തെക്കേ അമേരിക്കയിലെയും തെക്കുകിഴക്കൻ ഏഷ്യയിലെയും ഉഷ്ണമേഖലാ വനങ്ങളിലെ സസ്യങ്ങളുടെ ഇലകൾക്ക് കടുത്ത ചൂടുകാരണം പ്രകാശസംശ്ലേഷണശേഷി ഇല്ലാതാകുന്നുവെന്നാണ് പഠനത്തിൽ പറയുന്നത്.
കാർബൺ ഡയോക്സൈഡും ജലവും സ്വാംശീകരിച്ച് സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ സസ്യങ്ങൾ നടത്തുന്ന പ്രകാശസംശ്ലേഷണം വഴിയാണ് അത് ഫലങ്ങളുണ്ടാക്കുന്നത്. ജീവലോകത്തിന്റെയും പ്രകൃതിയുടെയും നിലനിൽപിനാധാരമായ ഈ പ്രക്രിയയെ കൂടി ചൂട് ബാധിച്ചുവെന്ന ഗൗരവതരമായ പഠനമാണ് പുറത്ത് വന്നിരിക്കുന്നത്.
താപനില കൂടുമ്പോൾ ഇലകളിലെ കോശത്തിന് നാശം സംഭവിക്കുകയും ഇത് ഇല കൊഴിച്ചിലിനിട വരുത്തി പ്രകാശ സംശ്ലേഷണ പ്രക്രിയ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ശരാശരി താപനില 46.7 ഡിഗ്രി സെൽഷ്യസ് എത്തുന്ന ഉഷ്ണ മേഖലാ പ്രദേശങ്ങളിലെ സസ്യങ്ങളിലാണ് ഇത് കാണുന്നത്. അന്തരീക്ഷ താപത്തെക്കാൾ കൂടുതൽ ഇലകൾ ചൂടാകുന്നതിനാലാണിതെന്നും യു.എസ്., ഓസ്ട്രേലിയ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ നടത്തിയ പഠനം പറയുന്നു. ആഗോളതാപനംമൂലം അന്തരീക്ഷതാപനില 3.9 ഡിഗ്രി സെൽഷ്യസ്കൂടി വർധിച്ചാലും ഉഷ്ണമേഖലാകാടുകൾ പിടിച്ചുനിൽക്കും. അതിലുമേറിയാൽ ഇലകൾ നശിച്ച് മരങ്ങൾതന്നെ ഇല്ലാതാകും.ഭൂമിയുടെ 12 ശതമാനത്തോളം ഉഷ്ണമേഖലാവനങ്ങളാണ്. കരയിലെ കശേരുവിഭാഗങ്ങളിൽ 62 ശതമാനവും സസ്തനികളിൽ 62 ശതമാനവും പക്ഷികളിലെ 72 ശതമാനവും ഉഭയ ജീവികളുടെ 76 ശതമാനവും ഉഷ്ണ മേഖലാ വനങ്ങളിലാണ് കാണുന്നത്. അതിനാൽ തന്നെ ഈ പ്രദേശങ്ങളിലെ പ്രകാശ സംശ്ലേഷണത്തിലെ വെല്ലുവിളികൾ കരയിലെ ജീവലോകത്തിന്റെ നിലനിൽപിന് വലിയ ഭീഷണിയാണ് സൃഷ്ടിക്കുക.
ഭൂമിക്ക് 400 കിലോമീറ്റർ മുകളിലുള്ള അന്താരാഷ്ട്ര ബഹിരാകാശകേന്ദ്രത്തിലെ ഉപഗ്രഹ സെൻസറുകൾ മനസ്സിലാക്കിയ താപനിലയും ഭൂമിയിൽ ഇലകളിൽ നടത്തിയ പലവിധ പരീക്ഷണങ്ങളും അടിസ്ഥാനമാക്കിയാണ് ശാസ്ത്രജ്ഞർ ഈ നിഗമനത്തിലെത്തിയത്.
വെല്ലുവിളികൾ
• ആഹാരോത്പാദനം പ്രതിസന്ധിയിലാകുന്നത് ആഗോള ഭക്ഷ്യസുരക്ഷയെ ബാധിക്കും
• പ്രകാശസംശ്ലേഷണത്തിലൂടെ പുറത്തുവിടുന്ന വാതകമാണ് ഓക്സിജൻ. പ്രകാശസംശ്ലേഷണം പ്രതിസന്ധിയിലാകുന്നത് ഭൂമുഖത്തെ ഓക്സിജൻ ചക്രത്തെ ബാധിക്കും