എണ്ണത്തിൽ കൂടിയാൽ വണ്ണത്തിൽ കുറയും - പ്രമോദ് മാധവൻ | Pramod Madhavan


കൃഷിയിലെ തുടക്കക്കാർ മനസ്സിലാക്കേണ്ട ഒരു പാഠമാണിത്.

നമ്മൾ ഒരു സിനിമാ തീയറ്ററിലോ ഓഡിറ്റോറിയത്തിലോ പോകുമ്പോൾ അവിടുത്തെ സീറ്റിങ് ക്രമീകരണം ശ്രദ്ധിച്ചിട്ടില്ലേ?



 കൃത്യമായ അകലത്തിൽ സീറ്റുകൾ സ്ഥാപിച്ചിട്ടുണ്ടാകും. സീറ്റുകൾക്കിടയിലൂടെ നടക്കുന്നതിനും അടുത്തടുത്തുള്ള രണ്ട് സീറ്റുകളിൽ ഇരിക്കുന്നവരുടെ കൈകാലുകൾ പരസ്പരം മുട്ടാത്ത രീതിയിലും ആയിരിക്കും അവ സ്ഥാപിച്ചിട്ടുണ്ടാകുക.

ഈ തത്വം കൃഷിയിലും വളരെ പ്രധാനമാണ്.

രണ്ട് ചെടികൾ നടുമ്പോൾ, ഭാവിയിൽ അവ എത്രമാത്രം വളർന്നേക്കും എന്ന് മുൻകൂട്ടി കണ്ട് വേണം അവ തമ്മിലുള്ള അകലം നിശ്ചയിക്കാൻ. പക്ഷെ പല കൃഷിയിടങ്ങളിലും പോകുമ്പോൾ വിളകൾ, പ്രത്യേകിച്ചും വൃക്ഷവിളകൾ തമ്മിൽ വേണ്ടത്ര അകലം പാലിക്കാത്തത് എന്നെ നിരാശനാക്കാറുണ്ട്.

 ഏറെപ്പേരും എണ്ണത്തിൽ ആണ് ശ്രദ്ധിക്കുന്നത്. കൂടുതൽ ചെടികൾ നിശ്ചിത സ്ഥലത്ത് ഉൾക്കൊള്ളിക്കാൻ പരമാവധി എണ്ണം കുത്തിക്കയറ്റാൻ ആണ് ശ്രമിക്കുക. അത് ഭാവിയിൽ ആ തോട്ടത്തിന്റെ ഉത്പാദന ക്ഷമതയെ ദോഷകരമായി ബാധിക്കാം.

 അല്ലെങ്കിൽ പിന്നെ തീവ്ര സാന്ദ്രതാ നടീൽ (High Density Planting) രീതിയോ, അതിതീവ്ര സാന്ദ്രതാ (Ultra High Density Planting) രീതിയോ ആയിരിക്കണം. ഈ രീതിയിൽ മരങ്ങൾ തുടക്കത്തിൽ തന്നെ കൊമ്പുകൾ കോതി, ഷെയ്പ്പ് ചെയ്ത് (Training & Prunning) വളർത്തും. ചെടികൾ വളരെ ഉയരത്തിൽ പോകാത്ത രീതിയിൽ വളർച്ച നിയന്ത്രിച്ച് നിർത്തും. അപ്പോൾ കുറഞ്ഞ അകലത്തിൽ കൂടുതൽ ചെടികൾ നില നിർത്താം. ഒരു ചെടിയിൽ നിന്നും കിട്ടുന്ന വിളവ് കുറവായിരിക്കുമെങ്കിലും നിശ്ചിത സ്ഥലത്ത് നിന്നും ഉള്ള മൊത്തം വിളവ് കുറയാതെ നോക്കാം. മാവ്, പേര, മാതള നാരകം, ആപ്പിൾ എന്നിവയിൽ ഒക്കെ ഈ രീതി വിജയകരമാണ്.



