോ എങ്കിലും എല്ലുപൊടി മണ്ണിൽ കൊടുക്കാവുന്നതാണ്.
4. മുട്ടത്തോട് പൊടി. വീട്ടിലോ കടകളിൽ നിന്നോ ശേഖരിക്കുന്ന മുട്ടത്തോട് പൊടിച്ച് അടിസ്ഥാന വളത്തിനൊപ്പം ചേർക്കാം.
5. മേൽ പറഞ്ഞവയെല്ലാം തന്നെ മണ്ണൊരുക്കുമ്പോഴോ, അല്ലെങ്കിൽ അടിസ്ഥാന വള പ്രയോഗത്തിനൊപ്പമോ ആണ് മണ്ണിൽ ചേർത്ത് കൊടുക്കേണ്ടത്.
എന്നാൽ വളർച്ചയ്ക്കിടയിൽ കാൽസ്യത്തിന്റെ ദാരിദ്ര്യം (Calcium Deficiency ) ചെടികളിൽ ഉണ്ടായാൽ പെട്ടെന്ന് അത് ഇലകളിൽ ലഭ്യമാകാനായി കാൽസ്യം നൈട്രേറ്റ്, കാൽസ്യം ക്ലോറൈഡ്, കാൽസ്യം അസറ്റേറ്റ് എന്നിവ ഇലകളിൽ തളിച്ച് കൊടുക്കാം.
അതിന്റെ ഡോസേജ് ഒരു വിദഗ്ധനുമായി ചർച്ച ചെയ്ത് തീരുമാനിക്കാം.
കാലാവസ്ഥ മാറുകയാണ്. നീരൂറ്റികുടിക്കുന്ന കീടങ്ങൾ, വേരുകളെ ബാധിക്കുന്ന വാട്ട രോഗങ്ങൾ, നീരൂറ്റികൾ വഴി പകരുന്ന വൈറസ് രോഗങ്ങൾ എന്നിവ വ്യാപകമാകുകയാണ്. ഇലകളും തണ്ടുകളും വേരുകളും ശക്തി പ്രാപിക്കാൻ ശരിയായ രീതിയിൽ കാൽസ്യം ചെടികൾക്ക് നൽകുക തന്നെ വേണം.
വാൽ കഷ്ണം :കാൽസ്യത്തിന്റെ കുറവ് എപ്പോഴും അനുഭവപ്പെടുക ഇളം ഇലകൾ, വേരിന്റെ അഗ്രങ്ങൾ, കായ്കളുടെ അഗ്രങ്ങൾ എന്നിവിടങ്ങളിൽ ആണ്. കാരണം ചെടിക്കുള്ളിൽ കാൽസ്യം ഒരു immobile nutrient ആണ്. ചെടിയിൽ തന്നെ ഒരു ഭാഗത്ത് ചിലപ്പോൾ കാൽസ്യം കൂടി കിടപ്പുണ്ടാകാം. പക്ഷെ അവിടെ നിന്നും കാൽസ്യം കുറവുള്ള ഭാഗത്തേക്ക് അത് remobilised ആകില്ല. ആയതിനാൽ അത്തരം സന്ദർഭങ്ങളിൽ ഇലകളിലൂടെ തന്നെ വെള്ളത്തിൽ അലിയുന്ന രൂപത്തിൽ ഉള്ള കാൽസ്യം വളങ്ങൾ നൽകണം.
✍🏻 പ്രമോദ് മാധവൻ