ഇത് പുല്ലരി എന്ന പേരിലും അറിയപ്പെടുന്നു.
പണ്ട് ഏകാദശി നാളുകളിലും മറ്റും ചാമയരി ഉപയോഗിച്ചുളള വിഭവങ്ങളാണ് കഴിച്ചിരുന്നത്.
ചാമയരി ഉപയോഗിച്ചൊക്കെ ധാരാളം വിഭവങ്ങളും ഉണ്ടായിരുന്നു. എന്നാൽ പിന്നീടെപ്പോഴോ ഇവയെല്ലാം അപ്രത്യക്ഷമായി. ചാമയെന്നും തിനയെന്നുമൊക്കെ കേട്ടാൽ പുതിയ തലമുറ കൈമലർത്തും. ചിലർക്ക് വളർത്തുപക്ഷികൾക്കുളള തീറ്റയെന്ന നിലയിൽ അറിയാമെങ്കിലായി.
ഒരു കാലത്ത് നമ്മുടെ നാട്ടിൽ ഈ ചെറുധാന്യങ്ങൾ വളരെയധികം കൃഷിചെയ്തിരുന്നു. ഗോതമ്പിനെക്കാളും അരിയെക്കാളുമെല്ലാം പോഷകങ്ങൾ ചാമ ഉൾപ്പെടെയുളള ധാന്യങ്ങളിൽ അടങ്ങിയിട്ടുണ്ട്. പഴയകാലത്ത് കഷ്ടപ്പെടുന്നവന്റെയും പാവപ്പെട്ടവന്റെയും ഭക്ഷണമെന്ന ഒരു ലേബൽ ചാമയരിക്ക് മേൽ പതിഞ്ഞിരുന്നു. എന്നാൽ പോഷകങ്ങളുടെ കലവറയാണിത്.
കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, തയാമിൻ, നിയാസിൻ എന്നിങ്ങനെ നിരവധി പോഷകങ്ങൾ നിറഞ്ഞതാണിത്. അതോടൊപ്പം നാരുകളും ധാതുക്കളുമെല്ലാം ചാമയരിയിലുണ്ട്.
ഇന്ന് ജീവിതശൈലീരോഗങ്ങൾ നമ്മുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയിരിക്കുന്നു. എന്നാല്‍ കേട്ടോളൂ ജീവിതശൈലീരോഗങ്ങളായ കൊളസ്‌ട്രോൾ, പ്രമേഹം, ബിപി തുടങ്ങിയ ഉളളവർക്ക് കഴിക്കാന്‍ അനുയോജ്യമായ ഭക്ഷണമാണ്.