പക്ഷെ നമ്മുടെ കർഷകർ പലരും ഇക്കാര്യത്തിൽ 'ഇല്ലത്തു നിന്നും ഇറങ്ങി അമ്മാത്ത് 'എത്താത്ത അവസ്ഥയിൽ ആണ് . HDP /UHDP തത്വങ്ങൾ പാലിക്കുകയുമില്ല, തോന്നുംപോലെ നിശ്ചിത സ്ഥലത്ത് ഉൾക്കൊള്ളാവുന്നതിനേക്കാൾ ചെടികൾ വയ്ക്കുകയും ചെയ്യും.

ചെടികൾക്ക് വേണ്ട പ്രധാനപ്പെട്ട വളർച്ചാ ഘടകങ്ങളാണ് സൂര്യപ്രകാശം, വായു, വെള്ളം, വളം എന്നിവ. ഇത് അവർക്ക് വളരെ കഷ്ടപ്പെടാതെ തന്നെ സുഭിക്ഷമായി ലഭിക്കണം. അവിടെ ഒരു മത്സരം വന്നാൽ അതിൽ 'കയ്യൂക്കുള്ളവൻ കാര്യക്കാരൻ 'എന്നതായിരിക്കും ഫലം. ഉദാഹരണത്തിന്, മത്സരം തേക്കും തെങ്ങും തമ്മിൽ ആണെങ്കിൽ പാവം തെങ്ങ് തോൽക്കാൻ വിധിക്കപ്പെട്ട 'ചന്തു' വാകും. ആയതിനാൽ അന്തരീക്ഷത്തിൽ വെയിലിനും വായുവിനും,മണ്ണിൽ വെള്ളത്തിനും വളത്തിനും വേണ്ടി വിളകൾ തമ്മിൽ മത്സരിക്കാൻ ഇട കൊടുക്കരുത്.



ചെറിയ അകലത്തിൽ നടുന്ന ഹ്രസ്വകാല വിളകൾ ആണെങ്കിലും ഇടത്തരം അകലത്തിൽ നടുന്ന ഏക -ദ്വിവർഷ വിളകൾ ആണെങ്കിലും വലിയ അകലത്തിൽ നടുന്ന ദീർഘകാല വിളകൾ ആണെങ്കിലും, അവയുടെ ഇടയിളക്കുന്നതിനും കള പറിയ്ക്കുന്നതിനും വിളവെടുക്കുന്നതിനും ഒക്കെ തന്നെ ശരിയകലം (optimum spacing) പാലിക്കേണ്ടതുണ്ട്. (ചില സമുദായനേതാക്കന്മാരുടെ പ്രസിദ്ധമായ സമദൂരം അല്ല ഉത്തമാ ശരിദൂരം..).

ഒരു പുതിയ തോട്ടം ഉണ്ടാക്കാൻ തയ്യാറെടുക്കുമ്പോൾ ഈ Spatial planning വളരെ പ്രധാനമാണ്.

 സ്ഥലത്തിന്റെ കിടപ്പും വെയിലിന്റെ ലഭ്യതയും ഒക്കെ അടിസ്ഥാനപ്പെടുത്തി Square system, Rectangular system, Triangular system, Single row system, Double row /Paired row system എന്നിങ്ങനെ പല രീതികൾ അവലംബിക്കാറുണ്ട്. അതിനനുസരിച്ചു ഉൾകൊള്ളിക്കാവുന്ന ചെടികളുടെ എണ്ണത്തിൽ മാറ്റമുണ്ടാകും.



ഉദാഹരണമായി തെങ്ങിൻ തോട്ടം ഉണ്ടാക്കുമ്പോൾ ത്രികോണ രീതിയാണ് സ്വീകരിക്കുന്നതെങ്കിൽ 7.6m അകലത്തിൽ ഒരു ഹെക്റ്ററിൽ (250 സെന്റിൽ)198 തൈകൾ വയ്ക്കാം.

7.6m അകലത്തിൽ Square രീതി ആണെങ്കിൽ ഒരു ഹെക്റ്ററിൽ 170 തൈകൾ വയ്ക്കാം.

