മൺസൂൺ കാലത്ത് തിമിർത്ത് പെയ്യുന്ന മഴയെ അശ്രയിച്ചാണ് കേരളത്തിലെ കാർഷിക മേഖല നിലനിൽക്കുന്നത്. എന്നാൽ, ഈ വർഷം അപ്രതീക്ഷിതമായാണ് മഴക്കാലം കടുത്ത ചൂട് കാലമായി മാറിയത്. ചെളി നിറഞ്ഞ പാടങ്ങളിൽ നെൽവിത്തിറക്കേണ്ട സമയമാണിത്. ഇരുപത് ദിവസം കഴിഞ്ഞാൽ ഞാറ് മാറ്റി നടണം. വെള്ളത്തിന്റെ ലഭ്യതയില്ലാത്തതിനാൽ ഈ പ്രക്രിയകളൊന്നും നടക്കാത്ത അവസ്ഥയാണ്.
മഴക്കാലം, ശീതകാലം, വേനൽക്കാലം എന്നിങ്ങനെ മൂന്ന് സീസണുകളിലാണ് കേരളത്തിൽ പച്ചക്കറി കൃഷി സാധാരണ നടത്താറ്. ഓണക്കാലത്ത് പറിച്ചെടുക്കാൻ തക്ക പാകത്തിൽ ജൂണിലാണ് മഴക്കാല കൃഷി ഇറക്കുക. വെണ്ട, കയ്പ, ചുരങ്ങ, മത്തൻ, പയർ, പടവലം, എളവൻ, വെള്ളരി, കക്കിരി എന്നിവയെല്ലാം ഇതിൽ പെടും. മഴ കുറവായതിനാൽ നിലവിലെ കൃഷിക്ക് വിളവ് കുറവാണ്.
ചൂട് കൂടിയതിനാൽ കായ്ക്കാനുള്ള പൂവ് കരിഞ്ഞു പോകുന്ന അവസ്ഥയിലാണെന്ന് കർഷകർ പറയുന്നു. വൃശ്ചികത്തിലെ ശബരിമല സീസണിലേക്ക് സെപ്തംബറിലാണ് അടുത്ത കൃഷിയിറക്കേണ്ടത്. ശീതകാല കൃഷി എന്നറിയപ്പെടുന്ന ഈ സീസൺ തുലാവർഷത്തെ ആശ്രയിച്ചാണിരിക്കുന്നത്.