ഇരുപതിലേറെ മാവുകളിൽനിന്ന് എയർ ലെയറിങ് വഴി വികസിപ്പിച്ചെടുക്കുന്ന തൈകൾ ഗ്രോ ബാഗിൽ സൂക്ഷിച്ച ശേഷം അതിൽ മാങ്ങ ഉണ്ടായിത്തുടങ്ങുമ്പോൾ നഴ്സറികൾക്കു വിൽക്കും. വർഷത്തിൽ 1500 തൈകൾ ഇങ്ങനെ വിൽക്കാൻ സാധിക്കുന്നുണ്ടെന്ന് അനിൽകുമാർ പറയുന്നു.
എയർ ലെയറിങ്ങിലൂടെ എത്തുന്ന പുതിയ ചെടിയിൽനിന്നു പെട്ടെന്നു കായ്ഫലം കിട്ടുന്നു എന്നതാണു പ്രത്യേകത. ഇതാണ് ഇത്തരം ചെടികൾക്കു ഡിമാൻഡ് കൂടാൻ കാരണം. മറ്റു മാർഗങ്ങളി ലൂടെ തൈകൾ ഉൽപാദിപ്പിക്കു മ്പോൾ ചെടികൾക്കു മൂപ്പെത്താൻ രണ്ടും മൂന്നും വർഷമെടുക്കുന്ന സമയത്ത് എയർ ലെയറിങ്ങിൽ രണ്ടര മുതൽ മൂന്നു മാസം മതി. എന്നാൽ, മറ്റു ചെടികളിലെപ്പോലെ എയർ ലെയറിങ് മാവിൽ വിജയിക്കാൻ പ്രയാസമാണെന്ന് അനിലിന്റെ മുന്നറിയിപ്പുണ്ട്.
എയർ ലെയറിങ് രീതി
കൊമ്പിലെ തൊലി ഒരിഞ്ചു നീളത്തിൽ പൂർണമായും ചെത്തിക്കളയുകയാണ് ആദ്യ പടി. തണ്ടു മുറിയാതെ നോക്കണം. റൂട്ടെക്സ് പൊടി (വിപണിയിൽ ലഭ്യമാണ്) ഇതിൽ തേച്ചു കൊടുത്ത ശേഷം ചാണകപ്പൊടിയും ചകിരിച്ചോറും വച്ച് ആ ഭാഗം പൊതിയുന്നു.
തുടർന്നു ചെറുതായി ഈർപ്പം നിലനിർത്തി കെട്ടിവച്ചാൽ ആദ്യ ഭാഗം കഴിഞ്ഞു. മഴ കുറവ് ആണങ്കിൽ ലെയർ ചെയ്ത ഭാഗത്തു നനയ്ക്കണം. ഒന്നര മാസം കഴിഞ്ഞാൽ വേരുകൾ കാണാം. വേരുകൾ ആദ്യം വെള്ള നിറത്തിലും പിന്നീടു തവിട്ടു നിറത്തിലും തുടർന്നു കറുപ്പു നിറത്തിലുമാകും. വേരു കറുത്ത നിറമാകുമ്പോൾ മാതൃവ്യക്ഷത്തിൽനിന്നു കൊമ്പു മുറിച്ചു മാറ്റാം.
കൊമ്പു മുറിച്ച ശേഷം ചാണകവും മറ്റു വളങ്ങളും ഇട്ട ചട്ടിയിലോ ചെറിയ പ്ലാസ്റ്റിക് കവറിലോ തൈ നടാം. രണ്ടാഴ്ച തണലത്തു വയ്ക്കണം. ശേഷം മാറ്റി നടാം.
ഫോൺ: 9961986109