 ഇടവിളകൾ കൂടുതൽ ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ 9m x 9m അകലത്തിൽ 120 തൈകളേ വയ്ക്കാൻ സാധിക്കൂ.

ചെടികൾ തമ്മിൽ ഉള്ള (അകലം വെറും രണ്ട് മീറ്റർ കൂട്ടിയപ്പോൾ ഒരു ഹെക്റ്ററിൽ മരങ്ങളുടെ എണ്ണം അൻപത് കുറഞ്ഞു).

 ഇടവിളകൾ കൂട്ടാൻ വേണ്ടി ഒറ്റനിര (single hedge) രീതിയിൽ രണ്ട് നിരകൾ (rows) തമ്മിൽ 9 മീറ്ററും ഒരു നിരയിലെ മരങ്ങൾ തമ്മിൽ 5 മീറ്ററും എന്ന അകലം നൽകിയപ്പോൾ അവിടെ ഒരു ഹെക്റ്ററിൽ നാടാവുന്ന മരങ്ങളുടെ എണ്ണം 220 ആയി വർധിച്ചു.(ഡയഗ്രം ശ്രദ്ധിക്കുക).



ഇനി കുറച്ച് കൂടി ഇടവിളകൾ ഉൾപ്പെടുത്താനായി ഇരട്ട നിര (Double Hedge) രീതിയിൽ രണ്ട് നിരകൾ 5 m അകലത്തിൽ അടുത്ത് നടുകയും അത് പോലെ തൊട്ടടുത്ത് നട്ട,മറ്റൊരു ഇരട്ട നിരയുമായി 9m അകലം നൽകുകയും ചെയ്തപ്പോൾ ഒരു ഹെക്റ്ററിൽ വയ്ക്കാവുന്ന തെങ്ങിൻ തൈകളുടെ എണ്ണം 280 ആയി വർധിച്ചു.

വായിക്കുന്നവർക്ക് വല്ലതും പിടി കിട്ടിയോ ആവോ.

പാവൽ കൃഷി ചെയ്യുമ്പോൾ തട്ട് പന്തൽ (Horizontal Trellis ), നിരപ്പന്തൽ (Vertical Trellis ), കൂരപ്പന്തൽ എന്നിങ്ങനെ വിവിധ രീതികളിൽ,തടങ്ങൾ തമ്മലുള്ള അകലവും നിശ്ചിതസ്ഥലത്തുള്ള ചെടികളുടെ എണ്ണവും വ്യത്യസ്തമായിരിക്കും.

ദീർഘകാല വിളകൾ സാധാരണയിലും അല്പം അകറ്റി നടുന്നത് കൂടുതൽ വിളവ് കിട്ടാൻ സഹായകമാകും.

 തന്റെ 35-40 ഓളം വരുന്ന ഓലകളിൽ കുറെയെണ്ണം മുകളിലോട്ടും കുറേ നാല് വശങ്ങളിലേക്കും ബാക്കിയുള്ളവ നാല് വശത്തും അല്പം ചെരിഞ്ഞു താഴേക്കും കുട നിവർത്തി നിൽക്കുന്ന ഒരു തെങ്ങിനെ കണ്ടാൽ തിടമ്പേറ്റി നിൽക്കുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രനോളം അഴകല്ലേ?

നന്നായി അങ്ങോട്ട് വെള്ളവും വളവും കൊടുത്താൽ തിങ്ങി ഞെരുങ്ങി നിൽക്കുന്ന മൂന്ന് തെങ്ങിന്റെ വിളവ് അവൻ തരും. ഇത് തന്നെയാണ് മാവും പ്ലാവും റംബൂട്ടാനും റബ്ബറും ഒക്കെ നല്ല അകലത്തിൽ നട്ടാൽ ഉള്ള മാറ്റം. 'വളത്തോളം തന്നെ പ്രാധാന്യം വെയിലിനു' മുണ്ട് രമണാ... മറ്റ് ചെടികൾക്കിടയിൽപെട്ട് ഞെരിഞ്ഞമർന്നല്ല കാർഷിക വിളകൾ വളരേണ്ടത്.

റെഫറൻസിനായി ചില കാർഷിക വിളകൾക്ക് കേരള കാർഷിക സർവ്വകലാശാല അനുശാസിക്കുന്ന ശരിദൂരം (optimum spacing ) എത്രയാണ് എന്ന് നോക്കാം.



റബ്ബർ - പല അകലങ്ങൾ പറയുന്നുണ്ടെങ്കിലും നല്ല കറയും അവസാനം വെട്ടുമ്പോൾ വണ്ണം കൂടിയ മരങ്ങളും കിട്ടാൻ 4.9m x4.9m എന്ന അകലം പരീക്ഷിക്കാം. അപ്പോൾ ഏക്കറിൽ 170 മരങ്ങൾ ഉൾക്കൊള്ളിയ്ക്കാം. (വിപ്ലവകരമായ ഒരകലമാണ് ഒരു സെന്റിൽ ഒരു റബ്ബർ എന്ന രീതി. ഒരു ഏക്കറിൽ 100മരം.).

കുരുമുളക് -തനിവിള (Pure crop )ആയി താങ്ങുമരങ്ങൾ (പെരുമരം, ആഴാന്ത, ശീമക്കൊന്ന, മുരിക്ക് മുതലായവ) വച്ചു പിടിപ്പിക്കുമ്പോൾ 3m x 3m അകലം കൊടുക്കാം. അപ്പോൾ ഒരു ഹെക്റ്ററിൽ 1111താങ്ങ് മരങ്ങൾ ഉൾക്കൊള്ളിയ്ക്കാം.

കുടംപുളി -കുരു മുളപ്പിച്ച തൈകൾ 7m അകലത്തിലും ഒട്ട് തൈകൾ ആണെങ്കിൽ 4m അകലത്തിലും നടാം.

ജാതി -8m

കവുങ്ങ് -2.7m

കൊക്കോ -കവുങ്ങിൻ തോട്ടങ്ങളിൽ ഇടവിളയായി ചെയ്യുമ്പോൾ 2.7m അകലത്തിൽ നട്ട നാല് കവുങ്ങുകൾക്കിടയിൽ ഒരു കൊക്കോ എന്ന രീതിയിൽ നടാം.

തെങ്ങിൻ തോട്ടങ്ങളിൽ 7.6m അകലത്തിൽ നട്ട തെങ്ങുകൾക്കിടയിൽ രണ്ട് വരിയായി 2.7m -3m അകലത്തിൽ കൊക്കോ തൈകൾ നടാം.

വാഴ -നേന്ത്രൻ 2m അകലത്തിലും കുറ്റിവിള എടുക്കാവുന്ന ഇനങ്ങൾ (പൂവൻ, ഞാലിപൂവൻ, മൈസൂർ പൂവൻ, ചെങ്കദളി മുതലായവ )2.1m അകലത്തിലും നടാം.

Robusta, Grand Naine എന്നിവ 2.4m x 1.8m അകലത്തിലും നടാം. അതിലും കുറ്റിവിള എടുക്കാം.

പേര -6m

മാവ് -9 m (ഇനങ്ങളും പ്രൂണിങ് രീതിയും അനുസരിച്ച് അകലം ക്രമപ്പെടുത്താം ).

പപ്പായ -2m

സപ്പോട്ട -7m

ചന്ദനം -3m

ഗ്രാമ്പൂ -6m

കശുമാവ് -7.5m





...പിന്നെ അവനവന്റെ മണ്ണ്, അവനവന്റെ വിള, ലാഭവും നഷ്ടവും അവരവർക്ക് തന്നെ.. ആയതിനാൽ Your Crop... Your rules.. ഹല്ല പിന്നെ...

എന്തായാലും കുറേ പേർക്ക് ഇതിൽ കമന്റാൻ സ്കോപ് ഉണ്ട്. അങ്ങനെ ആകാം.


✍🏻 പ്രമോദ് മാധവൻ




Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section